ഏഞ്ചല ഡേവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഞ്ചല ഡേവിസ്
ഒക്ടോബർ 2006 ൽ എടുത്ത ചിത്രം
ജനനം
ഏഞ്ചല വോൺ ഡേവിസ്

(1944-01-26) ജനുവരി 26, 1944  (80 വയസ്സ്)
ബർമിങ്ഹാം, അലബാമ, അമേരിക്ക
കലാലയംബ്രാൻഡൈസ് സർവ്വകലാശാല, ബി.എ.
കാലിഫോർണിയ സർവ്വകലാശാല, എം.എ
ഹംബോൾട്ട് സർവ്വകലാശാല, പി.എച്ച്.ഡി
തൊഴിൽഗ്രന്ഥകാരി, രാഷ്ട്രീയപ്രവർത്തക
തൊഴിലുടമകാലിഫോർണിയ സർവ്വകലാശാല
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക(1969–1991), കമ്മിറ്റീസ് ഓഫ് കറസ്പോണ്ടൻസ് ഫോർ ഡെമോക്രസി ആന്റ് സോഷ്യലിസം (1991 മുതൽ ഇതുവരെ)
ജീവിതപങ്കാളി(കൾ)ഹിൽട്ടൺ ബ്രൈത്ത്വെറ്റ്[1]

അമേരിക്കയിലെ ഒരു രാഷ്ട്രീയപ്രവർത്തകയും, എഴുത്തുകാരിയുമാണ് ഏഞ്ചല വോൺ ഡേവിസ് എന്ന ഏഞ്ചല ഡേവിസ് (ജനനം - ജനുവരി 26, 1944). 1960 ൽ ഏഞ്ചല അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു. തീവ്ര ഇടതുപക്ഷ ചിന്താഗതി വച്ചു പുലർത്തിയിരുന്ന ഏഞ്ചലക്ക് ബ്ലാക്ക് പാന്തർ പാർട്ടിയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. പാർട്ടിയിലെ ഔദ്യോഗിക അംഗമായിരുന്നില്ലെങ്കിലും, പാർട്ടിയുടെ പല മുന്നേറ്റങ്ങളേയും മുന്നിൽ നിന്നും നയിച്ചത് ഇവരായിരുന്നു. കാലിഫോർണിയ സർവ്വകലാശാലയിൽ,ഫെമിനിസ്റ്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു ഏഞ്ചല.

മാർക്സിസം, ഫെമിനിസം, സാമൂഹ്യബോധം, തത്വശാസ്ത്രം എന്നിവയിലായിരുന്നു ഏഞ്ചലയുടെ പഠനങ്ങൾ മുഴുവൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ഏഞ്ചലയെ കാലിഫോർണിയ സർവ്വകലാശാലയിലെ ഉദ്യോഗത്തിൽ നിന്നും വിലക്കാൻ അന്നത്തെ കാലിഫോർണിയൻ ഗവർണറായിരുന്ന റൊണാൾഡ് റീഗൻ നിർദ്ദേശിച്ചിരുന്നു. രണ്ടു തവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രാങ്ക് ഡേവിസിന്റേയും,സാലി ഡേവിസിന്റേയും, മകളായി കാലിഫോർണിയയിലെ അലാബാമയിലാണ് ഏഞ്ചല ജനിച്ചത്. ഹൈസ്കൂൾ ആദ്ധ്യാപകനായിരുന്നു പിതാവ് ഫ്രാങ്ക്. എലമെന്ററി സ്കൂളിലെ അദ്ധ്യാപികയായിരുന്നു മാതാവ് സാലി ഡേവിസ്. ടഗ്ഗിൾ സ്കൂളിലും, പാർക്കർ മിഡ്ഡിൽ സ്കൂളിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിൽ രൂപം കൊണ്ട സതേൺ നീഗ്രോ കോൺഗ്രസ്സിന്റെ മുൻ നിര നേതാവായിരുന്നു ഏഞ്ചലയുടെ മാതാവ്. കമ്മ്യൂണിസ്റ്റുകാരുമായുള്ള സഹവാസത്തിലായിരുന്നു ഏഞ്ചലയുടെ കൗമാരം, ഇത് അവരുടെ ബൗദ്ധികതലത്തെ കാര്യമായി തന്നെ സ്വാധീനിക്കുകയുണ്ടായി.

വിദ്യാഭ്യാസം[തിരുത്തുക]

ബ്രാൻഡൈസ് സർവ്വകലാശാല[തിരുത്തുക]

മസാച്ചുസൈറ്റ്സിലുള്ള ബ്രാൻഡൈസ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടുകൂടി പഠിച്ച കറുത്തവർഗ്ഗക്കാരിൽ ഒരാളായിരുന്നു ഏഞ്ചല. ആൽബർട്ട് കാമുവിനെക്കുറിച്ചും, ഷോൺ പോൾ സാർത്രിനെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിച്ച് ആ കാലഘട്ടത്തിൽ ഏഞ്ചല തികച്ചും ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ വിദേശീയരായ ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാൻ ഏഞ്ചലക്കു കഴിഞ്ഞു. ഫ്രാൻസിലും, സ്വിറ്റ്സർലണ്ടിലും ചുറ്റി സഞ്ചരിക്കുന്നതിനായി പണം കണ്ടെത്തുവാനായി ഏഞ്ചല ക്ലാസ്സുകളില്ലാത്ത സമയത്ത് ചെറിയ ജോലികൾ ചെയ്യുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ പങ്കെടുത്തതിന് അമേരിക്കൻ അന്വേഷണ ഏജൻസി ഏഞ്ചലയെ ചോദ്യം ചെയ്യുകപോലുമുണ്ടായി.[2]

വിദ്യാഭ്യാസ കാലഘട്ടം അവസാനിക്കാറായപ്പോഴേക്കും, തത്ത്വശാസ്ത്രത്തിലായി ഏഞ്ചലയുടെ ശ്രദ്ധമുഴുവൻ. ഉപരിപഠനത്തിനായി ഫ്രാങ്ക്ഫുർട്ട് സർവ്വകലാശാലയിൽ പ്രവേശനം നേടാനുള്ള ശ്രമങ്ങളും ഇക്കാലയളവിൽ ആരംഭിച്ചിരുന്നു.

ഫ്രാങ്ക്ഫർട്ട് സർവ്വകലാശാല[തിരുത്തുക]

പ്രതിമാസം, നൂറു അമേരിക്കൻ ഡോളറിന്റെ സ്റ്റൈപ്പെൻഡോടുകൂടിയാണ് ഏഞ്ചല ജർമ്മനിയിലെ ഈ സർവ്വകലാശാലയിൽ പഠനം തുടങ്ങിയത്. തുടക്കത്തിൽ ഒരു ജർമ്മൻ കുടുംബത്തോടുകൂടിയായിരുന്നു ഏഞ്ചലയുടെ താമസം. പിന്നീട് സുഹൃത്തുക്കളുടെ കൂടെ ഒരു പഴയ ഫാക്ടറിയിലേക്കു താമസം മാറുകയുണ്ടായി. സോഷ്യലിസ്റ്റ് ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയന്റെ പ്രവർത്തകരായിരുന്നു ഏഞ്ചലയുടെ സുഹൃത്തുക്കൾ ഏറെയും.

കാലിഫോർണിയ സർവ്വകലാശാല[തിരുത്തുക]

ബിരുദാനന്തര ബിരുദ പഠനത്തിനായി ഏഞ്ചല കാലിഫോർണിയ സർവ്വകലാശാലയിലാണ് ചേർന്നത്. കാലിഫോർണിയ സർവ്വകലാശാലയുടെ സാൻഡിയാഗോ കാംപസിൽ നിന്നുമാണ് ഏഞ്ചല തന്റെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. തിരികെ ബർലിനിലേക്കു പോയ ഏഞ്ചല അവിടെയുള്ള ഹംബോൾട്ട് സർവ്വകലാശാലയിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

കാലിഫോർണിയ സർവ്വകലാശാലയിലെ തത്ത്വശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് ഏഞ്ചല തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മറ്റു രണ്ടു സർവ്വകലാശാലയിൽ നിന്നു കൂടി ഏഞ്ചലക്ക് ഉദ്യോഗത്തിനുള്ള ക്ഷണം ലഭിച്ചുവെങ്കിലും, കാലിഫോർണിയ സർവ്വകലാശാലയിൽ ചേരാനാണ് അവർ തീരുമാനിച്ചത്.[4] സർവ്വകലാശാലയിൽ പഠിപ്പിക്കുന്ന കാലത്ത് തന്നെ സ്ത്രീവിമോചനപ്രസ്ഥാനത്തിൽ തീവ്രമായി ഇടപെടാൻ തുടങ്ങി, അതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. ബ്ലാക്ക് പാന്തർ പാർട്ടിയിൽ അംഗമായിരുന്നില്ലെങ്കിലും, അതിന്റെ കടുത്ത അനുഭാവിയായിരുന്നു ഏഞ്ചല. ഏഞ്ചലയുടെ കമ്മ്യൂണിസ്റ്റ് ബന്ധങ്ങൾ അറിഞ്ഞ അന്നത്തെ കാലിഫോർണിയ ഗവർണറും, കാലിഫോർണിയ സർവ്വകലാശാലയുടെ ഭരണനിർവഹണസമിതിയിലും അംഗമായിരുന്ന റൊണാൾഡ് റീഗൻ ഏഞ്ചലയെ ഉദ്യോഗത്തിൽ നിന്നും പിരിച്ചയക്കാൻ ശുപാർശ ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഉള്ളതുകൊണ്ട് ഏഞ്ചലയെ ഉദ്യോഗത്തിൽ നിന്നും പറഞ്ഞുവിടാൻ ഭരണസമിതിക്ക് അധികാരമില്ലെന്ന് ട്രൈബ്യൂണൽ കോടതി കണ്ടെത്തുകയും, ഏഞ്ചലയെ തിരികെ ഉദ്യോഗത്തിൽ പ്രവേശിക്കാൻ അനുമതി നൽകുകയും ചെയ്തു.[5]

സർവ്വകലാശാല ഭരണസമിതി, കോടതിയുടെ വിധിയിൽ തൃപ്തരായിരുന്നില്ല, എന്നു മാത്രമല്ല ഏഞ്ചലയെ ഉദ്യോഗത്തിൽ നിന്നും വീണ്ടും പിരിച്ചുവിടാൻ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഏഞ്ചല ചെയ്ത പ്രസംഗങ്ങളിൽ പ്രകോപനപരമായ വാചകങ്ങൾ ഉപയോഗിച്ചു എന്ന കാരണം പറഞ്ഞ് സർവ്വകലാശാല ഭരണസമിതി അവരെ വീണ്ടും ഉദ്യോഗത്തിൽ നിന്നും പിരിച്ചു വിട്ടു.[6]

അറസ്റ്റ്, വിചാരണ[തിരുത്തുക]

മാരിൻ കൗണ്ടി കോർട്ട് ഹൗസ് സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഏഞ്ചലയെ അറസ്റ്റ് ചെയ്തു. 1970 ഓഗസ്റ്റ് 7 ന് ജൊനാഥൻ ജാക്സൻ എന്ന പതിനേഴു വയസ്സുള്ള വിദ്യാർത്ഥി മാരിൻ കൗണ്ടി കോർട്ടിലെ ന്യായാധിപനെ ബന്ദിയാക്കി തന്റെ സഹോദരനുൾപ്പടെയുള്ള ചില തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. ജൊനാഥൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളിൽ ചിലത് ഏഞ്ചലയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഈ കൃത്യവുമായി ബന്ധപ്പെട്ട് ഏഞ്ചലയെ അറസ്റ്റു ചെയ്യുവാൻ കോടതി ഉത്തരവിടുകയും, പോലീസ് ഏഞ്ചലക്കു വേണ്ടി തിരച്ചിലാരംഭിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "ഏഞ്ചല ഡേവിസ്, സ്വീറ്റ്ഹാർട്ട് ഓഫ് ദ ഫാർ ലെഫ്റ്റ്, ഫൈൻഡ്സ് ഹെർ മിസ്റ്റർ.റൈറ്റ്". പീപ്പിൾ. 21-ജൂലൈ-1980. Archived from the original on 2014-03-02. Retrieved 20-ഒക്ടോബർ-2011. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. ‍ഡേവിസ്, ഏഞ്ചല (മാർച്ച്- 1989). "വാട്ടേഴ്സ്". ഏഞ്ചല ഡേവീസ്: ആൻ ഓട്ടോബയോഗ്രഫി. ന്യൂയോർക്ക്: ഇന്റർനാഷണൽ പബ്ലിഷേഴ്സ്. ISBN 0-7178-0667-7. {{cite book}}: Check date values in: |date= (help)
  3. മെറ്റിൽഡ്, നാഗെൽ. "വുമൺ ഔട്ട്ലോസ് പൊളിറ്റിക്സ് ഓഫ് ജൻഡർ ആന്റ് റെസിസ്റ്റൻസ് ഇൻ ദ യു.എസ്.ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം". കോർട്ട്ലാന്റ് സർവ്വകലാശാല. Archived from the original on 2011-05-14. Retrieved 03-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "ഏഞ്ചല ഡേവീസ്". എൻസൈക്ലോപീഡിയഓഫ്അലബാമ. Archived from the original on 2014-03-03. Retrieved 03-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)
  5. വൂൾഫ്ഗാംഗ്, സാക്സൺ (14-ഏപ്രിൽ-1997). "ജെറി പാച്ച്". ന്യൂയോർക്ക് ടൈംസ്. Archived from the original on 2014-03-03. Retrieved 03-മാർച്ച്-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. ടർണർ, വാലസ് (28-ഏപ്രിൽ-2011). "കാലിഫോർണിയ റീജന്റ്സ് ഡ്രോപ് കമ്മ്യൂണിസ്റ്റ് ഫോറം ഫാക്കൽട്ടി". ദ ന്യൂയോർക്ക് ടൈംസ്. {{cite news}}: |access-date= requires |url= (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഏഞ്ചല_ഡേവിസ്&oldid=3971179" എന്ന താളിൽനിന്ന് ശേഖരിച്ചത്