ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
യഥാർഥ നാമം
ULCCS
സഹകരണ സൊസൈറ്റി
വ്യവസായംഅടിസ്ഥാന സൗകര്യ വികസനം
സ്ഥാപിതം1925; 99 years ago (1925)
ആസ്ഥാനംകോഴിക്കോട്, കേരളം
സേവന മേഖല(കൾ)കേരളം
വരുമാനം₹crores
()
വെബ്സൈറ്റ്ulccs%20ltd

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളികളുടെ കരാർ സഹകരണ സംഘമാണ് കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം നം: 10957. കേരള നവോത്ഥാന കാലത്ത് 1925-ൽ വാഗ്ഭടാനന്ദ ഗുരുവിന്റെയും അദ്ദേഹം സ്ഥാപിച്ച പരിഷ്ക്കരണപ്രസ്ഥാനമായിരുന്ന ആത്മവിദ്യാസ്ഘത്തിൻ്റെയും അനുയായികളായ തൊഴിലാളികളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം സ്ഥാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നാണ് ഊരാളുങ്കൽ.[1]

അംഗങ്ങൾക്കും നാട്ടുകാർക്കും തൊഴിൽ നല്കുക എന്ന ലക്ഷ്യത്തിൽ നിർമ്മാണപ്രവൃത്തികൾ കരാറെടുത്ത് സ്വയം നിർവ്വഹിക്കുന്ന ഈ സംഘം ഇതിനകം 7500-ഓളം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു പല മേഖലകളിലും തൊഴിൽ സൃഷ്ടിക്കുന്ന വിവിധ ഉപസ്ഥാപനങ്ങളും ഈ സംഘത്തിനുകീഴിൽ പ്രവൃത്തിക്കുന്നു. സാധാരണതൊഴിലാളികളും നൈപുണ്യം നേടിയ തൊഴിലാളികളും കരകൗശലവിദഗ്ദ്ധരും മുതൽ എനിനീയർമാരും മാനേജ്‌മെൻ്റ് വിദഗ്ദ്ധരും അടക്കം 18,000-ത്തോളം പേർക്ക് ഈ സൊസൈറ്റി ഇന്നു തൊഴിൽ നല്കുന്നു.

സഹകരണപ്രസ്ഥാനങ്ങളുടെ ആഗോളസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്‌സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020-ലെയും 2021-ലെയും റിപ്പോർട്ടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.[2] ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ എട്ടാമത്തെ പ്രസിഡൻ്റാണ് നിലവിലെ ചെയർമാനായ രമേശൻ പാലേരി.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ പ്രധാനപദ്ധതികളിൽ ദേശീയപാത ആറുവരിയാക്കൽ, ഏഷ്യയിൽ ഏറ്റവും നീളമുള്ള കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമായ വലിയഴീക്കൽ പാലം, മാതൃകാപൊതുവിടമായി രാജ്യാന്തരമാദ്ധ്യമങ്ങൾ‌വരെ പ്രശംസിച്ച വാഗ്ഭടാനന്ദ പാർക്ക്, ദക്ഷിണേൻഡ്യയിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാകാൻ പോകുന്ന പെരുമ്പളം പാലം, സെമി-എലിവേറ്റഡ് ഹൈവേ ആയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ഡിജിറ്റൽ ഹബ്ബ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

കേരള നവോത്ഥാനത്തിന് സംഘത്തിൻ്റെ ചരിത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അന്നത്തെ കാരക്കാട് (ഇന്നത്തെ ഊരാളുങ്കൽ) ദേശത്തെ പുരോഗമനമനസ്ഥിതിക്കാരായ ഒരുകൂട്ടം യുവാക്കൾ മലബാറിലെ നവോത്ഥാനനായകനും സാമൂഹികപരിഷ്കർത്താവുമായ ഗുരു വാഗ്ഭടാനന്ദനെ ക്ഷണിച്ചുകൊണ്ടുവരുകയും 1917-ൽ ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു.

സാമൂഹികപരിഷ്ക്കരണത്തിനു പ്രയത്നിച്ച അവർ സമൂഹത്തിലെ ഉന്നതശ്രേണിയിൽനിന്നു കഠിനമായ അടിച്ചമർത്തലും ബഹിഷ്കരണവും നേരിട്ടു. അതു മറികടക്കാൻ ധനകാര്യയിടപെടലുകൾക്കും വായ്പകൾക്കുമായി അവർ 1922-ൽ ഐക്യനാണയസംഘം (ഇന്നത്തെ ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക്) രൂപവത്ക്കരിക്കുകയും അവരുടെ കുട്ടികൾക്കു പഠിക്കാൻ ഒരു സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1924-ൽ അവർ ദിവസവേതനതൊഴിലാളികളുടെ ഒരു പരസ്പരസഹായസംഘം രൂപവത്ക്കരിക്കാൻ തീരുമാനിച്ചു. 14 പേർ ചേർന്ന് 6 'അണ' പ്രാരംഭച്ചെലവു സ്വരൂപിച്ചുകൊണ്ട് ഒരു പ്രൊമോട്ടിങ് കമ്മിറ്റിക്കു രൂപം നല്കി.

