ഓണവില്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ട്.‍

ഉള്ളടക്കം

[തിരുത്തുക] ഓണവില്ലും ശ്രീ പത്മനാഭസ്വാമിയും

ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമർപ്പിക്കലാണ് തിരുവനന്തപുരത്തെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് എന്ന താളവാദ്യത്തിന്റെ മാതൃകയിലാണ്‌ ഇത് ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു. കേരളത്തിൽ ജന്മി-നാടുവാഴി കുടുംബങ്ങളിൽ അതാതു പ്രദേശത്തെ ആശാരിമാർ ഓണക്കാഴ്ച്ചയായി നൽകിയിരുന്നത് ഓണവില്ലായിരുന്നു. തിരുവനന്തപുരത്തെ രാജാക്കന്മാർ രാജ്യം ശ്രീപദ്മനാഭന്ന് അടിയറ വച്ചപ്പോൾ ഓണവില്ല് സമർപ്പണവും ഭഗവത്പാദത്തിലേക്കു നീക്കിവച്ചതുകൊണ്ടുമാകാം ഈ ആചാരം അമ്പലത്തിൽ നടന്നുവരുന്നത്. ഈ ആചാരത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെന്ന് കരുതുന്നു. കരമനയിൽ വാണിയം‌മൂല മൂത്താശാരി കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കൽ. മഹാവിഷ്ണുവിൻറെ സൌമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് തയാറാക്കുന്നത്.

[തിരുത്തുക] ഐതിഹ്യം

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂ‍പം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.

ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീ‍ഹ്യം.

[തിരുത്തുക] നിർമ്മാണം

പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയാറാക്കുന്നത് കടമ്പ് വൃക്ഷത്തിൻറെ തടിയിലാണ്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് ക്ഷേത്രത്തിൽ നിന്നും വാങ്ങി വീ‍ടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം കൂടുമെന്ന വിശ്വാസവും ഉണ്ട്.

പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ അനന്തശയനം, ലക്ഷ്മി, താടക, കാവൽഭൂതങ്ങൾ‍, മഹർഷി തുടങ്ങിയ ചിത്രങ്ങൾ ഇതിൽ വരയ്ക്കും. ഇത്തരം എട്ടുവില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ തിരുവോണദിനത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ആറുവില്ലുകൾ നരസിംഹം, ശ്രീരാമമൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളിലും ചാർത്തുന്നു.

തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിൽ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം.

[തിരുത്തുക] ഓണവില്ല്(വാദ്യം)

ഓണവില്ല്
ഓണവില്ല് ഉപയോഗിച്ചുള്ള പാട്ട്

കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഓണക്കാലത്താണ് വില്ല് കൂടുതൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഓണവില്ല് എന്നും ഇതിന് പേരുണ്ട്. ചില പ്രദേശങ്ങളിൽ ഓണത്തെയ്യം(ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.

[തിരുത്തുക] നിർമ്മാണം

തെങ്ങ്, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ബലത്തിൽ വളച്ചുനിർത്തുന്ന പാത്തിയിൽ ഞാൺ അതിന്റെ അറ്റത്തെ രണ്ട് കുടകളുപയോഗിച്ച് വലിവോടെ നിർത്തുന്നു.

[തിരുത്തുക] വാദനം

നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദത്തിൽ ആസ്വാദ്യങ്ങളായ താളങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള തന്തി വാദ്യമാണ്‌ ഇത്. പണ്ട് കാലങ്ങളിൽ ഓണക്കാലമായാൽ ഓണവില്ലിന്റെ കൊട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല. വില്ലിന്മേൽ തായമ്പകതായമ്പകയും മേളവും ഇതുകൊണ്ട് നടത്താറുണ്ട്. ഇടത്തേ കൈകൊണ്ട് മാറോടു ചേർത്തുപിടിച്ച് മറ്റേ കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്.


[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഓണവില്ല്&oldid=1071248" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി