ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
|
|
|
| ആപ്തവാക്യം | Siddhirbhavati Karmaja |
|---|---|
| സ്ഥാപിതമായ വർഷം | 1959 |
| തരം | വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം |
| ഡയരക്ടർ | എം. എസ് അനന്ത് |
| Faculty | 460 |
| ബിരുദ വിദ്യാർത്ഥികൾ | 2,500 |
| ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ | 2,000 |
| സ്ഥലം | ചെന്നൈ, തമിഴ് നാടു് ഇന്ത്യ |
| ക്യാംപസ് | Urban, 2.5 km² of wooded land |
| Mascot | ഗജേന്ദ്ര സർക്കിൾ |
| വെബ്‌സൈറ്റ് | http://www.iitm.ac.in/ |
തമിഴ്നാട്ടിലെ ചെന്നൈയിലെ അഡയാറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (Tamil:இந்திய தொழில்நுட்பக் கழகம் சென்னை) സ്ഥിതി ചെയ്യുന്നത്. 1959-ൽ പശ്ചിമ ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ[1] സ്ഥാപിക്കപ്പെട്ട ഇത് ഇന്ത്യയിലെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഏകദേശം 460 അദ്ധ്യാപകരും 4500 വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്[1]. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്[2].
ഉള്ളടക്കം |
കോഴ്സുകൾ [തിരുത്തുക]
ബിരുദ, ബിരുദാനന്തര-ബിരുദ, ഗവേഷണ ബിരുദങ്ങൾ സാങ്കേതിക-ശാസ്ത്ര-മാനവിക-മാനേജു്‌മെന്റ് ഉൾപടെയുള്ള ഏകദേശം 15-ൽ പരം വിഭാഗങ്ങളിൽ പഠിക്കുവാൻ ഐ.ഐ.ടി മദ്രാസിൽ അവസരമുണ്ട്.
ക്യാമ്പസ് [തിരുത്തുക]
ഐ.ഐ.ടി മദ്രാസിന്റെ മുഖ്യ കവാടം ചെന്നൈയിലെ സർദാർ പട്ടേൽ റോഡിലേക്കാണ് തുറക്കുന്നത്. തമിഴ്‌നാടു് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് സമീപമാണ് ഈ ക്യാമ്പസ്. ക്യാമ്പസിന്റെ അതിയായ വലിപ്പം കാരണം, ഐ.ഐ.ടി മദ്രാസിന് പ്രത്യേകമായൊരു പോസ്റ്റൽ കോഡുണ്ടു് (PIN 600036). ഐ.ഐ.ടി. മദ്രാസിലേക്കുള്ള മറ്റ് മൂന്ന് കവാടങ്ങളിലൊന്ന് വേളാച്ചേരിയിലും (വേളാച്ചേരി മെയ്‌ൻ റോഡിലേക്ക് തുറക്കുന്നു), മറ്റൊന്ന് ഗാന്ധി റോഡിലേക്കാണ് തുറക്കുന്നത് (കൃഷ്ണ ഹോസ്റ്റൽ ഗേറ്റെന്നും അറിയപ്പെടുന്നു), അവസാനത്തേത് താരാമണി ഗേറ്റെന്നും അറിയപ്പെടുന്നു (അക്സെൻഡാസ് ടെക് പാർക്കിന്റെ പിൻവശം).