രജിസ്ട്രേഷനു മുമ്പുതന്നെ 1924-ലെ വെള്ളപ്പൊക്കത്തിൽ തകർന്ന ബണ്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെ ചാപ്പ (സ്റ്റോക്ക് യാർഡ്) -കളുടെയും പുനർനിർമ്മാണം അവർ ഏറ്റെടുത്തു. 1925 ഫെബ്രുവരി 13-ന് അവർ 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം' രജിസ്റ്റർ ചെയ്തു. 1925 മാർച്ച് 24-ന് അതിന്റെ ആദ്യത്തെ ജനറൽ ബോഡി യോഗം ചേരുകയും ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ പ്രസിഡന്റായി ആദ്യത്തെ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ സംഘമാണ് ഇന്നത്തെ ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് സഹകരണസംഘം.[3]

കരാറുകൾ കിട്ടാതെ വിഷമിച്ച ആദ്യകാലങ്ങളിൽ സൊസൈറ്റിയുടെ നിലനില്പുതന്നെ ബുദ്ധിമുട്ടിലായിരുന്നു. ആദ്യ വർഷങ്ങളിൽ ജില്ലാ, താലൂക്ക് ബോർഡുകൾ, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയിൽനിന്നുള്ള ചെറിയ കരാറുകളിലാണ് സംഘം നിലനിന്നിരുന്നത്. 1944-ൽ കോഴിക്കോട്ടുള്ള കനോലി കനാൽ വീതി കൂട്ടുന്നതിനുള്ള കരാർ ലഭിച്ചു.[4]

1954-ൽ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വന്തം കെട്ടിടത്തിൽ സംഘം അതിന്റെ ആസ്ഥാനം സ്ഥാപിച്ചു. 1957-ൽ കേരളസംസ്ഥാനത്ത് ജനാധിപത്യഭരണം ആരംഭിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഏക തൊഴിൽക്കരാർ സഹകരണസംഘം ആയിരുന്നു യുഎൽസിസിഎസ്. [5]

1974-ൽ കേരളസർക്കാർ ലേബർ കോൺട്രാക്ട് സൊസൈറ്റികളെ തരംതിരിച്ചപ്പോൾ, യുഎൽസിസിഎസ് അതിന്റെ അംഗത്വം 200 ആയി വർദ്ധിപ്പിച്ച് 'ക്ലാസ് എ' ആയി ഗ്രേഡ് ചെയ്യപ്പെട്ടു. വലിയ ജോലികൾ ഏറ്റെടുക്കാനും ആധുനികോപകരണങ്ങൾ സ്വന്തമാക്കാനും ഈ ഓഹരിവർദ്ധനയിലൂടെ സാധിച്ചു. 1984-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തിനായി മടപ്പള്ളി കോളേജിൽ 24 മണിക്കൂർകൊണ്ട് ഹെലിപ്പാഡും 600 മീറ്റർ റോഡും സൊസൈറ്റി നിർമ്മിച്ചതു വാർത്തയായി.

നിലവിലെ ചെയർമാനായ രമേശൻ പാലേരി 1995-ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാമത്തെ പ്രസിഡൻ്റാണ് അദ്ദേഹം. സംഘം സ്വന്തമായി ക്രഷർ യൂണിറ്റും ഹോളോ ബ്രിക്സ് യൂണിറ്റും ഗ്രാനൈറ്റ് ഖനനവും ആരംഭിച്ചു. 1996 - 2001 കാലഘട്ടത്തിൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുമരാമത്തുരംഗത്തു വന്നപ്പോൾ അവയുടെ പ്രവൃത്തികൾ നിർവ്വഹിക്കാൻ ലേബർ സൊസൈറ്റികളെ അക്രഡിറ്റഡ് ഏജൻസികളായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതിനെ തുടർന്ന് മലബാർ മേഖലയിലെ ഒട്ടേറെ പദ്ധതികളിൽ നിർവഹണ ഏജൻസിയായിരുന്നു യുഎൽസിസിഎസ്.

പിന്നീട് പ്രവർത്തനമേഖല കേരളസംസ്ഥാനമായി വികസിപ്പിച്ച് സംസ്ഥാനത്തെ പ്രധാന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഈ സഹകരണസംഘം പങ്കാളിയായി.

തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൊസൈറ്റി പുതുതലമുറയുടെ ആധുനികവും സാങ്കേതികവുമായ വിദ്യാഭ്യാസപശ്ചാത്തലത്തിന് കൂടി ചേരുന്ന തൊഴിൽ നല്കാനായി മറ്റു രംഗങ്ങളിലേക്കു വൈവിദ്ധ്യവത്ക്കരിച്ചു. തൊഴിൽസൃഷ്ടി, അടിസ്ഥാനസൌകര്യവികസനം എന്നിവയിൽനിന്ന് വൈവിദ്ധ്യവത്ക്കരണത്തിലൂടെ ഉത്പാദനം, വിപണനം, സോഫ്റ്റ്വെയർ വികസനം, ഐറ്റി അടിസ്ഥാനസൗകര്യം ഒരുക്കൽ, പാർപ്പിടനിർമ്മാണം, നൈപുണ്യവികസനം, ടൂറിസം, നിർമ്മാണരംഗത്തെ ഗുണമേന്മാപരിശോധന, വിദ്യാഭ്യാസം, സാമൂഹികക്ഷേമം എന്നിങ്ങനെ വിവിധരംഗങ്ങളിലേക്കു പ്രവർത്തനം വിപുലപ്പെടുത്തിയ ഈ സൊസൈറ്റി കാർഷിക, മൃഗപരിപാലന, ഭക്ഷ്യസംസ്ക്കരണ രംഗങ്ങളിലേക്കും ചുവടുവയ്ക്കുകയാണ്.[6]

യുഎൽസിസി‌എസിനെപ്പറ്റി ഗവേഷണഗ്രന്ഥം[തിരുത്തുക]

പ്രൊഫ: മീഷേൽ വില്യംസുമായി ചേർന്ന് ഡോ: റ്റി.എം. തോമസ് ഐസക്ക് രചിച്ച “Building Alternatives: The Story of India’s Oldest Construction Workers’ Cooperative” എന്ന ഗ്രന്ഥം യു.എൽ.സി.സി.എസിന്റെ ചരിത്രവും സാമ്പത്തിക-രാഷ്ട്രീയ-സമൂഹികപ്രാധാന്യവും വിവരിക്കുന്നു. ലെഫ്റ്റ് വേഡ് ബുക്സ് പ്രസിദ്ധീകരിച്ച 320 പേജുള്ള ഈ അക്കാദമികഗ്രന്ഥം 2017 നവംബറിലാണു പുറത്തിറങ്ങുന്നത്. 2018-ലും 19-ലും പുതിയ പതിപ്പുകൾ ഉണ്ടായി.[7]

ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ “ജനകീയബദലുകളുടെ നിർമ്മിതി: ഊരാളുങ്കൽ സൊസൈറ്റി അനുഭവം” എന്ന പേരിൽ 2019-ൽ പുറത്തിറങ്ങി. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പരിഭാഷ തയ്യാറാക്കിയത് പ്രൊഫ: റ്റി. പി. കുഞ്ഞിക്കണ്ണനാണ്.

