എ.കെ. ഗോപാലൻ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായി പരിഗണിക്കപ്പെടുന്നവയിൽ ഒന്നാണ് എ.കെ. ഗോപാലൻ Vs. മദ്രാസ് സംസ്ഥാനം (എ.ഐ.ആർ. 1950 സുപ്രീംകോർട്ട് 27) എന്ന കേസിലെ സുപ്രീം കോടതി വിധി. ഇന്ത്യൻ ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശമടങ്ങുന്ന അനുച്ഛേദം 21 ന്റെയും മറ്റ് മൌലികാവകാശങ്ങളുടെയും പശ്ചാത്തലത്തിൽ 1950 ലെ കരുതൽ തടങ്കൽ നിയമത്തിന്റെ വ്യവസ്ഥകളുടെ നിയമസാധുത പരിശോധിച്ച കേസാണിത്. ഈ വിഷയത്തിൽ സുപ്രീംകോടതി ഇടുങ്ങിയ ചിന്താഗതിയോടെയാണ് എ.കെ. ഗോപാലന്റെ വാദമുഖങ്ങളെ പരിഗണിച്ചത്. എങ്കിലും ഇന്ത്യൻ ഭരണഘടനയുടെയും അത് പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളുടെയും വ്യാപ്തിയും സാദ്ധ്യതയും ആദ്യമായി പരിശോധിച്ച വിധിപ്രഖ്യാപനം എന്ന നിലയിൽ ഈ കേസിന്റെ പ്രാധാന്യം വളരെ വലുതാണ്. [1]

ഹർജിസാരം[തിരുത്തുക]

കരുതൽ തടങ്കൽ നിയമത്തിലെ (പ്രിവന്റീവ് ഡീറ്റെൻഷൻ ആക്ട് 1950) വ്യവസ്ഥകൾ, പ്രധാനമായും ആ നിയമത്തിലെ 14 -ആമത്തെ വകുപ്പനുസരിച്ച് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ ഭരണകൂടം സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ.ജി. യെ നിരന്തരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനെതിരായാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

ഇപ്രകാരം വിചാരണകൂടാതെയും തന്റെ ഭാഗം കേൾക്കാതെയും നിരന്തരം തടവിൽ പാർപ്പിക്കുന്നത് ഒരു വ്യക്തിക്ക് ഭരണഘടനയുടെ 21 ആം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ്. കൂടാതെ ഭരണകൂടത്തിന്റെ ഈ ശ്രമം അനുഛേദം 19 വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള അവകാശത്തെയും അനുഛേദം 22 പ്രകാരമുള്ള അന്യായ തടങ്കലിൽ നിന്നുമുള്ള സംരക്ഷണത്തെയും ഹനിക്കുന്നതാണെന്നുമായിരുന്നു എ.കെ.ജി. യുടെ വാദം.

വിധിപ്രഖ്യാപനം[തിരുത്തുക]

ഭാരതത്തിന്റെ ആദ്യ മുഖ്യന്യായാധിപൻ ജസ്റ്റിസ് എം.എച്ച്. കനിയ, സെയ്ദ് ഫസൽ അലി, പതഞ്ജലി ശാസ്ത്രി, മെഹർ ചന്ദ് മഹാജൻ, ബി.കെ മുഖർജി, എസ്. ആർ. ദാസ് എന്നീ ന്യായാധിപന്മാരും അടങ്ങിയ പരമോന്നത കോടതി ബെഞ്ചാണ് ഈ കേസിൽ തീർപ്പ് കൽപ്പിച്ചത്. ഒരു നിയമ പ്രകാരം ഭരണകൂടം ചെയ്യുന്ന കാര്യങ്ങൾ മുൻപറഞ്ഞ ഭരണകൂട പരിരക്ഷകളുടെ ലംഘനമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ് ഈ വിധിപ്രഖ്യാപനത്തിൽ സുപ്രീം കോടതി നടത്തിയത്. [2]

അവലംബം[തിരുത്തുക]

  1. കേസ് സ്റ്റഡി ലാൻഡ്‌മാർക്ക് ഷിഫ്റ്റ്:ടൈംസ് ഓഫ് ഇന്ത്യ, archived from the original on 2013-09-24, retrieved 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)
  2. എ ക്രിട്ടിക്കൽ അനാലിസിസ് : ജിത്തു കൃഷ്ണൻ, retrieved 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എ.കെ._ഗോപാലൻ_കേസ്&oldid=3625773" എന്ന താളിൽനിന്ന് ശേഖരിച്ചത്