ഉദയംപേരൂര്‍ സുന്നഹദോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയംപേരൂര്‍ സുന്നഹദോസ് (ആംഗലേയത്തില്‍ Synod of Diamper)(1599 ജൂണ്‍ 20-26) [1] (സൂനഹദോസ് എന്നും പറയും)കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീന്‍ സഭാപ്രതിനിധികള്‍ വിളിച്ചുചേര്‍ത്ത സഭാസമ്മേളനമാണ്. കേരള ചരിത്രത്തില്‍, വിശേഷിച്ചും ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു സംഭവമായാണ് ഉദയംപേരൂര്‍ സുന്നഹദോസിനെ കണക്കാക്കുന്നത്. നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മലങ്കര) ക്രിസ്ത്യാനികള്‍ 1500 ഓളം വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു. [2]
അക്കാലത്ത് ഗോവ പോര്‍ത്തുഗീസ് ആധിപത്യത്തിന്‍ കീഴിലായിരുന്നു. അവിടത്തെ മെത്രാപൊലീത്ത, സ്പെയിന്‍ സ്വദേശി, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോം അലെയ്ജോ ഡെ മെനസിസ്) ആണ് സുന്നഹദോസ് വിളിച്ചുകൂട്ടിയത്. അങ്കമാലി രൂപതയുടെ അധികാരപരിധിയില്‍ ആണ് സുന്നഹദോസ് നടന്നത്. അക്കാരണത്താല്‍ അങ്കമാലി സുന്നഹദോസ് എന്നാണ് വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേര്‍ ചേര്‍ത്ത് അതിനെ വിളിക്കുന്നു.[3]
[തിരുത്തുക] പേരിനു പിന്നില്‍
സുന്നഹദോസ് അഥവാ സൂനഹദോസ് എന്ന പദം (ആംഗലേയത്തില്‍ സിനഡ്, Synod, ലത്തീനില്‍ synodo സൈനോദോ) synodos എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ചതാണ്. പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അര്‍ത്ഥം [4]
[തിരുത്തുക] ചരിത്ര പശ്ചാത്തലം
കേരളത്തിലെ ക്രിസ്ത്യാനികളുടെ വംശസ്മൃതിയില്‍ തങ്ങള്‍ തോമാശ്ലീഹയാല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ പിന്‍ഗാമികളാണെന്ന വിശ്വാസം ആദ്യം മുലേ രൂഢമൂലമായിരുന്നു. ഈ വിശ്വാസം ചരിത്രപരമായി അടിസ്ഥാനമുള്ളതാണോ എന്നു നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന രേഖകളൊന്നും ലഭ്യമല്ല. ഏതായലും ഈ സമൂഹത്തിന്റെ പൗരാണികത്ത്വം യൂറോപ്യന്‍ ചരിത്രകാരന്മാരും നാട്ടുകാരായ ഭരണാധികാരികളും അടക്കം എല്ലാവരും അംഗീകരിച്ചിട്ടുണ്‍ട്. ആദിമനൂറ്റാണ്ടുകളില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടരില്‍ നിന്നും മദ്ധ്യ പൗരസ്ത്യ ദേശത്ത് നിന്ന് കുടിയേറിയവരില്‍ നിന്നും ആയിട്ടായിരിക്കണം അവരുടെ ഉത്ഭവം. ഇതില്‍ മതപരിവര്‍ത്തനം നടത്തപ്പെട്ടവരും കുടിയേറ്റക്കാരും തമ്മില്‍ പില്‍ക്കാലത്ത് ഇടകലരാന്‍ തുടങ്ങിയിരിക്കണം.