പ്രൊഫ: രാജേന്ദ്രൻ എടത്തും‌കര, പ്രൊഫ: ജിനേഷ് പി.എസ്., റ്റികെ. സോമൻ എന്നിവർ ചേർന്ന് “മുന്നേറ്റം – ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ വിജയഗാഥ” എന്നൊരു പുസ്തകവും സൊസൈറ്റിയെപ്പറ്റി രചിക്കപ്പെട്ടിട്ടുണ്ട്.

സ്ഥാപനത്തിൻ്റെ പ്രവർത്തന സംസ്കാരം[തിരുത്തുക]

പല നിർമാണ പ്രവൃത്തികളും ഏറ്റെടുത്ത കരാർ കാലാവധിക്ക് മുൻപ് തന്നെ പൂർത്തിയാക്കിയിട്ടുണ്ട് യുഎൽസിസിഎസ്. 24 മാസത്തെ കരാർകാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപ്പാസിന്റെ നിർമ്മാണം 16 മാസംകൊണ്ടു പൂർത്തിയാക്കിയത് വാർത്തകളിൽ സ്ഥാനം നേടിയിരുന്നു. 85 കോടിയുടെ ഭരണാനുമതിയും 74.96 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം നിശ്ചിതസമയത്തിന് മുമ്പേ പൂർത്തിയാക്കി. തകരാറിൽ ആയിരുന്ന പാലരിവട്ടം പാലം പൊളിച്ചു പുനർനിർമ്മിക്കുന്ന പ്രവൃത്തി 5 മാസവും 10 ദിവസവുംകൊണ്ട് പൂർത്തിയാക്കി. 2013-ൽ തളിപ്പറമ്പ് - കൂർഗ് അതിർത്തിറോഡിന്റെ പ്രവൃത്തി സംഘം മൂന്നുമാസം നേരത്തേ പൂർത്തീകരിച്ചിരുന്നു.[8]

കോഴിക്കോട് സിറ്റി റോഡ് ഇം‌പ്രൂവ്മെന്റ് പ്രൊജക്റ്റ് കരാർകാലാവധിക്ക് ആറുമാസം മുമ്പും തിരുവനന്തപുരത്തെ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രെജിസ്റ്റ്രാറുടെ ആസ്ഥാനമന്ദിരം എട്ടുമാസം മുമ്പും പൂർത്തീകരിച്ച പ്രവൃത്തികളാണ്.

കരാർ തുകയിൽ കുറവ് പണം ചെലവായാൽ അത് സർക്കാരിൽ തിരിച്ചടയ്ക്കുന്ന രീതിയും യുഎൽസിസിഎസ് പലപ്പോഴും പിന്തുടർന്നിട്ടുണ്ട്. കോഴിക്കോട് തൊണ്ടയാട്ടെയും രാമനാട്ടുകരയിലെയും മേല്പാലങ്ങൾ എസ്റ്റിമേറ്റിലും കുറച്ചു പണിതീർത്തു 2018-ൽ സംസ്ഥാനത്തിനു കോടികൾ തിരിച്ചടച്ചു. 85 കോടി രൂപയ്ക്ക് ഭരണാനുമതിയും 74.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ച രാമനാട്ടുകര പാലം കാലാവധിക്കു മുമ്പേ 63 കോടി രൂപയ്ക്കു പൂർത്തിയാക്കി 11.96 കോടിരൂപ സർക്കാരിനു തിരികെനല്കി. പേരാമ്പ്ര - പയ്യോളി റോഡിന്റെ നവീകരണം 2019-ൽ ടെൻഡർത്തുകയിലും 4.25 കോടിരൂപ കുറവിൽ കാലാവധിക്കു മുമ്പേ പൂർത്തീകരിച്ച് ആ തുകയും സർക്കാരിനു തിരികെനല്കി.[9]

സ്വന്തം തൊഴിലാളികളും ഉപകരണങ്ങളും അസം‌സ്കൃതവസ്തുശേഖരവും സാങ്കേതികവൈദഗ്ദ്ധ്യവും ഉള്ളതിനാലാണ് ഇതു സാധിക്കുന്നത്. ഇത്രയേറെ തൊഴിലാളികൾക്കു തൊഴിൽ ലഭ്യമാക്കുകയാണ് സൊസൈറ്റിക്കു പ്രധാനം എന്നതിനാൽ പണികൾ നീട്ടിക്കൊണ്ടുപോകാതെ വേഗം തീർത്തു കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്യുക എന്നതാണ് സൊസൈറ്റി പിന്തുടരുന്ന മാതൃക.