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയും, ചെന്നൈ സെൻട്രൽ തീവണ്ടിത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുമാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
മുഖ്യ കവാടത്തിൽ നിന്ന് ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞ രണ്ട് പാതകൾ, ബോൺ അവന്യൂ റോഡും, ഡെൽഹി അവന്യൂ റോഡും, ക്യാമ്പസിന്റെ റെസിഡൻഷ്യൽ മേഖലയെ മുറിച്ച് കടന്ന് പോകുന്നു. അഡ്മിനിസ്ട്രേറ്റീവു് ബ്ലോക്കിന്റെ സമീപം ഗജേന്ദ്ര സർക്കിളിൽ ഇവ രണ്ടും കൂടിച്ചേരുന്നു. എല്ലാ ഇരുപതു്-മുപ്പതു് മിനുട്ടുകളിലും[3] ഡീസൽ/ വൈദ്യുത ബസുകൾ മുഖ്യ കവാടത്തെയും, ഗജേന്ദ്ര സർക്കിളിനെയൂം, അക്കാദമിൿ മേഖലയേയും, ഹോസ്റ്റൽ മേഖലയെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്നു. മാർച്ച് 1, 2008 മുതൽ ഇവ സൗജന്യമായിട്ടാണ് സേവനം നടത്തുന്നത്.
ജൈവ വൈവിധ്യം [തിരുത്തുക]
ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസിൽ ഏകദേശം 1000 സ്പീഷിസിൽ പെട്ട ചെടികളും മൃഗങ്ങളുമുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.[4]വംശനാശം നേരിടുന്ന കൃഷ്ണമൃഗമാണ് ഇതിലേറ്റവും പ്രധാനം. പുള്ളിമാൻ, കുരങ്ങ് (Bonnet Macaque), സ്വർണ്ണക്കുറുക്കൻ (Canis aureus), വെരുകു് (Viverricula indica), പന വെരുകു് (Paradoxurus hermaphroditus), ഉടുമ്പു് (Manis crassicaudata), മുയൽ (Lepus nigricollis), മുള്ളൻ പന്നി (Madras Hedgehog), എലി (Indian Gerbil), വിവിധ പല്ലി വർഗ്ഗങ്ങൾ, നക്ഷത്ര ആമ (Geochelone elegans) മുതലായ മൃഗങ്ങൾ ഈ ക്യാമ്പസിൽ കണ്ടു വരുന്നു.[4]
ചെന്നൈയിൽ മറ്റൊരിടത്തും കണ്ടുവരാത്ത Garcinia spicata എന്ന മരവും Typhonium trilobatum എന്ന ചെറുസസ്യവും ഇവിടെ വളരുന്നുണ്ട്.[4]
2007-ലെ കണക്കുകൾ പ്രകാരമിവിടെ ഏകദേശം 150-200 കലമാനുകളും, 10-15 കൃഷ്ണമൃഗങ്ങളും 150-200 കുരങ്ങന്മാരും അധിവസിക്കുന്നുണ്ടു്.[5]
ക്യാമ്പസിലെ അതിവിശിഷ്ടമായ ജൈവവൈധ്യം സരംക്ഷിക്കുവാനായിട്ട് പ്രകൃതി എന്ന പേരിൽ ഒരു പ്രകൃതിസ്നേഹികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുണ്ടാക്കിയൊരു സംഘടന 2002 മുതൽ പ്രവർത്തിച്ചു വരുന്നു.[6]
പ്രധാന കലാ-അക്കാദമിക പരിപാടികൾ [തിരുത്തുക]
സാരംഗ് [തിരുത്തുക]