അന്ന് കേരളത്തിലെ ക്രിസ്ത്യാനികള്‍ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴില്‍ ആയിരുന്നില്ല. പേര്‍ഷ്യയില്‍ നിന്നും മറ്റും വന്നിരുന്ന വണിക്കുകള്‍ക്കൊപ്പം എത്തിയ മെത്രാന്മാരും മറ്റുമാണ് ഇവിടത്തെ ക്രിസ്ത്യാനികളുടെ ആത്മിയ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇവരില്‍ പ്രത്യേകം സ്മരിക്കപ്പെടുന്ന രണ്ടു പേരാണ് മാര്‍ സാബോര്‍ മാര്‍ ആഫ്രൊത്ത് [5]എന്നിവര്‍. അവര്‍ വെറും ആത്മീയഗുരുക്കള്‍ മാത്രമായിരുന്നില്ല. മതപ്രവര്‍ത്തനത്തോടൊപ്പം വ്യാപാരത്തിലും അവര്‍ വ്യാപൃതരായിരുന്നു. വേണാട് വാണിരുന്ന അയ്യനടികള്‍ കൊല്ലത്തെ തരിസാപ്പള്ളിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുത്തതു സംബന്ധിച്ച ക്രി.പി 842-ലെ തരിസാപള്ളി ശാസനങ്ങള്‍ എന്ന പ്രഖ്യാത രേഖയില്‍ പരാമര്‍ശിക്കുന്ന വ്യാപാര സ്ഥാപനങ്ങളായ അഞ്ചുവണ്ണവും മണിഗ്രാമവും അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. [6]
അര്‍മേനിയ, അന്ത്യോക്ക്യ, ബാബിലോണ്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ക്രിസ്തീയ മെത്രാന്മാരും കേരളത്തില്‍ വന്നിരുന്നു. ചിലരെല്ലം അവിടങ്ങളിലെ മത പീഡനത്തില്‍ ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എല്ലാവര്‍ക്കും ഊഷ്മളമായ സ്വീകരണമാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കി പോന്നത്. ആത്മീയ കാര്യങ്ങളില്‍ നേതൃത്വം അത്യാവശ്യമായി അനുഭവപ്പെട്ടിരുന്ന കേരളത്തിലെ നസ്രാണികള്‍ക്കാകട്ടെ ഈ അതിഥികള്‍ പ്രത്യേകം സ്വാഗതാര്‍ഹരായി തോന്നി . [7] ക്രി.പി. 342, 700, 848 എന്നീ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിരവധി കുടിയേറ്റങ്ങള്‍ ഉണ്ടായി. കേരളചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള ക്നായി തോമാ എന്നയാളാണ് ഇത് തുടങ്ങി വച്ചത് എന്നു കരുതപ്പെടുന്നു. [8]
കേരളത്തിലെ നസ്രാണികള്‍ കല്‍ദായ ഭാഷയിലാണ് ആരാധന നടത്തിയിരുന്നത്. അതേ സമയം ഇവരില്‍ ഒരു വലിയ വിഭാഗം നമ്പൂതിരി, നായര്‍ കുടുംബങ്ങളില്‍ നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെട്ടുപോരുന്ന ഒരു വാദമുണ്ട്. എന്നാല്‍ അക്കാലത്ത്, നമ്പൂതിരി, നായര്‍ സമുദായങ്ങള്‍ പ്രത്യേക വിഭാഗങ്ങളായി നിലവില്‍ ഉണ്ടായിരുന്നിരിക്കുകയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും അവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും സംസ്കാരത്തിന്റെ വേരുകള്‍ കേരളീയമായിരുന്നു. ആ പൈതൃകത്തെ പെട്ടന്ന് വിസ്മരിക്കാന്‍ അവര്‍ക്ക് ആവുമായിരുന്നില്ലാത്തതിനാല്‍ അന്നത്തെ മറ്റു കേരളീയ കുടുംബങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല അവരുടെ ആചാരങ്ങള്‍ എന്നും കരുതണം. [9] മതത്തിന്റെ തലത്തിലാണെങ്കില്‍, തങ്ങളെ തോമ്മാ ശ്ലീഹയുമായി ബന്ധപ്പെടുത്തുന്ന സ്മരണകള്‍ ഇഴചേര്‍ന്ന് പതിനഞ്ചു നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ പൈതൃകത്തെ അവര്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും എന്നാണ് വിളിച്ചിരുന്നത്. പോര്‍ത്തുഗീസ് മിഷണറിമാരുമായുള്ള സംവാദങ്ങളില്‍, തങ്ങള്‍ പിന്തുടരുന്ന മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും പോര്‍ത്തുഗീസുകരുടെ പത്രോസിന്റെ മാര്‍ഗ്ഗവും രണ്ടാണെന്ന് നസ്രാണികള്‍ വാദിച്ചു.