സൊസൈറ്റിയുടെ പ്രഥമമേഖലയായ നിർമ്മാണരംഗത്ത് ലോകത്ത് എവിടെയും വികസിക്കുന്ന അത്യാധുനികസങ്കേതങ്ങളും യന്ത്രോപകരണങ്ങളും സംഘം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. നിർമ്മാണത്തൊഴിലാളികൾക്കു രാജ്യത്തേതന്നെ ഉയർന്ന വേതനവും ആനുകൂല്യങ്ങളുമാണ് ഊരാളുങ്കൽ സൊസൈറ്റി നല്കുന്നത്. നിർമാണത്തൊഴിലാളികൾക്ക് സർക്കാർ മേഖലയിലെ ജീവനക്കാരുടേതിന് സമാനമായ പിഎഫ്, ഗ്രാറ്റുവിറ്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഊരാളുങ്കൽ സൊസൈറ്റി നൽകിവരുന്നു.[10]

നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണമേന്മ പാലിക്കാൻ കോൺക്രീറ്റ് തയ്യാറാക്കലിലെ അനുപാതം ശ്രദ്ധിക്കാൻ സാങ്കേതികമേൽനോട്ടം, പ്രവൃത്തിവിഭജനം എന്നിങ്ങനെ പ്രത്യേകനടപടികൾ സംഘം സ്വീകരിക്കാറുണ്ട്. ഗുണമേന്മാപരിശോധനയ്ക്കായി സൊസൈറ്റിതന്നെ കോഴിക്കോട്ട് ആരംഭിച്ച ‘മാറ്റർ’ മെറ്റീരിയൽ ടെസ്റ്റിങ്ങ് ലാബ് തെക്കേയിൻഡ്യയിലെതന്നെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബാണ്.

യഥാസമയം പ്രവൃത്തി പൂർത്തിയാക്കാനും ഗുണമേന്മ പാലിക്കാനും ലക്ഷ്യമിട്ടുകൊണ്ട് തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗവും ചുമതലയുള്ള ഡയറക്റ്റർമാർ പങ്കെടുത്തു നടത്തുന്ന പ്രതിവാരാവലോകനവും ചെയർമാനും ഡയറക്റ്റർമാരും നടത്തുന്ന പ്രതിദിനാവലോകനവും സംഘത്തിലുണ്ട്. തടസങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമ്മാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമെല്ലാം ആവശ്യാനുസരണം ക്രമീകരിക്കാനുമൊക്കെ ഇതിലൂടെ ശ്രമിക്കുന്നു.

യുഎൽസിസിഎസ് സ്വന്തമായി ഇന്റേണൽ വിജിലൻസ് രൂപവത്ക്കരിച്ചുണ്ട്. സഹകരണവകുപ്പിൻ്റെ ഓഡിറ്റ് അടക്കമുള്ള പരിശോധനകളും നടത്തുന്നുണ്ട്.

സഹകരണമേഖലയിലെ പരസ്പരസഹകരണം എന്ന ആശയം മുൻ‌നിർത്തി തുടക്കത്തിൽ പ്രാഥമികസംഘങ്ങളുടെയും പിന്നീട് ജില്ലാസഹകരണബാങ്കുകളുടെയും കൺസോർഷ്യം രൂപവത്ക്കരിച്ച് ധനം സമാഹരിച്ചു വായ്പയെടുത്ത് നിർമ്മാണപ്രവർത്തനത്തിനു പണം കണ്ടെത്തുന്ന രീതി സൊസൈറ്റി വികസിപ്പിച്ചെടുത്തത് യു‌എൻഡിപി നല്ല മാതൃകയായി അംഗീകരിച്ചിട്ടുണ്ട്.

പ്രധാന സേവനങ്ങളും വിഭാഗങ്ങളും[തിരുത്തുക]

ആർക്കിടെക്ചറൽ ആൻഡ് ഇൻ്റീരിയർ ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ എക്സിക്യൂഷൻ, സ്ട്രക്ചറൽ ഡിസൈൻ, മെക്കാനിക്കൽ - എംഇപി ഡിസൈൻ ആൻഡ് എക്സിക്യൂഷൻ, ഇലക്ട്രിക്കൽ, സർവേ ആൻഡ് ഇൻവെസ്റ്റിഗേഷൻസ്, ഇൻഫ്ര ഡിസൈൻസ് (ഹൈവേസ്), ഇൻഫ്ര ഡിസൈൻ (ബ്രിഡ്ജസ്), ജിയോടെക്നിക്കൽ ഡിസൈൻ എന്നീ വിഭാഗങ്ങളും നിർമാണസാമഗ്രികളുടെ നിർമാണയൂണിറ്റുകളും യുഎൽസിസിഎസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സംഘം ഏറ്റെടുത്തിരിക്കുന്നതും സ്വയം നടപ്പിലാക്കുന്നതുമായ പ്രവൃത്തികളിൽ പങ്കെടുക്കുന്നത് കൂടാതെ കൺസൽറ്റൻസി അടിസ്ഥാനത്തിൽ പുറമേയ്ക്കും ഈ വിഭാഗങ്ങൾ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

നിർമ്മാണപദ്ധതികൾ[തിരുത്തുക]

ദേശീയ, സംസ്ഥാന ഹൈവേകൾ അടക്കം 700 കിലോമീറ്ററിലേറെ പൊതുനിരത്തുകൾ, 250-ൽപ്പരം കിലോമീറ്റർ ഗ്രാമറോഡുകൾ, 500-ലേറെ പാലങ്ങളും ഫ്ലൈ ഓവറുകളും, 2000-ലേറെ കെട്ടിടങ്ങൾ, എല്ലാംചേർന്ന് ഒരുലക്ഷത്തിൽപ്പരം പ്രധാനപ്രൊജക്റ്റുകൾ ഊരാളുങ്കൽ സൊസൈറ്റി പൂർത്തീകരിച്ചിട്ടുണ്ട്. ചെറുതും വലുതുമായി 300 പ്രൊജക്റ്റുകൾ നിർമ്മാണത്തിലുണ്ട്.

