എന്‍ജിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു തരത്തിലുള്ള ഊര്‍ജ്ജത്തെ മറ്റൊരു തരത്തിലുള്ള ഊര്‍ജ്ജമാക്കുന്ന ഒരുപകരണമാണ് എഞ്ചിന്‍ അഥവാ യന്ത്രം[1]. സാധാരണ ഗതിയില്‍ എല്ലാ എഞ്ചിനുകളും താപോര്‍ജ്ജത്തെ ഗതികോര്‍ജ്ജമാക്കുന്നു. ആയതിനാല്‍ ഇവയെ താപ എഞ്ചിനുകള്‍ (heat engines) എന്നും വിളിക്കാറുണ്ട്. രാസോര്‍ജ്ജത്തെ താപോര്‍ജ്ജമാക്കുകയും അങ്ങനെയുണ്ടാകുന്ന താപോര്‍ജ്ജത്തെ ഗതികോര്‍ജ്ജമാക്കുകയും ചെയ്യുന്ന ഒരുപകരണമാണ് താപ എഞ്ചിനുകള്‍.[2]
ഉള്ളടക്കം |
[തിരുത്തുക] വര്‍ഗ്ഗീകരണം
താപയന്ത്രങ്ങളെ പൊതുവായിട്ട് രണ്ടായി വിഭജിച്ചിരിക്കുന്നു.
- ആന്തരിക ദഹന യന്ത്രം (Internal Combustion Engines)
- ബാഹ്യ ദഹന യന്ത്രം (External Combustion Engines)
ഇന്ധനത്തിന്റെ ദഹനം (കത്തല്‍) എഞ്ചിനകത്തുവച്ച് നടക്കുന്ന തരം എഞ്ചിനുകളാണ് ആന്തരിക ദഹന എഞ്ചിന്‍. ഉദാഹരണത്തിന് സ്പാര്‍ക്ക് ഇഗ്നിഷന്‍ എഞ്ചിനുകള്‍ക്കകത്ത് ഇന്ധനം ദഹിക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം നേരിട്ട് ഗതികോര്‍ജ്ജമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എന്നാല്‍ ഒരു ബാഹ്യ ദഹന യന്ത്രത്തില്‍ ഇന്ധനം എഞ്ചിനു പുറത്തുവച്ചാണ് ദഹിക്കപ്പെടുന്നത്. ഇതില്‍ നിന്നുള്ള ഊര്‍ജ്ജം മറ്റൊരു മാദ്ധ്യമം വഴി എഞ്ചിനകത്തേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി ഒരു ആവിയന്ത്രത്തിലെ ഇന്ധനമായ കല്‍ക്കരി കത്തിയുണ്ടാകുന്ന ചൂടു് കൊണ്ട് നീരാവിയുണ്ടാക്കുകയും ആ ചൂടു് നീരാവിയെ എഞ്ചിനകത്തേക്ക് പ്രവഹിപ്പിച്ച്, നീരാവിയിലുള്ള താപോര്‍ജ്ജത്തെ ഗതികോര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു.
[തിരുത്തുക] ആന്തരിക ദഹന എഞ്ചിനുകള്‍
ആന്തരിക ദഹന യന്ത്രങ്ങളെ വീണ്ടും റോട്ടറി എഞ്ചിനുകളെന്നും (Rotary Engine) റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനുകളെന്നും (Reciprocating Engines) തരം തിരിക്കാം[3]. വാന്‍കെല്‍ എഞ്ചിന്‍, ഓപ്പണ്‍ സൈക്കിള്‍ ഗ്യാസ് ടര്‍ബൈന്‍ മുതലായവ റോട്ടറി ആന്തരിക ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഡീസല്‍ എഞ്ചിനും, പെട്രോള്‍ എഞ്ചിനും റെസിപ്രോക്കേറ്റിങ്ങ് ആന്തരിക ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണമാണ്.
[തിരുത്തുക] ബാഹ്യ ദഹന എഞ്ചിനുകള്‍
ബാഹ്യ ദഹന എഞ്ചിനുകളെയും മേല്‍പറഞ്ഞ പോലെ റോട്ടറി എഞ്ചിനുകളെന്നും, റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനുകളെന്നും തരം തിരിച്ചിരിക്കുന്നു.[4]. ആവി യന്ത്രവും, സ്റ്റിര്‍ലിങ്ങ് എഞ്ചിനും റെസിപ്രോക്കേറ്റിങ്ങ് ബാഹ്യ ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ആവി ടര്‍ബൈനും, ക്ലോസ്‌ഡ് സൈക്കിള്‍ ഗ്യാസ് ടര്‍ബൈനും റോട്ടറി ബാഹ്യ ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണമാണ്.
[തിരുത്തുക] അവലംബം
- ↑ Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
- ↑ Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
- ↑ Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
- ↑ Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)