പോര്‍ട്ടുഗീസുകാര്‍ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയപ്പോള്‍, ആത്മീയ നേതൃത്വത്തിന് പുരോഹിതന്മാരുടെ അഭാവം, വ്യാപാരത്തില്‍ മുസ്ലീങ്ങളില്‍ നിന്നും മറ്റുമുള്ള കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാല്‍ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ചേരമാന്‍ പെരുമാളിനെപ്പോലെയുള്ള ഭരണാധികാരികളുടെ കാലത്ത് കിട്ടിയിരുന്ന പരിഗണയും സൗകര്യങ്ങളും പിന്നീട് വന്ന രാജാക്കന്മാരിലും താവഴികളിലും നിന്നു ലഭിച്ചിരുന്നില്ല എന്ന പരാതി അവര്‍ക്കുണ്ടായിരുന്നു. പുറത്തു നിന്ന് വ്യാപാരികളേയോ അവരുടെ കൂടെ വരാറുള്ള മെത്രാന്മാരേയോ കാണാതെ വിഷമിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ വാസ്കോ ഡ ഗാമ എത്തിയതറിഞ്ഞപ്പോള്‍ സമധാനിച്ചു. അവര്‍ ഗാമയെ കണ്ട് പഴയ കേരള രാജാവ് അവര്‍ക്ക് നല്‍കിയ അടയാളവും സമ്മാനവും ഗാമയ്ക്ക് നല്‍കുകയും അവരെ പോര്‍ട്ടുഗലിലെ രാജാവിന്റെ അധീനതയിലാക്കി രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പിന്നീട് പോര്‍ട്ടുഗലില്‍ നിന്നു വന്ന സംഘങ്ങളില്‍ ലത്തീന്‍ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. ഈശോ സഭക്കാരും ഇവിടെയെത്തിയത് അങ്ങനെയാണ്. റോമാ സഭയും മാര്‍പാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്. മെത്രാന്മാരെ നിയമിക്കുന്നതും മറ്റുമുള്ള അധികാരം മാര്‍പാപ്പ പോര്‍ട്ടുഗല്‍ രാജാവിന് കൈമാറി പാദ്രുവാദോ എന്ന ഉടമ്പടിയില്‍ ഒപ്പു വച്ചിരുന്നു. എന്നാലും മാര്‍പാപ്പ പ്രത്യേകം അയച്ചിരുന്ന വികാരി അപ്പോസ്തലികന്മാരും ഇവിടെ എത്തി മത പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. [10] ലത്തീന്‍ ആരാധനാ ഭാഷയായുള്ള ഇവര്‍ക്കൊക്കെ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങള്‍ മനസ്സിലാക്കാനോ ഉള്‍കൊള്ളാനോ കഴിഞ്ഞില്ല. കേരളത്തിന്റെ സംസ്കാരത്തില്‍ നിന്നു നസ്രാണികള്‍ സ്വീകരിച്ച് പിന്തുടര്‍ന്നിരുന്ന ഒട്ടേറെ അംശങ്ങളുണ്ടായിരുന്നത് പോര്‍ത്തുഗീസുകാര്‍ക്കു രസിച്ചില്ല. ഉദാഹരണത്തിന് കേരളത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്. ക്രിസ്ത്യാനികളെ കണ്ടാല്‍ മറ്റു ജാതിക്കാരില്‍ നിന്ന് തിരിച്ചറിയാന്‍,കഴുത്തില്‍ ധരിച്ചിരുന്ന കുരിശ് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മറ്റു നാട്ടുകാരെപ്പോലെ പോലെ തലയില്‍ കുടുമയും കാതില്‍ കടുക്കനും ഒക്കെ അവര്‍ക്കുമുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്നു.ആയിരത്തോളം വര്‍ഷങ്ങളായി പേര്‍ഷ്യന്‍ സഭകളുമായി അഭേദ്യമായി ബന്ധത്തില്‍ കഴിഞ്ഞിരുന്ന നസ്രാണികള്‍ ആ വഴിക്കു കിട്ടിയ ആചാരങ്ങളെയും ത്യജിക്കാന്‍ തയ്യാറായിരുന്നില്ല.