ഭാരത് മാല പദ്ധതിയുടെ ഭാഗമായി കാസർഗോഡ് തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോമീറ്റർ ദൂരം ദേശീയപാത 66 ആറുവരിയാക്കുന്നതിനുള്ള 1704.125 കോടി രൂപയുടെ പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയാണ് ചെയ്യുന്നത്.[11]

1500-ലേറെ കോടി രൂപയുടെ പദ്ധതികളുടെ നിർമാണം ഇപ്പോൾ പുരോഗമിക്കുന്നു. നിലവിൽ നിർമാണഘട്ടത്തിലുള്ള പ്രധാന പദ്ധതി കാസർഗോഡ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത 66-ന്റെ ആറുവരിയാക്കലാണ്. കൂടാതെ ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ, ചെല്ലാനം കടൽത്തീര സംരക്ഷണം, പെരുമ്പളം പാലം, മലയോരഹൈവേയുടെ ഭാഗങ്ങൾ, കടലെടുത്ത ശംഖുമുഖം ബീച്ചിൻ്റെ പുനർനിർമ്മാണവും തീരസംരക്ഷവും തുടങ്ങിയവയും നിർമാണഘട്ടത്തിലാണ്.

തലപ്പാടി - ചെങ്കള ദേശീയപാത ആറുവരിയാക്കൽ: ഭാരത്‌മാല പദ്ധതിയുടെ ഭാഗം[തിരുത്തുക]

ദേശീയപാത 66ൽ (പഴയ എൻഎച്ച് 17) കാസർഗോഡ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കാനുള്ള കരാർ യുഎൽസിസിഎസിന് ലഭിച്ചു. ഭാരത് മാല പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനം 15 വർഷത്തെ അറ്റകുറ്റപ്പണികൾക്കൊപ്പം ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് നിർമിക്കുന്നത്. കേരളത്തിലെ കരാറുകാർ‌ക്കു ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. ഇത്തരം ടെൻഡറുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഏക കരാർസ്ഥാപനം യു‌എൽ‌സി‌സി‌എസ് ആണ്. അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെഎൻആർ. ഗ്രൂപ്പുകൾ എന്നിവയുമായി രാജ്യാന്തരടെൻഡറിൽ മത്സരിച്ചാണ് ഈ കരാർ സ്വന്തമാക്കിയത്.

പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മാണം[തിരുത്തുക]

തകരാറിലായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുനീക്കി പുനർനിർമ്മിക്കുന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാർകാലവധിയുടെ ഏകദേശം മൂന്നിലൊന്ന് സമയത്തിനുള്ളിൽ പൂർത്തിയാക്കി. 18 മാസമെടുക്കുമെന്നു കണക്കാക്കിയ മേൽപ്പാലത്തിന്റെ പുനർനിർമാണം അഞ്ചു മാസവും 10 ദിവസവും കൊണ്ടാണ് യുഎൽസിസിഎസ് പൂർത്തിയാക്കിയത്.

കരമന - കളിയിക്കാവിള ഹൈവേയിലെ പ്രാവച്ചമ്പലം-വഴിമുക്ക് റീച്ച്[തിരുത്തുക]

ദേശീയപാത 66-ൻ്റെ കരമന - കളിയിക്കാവിള ഭാഗം നാലുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഒന്നാം ഘട്ടത്തിന്റെ 6.5 കിലോമീറ്റർ നീളം വരുന്ന കൊടിനട - പ്രാവച്ചമ്പലം രണ്ടാം റീച്ച് 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പ്രവൃത്തി ലോക്ക്ഡൗണും കോവിഡ്-19 പ്രതിസന്ധിയും ഉണ്ടായെങ്കിലും യുഎൽസിസിഎസ് സമയബന്ധിതമായി പൂർത്തിയാക്കി. അത്യാധുനികനിലവാരത്തിൽ നിർമ്മിച്ച റോഡ് മാദ്ധ്യമപ്രശംസ നേടിയിരുന്നു.

വലിയഴീക്കൽ പാലം[തിരുത്തുക]

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ ബോ സ്ട്രിംഗ് പാലമാണ് വലിയഴീക്കൽ പാലം. തെക്കൻ കേരളത്തിലെ കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന് അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 1229 മീറ്റർ നീളമുണ്ട്. 110 മീറ്റർ നീളമുള്ള മിഡ് സ്പാനിന് 12 മീറ്റർ ഉയരമുണ്ട്, വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പോലും എളുപ്പത്തിൽ കടന്നുപോകാൻ കഴിയും. തീരദേശ ഹൈവേയുടെ ഭാഗമാണ് പാലം.

പെരുമ്പളം പാലം[തിരുത്തുക]

കേരളത്തിലെ ഏറ്റവും വലിയ പാലം ആണ് 29 തൂണുകൾ ഉള്ള പെരുമ്പളം പാലം. പെരുമ്പളം ദ്വീപിനെ പടിഞ്ഞാറെ കരയിലെ വടുതലയുമായി ബന്ധിപ്പിക്കുന്ന 1110 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിക്കുന്നത്.

വാഗ്ഭടാനന്ദ പാർക്ക്[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലാണ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനും ദേശീയപാതയ്ക്കും ഇടയിലുള്ള നവീകരിച്ചതും നവീകരിച്ചതുമായ ഇടനാഴിയായ വാഗ്ഭടാനന്ദ പാർക്ക്. ടൂറിസം വകുപ്പിന് കീഴിൽ 2.80 കോടി രൂപ ചെലവിൽ പാർക്ക് നിർമ്മിച്ചത് യുഎൽസിസിഎസ് ആണ്. ഇത് മാതൃകാ പൊതുവിടം എന്ന നിലയിൽ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള മാദ്ധ്യമങ്ങൾ‌വരെ പ്രശംസിച്ചു.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്[തിരുത്തുക]

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് കൊട്ടാരക്കര ഡിവിഷന്റെ കീഴിലുള്ള ആലപ്പുഴ - ചങ്ങനാശേരി (എസി) റോഡ് 649.76 കോടി രൂപ ചെലവിൽ സെമി എലിവേറ്റഡ് ഹൈവേയായി പുനർനിർമ്മിക്കുന്നത് യുഎൽസിസിഎസ് ആണ്. അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈ ഓവറുകളും നാലു വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും ഉൾപ്പെട്ടതാണ് പദ്ധതി.

