എൻ.എസ്. പരമേശ്വരൻ പിള്ള
| നടക്കൽ പരമേശ്വരൻ പിള്ള (എൻ.എസ്. പരമേശ്വരൻ പിള്ള) |
|
|---|---|
![]() എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ചിത്രം. ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ചത്.[1] |
|
| ജനനം | 1931 മേയ് 25 പള്ളിപ്പുറം, ആലപ്പുഴ, കേരളം |
| മരണം | 2010 ഡിസംബർ 17 (പ്രായം 79) ത്രിശൂർ |
| മറ്റ് പേരുകൾ | കോഫി ഹൗസ് പിള്ള |
| തൊഴിൽ | സഹകാരി |
| സജീവം | 1945 - 2010 |
| ജീവിത പങ്കാളി | കെ. എൻ. ലളിത |
എൻ എസ് പരമേശ്വരൻ പിള്ള (1931-2010) കേരളത്തിൽ ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു [2]. നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിൽ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതി. കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രം ഇതാണ്.
ഉള്ളടക്കം |
കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ചരിത്രകാരൻ [തിരുത്തുക]
"കോഫി ഹൗസിന്റെ കഥ" എന്ന ഇദ്ദേഹത്തിന്റെ പുസ്തകം നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന പേരിലാണ് പുറത്തിറക്കിയത്. 2007-ലെ അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്[1].
ജീവിതരേഖ [തിരുത്തുക]
ആദ്യകാല ജീവിതം [തിരുത്തുക]
1931 മേയ് 25-ന് ആലപ്പുഴയിലെ പള്ളിപ്പുറത്താണ് ഇദ്ദേഹം ജനിച്ചത്. നാലാം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിച്ചു. ഇതിനു ശേഷം നിർമ്മാണമേഖലയിൽ കൂലിത്തൊഴിലാളിയായും, പാചകക്കാരനായും, ഹോട്ടലിലെ വിതരണക്കാരനായും, കപ്പലണ്ടിയും പേനയും വിൽക്കുന്നയാളായും, കയർ ഫാക്ടറിയിലെ തൊഴിലാളിയായും, കൊച്ചി ഹാർബറിൽ വാട്ടർ ബോയ് ആയും, റേഷൻ ഡിപ്പോയിലെ ക്ലർക്കായും, വക്കീൽ ഗുമസ്തനായും മറ്റും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വളരെ നാൾ അലഞ്ഞ ശേഷം ഇദ്ദേഹം കോഫി ബോർഡിന്റെ എറണാകുളത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ അവസാന ഗ്രേഡ് ജീവനക്കാരനായി 1945-ൽ ജോലിക്ക് ചേർന്നു.
തൊഴിലാളി യൂണിയൻ പ്രവർത്തനം [തിരുത്തുക]
1940-കളുടെ അവസാനം ഇദ്ദേഹം ഒരു തൊഴിലാളി യൂണിയൻ പ്രവർത്തകനായി. എ.ഐ.ടി.യു.സിയുടെ കീഴിൽ രൂപം കൊണ്ട ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം[3]. തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളിലും ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിട്ടുണ്ട്.
സഹകാരി [തിരുത്തുക]
1957-ൽ വിതരണശൃംഘല നിർത്താനുള്ള നീക്കത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളായിരുന്നു ഇദ്ദേഹം.[1] ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകൾ സ്ഥാപിക്കാൻ യൂണിയൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ടി.കെ. കൃഷ്ണൻ, നടയ്ക്കൽ പരമേശ്വരൻ പിള്ള എന്നിവരുടെ ഉത്സാഹത്താൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ തൊഴിലാളികളുടെ സഹകരണസംഘങ്ങൾ നിലവിൽ വന്നു. 1958 മാർച്ച് 8-ന് കേരളത്തിലെ ആദ്യ കോഫി ഹൗസ് എ.കെ.ജി. ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടർ ക്ലാർക്കും. ഇങ്ങനെയായിരുന്നു ഇന്ത്യൻ കോഫി ഹൗസുകൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്.
മൂന്നു പതിറ്റാണ്ടുകാലം ഇദ്ദേഹം ഐ.സി.എച്ച്. പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. തൃശൂരുള്ള സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, സെയിൽസ് മാനേജർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പാലക്കാട്ടെ സൊസൈറ്റിയുടെ സ്ഥാപകസെക്രട്ടറിയും ഇദ്ദേഹം തന്നെയായിരുന്നു.
ഫെഡറേഷൻ ഓഫ് ഐ.സി.എച്ച്. സൊസൈറ്റീസ് എന്ന കൂട്ടായ്മയുടെ ഡയറക്ടർ, ഡെപ്യൂട്ടി ചെയർമാൻ, ചെയർമാൻ എന്ന നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഐ.സി.എച്ചുകളുടേയും ഡൽഹി ആസ്ഥാനമായ സംഘടനയാണിത്.
രാഷ്ട്രീയം [തിരുത്തുക]
1940-കളിൽ അവിഭാജ്യ സി.പി.ഐ-യുടെ രഹസ്യ അംഗമായിരുന്നു ഇദ്ദേഹം. പിന്നീട് സി.പി.ഐയുടെ നായ്ക്കനാൽ ബ്രാഞ്ചിന്റെ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി പിളർന്ന ശേഷം ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ പ്രവർത്തകനായി. നായ്ക്കനാൽ ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, തൃശൂർ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം [തിരുത്തുക]
ഇടപ്പള്ളി സ്വദേശിനിയായ കെ. എൻ. ലളിതമ്മയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ശ്രീമതി ലളിതമ്മയും ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്.
എൻ.പി. ചന്ദ്രശേഖരൻ[4] (കൈരളി ടി.വി. യുടെ ന്യൂസ് ആൻഡ് കറണ്ട് അഫയേഴ്സ് ഡയറക്ടർ), എൻ. പി. ഗിരീശൻ (ഇന്ത്യൻ കോഫി ഹൗസ്), എൻ.പി. മുരളി, എൻ.പി. സുനിത എന്നിവരാണ് മക്കൾ.
മരണം [തിരുത്തുക]
2010 ഡിസംബർ 17-നാണ് ഇദ്ദേഹം മരിച്ചത്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 ഡൂൾ ന്യൂസ് എൻ.എസ് പരമേശ്വരൻ പിള്ള അന്തരിച്ചു
- ↑ ഇന്ത്യൻ കോഫി ഹൗസ് ചരിത്രം
- ↑ തേജസ് ന്യൂസ് കോഫി ഹൗസ് സ്ഥാപകൻ എൻ എസ് പരമേശ്വരൻ പിള്ള നിര്യാതനായി
- ↑ ഇന്ത്യ എവരി ഡേ
- കോഫി ഹൗസിന്റെ കഥ. കറണ്ട് ബുക്ക്സ്, തൃശൂർ. ISBN 81-226-0493-5.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
| Persondata | |
|---|---|
| NAME | Nadakkal Parameswaran Pillai |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 25 May 1931 |
| PLACE OF BIRTH | Pallippuram, Alappuzha, Kerala |
| DATE OF DEATH | 17 December 2010 |
| PLACE OF DEATH | Thrissur |
