ഉബുണ്ടു (തത്വചിന്ത)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും, പരസ്പര ബഹുമാനത്തിലും, നിസ്വാര്‍ത്ഥതയിലും അധിഷ്ഠിതമായ ഒരു തത്വചിന്താ ശാഖയാണ് ഉബുണ്ടു (ഇംഗ്ലീഷ്:Ubuntu, IPA:ùbúntú). ദക്ഷിണാഫ്രിക്കയിലെ ബണ്ടു ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ സംസ്കാരത്തില്‍ വേരൂന്നിയ ഈ സങ്കല്പം ഒരു ആഫ്രിക്കന്‍ ചിന്താസരണിയാണ്.
ഉള്ളടക്കം |
[തിരുത്തുക] വിശദീകരണം
തെക്കന്‍ ആഫ്രിക്കയിലെ ഡെസ്‌മന്‍ഡ് ടൂട്ടൂ മെത്രാപ്പോലീത്താ ഉബുണ്ടുവിന് സാമാന്യം വിപുലമായ ഒരു വ്യാഖ്യാനം ഇങ്ങനെ നല്‍കിയിട്ടുണ്ട്:[1]
ഉബുണ്ടു മറ്റുള്ളവരോട് തുറന്ന മനോഭാവമുള്ളവനും മറ്റുള്ളവര്‍ക്ക് പ്രാപ്യനായിരിക്കുന്നവനും അവരെ അംഗീകരിക്കുന്നവനും അവരുടെ കാര്യശേഷിയും നന്മയും തനിക്ക് ഭീഷണിയായി കാണാത്തവനും ആണ്. കാരണം ഉബുണ്ടുവിന് താന്‍ വലിയ മറ്റൊന്നിന്റെ ഭാഗമാണെന്നും മറ്റുള്ളവര്‍ അപമാനിക്കപ്പെടുകയോ അധപതിക്കുകയോ മര്‍ദ്ദിക്കപ്പെടുകയോ, അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുമ്പോള്‍ താന്‍ തന്നെ ചെറുതാകുന്നുവെന്നുമുള്ള ബോധത്തില്‍ നിന്നുത്ഭവിക്കുന്ന ആത്മധൈര്യമുണ്ട്
ഈ ആശയം തന്നെ അദ്ദേഹം പിന്നീട് ഇങ്ങനെ വിശദീകരിച്ചു:
ഞങ്ങളുടെ നാട്ടിലെ ഒരു ചോല്ല് "മനുഷ്യനായിരിക്കുന്നതിന്റെ കാതല്‍ ആണ് ഉബുണ്ടു" എന്നാണ്. ഉബുണ്ടു നമ്മുടെ പാരസ്പര്യത്തെക്കുറിച്ച് പറയുന്നു. നിങ്ങള്‍ക്ക് തന്നെയായി മനുഷ്യനായിരിക്കുക വയ്യ. നിങ്ങള്‍ക്ക് ഉബുണ്ടു എന്ന ഗുണം ഉള്ളപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഔദാര്യത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നു.
നാം മിക്കപ്പോഴും സ്വയം മറ്റുള്ളവരില്‍ നിന്ന് വേര്‍പെട്ടുനില്‍ക്കുന്ന വ്യക്തികള്‍ മാത്രമായി കാണുന്നു. എന്നാല്‍ നാം പരസ്പരബദ്ധരാണ്. ഒരാള്‍ ചെയ്യുന്നത് മുഴുവന്‍ ലോകത്തേയും ബാധിക്കുന്നു. നാം നന്മ ചെയ്യുമ്പോള്‍ അത് പടര്‍ന്നുപിടിക്കുന്നു; അത് മനുഷ്യരാശിയ്ക്ക് മുഴുവന്‍ നന്മയാകുന്നു.
വ്യക്തിയെഅയാളുടെ സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍വചിക്കുന്ന ഉബുണ്ടുവിന് മതപരമായ മാനങ്ങളുണ്ട്. [2]സുലു ഭാഷയിലെ "ഉമുണ്ടു-ന്‍ഗുമുണ്ടു-ന്‍ഗബണ്ടു" '(umuntu ngumuntu ngabantu') എന്ന ഉബുണ്ടു സൂത്രവാക്യത്തിന്, "വ്യക്തി വ്യക്തിയായിരിക്കുന്നത് മറ്റുള്ളവരിലൂടെയാണ്" എന്നാണര്‍ത്ഥം. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ ഈ ആശയത്തിന്റെ പ്രസക്തി വ്യക്തിയുടെ ഭൗതികജീവിതത്തേയും കടന്നുപോകുന്നു. ഉബുണ്ടു ആയിരിക്കുന്നവന്‍ സമൂഹത്തോട് ഒന്നായിത്തീര്‍ന്ന്, ആരാധധ അര്‍ഹിക്കുന്ന പൂര്‍വികനായി പരിണമിക്കുന്നുവെന്നാണ് അതിന്റെ ധ്വനി. ജീവിതകാലത്ത് ഉബുണ്ടുവിന്റെ തത്ത്വങ്ങള്‍ പിന്തുടര്‍ന്നയാള്‍ മരണാനന്തരം ജീവിച്ചിരിക്കുന്നവരുടെ ഭാഗമായിത്തീരുന്നു.