മറ്റ് പ്രധാന റോഡ്-പാലം നിർമിതികൾ[തിരുത്തുക]

കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് ഫ്ലാഗ്‌ഷിപ് ഇൻഫ്രാസ്റ്റ്രക്‌ചർ പ്രൊജക്റ്റ്, പാലക്കാട്ടെ നാട്ടുകൽ - താണാവ് റോഡ്, ചെറുപുഴ – പയ്യാവൂർ - ഉളിക്കൽ - വള്ളിത്തോട് ഹിൽ ഹൈവേ, നാടുകാണി – പരപ്പനങ്ങാടി റോഡ്, കോഴിക്കോട് നഗരത്തിലെ ഇ. കെ. നായനാർ ഫ്ലൈ ഓവർ, മിനി ബൈപ്പാസ്, മുക്കം കടവ് പാലം, കണ്ടപ്പൻ ചാൽ പാലം, നിർമ്മാണചാാരുതയാൽ ശ്രദ്ധേയമായ വയനാട് തുഷാരഗിരി പാലം

കെട്ടിടങ്ങൾ[തിരുത്തുക]

സഹകരണവകുപ്പ് രജിസ്ട്രാറുടെ ആസ്ഥാനമന്ദിരമായ സഹകരണഭവൻ, കൊല്ലം ചവറയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺ‌സ്ട്രക്‌ഷൻ, കോഴിക്കോട് ഇരിങ്ങലിലെ സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, തിരുവനന്തപുരം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോഴിക്കോട്ടെ യു‌എൽ സൈബർ പാർക്ക്, തിരുവനന്തപുരം മുട്ടത്തറയിലും മലപ്പുറം ജില്ലയിൽ പൊന്നാനിയിലും മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച പാർപ്പിടസമുച്ചയം, ഉള്ളിയേരിയിലെ എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട് ഡിപിസി സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ, കണ്ണൂരിലെ പിണറായി കമ്മ്യൂണിറ്റി ഹാൾ, കാസർകോട് ഹൈടെക് സ്പിന്നിംഗ് മിൽ, കോഴിക്കോട് കാരശ്ശേരി ബാങ്ക് ടവറിന് വേണ്ടിയുള്ള അന്താരാഷ്ട്ര സഹകരണമ്യൂസിയം, കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോൺ, തിരുവനന്തപുരം ടെക്നോപാർക്കിലെ സ്റ്റാർട്ടപ് മിഷന്റെയും സി‌ഡാക്കിന്റെയും സംയുക്തസംരംഭമായ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌ ടെക്‌നോളജീസ് (എയ്‌സ്), തിരുവനന്തപുരം റീജ്യണൽ കാൻസർ സെൻ്ററിൻ്റെ പുതിയ ബ്ലോക്, കൊല്ലം എൻ. എസ്. സ്മാരക സഹകരണാശുപത്രിയുടെ പുതിയ ബ്ലോക്ക്, ഗുരുവായൂരിലെ ബഹുനില കാർ പാർക്കിങ് സംവിധാനം തുടങ്ങിയവ യുഎൽസിസിഎസ് നിർവ്വഹിച്ച ചില കെട്ടിടനിർമ്മാണപദ്ധതികളാണ്. വേളി ടൂറിസ്റ്റ് വില്ലേജിലെ സൗരോർജ്ജ മിനി വിനോദട്രയിൻ പദ്ധതി, ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വിമാനാകൃതിയിലുള്ള എയർ ക്രാഫ്റ്റ് മ്യൂസിയം, പൊന്നാനിയിലെ നിള സംഗ്രഹാലയം പൈതൃക മ്യൂസിയം, തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൻ്റെ നവീകരണം എന്നിവ ഉൾപ്പെടെ ടൂറിസം പദ്ധതികളും നിർവ്വഹിച്ചിട്ടുണ്ട്.

സംഘത്തിൻ്റെ വൈവിധ്യവത്കരണം[തിരുത്തുക]

ഉന്നതവിദ്യാഭ്യാസം നേടിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ശേഷി-വൈദഗ്ധ്യങ്ങൾക്ക് അനുസരിച്ചുള്ള തൊഴിൽ നൽകുന്നതിനായാണ് സൊസൈറ്റി വൈവിധ്യവത്കരണത്തിലേക്ക് കടക്കുന്നത് എന്ന് പ്രൊമോട്ടർമാർ അഭിപ്രായപ്പെടുന്നു. ഐടി, ഐടി ഇൻഫ്രാസ്ട്രക്ചർ, ടൂറിസം & ഹോസ്പിറ്റാലിറ്റി, കല & കരകൗശലവസ്തുക്കൾ, വിദ്യാഭ്യാസം & വൈദഗ്ദ്ധ്യം, ഭവന നിർമ്മാണം, കൃഷി എന്നിവയിലേക്ക് വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.

സഹകരണമേഖലയിലെ രാജ്യത്തെ ആദ്യ ഐടി പാർക്കായ യുഎൽ സൈബർപാർക്ക് ഊരാളുങ്കൽ സൊസൈറ്റി ആരംഭിച്ചതാണ്. ടാറ്റാ ഇലക്സി അടക്കമുള്ള സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[12]

യു.എൽ ടെക്നോളജി സൊല്യൂഷൻസ് എന്ന ജി.ഐ.എസ്. സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന ഐടി സ്ഥാപനവും ഊരാളുങ്കൽ സൊസൈറ്റി നടത്തുന്നുണ്ട്.[13]

വടകരയ്ക്കടുത്ത ഇരിങ്ങലിലുള്ള സർഗ്ഗാലയ, തിരുവനന്തപുരത്ത് കോവളത്തു പ്രവർത്തിക്കുന്ന കേരള എന്നീ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ (ടൂറിസം വകുപ്പിനു വേണ്ടി ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. കേരളീയ കലാ-കരകൌശല പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായി വികസിപ്പിക്കുകയും ചെയ്യുകയാണ് വില്ലേജുകളുടെ ലക്ഷ്യം.[14][15]

കൊല്ലം ചവറയിലുള്ള ഐഐഐസി തൊഴിൽ വകുപ്പിനു വേണ്ടി സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ്. തൊഴിലധിഷ്ഠിത കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.[16]

നൈപുണ്യവികസനരംഗത്ത് സെന്റർ ഓഫ് എക്സലൻസ് എന്ന സ്ഥാപനം യുഎൽസിസിഎസ് നടത്തുന്നു.[17]

നിർമ്മാണങ്ങളുടെയും സാമഗ്രികളുടെയും ഗുണമേന്മ പരിശോധിക്കുന്ന മാറ്റർ ലാബ് മറ്റൊരു സംരംഭമാണ്.[18]

കോഴിക്കോട്ടെ പാർപ്പിടരംഗത്തു പ്രവർത്തിക്കുന്ന യുഎൽ സ്പേസ് അസ് ആണ് ഭവനനിർമാണരംഗത്തെ യുഎൽസിസിഎസിൻ്റെ സംരംഭം.[19]

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി നടത്തുന്ന വി.ആർ. നായനാർ ബാലികാസദനം, വയോജനങ്ങൾക്കുള്ള മടിത്തട്ട് തുടങ്ങിയ സാമൂഹികസേവനസ്ഥാപനങ്ങൾ ഉൾപ്പെടെ പലമേഖലയിലും പ്രവർത്തനം നടത്തുന്ന സ്ഥാപനമാണു യു.എൽ.സി.സി.എസ്.

സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ[തിരുത്തുക]

സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കായി യുഎൽസിസിഎസിന് യുഎൽസിസിഎസ് ഫൗണ്ടേഷൻ എന്നൊരു പ്രത്യേക സ്ഥാപനം തന്നെയുണ്ട്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി നടത്തുന്ന വി.ആർ. നായനാർ ബാലികാസദനം, വയോജനങ്ങൾക്കുള്ള മടിത്തട്ട് തുടങ്ങിയ സാമൂഹികസേവനസ്ഥാപനങ്ങൾ നടത്തുന്നത് ഫൗണ്ടേഷനാണ്. ഡൗൺ സിൻഡ്രോം ബാധിച്ചവർ തന്നെ ഏറ്റെടുത്തു നടത്തുന്ന സർഗ്ഗശേഷി എന്ന കരകൗശല ഷോറൂം കോഴിക്കോട് നഗരത്തിൽ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.[20]

2018ലും 2019ലും കേരളം പ്രളയം നേരിട്ടപ്പോൾ യുഎൽസിസിഎസ് രക്ഷാപ്രവർത്തനത്തിലും പുനർനിർമാണത്തിലും സജീവമായ പങ്ക് വഹിച്ചു. സംഘത്തിൻ്റെ തൊഴിലാളികളോടൊപ്പം യന്ത്രോപകരണങ്ങളും വാഹനങ്ങളും ഇതിനായി ഉപയോഗിച്ചു.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് നിർമാണപ്രവൃത്തികൾ നിന്നുപോയപ്പോഴും അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ക്യാമ്പുകളിൽ സംരക്ഷിച്ചു. മലപ്പുറത്തും കോഴിക്കോടും ആശുപത്രികളിൽ ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്ന പ്രവൃത്തി സൌജന്യമായി നിർവഹിച്ചു.[21]

വിദ്യാർത്ഥികളിൽ ശാസ്ത്രകൌതുകം വളർത്താനും ബഹിരാകാശശാസ്ത്രത്തെ കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനുമായി യുഎൽ സ്പേസ് ക്ലബ് എന്ന കൂട്ടായ്മയും യുഎൽസിസിഎസ് ഫൌണ്ടേഷനു കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്.[22]

പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ[തിരുത്തുക]

UNDP 2013-ൽ പ്രവർത്തനമികവിനുള്ള മാതൃകാസഹകരണസംഘമായി ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. 2005-ൽ നാഷണൽ ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷനിൽ യുഎൽസിസിഎസിന് അംഗത്വം നൽകി. ഇന്ന് സഹകരണരംഗത്തെ രാജ്യാന്തരസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻ(ICA)സിൽ അംഗത്വം ലഭിച്ച ഏക പ്രാഥമികസഹകരണസംഘമാണിത്. വ്യവസായ – ഉപഭോക്തൃസേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവു നേടിയ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനമായി വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ 2020-ലെയും ’21-ലെയും റിപ്പോർട്ടുകളിൽ സൊസൈറ്റി റാങ്കു ചെയ്യപ്പെട്ടു. രാജ്യത്തെ സഹകരണനവരത്നങ്ങളിൽ ഒന്നാണ് ഈ സൊസൈറ്റി.[23]

ദേശീയോദ്ഗ്രഥന സാമ്പത്തിക കൗൺസിൽ നല്കുന്ന ഇന്ദിര ഗാന്ധി സദ്‌ഭാവന പുരസ്ക്കാരം– 2005, കേന്ദ്രസർക്കാരിന്റെ എൻ.സിഡി.സി. എക്സലൻസ് അവാർഡ് – ഒന്നിലേറെത്തവണ, രാജ്യത്തെ ഏറ്റവും മികച്ച ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള നാഷണൽ ലേബർ കോപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ പുരസ്ക്കാരം – 2013, രാജ്യത്തെ ഏറ്റവും മികച്ച ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യയുടെ പുരസ്ക്കാരം – 2016, ദേശീയനൈപുണ്യവികസനകൗൺസിൽ (National Skill Development Council – NSDC) അക്രഡിറ്റേഷൻ, സംസ്ഥാനത്തെ മികച്ച സംഘത്തിനുള്ള പല അവാർഡുകൾ പലവട്ടം തുടങ്ങി ഒട്ടേറെ ദേശീയ, രാജ്യാന്തര ബഹുമതികൾ ഈ സ്ഥാപനം നേടിയിട്ടുണ്ട്.

2015-മുതൽ യുഎൽസിസി‌എസ് മരാമത്ത് നിർമ്മാണങ്ങൾക്കുള്ള സംസ്ഥാനസർക്കാരിൻ്റെ അംഗീകൃത ഏജൻസി ആണ്. ധനം, സഹകരണം, തദ്ദേശസ്വംയംഭരണം, വിനോദസഞ്ചാരം, തൊഴിൽ, ഐ.റ്റി., ടൂറിസം എന്നീ വകുപ്പുകളുടെയും എം.എൽ.എ. ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെയും അംഗീകൃതയേജൻസിയായും യുഎൽസിസി‌എസിനെ കേരളസർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇവയുടെ സമ്പൂർണ്ണപരിഹാരദാതാവ് (Total Solution Provider – TSP) എന്ന നിലയിലേക്കും സംഘം ഉയർന്നു. ഐ.റ്റി. രംഗത്തെ സംസ്ഥാനസർക്കാരിന്റെ സമ്പൂർണ്ണസേവനദാതാവായി പ്രഖ്യാപിച്ച് ഐ.റ്റി. വകുപ്പും ഉത്തരവു പുറപ്പെടുവിച്ചു. ടെൻഡർ ഇല്ലാതെതന്നെ ജോലികൾ ഏല്പിക്കാവുന്ന സർക്കാരംഗീകാരമുള്ള സ്ഥാപനം എന്ന പദവിക്കും യു.എൽ.സി.സി.എസ്. അർഹമായി.[24]

അവലംബം[തിരുത്തുക]

  1. "Uralungal: India's Oldest Worker Cooperative". Retrieved 2023-09-24.
  2. "ഊരാളുങ്കൽ സൊസൈറ്റി ലോക റാങ്കിങ്ങിൽ". Retrieved 2023-09-24.
  3. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. മിഷേൽ വില്യംസ്, ജനകീയബദലുകളുടെ നിർമിതി, പേജ് 81
  4. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. മിഷേൽ വില്യംസ്, ജനകീയബദലുകളുടെ നിർമിതി, പേജ് 91-93)
  5. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. മിഷേൽ വില്യംസ്, ജനകീയബദലുകളുടെ നിർമിതി, പേജ് 123)
  6. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. മിഷേൽ വില്യംസ്, ജനകീയബദലുകളുടെ നിർമിതി, വൈവിധ്യവത്കരണത്തിൻ്റെ രാഷ്ട്രീയം
  7. "Building Alternatives" (in ഇംഗ്ലീഷ്). Retrieved 2023-09-24.
  8. "പാലാരിവട്ടം പാലം തുറന്നു; തൊഴിലാളികൾക്ക് മാത്രം നന്ദി പറഞ്ഞ് മുഖ്യമന്ത്രി". Retrieved 2023-09-24.
  9. പ്രൊഫ. മിഷേൽ വില്യംസ്,, ഡോ. ടി.എം. തോമസ് ഐസക്, (2018 ഡിസംബർ 29). ജനകീയബദലുകളുടെ നിർമിതി, പേജ് 288. മാതൃഭൂമി റിപ്പോർട്ട്. pp. വൈവിധ്യവത്കരണത്തിൻ്റെ രാഷ്ട്രീയം. {{cite book}}: Check date values in: |year= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  10. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. മിഷേൽ വില്യംസ്, ജനകീയബദലുകളുടെ നിർമിതി, വൈവിധ്യവത്കരണത്തിൻ്റെ രാഷ്ട്രീയം) പേജ് 273-283
  11. "In Kerala's Largest Ever, Urangal Society Wins Contract For Centre's Thalappadi-Chengala Bharat Mala Project" (in ഇംഗ്ലീഷ്). Retrieved 2023-09-24.
  12. "യുഎൽ സൈബർ പാർക്കിൽ ടാറ്റ എലെക്‌സി". Retrieved 2023-09-24.
  13. "ULTS". Retrieved 2023-09-24.
  14. "Home | Kerala Arts and Crafts Village" (in ഇംഗ്ലീഷ്). Retrieved 2023-09-24.
  15. "sargaalaya – Kerala Arts and Crafts Village Iringal" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-09-24.
  16. "Indian Institute of Infrastructure & Construction" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-09-24.
  17. "UL Center of Excellence". 2022-04-17. Archived from the original on 2022-04-17. Retrieved 2023-09-24.
  18. "Matter Lab | home". Retrieved 2023-09-24.
  19. "Luxury Apartments in Calicut | Apartment Builders Calicut" (in ഇംഗ്ലീഷ്). Retrieved 2023-09-24.
  20. "A testimony to their zeal to excel in life". The Hindu.
  21. "കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജില്ലയുടെ മാതൃക 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു  | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2023-09-24. {{cite web}}: no-break space character in |title= at position 97 (help)
  22. "Spaceclub". Retrieved 2023-09-24.
  23. "ULCCS becomes first Primary Co-op Society to become ICA member | Indian Cooperative" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-19. Retrieved 2023-09-24.
  24. (PDF) https://cooperation.kerala.gov.in/wp-content/uploads/2020/08/ULCCS-malayalam-profile-2020.pdf. {{cite web}}: Missing or empty |title= (help)

പുറം കണ്ണികൾ[തിരുത്തുക]