ഐ.ഐ.ടി മദ്രാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഒരു വാർഷിക കലോൽസവമാണ് സാരംഗ്. സാധാരണയിത് എല്ലാ വർഷവും ജനുവരി അവസാന വാരമാണ് നടത്താറുള്ളത്. മർദി ഗ്രാസ് എന്ന നാമത്തിലാണ് പണ്ടീ ഉൽസവം അറിയപ്പെട്ടിരുന്നത്. ഒരു ആഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളിൽ പല തരത്തിലുള്ള സംഗീത-നൃത്ത പരിപാടികളും, ക്വിസ്സുകളും, ലെൿച്വറുകളുമൊക്കെയുണ്ടാകും. ചെന്നൈലേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ കലോൽസവത്തിൽ പങ്കെടുക്കുവാനെത്തുന്നു.[7]
ശാസ്ത്ര [തിരുത്തുക]
എല്ലാ വർഷവും ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ഒരു സാങ്കേതികോത്സവമാണ് ശാസ്ത്ര. സാങ്കേതികമേഖലയിൽ പ്രശസ്തരായ പലരും ഈയവസരത്തിൽ ഇവിടെ വന്ന് പല ലെൿച്വറുകളുമെടുക്കുന്നു.[7] ISO 9001:2000 അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ വിദാർത്ഥിയാഘോഷമാണ് ശാസ്ത്ര.[8]
സമന്വയ് [തിരുത്തുക]
ഐ.ഐ.ടി മദ്രാസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന വാർഷികപരിപാടിയാണ് സമന്വയ്. എല്ലാ വർഷവും ജനുവരി മാസത്തിലാണിത് നടത്തുന്നത്. ഇന്ത്യൻ വാണിജ്യ മേഖലയിലെ സമകാലിക പ്രശ്നങ്ങളെയും സംഭവവികാസങ്ങളെയും, വിപണിയെ പൊതുവായിട്ടും സമന്വയ് വിഷയമാക്കുന്നു. [9]
മെക്കാനിക്ക [തിരുത്തുക]
ഹോസ്റ്റലുകൾ [തിരുത്തുക]
ഐ.ഐ.ടി മദ്രാസ് ഒരു റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനമാണ്. അതിനാൽ തന്നെ ഇവിടെയുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ഹോസ്റ്റൽവാസികളാണ്. ക്യാമ്പസിനുള്ളിൽ രണ്ട് വനിതാ ഹോസ്റ്റലുൾപ്പടെ മൊത്തത്തിൽ 16 ഹോസ്റ്റലുകളുണ്ട്. പണ്ടു കാലങ്ങളിൽ ഓരോ ഹോസ്റ്റലിനും പ്രത്യേകം ഭക്ഷ്യശാലകളുണ്ടായിരുന്നു. പിൽക്കാലത്ത് ഭക്ഷണശാലകൾ കേന്ദ്രീകൃതമായി. ഹിമാലയ എന്ന പുരുഷന്മാരുടെ ഭക്ഷണശാലയും, വിന്ധ്യ എന്ന സ്ത്രീകളുടെ ഭക്ഷണശാലയും. ബിരുദ വിദ്യാർത്ഥികൾക്കും ബിരുദാനന്തര-ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റലുകളുണ്ട്.
ഇന്ത്യയിലെ പ്രധാന നദികളുടെ പേരുകളാണ് ഈ ഹോസ്റ്റലുകൾക്ക് നൽകിയിട്ടുള്ളത്, ബസ്സുകൾക്ക് പർവ്വതങ്ങളുടെ പേരും. ഇത് കാരണം ഐ.ഐ.ടി മദ്രാസിൽ ഒഴുകി നടക്കുന്ന പർവ്വതങ്ങളും, സ്ഥായിയായ നദികളുമുണ്ടെന്ന് തമാശരൂപേണ പറയാറുണ്ട്.
ഇപ്പോൾ ഐ.ഐ.ടി മദ്രാസിലുള്ള ഹോസ്റ്റലുകൾ ഇവയൊക്കെയാണ് (ബ്രാക്കറ്റിൽ പ്രശസ്തമായ ചുരുക്കെഴുത്തും)
- സരസ്വതി (സരസ്)
- കൃഷ്ണ
- കാവേരി
- ബ്രഹ്മപുത്ര (ബ്രഹ്മ്സ്)
- തപ്തി
- ഗോദാവരി (ഗോദാവു്)
- അളകനന്ദ (അലൿ)
- ജമുന (ജാം)
- ഗംഗ
- നർമ്മദ (നർമ്മദ്)
- മന്ദാകിനി (മൻദാൿ)
- ഷരാവതി (ഷരാവു്)
- സരയു
- സിന്ധു
- പമ്പ
- താമരപരണി (റ്റാമ്പി)
- മഹാനദി
