എമിലി ഷെങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലി ഷെങ്കൽ
എമിലി ഷെങ്കൽ സുഭാഷ് ചന്ദ്രബോസിനൊപ്പം
ജനനം
എമിലി ഷെങ്കൽ

(1910-12-26)26 ഡിസംബർ 1910
മരണംMarch, 1996
ജീവിതപങ്കാളി(കൾ)സുഭാഷ് ചന്ദ്രബോസ് (m. 1937)

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996). ഓസ്ട്രിയൻ സ്വദേശിയായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1910 ഡിസംബർ 26-ന് വിയന്നയിൽ ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ചു. [1]. എമിലിയുടെ പിതാവിന് മകളെ പഠിപ്പിക്കുവാൻ താല്പര്യമുണ്ടായിരുന്നില്ല. വൈകി പഠനം തുടങ്ങിയ എമിലിയുടെ പുരോഗതിയിൽ തൃപ്തനാവാതെ പിതാവ് എമിലിയെ കന്യാസ്ത്രീ ആക്കുവാനായി ഒരു മഠത്തിൽ ചേർത്തു. നാലു വർഷം അവിടെ കഴിഞ്ഞുവെങ്കിലും ഒരു കന്യാസ്ത്രീ ആകുവാൻ താല്പര്യമില്ലാതെ എമിലി സ്കൂളിലേക്ക് മടങ്ങി, തന്റെ ഇരുപതാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] അപ്പോഴേക്കും ദി ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെട്ട സാമ്പത്തികമാന്ദ്യം യൂറോപ്പിൽ ആരംഭിച്ചിരുന്നു. തന്മൂലം എമിലി കുറച്ചു വർഷങ്ങൾ തൊഴിൽ രഹിതയായി കഴിഞ്ഞു.[1] ഡോ. മാഥൂർ എന്ന പൊതു സുഹൃത്താണ് എമിലിയെ സുഭാഷ് ചന്ദ്ര ബോസിന് പരിചയപ്പെടുത്തിയത്. ബോസ് ‘’ദി ഇന്ത്യൻ സ്ട്രഗിൾ’’ എന്ന പുസ്തകം എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.[1] എഴുത്തിൽ തന്നെ സഹായിക്കുവാൻ ഷോർട്ട് ഹാൻഡും ഇംഗ്ലീഷ് ഭാഷാപരിചയവും ഉണ്ടായിരുന്ന എമിലിയെ ബോസ് നിയമിച്ചു. അധികം വൈകാതെ പ്രണയത്തിലായ അവർ 1937-ൽ ഹിന്ദുമതാചാരപ്രകാരം വിവാഹിതരായി. എന്നാൽ ഈ വിവാഹത്തിന് പുരോഹിതനോ സാക്ഷികളോ നിയമപ്രകാരമുള്ള രേഖകളോ ഉണ്ടായിരുന്നില്ല. [2][3]ഇന്ത്യയിലേക്ക് മടങ്ങിയ ബോസ്സ് പിന്നീട് 1941 ഏപ്രിലിലും 1943 ഫെബ്രുവരിയിലും നാസി ജർമ്മനിയിലെത്തി.

ബെർലിനിൽ[തിരുത്തുക]

ബെർലിനിൽ ബോസിന് താമസിക്കുവാൻ ഒരു ആഡംബര വസതി ഒരുക്കിയിരുന്നു. അദ്ദേഹത്തെ സേവിക്കുവാൻ ബട്ട്ലർ, പാചകക്കാരൻ, തോട്ടക്കാരൻ തുടങ്ങിയ സൗകര്യങ്ങൾ എസ് എസ്സ് ഒരുക്കിയിരുന്നു. എമിലി അദ്ദേഹത്തോടൊപ്പം അവിടെ താമസം തുടങ്ങി. എന്നാൽ ജർമ്മൻ ഉദ്യോഗസ്ഥർക്ക് എമിലിയെ അത്ര പഥ്യമായിരുന്നില്ല.[4] യുദ്ധക്കെടുതികളുടെ കാലത്ത് ഒരു സുഖജീവിതം തേടി ബോസിനൊപ്പം കൂടിയ ഒരാൾ എന്ന നിലക്കാണ് പലരും എമിലിയെ കണ്ടത്.[4] ബോസും എമിലിയും വിവാഹിതരായിരുന്നു എന്നവർ കരുതിയില്ല. 1942 നവംബറിൽ എമിലി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 1943 ഫെബ്രുവരിയിൽ എമിലിയേയും മകളേയും വിട്ട് ബോസ് ഒരു ജർമ്മൻ അന്തർവാഹിനിയിൽ ജപ്പാന്റെ അധീനതയിലായിരുന്ന തെക്കുകിഴക്കൻ ഏഷ്യയിലെത്തി. അവിടെ ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആർമിയും ആസാദ് ഹിന്ദ് എന്ന പേരിൽ സ്വതന്ത്ര ഇന്ത്യക്കായി ഒരു താൽക്കാലിക ഭരണകൂടവും സ്ഥാപിച്ചു. 1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലെ തായ്പേയിൽ ഉണ്ടായ ഒരു വിമാനാപകടത്തിൽ ബോസ് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്നു.

പിൽക്കാല ജീവിതം[തിരുത്തുക]

എമിലിയും മകളും യുദ്ധത്തെ അതിജീവിച്ചു. [5][6] വിവാഹശേഷമുള്ള 9 വർഷത്തിനിടയിൽ മൂന്നുവർഷം മാത്രമേ എമിലിയും ബോസും ഒരുമിച്ച് കഴിഞ്ഞുള്ളൂ. യുദ്ധത്തിനു ശേഷം എമിലി ഒർ ട്രങ്ക് ഓഫീസിൽ ജോലി ചെയ്ത് തന്റെ മാതാവും മകളുമടങ്ങുന്ന കുടുംബം പുലർത്തി. [7] സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരൻ ശരത്ചന്ദ്ര ബോസ് എമിലിയേയും മകളേയും ഓസ്റ്റ്രിയയിൽ സന്ദർശിച്ചിരുന്നു. ബോസിന്റെ കുടുംബം അവരെ സ്വീകരിച്ചിരുന്നുവെങ്കിലും എമിലി ഒരിക്കലും ഇന്ത്യ സന്ദർശിച്ചില്ല. പിൽക്കാലത്തും ബോസുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുവാൻ എമിലി താല്പര്യം കാണിച്ചില്ല. [7] 1996-ൽ അവർ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Gordon 1990, പുറം. 285.
  2. Hayes 2011, പുറം. 15.
  3. Gordon 1990, പുറങ്ങൾ. 344–345.
  4. 4.0 4.1 Gordon 1990, പുറം. 446.
  5. Bose 2005, പുറം. 255.
  6. Hayes 2011, പുറം. 144.
  7. 7.0 7.1 Santhanam 2001.
"https://ml.wikipedia.org/w/index.php?title=എമിലി_ഷെങ്കൽ&oldid=2862306" എന്ന താളിൽനിന്ന് ശേഖരിച്ചത്