ഉല്പത്തിപ്പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഉല്‍‌പ്പത്തിപ്പുസ്തകം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹൂദരുടെ മതഗ്രന്ഥമായ തനക്കിലെയും ക്രിസ്തീയ ബൈബിളിലെയും ആദ്യത്തെ പുസ്തകമാണ് ഉല്‍പത്തിപ്പുസ്തകം. യഹൂദര്‍ ഇതിനെ മോശയുടെ ഒന്നാമത്തെ പുസ്തകം എന്നും വിളിക്കുന്നു. അവരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് പ്രവാചകന്‍ മോശയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ദൈവത്തിന്റെ പ്രപഞ്ചത്തെ സൃഷ്ടി മുതല്‍ ഇസ്രായേല്യരുടെ ഈജിപ്തിലേക്കുള്ള പലായനം വരെയാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് . ദൈവമനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി ഊ പുസ്തകം അവതരിപ്പിയ്ക്കുന്നു. ആദാമും ഹൗവ്വയും, കായേനും ആബേലും, നോഹയുടെ പെട്ടകം, ബാബേല്‍ ഗോപുരം മുതലായ പ്രസിദ്ധ കഥകള്‍ എല്ലാം ഈ ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്.

യഹൂദര്‍ക്ക് ദൈവശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് ഉല്പത്തി. കാരണം ഇസ്രായേലിനോടു, അവരെ തിരഞ്ഞെടുത്ത ജനാമാക്കിക്കൊണ്ടുള്ള ദൈവത്തിന്റെ ഉടമ്പടി ഈ ലേഖനത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ക്കും മറ്റ് ഗ്രന്ഥങ്ങളോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഉല്പത്തിപ്പുസ്തകം. കാരണം ക്രിസ്തു രണ്ടാം ആദാം ആണ് എന്ന ക്രൈസ്തവ വിശ്വാസത്തിന് അടിത്തറ നല്‍കുന്നത് ഈ ഗ്രന്ഥമാണ്.


ഉള്ളടക്കം

[തിരുത്തുക] ഗ്രന്ഥനാമം

എബ്രായ ഭാഷയില്‍ നിന്ന് ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ സെപ്റ്റജിന്റ് ബൈബിളില്‍ ഗ്രന്ഥനാമമായി കൊടുത്തിരുന്ന Γένεσις എന്ന പദത്തില്‍ നിന്നാണ് ഈ ഗ്രന്ഥത്തിന് ഉല്പത്തി എന്ന് പേര്‍ കിട്ടിയത്. Γένεσις എന്ന വാക്കിന്റെ അര്‍ത്ഥം ജനനം, സൃഷ്ടി, കാരണം, തുടക്കം എന്നൊക്കെയാണ്. സുറിയാനി പ്ശീത്താ ബൈബിളില്‍ ഈ പുസ്തകത്തിന് ആദ്യപുസ്തകം എന്നാണ് പേര് കൊടുത്തിരിക്കുന്നത്.[1]

[തിരുത്തുക] രചയിതാവ്

ഉല്‍പത്തിപുസ്തകത്തിന്റെ രചയിതാവിനെപ്പറ്റി വ്യക്തമായ രേഖപ്പെടുത്തലുകള്‍ ഒരിടത്തുമില്ല. സീനായ് മലയില്‍‌വച്ച് ദൈവം പറഞ്ഞുകൊടുത്തതനുസരിച്ച് മോശ എഴുതി എന്നാണ് യഹൂദരുടെ വിശ്വാസം. എന്നാല്‍ ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ ഈ വാദം തള്ളിക്കളയുന്നു. അവരുടെ അനുമാനത്തില്‍ ക്രിസ്തുവിനു മുന്‍പ് അഞ്ചാം ശതകത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്.