കുരിശുയുദ്ധങ്ങളും മാര്‍ട്ടിന്‍ ലൂഥര്‍ തുടങ്ങിവച്ച മത നവീകരണം പ്രസ്ഥാനവും പാശ്ചാത്യ ക്രൈസ്തവ സമൂഹത്തില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ചിന്തിച്ച മിഷണറി വ്യഗ്രതയുള്ള പോര്‍ത്തുഗീസുകാര്‍ക്കു അവയിലൊന്നും ഉള്‍പ്പെടാത്ത നസ്രാണി സമൂഹത്തെ കേരളത്തിന്റെ സവിശേഷവും തനതുമായ സാഹചര്യം കണക്കിലെടുത്ത് മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ആയില്ല. പോര്‍ട്ടുഗീസുകാര്‍ നസ്രാണികളുടെ സംസ്കൃതിയില്‍ തങ്ങള്‍ക്കു മനസ്സിലാക്കാനാവാത്ത അംശങ്ങളെയെല്ലാം നെസ്തോറിയന്‍ ശീശ്മ എന്ന് ആക്ഷേപിച്ച് തിരുത്താന്‍ ശ്രമിച്ചു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാര്‍ അബ്രാഹാമിന്റെ കീഴില്‍ പോര്‍ട്ടുഗീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുവാന്‍ ശ്രമിച്ചു. നസ്രാണികള്‍ക്ക് അന്ന് ജാതിക്കു കര്‍ത്തവ്യന്‍ (അര്‍ക്കദിയാക്കോന്‍ എന്നു പോര്‍ത്തുഗീസ് ഭാഷ്യം)എന്ന സ്ഥാനപ്പേരുള്ള സമുദായ നേതവു ഗീവര്‍ഗീസിനു കീഴില്‍ മുപ്പതിനായിരത്തോളം വരുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. ഇതിനാല്‍ പോര്‍ട്ടുഗീസ് പട്ടാളം അതിക്രമത്തിന് മുതിര്‍ന്നില്ല. ഈ സമയത്താണ് മാര്‍ ആബ്രഹാം മരണമടയുന്നത്. ഇത് അവസരമാക്കി പോര്‍ട്ടുഗീസുകാരുടെ പാദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപോലീത്ത ഡോം ഡോ. മെനസിസ് കേരളത്തിലേയ്ക്ക് എത്തി്.[11]
[തിരുത്തുക] ഉദയംപേരൂര്‍
എറണാകുളം ജില്ലയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സ്ഥലമായിരുന്ന ഉദയമ്പേരൂര്‍ പോര്‍ട്ടുഗീസുകാരുടേ ശക്തി കേന്ദ്രമായ കോട്ടയും പള്ളികളും നിലനിന്നിരുന്ന പള്ളിപ്പുറത്തു നിന്ന് വളരെ അടുത്തായിരുന്നു. അങ്കമാലിയിലെ നസ്രാണികള്‍ ശക്തി പ്രാപിച്ചവരായിരുന്നു എന്നതും അവിടെ എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ സഹായത്തിന് പോര്‍ട്ടുഗീസ് പട്ടാളം എത്താന്‍ സമയം എടുത്തേക്കാം എന്നതും അങ്കമാലിക്കു പകരം ഉദയംപേരൂര്‍ തിര്‍ഞ്ഞെടുക്കാന്‍ കാരണമായി. മാത്രവുമല്ല സൂനഹദോസിനുള്ള തയ്യാറെടുപ്പിനിടെ ഉദയംപേരൂരിനടുത്തുള്ള ചേന്ദമംഗലം,കടുത്തുരുത്തി എന്നിവടങ്ങളിലെ പള്ളികളെ തന്റെ പക്ഷത്താക്കുന്നതില്‍ മെനസിസ് വിജയിച്ചിരുന്നു.
ഉദയംപേരൂരില്‍ ഉണ്ടായിരുന്ന പള്ളി മാര്‍ സാബോര്‍ ക്രി.പി.890 കളില്‍ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. ഇത് വി.സാബോറിന്റെ തന്നെയും, മറ്റൊരു പുണ്യവാളനായ, വി. ആഫ്രോത്തിന്റേയും സംയുക്ത നാമങ്ങളിലായിരുന്നു. എന്നാല്‍ ഈ പള്ളി ഇന്നില്ല. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചു പോയി. [12]
[തിരുത്തുക] അലെക്സിസ് ഡെ മെനസിസ് മെത്രാപ്പോലീത്ത
ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന മെനസിസ് (അലെയ്ജോ ഡെ മെനസിസ്)സ്പയിന്‍കാരനായിരുന്നു. ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ഡോം എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. ഗോവയില്‍ നിരവധി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. അങ്കമാലിയിലെ മെത്രാന്‍ മരിച്ചുപോയതിനാലും അങ്കമാലി ഗോവയുടെ കീഴിലുള്ള രൂപതയായതിനാലും തനിക്ക് സുന്നഹദോസ് നടത്താന്‍ അധികാരം ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹം കൊടുങ്ങല്ലൂരിലെ പോര്‍ട്ടുഗീസ് കോട്ടയില്‍ താമസിച്ച് മലബാറിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും സുന്നഹദോസില്‍ അവതരിപ്പിക്കേണ്ട കാനോനുകളുടെ കരട് തയ്യാറാക്കുകയും ചെയ്തു. പിന്നീട് അത് ഫ്രാന്‍സിസ് റോസ് എന്ന വൈദികന്‍ പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയാണുണ്‍ടായത്. 1599 ഫെബ്രുവരി ഒന്നിന് മെനസിസ് കൊച്ചിയില്‍ എത്തി. കൊച്ചി രാജാവ് അദ്ദേഹത്തിന് വന്‍പിച്ച സ്വീകരണം ഒരുക്കിയിരുന്നു.
[തിരുത്തുക] സുന്നഹദോസിന്റെ തയ്യാറെടുപ്പുകള്‍
പെന്തക്കോസ്ത കഴിഞ്ഞു വന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂണ്‍ 20-ന് സുന്നഹദോസ് ആരംഭിച്ചു. ജൂണ്‍ മാസത്തിലെ മണ്‍സൂണ്‍ മഴയെ അവഗണിച്ചാണ് ഇത് ആരംഭിച്ചത്. ദൂരെ നിന്നുള്ളവരെല്ലാം ദിവസങ്ങള്‍ മുന്നേ എത്തിച്ചേര്‍ന്നു. അവര്‍ക്കെല്ലാം താമസ സൗകര്യവും ഒരുക്കിയിരുന്നു. ഒരുപക്ഷേ കലഹം ഒഴിവാക്കാനും അങ്കമാലിക്കാരായ സൈന്യത്തെ ഒഴിവാക്കാനും കൂടിയായിരുന്നിരിക്കണം, മഴമൂലം യാത്ര ദുരിതമായ ജൂണ്‍ മാസം തിരഞ്ഞെടുത്തത്.
അദ്ധ്യക്ഷന്‍ മെനസിസ് മെത്രാപ്പൊപീത്ത തന്നെയായിരുന്നു. അദ്ദേഹത്തിനെ സഹായിക്കാന്‍ മെല്ക്കിയോര്‍ബ്രാസ്, ഫ്രാന്‍സിസ് റോസ് എന്നിങ്ങനെ അഞ്ച് വൈദികരുമുണ്ടായിരുന്നു. ഫ്രാന്‍സിസ് റോസ് മലയാള ഭാഷയില്‍ നല്ല അറിവുള്ള ആളായിരുന്നു.
ഇവരെ കൂടാതെ കേരളത്തിലെ പള്ളികളില്‍ നിന്നുള്ള 153 കത്തനാര്‍മാരും 660 അല്‍മായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോര്‍ട്ടുഗീസ് കപ്പിത്താനായ ആന്‍റണി ഡെ നോറോഞ്ഞയും സുന്നഹദോസില്‍ പങ്കെടുത്തു.
[തിരുത്തുക] സുന്നഹദോസ്
[തിരുത്തുക] ഒന്നാം ദിവസം
സുന്നഹദോസ് ആരംഭിച്ചത് കത്തോലിക്കാ സഭയുടെ മുറപ്രകാരമുള്ള ദിവ്യബലിയോടെയാണ്. ആദ്യം ദിവ്യബലി അര്‍പ്പിച്ചത് മെനസിസ് മെത്രാപ്പോലീത്തയായിരുന്നു. തുടര്‍ന്ന് എല്ലാ വൈദികരോടും ദിവ്യബലി അര്‍പ്പിക്കാനും പാപസങ്കീര്‍ത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവര്‍ ദിവ്യകാരുണ്യം സ്വീകരിക്കനും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മെനസിസ് തന്നെ ക്ലെമന്‍റ് മാര്‍പാപ്പ അയച്ചതാണ് എന്നു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന പോര്‍ട്ടുഗീസ് ഭാഷയില്‍ നടത്തി. അതിന്റെ സംക്ഷിപ്ത പരിഭാഷ ഇങ്ങനെയാണ് “അങ്കമാലിയില്‍ മെത്രാന്‍ ഇല്ലാത്തതുകൊണ്ടും ഈ രൂപത ഗോവന്‍ ആധിപത്യത്തിലായതു കൊണ്ടും ഗോവാ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് ഒരു സുന്നഹദോസ് നടത്താന്‍ എനിക്ക് അധികാരമുണ്ട്”. ഇത് മലയാളത്തിലേയ്ക്ക് അന്ന് പരിഭാഷപ്പെടുത്തിയത് പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാരായിരുന്നു. [13] തര്‍ജ്ജമ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഫ്രാന്‍സിസ് റോസ്, ആന്തണി ടൊസ്കാനോ എന്നീ വൈദികന്മാര്‍ ഉണ്ടായിരുന്നു. ലത്തിന്‍ ഭാഷ അറിയാവുന്ന ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയിരുന്നു. സമ്മേളനം ആരംഭിക്കുന്ന സമയത്ത് നാട്ടുകരായ ചില കത്തനാര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പൊതുവേ കാര്യങ്ങള്‍ മെനസിസിന്റെ പദ്ധതിയനുസരിച്ച് തന്നെ നീങ്ങി. പിന്നീട് സത്യപ്രതിജ്ഞ ചെയ്യല്‍ ആയിരുന്നു. അതിനും പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മെന്‍സിസിന്റെ നയവും ഭീക്ഷണിയും കൊണ്ട് മെനസിസ് എല്ലാം നിയന്ത്രിച്ചു നിര്‍ത്തി.
[തിരുത്തുക] രണ്ടാം ദിവസം
രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതില്‍ നെസ്തോറിയനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും തള്ളിപ്പറയലായിരുന്നു മുഖ്യം. ആദ്യം വിശ്വാസ പ്രഖ്യാപനം നടത്തിയത് മെത്രാപോലീത്തയായിരുന്നു. പിന്നീട് ആര്‍ച്ച് ഡീക്കന്‍ ഗീവര്‍ഗീസ് സ്വന്തം പേരില്‍ പ്രഖ്യാപനം നടത്തി. പിന്നീട് എല്ലാ കത്തനാര്‍മാരും മലയാളത്തില്‍ വിശ്വാസപ്രഖ്യാപനം നടത്തി. [14]
[തിരുത്തുക] മൂന്നാം ദിവസം
വിശ്വസപ്രഖ്യാപനം കഴിഞ്ഞ് ജ്ഞാനസ്നാനം, സ്ഥൈര്യ ലേപനം, എന്നീ കൂദാശാകളെപറ്റി ചര്‍ച്ചചെയ്യുകയും അവയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും രണ്ടു സമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിമുതല്‍ പതിനൊന്നു വരെയും ഉച്ചതിരിഞ്ഞ് രണ്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരേയും ആയിരുന്നു അവ നടന്നിരുന്നത്.
[തിരുത്തുക] നാലാം ദിവസം
വിശുദ്ധ കുര്‍ബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചര്‍ച്ച ചെയ്യപ്പെട്ടു. പാപസങ്കീര്‍ത്തനം, ഒടുവിലത്തെ ഒപ്രുശീമ(അന്ത്യകൂദാശ), കുര്‍ബാനപ്പുസ്തക പരിഷ്കരണം മുതലായവ ചര്‍ച്ച ചെയ്യപ്പെട്ടവിയില്‍ പെടുന്നു. അക്കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ പശ്ചാത്യസഭകളില്‍ നിലവിലുണ്ടായിരുന്ന തരം പാപ സങ്കീര്‍ത്തനം (auricular confession) അഥവാ കുമ്പസാരം കൂടാതെയാണ് പരി. കുര്‍ബാന സ്വീകരിച്ചിരുന്നത്. വൈദികരോട് പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന പതിവ് നസ്രാണികല്‍ക്കിടയില്‍ അന്നുവരെ നിലനിന്നിരുന്നില്ല. പകരം, സഹോദര ഭവേന പരസ്പരം തെറ്റുകള്‍ ഏറ്റുപറഞ്ഞ് രമ്യപ്പെടുന്ന പിഴമൂളല്‍ ആയിരുന്നു നടപ്പുണ്ടായിരുന്നത്. ഇതു മാത്രമല്ല, വി.കുര്‍ബ്ബാന രോഗികള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. പ്രസ്തുത കീഴ്‌വഴക്കങ്ങള്‍ തിരുത്തുന്നതു സംബന്ധിച്ച പതിനഞ്ച് ഡിക്രികള്‍ ആണ് അന്ന് അംഗീകരിച്ചത്.
[തിരുത്തുക] അഞ്ചാം ദിവസം
ജൂണ്‍ 24 ന് സ്നാപകയോഹന്നന്റെ തിരുനാള്‍ ആഘോഷിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ പോയ സിവസം പുറത്തു നിന്നുള്ളവരെ മാറ്റി നിര്‍ത്തിയാണ് സൂനഹദോസ് സമ്മേളിച്ചത്. ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിന്റെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിന്റെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങള്‍ എന്നിവ അന്ന് പരിഗണിക്കപ്പെട്ടു. ഈ അവസരത്തില്‍ നെസ്തോറിയന്‍ പാഷാണ്ഡതയെ ഉപേക്ഷിക്കുന്ന പ്രതിജ്ഞ കത്തനാര്‍മാരും നസ്രാണികളും നടത്തിയത് മുന്‍ രേഖകളിലേക്ക് ചേര്‍ക്കപ്പെട്ടു.
സുറിയാനിയിലെ വേദ പുസ്തകം ലത്തീനിലുള്ളതിനുള്ളതിനോട് സമാനമാക്കി. ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലര്‍ത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വിദ്യാലയങ്ങളില്‍ മക്കളെ പഠിക്കാന്‍ അയക്കരുതെന്ന് വിലക്കി. കല്‍ദായ പാത്രിയാക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ പ്രാര്‍ത്ഥനകളില്‍ നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി.
[തിരുത്തുക] ആറാം ദിവസം
ഈ ദിവസം തിരുപട്ടം വിവാഹം എന്നീ കൂദാശകളാണ് പരിഗണിക്കപ്പെട്ടത്. വൈദികന്‍ വിവാഹം കഴിക്കരുതെന്നും വിവാഹം കഴിച്ചവര്‍ ഭാര്യയും മക്കളുമായുള്ള ബന്ധം വിടര്‍ത്തണമെന്നും തീരുമാമ്മായി. ഇത് മിക്ക വൈദികര്‍ക്കും സ്വീകാര്യമാറ്യിരുന്നില്ല. എങ്കിലും ഭാര്യമാര്‍ക്ക് പള്ളി വക ജീവിത ചെലവുകള്‍ നല്‍കാം എന്നായപ്പോള്‍ അവര്‍ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിനും മറ്റും വയസ് പരിധി നിശ്ചയിച്ചു തീരുമാനമാക്കുകയും ചെയ്തു.