[തിരുത്തുക] ഉബുണ്ടു ആഫ്രിക്കയില്‍
ഉബുണ്ടു, ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രത്തിന്റെ സ്ഥാപകതത്ത്വങ്ങളില്‍ ഒന്നും ആഫ്രിക്കന്‍ നവോദ്ധാനമെന്ന ആശയവുമായി ബന്ധപ്പെട്ടതുമാണ്. [3] ആഫ്രിക്കയില്‍ ഈ ആശയത്തിന് വ്യാപകമായ പ്രചാരമുണ്ട്.
ഇംഗ്ലീഷ് കഴിഞ്ഞാല്‍ സിംബാബ്വേയില്‍ ഏറ്റവുമേറെ ആളുകള്‍ സംസാരിക്കുന്ന ഷോനാ ഭാഷയില്‍ ഉബുണ്ടുവിന് സമാനമായ പദം ഉന്‍ഹു ആണ്. ഈ ആശയത്തിന് സിംബാബ്വേയിലും മറ്റ് ആഫ്രിക്കന്‍ സംസ്കാരങ്ങളില്‍ കല്പിക്കപ്പെടുന്ന അര്‍ത്ഥം തന്നെയാണുള്ളത്. ഉബുണ്ടുവിനെ സംബന്ധിച്ച സുലു സൂത്രവാക്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചൊല്ല്, ഷോനാ ഭാഷയിലുമുണ്ട്.
റുവാണ്ട, ബറുണ്ടി എന്നീ രാജ്യങ്ങളിലെ സംസാരഭാഷകളായ കിന്യാര്വണ്ട, കിരുണ്ടി ഭാഷകളില്‍ ഉബുണ്ടുവിനര്‍ത്ഥം മനുഷ്യന്റെ ഔദാര്യം, മനുഷ്യത്വം എന്നൊക്കെയാണ്. ഈ രാജ്യങ്ങളില്‍ മറ്റുള്ളവരോടു നടത്തുന്ന അഭ്യര്‍ത്ഥനകളില്‍ "ഗിരാ ഉബുണ്ടു" എന്നു ചേര്‍ക്കുക സാധാരണമാണ്. "പരിഗണനയും മനുഷ്യത്വവും കാണിക്കൂ" എന്നാണ് അതിനര്‍ത്ഥം.
ഉഗാണ്ട, താന്‍സാനിയ എന്നിവിടങ്ങളിലെ സംസാരഭാഷകളിലും ഉബുണ്ടുവിനോട് സാമ്യമുള്ള പദങ്ങള്‍ അതിന് സമമായ അര്‍ത്ഥത്തില്‍ പ്രയോഗത്തിലുണ്ട്.
[തിരുത്തുക] "ഉബുണ്ടു നയതന്ത്രം"
ലോകപങ്കാളിത്തത്തിലേക്കുള്ള അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട എലിസബത്ത് ബാഗ്ലി, 2009 ജൂണ്‍ 18-ന് തന്റെ സത്യപ്രതിജ്ഞാവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉബുണ്ടുവിനെ അമേരിക്കന്‍ വിദേശനയത്തിന്റെ പശ്ചാത്തലത്തില്‍ പരാമര്‍ശിച്ചു. ലോകത്തെ അതിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് നാം ആഗ്രഹിക്കുന്ന സ്ഥിതിയിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍, രാജനീതിയിലെ കാലഹരണപ്പെട്ട സങ്കല്പങ്ങളെ ഉപേക്ഷിച്ച് എല്ലാവരേയും പങ്കാളികളായി കാണുന്ന "ഉബുണ്ടു നയതന്ത്രം" സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.[4]
[തിരുത്തുക] അവലംബം
- ↑ Tutu, Desmond (1999). മാപ്പ് കൊടുക്കാതെ ഭാവി ഇല്ല. Image. ISBN 0-385-49690-7.
- ↑ Louw, Dirk J. 1998. "ഉബുണ്ടു: മറ്റുള്ളവരെക്കുറിച്ചുള്ള ആഫ്രിക്കന്‍ മതദര്‍ശനം". തത്ത്വചിന്തയുടെ ഇരുപതാം ലോകസമ്മേളനം
- ↑ Ubuntu and the Challenges of Multiculturalism in post-apartheid South Africa, Dirk J. Louw [1]
- ↑ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഉബുണ്ടു നയതന്ത്രം
