എമിൽ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രെഞ്ച് ചിന്തകൻ റുസ്സോ തന്റെ വിദ്യാഭ്യാസദർശനം ഉൾക്കൊള്ളിച്ച് എഴുതിയ നോവലാണ് എമിൽ. 1762-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ മുഴുവൻ പേര് "എമിൽ, അഥവാ വിദ്യാഭ്യാസത്തെക്കുറിച്ച്" എന്നാണ്. തന്റെ രചനകളിൽ ഏറ്റവും ഉത്തമവും പ്രധാനപ്പെട്ടതുമായി ഗ്രന്ഥകാരൻ ഇതിനെ കരുതി. റുസ്സോയുടെ മതദർശനം സംഗ്രഹിക്കുന്ന "സവൊയിലെ വികാരിയുടെ വിശ്വാസപ്രഖ്യാപനം" എന്ന അദ്ധ്യായം, പ്രസിദ്ധീകരണകാലത്ത് ഏറെ വിവാദമുയർത്തി. മതവിരുദ്ധമായി കരുതപ്പെട്ട ആ ഖണ്ഡത്തിന്റെ പേരിൽ പാരിസിലും ജനീവയിലും ഈ കൃതി നിരോധിക്കപ്പെടുകയും പ്രതികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഫ്രെഞ്ചുവിപ്ലവകാലത്ത് നടപ്പിലായ ദേശീയ വിദ്യാഭ്യാസപദ്ധതിയുടെ പ്രചോദനം 'എമിൽ' ആയിരുന്നു. പ്രസിദ്ധീകരണത്തിനു ശേഷം ഇക്കാലം വരെയുള്ള വിദ്യാഭ്യാസചിന്തകരെല്ലാം ഈ കൃതി പരിഗണിച്ചിട്ടുണ്ട്.

എമിൽ എന്നു പേരുള്ള ഒരാൺകുട്ടിയെ ശൈശവം മുതൽ പ്രായപൂർത്തി വരെ താൻ വളർത്തുന്നതായി റുസ്സോ ഇതിൽ സങ്കല്പിക്കുന്നു. നാഗരികതയുടെ സ്വാധീനമേറ്റുള്ള വളർച്ചക്കിടെ മനുഷ്യജീവികൾക്ക് അവരുടെ സ്വാഭാവികപൂർണ്ണത നഷ്ടപ്പെടുന്നുവെന്നു കരുതിയ റുസ്സോ ആ ആപത്ത് ഒഴിവാകും വിധമുള്ള വിദ്യാഭ്യാസത്തിന്റെ രൂപരേഖ വരയ്ക്കാനാണ് എമിലിന്റെ വളർച്ചയുടെ കഥയിൽ ശ്രമിച്ചത്. കൃതിയുടെ തുടക്കം ഇങ്ങനെയാണ്: "ദൈവം സർവത്തേയും നന്മയിൽ ഉരുവാക്കി; മനുഷ്യൻ ഇടംകോലിട്ട് അവയെ തിന്മയാക്കുന്നു. അവൻ ഒരു മണ്ണിനെ മറ്റൊന്നിന്റെ ഫലം പുറപ്പെടുവിക്കാൻ നിർബ്ബന്ധിക്കുന്നു; സ്ഥലകാലങ്ങളേയും പ്രകൃതിയേയും കുഴച്ചുമറിക്കുകയും തലകീഴാക്കുകയും ചെയ്യുന്നു; പട്ടിയേയും കുതിരയേയും അടിമയേയും അംഗവിഛേദം ചെയ്യുന്നു; അവൻ എല്ലാത്തിനേയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നു."[1]

പുസ്തകത്തിന്റെ ആദ്യത്തെ നാലു ഖണ്ഡങ്ങളിൽ ആൺകുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ വിശദമായി അവതരിപ്പിക്കുന്ന റുസ്സോ, അവസാനത്തേതായ അഞ്ചാം ഖണ്ഡത്തിൽ പെൺകുട്ടിയുടെ വിദ്യാഭ്യാസം ഹ്രസ്വമായി പരിഗണിക്കുന്നു. ഇവിടെ ഗ്രന്ഥകാരന്റെ ശിഷ്യയായി പ്രത്യക്ഷപ്പെടുന്ന സോഫി എമിലിന്റെ ഭാവിഭാര്യയായി സങ്കല്പിക്കപ്പെടുന്നു. ആൺകുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പിന്തുടർന്ന ഉന്നതസങ്കല്പങ്ങളുടെ സ്ഥാനത്ത് തീർത്തും പിന്തിരിപ്പൻ സമീപനമാണ് റുസ്സോ ഈ ഖണ്ഡത്തിൽ സ്വീകരിച്ചതെന്നു വിമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സോഫി എമിലിയ്ക്കു വേണ്ടി നിർമ്മിക്കപ്പെട്ട സുന്ദരമായ ഒരു കളിക്കോപ്പ് (a charming plaything) മാത്രമാകുന്നു.[2]

വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും രസകരമായ ഗ്രന്ഥം എന്ന് 'എമിൽ' വിശേഷിപ്പിക്കപ്പെടുന്നു. ഈ കൃതിയിലെ ആശയങ്ങളെ വിമർശിച്ചവർ പോലും അതിന്റെ ശൈലിയുടെ സൗന്ദര്യം അംഗീകരിച്ചു.[2] ദിനചര്യകളിലെ സമയനിഷ്ടയ്ക്ക് പേരെടുത്തിരുന്ന ദാർശനികൻ ഇമ്മാനുവേൽ കാന്റ്, ഈ കൃതിയുടെ ആസ്വാദനത്തിൽ മുഴുകി പ്രഭാതസവാരി മറന്നുപോയതായി പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. ഏമിൽ, ഒന്നാം പുസ്തകത്തിന്റെ ആരംഭം
  2. 2.0 2.1 'എമിൽ', ബാർബരാ ഫോക്സ്‌ലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് പി.ഡി. ജിമാക് എഴുതിയ ആമുഖം
"https://ml.wikipedia.org/w/index.php?title=എമിൽ_(പുസ്തകം)&oldid=1694684" എന്ന താളിൽനിന്ന് ശേഖരിച്ചത്