[തിരുത്തുക] ഗ്രന്ഥ സംഗ്രഹം

[തിരുത്തുക] ആദ്യ ഭാഗം

ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്റെ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിയ്ക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിനു വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല. ആലങ്കാരികശൈലിയില്‍, സമകാലികര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും മനോഹരവുമായി ഈ ഭാഗം രചിച്ചിരിയ്ക്കുന്നു. അതിനാല്‍, മറ്റു ചരിത്രഗ്രന്ഥങ്ങളുമായി ഈ ഭാഗത്തെ തുലനം ചെയ്തുകൂടാ. സൗഭാഗ്യപൂര്‍ണ്ണമായ അവസ്ഥയില്‍ ദൈവം സൃഷ്ടിച്ച മനുഷ്യന് ഒരു രക്ഷാകരപദ്ധതി ആവശ്യകമായിത്തീര്‍ന്നത് എങ്ങനെയെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആദ്യഭാഗത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിഭജിക്കാം:

  1. ദൈവം പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്നു 1, 1-2, 25
  2. മനുഷ്യന്റെ പതനം 3, 1-24
  3. തിന്മ വര്‍ദ്ധിയ്ക്കുന്നു:
    1. കായേനും ആബേലും, ജലപ്രളയം, ബാബേല്‍ ഗോപുരം 4, 1-11, 9
  4. അബ്രാഹത്തിന്റെ പൂര്‍വ്വികര്‍ 11, 10-32


[തിരുത്തുക] രണ്ടാം ഭാഗം

പന്ത്രണ്ടാമധ്യായം മുതല്‍ അവതരണരൂപത്തില്‍ മാത്രമല്ല, ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലും നിര്‍ണ്ണായകമായ മാറ്റം സംഭവിയ്ക്കുന്നു. ദൈവത്തിന്റെ സാര്‍വ്വത്രികമായ പരിപാലനത്തിന്റെ ചരിത്രത്തില്‍ നിന്ന്, ദൈവപരിപാലനം മുഴുവന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ജനതയുടെ ചരിത്രത്തിലേയ്ക്കു നാം കടക്കുന്നു. എന്നാല്‍, ദൈവം മറ്റു ജനതകളെ ഉപേക്ഷിയ്ക്കുകയല്ല, വിശ്വസ്തമായ ഒരു ചെറിയ ഗണത്തിലൂടെ സാര്‍വ്വത്രികമായ ഒരു രക്ഷാപദ്ധതിയ്ക്കു രൂപം കൊടുക്കുകയാണു ചെയ്യുന്നത്. ബൈബിള്‍ പറയുന്നത് ദൈവം അബ്രാഹത്തോടു ഇപ്രകാരം വാഗ്ദാനം ചെയ്തു എന്നാണ്: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും (ഉല്‍‌പ 12,3). അബ്രാഹം മുതല്‍ ജോസഫ് വരെയുള്ള പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രമാണ് 12 മുതല്‍ 50 വരെയുള്ള അധ്യായങ്ങള്‍. ദൈവത്തിന്റെ വിളികേട്ട് ഹാരാനില്‍ നിന്ന് ഏകനായി ഇറങ്ങിത്തിരിച്ച അബ്രാഹത്തിന്റെ സന്തതികള്‍ വാഗ്ദത്തഭൂമിയായ കാനാനില്‍ നിന്ന് ഈജിപ്തിലെത്തി വാസമുറപ്പിയ്ക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഇവിടെ പ്രതിപാദിയ്ക്കുന്നു..[2]

  1. അബ്രാഹത്തിന്റെ ചരിത്രം 12, 1-25, 18
  2. ഇസഹാക്കും യാക്കോബും 25, 19-36, 43
  3. ജോസഫും സഹോദരന്‍‌മാരും 37, 1-50, 26


[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

[തിരുത്തുക] ഗ്രന്ഥസൂചി

  1. കുര്യന്‍ കോറെപ്പിസ്കോപ്പ കണിയാമ്പറമ്പില്‍(പരിഭാഷകന്‍), വിശുദ്ധ ഗ്രന്ഥം, SOBSI
  2. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം