എം.ബി. ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം. ബി. ശ്രീനിവാസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. ബി. ശ്രീനിവാസൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംആന്ധ്രപ്രദേശ്, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസം‌വിധായകൻ, സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1959-1988

ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സംഗീതസംവിധായകനായിരുന്നു എം. ബി. ശ്രീനിവാസൻ. എം.ബി.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

ജനനം[തിരുത്തുക]

ഇന്നത്തെ ആന്ധ്രാപ്രദേശിലെ ചിത്തൂരിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1925 സെപ്റ്റംബർ 19-ന് ജനിച്ചു. മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്. അദ്ദേഹത്തിന്റെ പൂർവ്വികർ തമിഴ്‌നാട്ടിലെ മനമധുരൈ സ്വദേശികളായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മനമധുരൈ എന്ന് വന്നത്.

വിദ്യാഭ്യാസം[തിരുത്തുക]

പി.എസ്. ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിന് ചേർന്നു. കലാലയ കാലത്ത് മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ അംഗമായിരുന്നു. തീവ്രമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നടന്നിരുന്ന അക്കാലത്ത് എം.ബി.എസ് കൊളോണിയൽ അധിപത്യത്തിനെതിരെ പല പ്രക്ഷോഭങ്ങളും നയിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

സി.പി.എം. നേതാവായ എം.ആർ. വെങ്കിട്ടരാമന്റെ അനന്തരവൻ മുഖേന ഡൽഹിൽ എത്തിയ എം.ബി.എസ്. പ്രശസ്ത സി.പി.ഐ. നേതാവ്‌ എ.കെ. ഗോപാലന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാനവസരം ലഭിച്ചു.

ഡൽഹിയിലായിരുന്ന ഇക്കാലത്ത് ഇന്ത്യൻ പീപ്പിൾസ് അസോസിയേഷനിൽ അംഗമായ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംഗീതവുമായി അടുത്ത് പരിചയപ്പെടാൻ ഇതുമൂലം അവസരം ലഭിച്ചു.

ഇക്കാലത്ത് കാശ്മീരി മുസ്ലീം കുടുംബാംഗമായ സഹീദ കിച്ച്ലുവും എം.ബി.എസും പ്രണയബദ്ധരായി. പ്രശസ്ത സ്വാതന്ത്ര്യ സമര നേതാവ്‌ സൈഫുദ്ദീൻ കിച്ച്ലുവിന്റെ മകളായിരുന്നു സഹീദ കിച്ച്ലു[1]. ജവഹർലാൽ നെഹ്രുവിന്റെ ആശീർവാദത്തോടെ അവർ വിവാഹിതരായി. 1957-ലായിരുന്നു വിവാഹം. എം.ബി.എസ്.-സഹീദ ദമ്പതികൾക്ക് കബീർ എന്ന പേരിൽ ഒരു മകനുണ്ടായിരുന്നു. അച്ഛനെപ്പോലെ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന കബീർ, പക്ഷേ പിന്നീട് മയക്കുമരുന്ന് ഉപയോഗത്തിന് അടിമയാകുകയും സ്കിസോഫ്രീനിയ ബാധിതനാകുകയുമായിരുന്നു.

സംഗീത ജീവിതം[തിരുത്തുക]

കർണ്ണാടിക് സംഗീതത്തിലും ഹിന്ദുസ്താനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം.ബി.എസ്. 1959-ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴ് സിനിമയിലായിരുന്നു തുടക്കം. തമിഴിൽ ഏകദേശം ഒമ്പതോളം സിനിമകൾക്ക് സംഗീതം പകർന്നു.

പിന്നീട് രണ്ടുവർഷങ്ങൾക്ക് ശേഷം മലയാള സിനിമാഗാനലോകത്താണ് എം.ബി.എസിന്റെ പ്രശസ്തങ്ങളായ സൃഷ്ടികൾ ഉണ്ടായത്. 1961-ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യം അദ്ദേഹം സംഗീതം പകർന്നത്. പി. ഭാസ്കരനായിരുന്നു രചന. അതിനുശേഷം കാൽപ്പാടുകൾ എന്ന ചിത്രത്തിനും അദ്ദേഹം സംഗീതം നൽകിയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയത് മൂന്നാമത്തെ ചിത്രമായിരുന്ന സ്നേഹദീപമാണ്. ഇവയിലും പി. ഭാസ്കരൻ തന്നെയായിരുന്നു ഗാനരചന. മലയാളി അല്ലാതിരുന്നിട്ടും വരികൾ എഴുതിയ ശേഷമാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത്. വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുള്ള ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. എം.ബി.എസിന്റെ സംഗീതത്തിൽ കവിത തുളുംബുന്ന ഒട്ടേറെ ഗാനങ്ങൾ അക്കാലത്ത് മലയാളചലച്ചിത്രങ്ങളിൽ ഉണ്ടായിരുന്നു. 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന...' എന്ന് തുടങ്ങുന്ന ഗാനം അതി പ്രശസ്തമാണ്.

എം.ബി.എസിന്റെ പ്രശസ്തങ്ങളായ മിക്ക ഗാനങ്ങളും ഒ.എൻ.വി. യുമായുള്ള കൂട്ടുകെട്ടിൽ പിറന്നവയാണ്. 'ഒരു വട്ടം കൂടി...' (ചില്ല്), നിറങ്ങൾ തൻ നൃത്തം..(പരസ്പരം), ചെമ്പക പുഷ്പ...(യവനിക), എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ...(ഉൾക്കടൽ) എന്നിവ അവയിൽ ചിലതാണ്.

ഗാനങ്ങൾക്ക് പുറമേ പശ്ചാത്തലസംഗീത രംഗത്തും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങൾക്കനുസരിച്ചുള്ള ലളിതമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ശൈലിയാണ് എം.ബി.എസിന്റേത്. സമാന്തര സിനിമയുടെ വക്താക്കളിൽ പെട്ട അടൂർ, എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ, മോഹൻ, ഹരിഹരൻ എന്നിവർ തങ്ങളുടെ സിനിമകളിൽ എം.ബി.എസിന്റെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.

പ്രശസ്ത ഗായകൻ കെ.ജെ. യേശുദാസിനെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ചത് എം.ബി.എസ് ആണ്. 1961-ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ എം.ബി.എസിന്റെ സംഗീതത്തിലുള്ള 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസിന്റെ ആദ്യ ഗാനം. എല്ലാ ഗായകർക്കും അദ്ദേഹം അവസരം കൊടുത്തിട്ടുണ്ടെങ്കിലും യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കൂടുതലും ശബ്ദം പകർന്നത്.

ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ച എം.ബി.എസ്. കന്യാകുമാരി എന്ന ചിത്രത്തിൽ തന്റെ ഒരു ഗാനത്തിന് വരികൾ എഴുതിയിട്ടുമുണ്ട്.

മരണം[തിരുത്തുക]

ഹൃദയസ്തംഭനത്തെ തുടർന്ന് 1988 മാർച്ച് 9-ന് ലക്ഷദ്വീപിൽ വച്ച് എം.ബി. ശ്രീനിവാസൻ അന്തരിച്ചു. 62 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. താൻ തുടങ്ങിവച്ച മദ്രാസ് മ്യൂസിക് ക്വയറിന്റെ ഒരു പരിപാടിയുടെ പരിശീലനം നടത്തുന്നതിനിടയിൽ കുഴഞ്ഞുവീണ എംബിഎസിനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. മൃതദേഹം ചെന്നൈയിലെത്തിച്ച് അവിടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സഹീദ, പതിനാലുവർഷങ്ങൾ കൂടി ജീവിച്ചശേഷം 2002 ഒക്ടോബർ 23-ന് അന്തരിച്ചു. അപ്പോഴേയ്ക്കും സ്കിസോഫ്രീനിയയുടെ മൂർധന്യത്തിലെത്തിക്കഴിഞ്ഞിരുന്ന മകൻ കബീർ, 2009 ഏപ്രിൽ നാലിന് അന്തരിച്ചു.

എം. ബി. ശ്രീനിവാസൻ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]























അവലംബം[തിരുത്തുക]

  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012 ജൂൺ 11. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ബി._ശ്രീനിവാസൻ&oldid=3528851" എന്ന താളിൽനിന്ന് ശേഖരിച്ചത്