[തിരുത്തുക] ഏഴാം ദിവസം
അങ്കമാലിയുടെ സ്വാധീനശക്തി കുറക്കാനായിട്ടായിരിക്കണം മെനസിസ് ആ രൂപതയെ പല ഇടവകയായി മാറ്റാനുള്ള തീരുമാനമെടുത്തു. താഴ്ന്ന ജാതിയില്‍ നിന്ന് മതം മാറി വരുന്നവര്‍ക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാര്‍മാര്‍ വാദിച്ചതിന്റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവര്‍ക്ക് ഏത് പള്ളിയില്‍ നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.
അവസാനദിവസം അസന്മാര്‍ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി [15]
[തിരുത്തുക] സുന്നഹദോസിനു ശേഷം
സുന്നഹദോസിനു ശേഷം ആര്‍ച്ച് ബിഷപ്പ് [[മെനസിസ് പള്ളികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. സുന്നഹദോസിന്റെ കാനോനകള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശം. കേരളത്തിലെ മിക്ക പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചു. മിക്ക സ്ഥലത്തും സുറിയാനി ഗ്രന്ഥങ്ങള്‍ കത്തിച്ചു കളഞ്ഞു. ഏറ്റവും അധികം നശിപ്പിക്കപ്പെട്ടത് അങ്കമാലിയിലാണ്. പറവൂര്‍ വച്ച് സന്ദര്‍ശനം പൂര്‍ത്തിയാക്കി മെനസിസ് മടങ്ങിപ്പൊയി. പോകുന്നതിനു മുന്‍പ് അര്‍ക്കദിയാക്കോനെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ താല്കാലിക ഭരണാധികാരിയായി വാഴിക്കാനും മറന്നില്ല.
[തിരുത്തുക] ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍
[തിരുത്തുക] അന്നത്തെ വസ്ത്രധാരണരീതി
അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്റെ രേഖകളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നു. സൂനഹദോസില്‍ പങ്കെടുത്ത ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്‍ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍ നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ വാള്‍ ധരിച്ചിരുന്നു. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു.
[തിരുത്തുക] പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങള്‍
(ഉദയംപേരൂര്‍ സുന്നഹദോസില്‍ നശിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഗ്രന്ഥങ്ങള്‍)
- പാര്‍സിമാന്‍
- മാര്‍ഗസീശ
- പിതാക്കന്മാരുടെ പുസ്തകം
- പവിഴത്തിന്റെ പുസ്തകം
- മാക്കമൊത്ത് (പറുദീസ)
- മിശിഹായുടേ തിരുബാല പുസ്തകം
- സുന്നഹദോസുകളുടെ പുസ്തകം
- സ്വര്‍ഗത്തില്‍ നിന്നും വന്ന കത്ത്
- കമീസിന്റെ പാട്ടുകള്‍
- നര്‍സായുടേ പുസ്തകം
- പ്രഹന്‍ പുസ്തകം. യൗസേപ്പിന് മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ് വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു.
- യോഹന്നാന്‍ വരകല്‍ദോസ- ഈശോ കര്‍ത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറേയാണെന്നു പറയുന്ന പുസ്തകം.
- വാവാകട്ടെ പുസ്തകം
- നുഹറ
- എംങ്കര്‍ത്താപുസ്തകം
- കമ്മീസിന്റെ പാട്ടുകള്‍
- ഇദാറ
- സുബാടേ നമസ്കാരം
- അന്‍പത് നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന
[തിരുത്തുക] സുന്നഹദോസിന്റെ കാനോനകള്‍
സുന്നഹദോസിന്റെ തീരുമാനങ്ങള്‍ നിയമങ്ങളാക്കി ക്രോഡീകരിക്കുന്നതാണ് കാനോനകള്‍. മിഷണറിമാരുടെയും മലയാളം പഠിച്ച വിദേശീയരുടേയും ഇടപെടലുകള്‍ നിമിത്തം ഗദ്യ രൂപത്തില്‍ എഴുതപ്പെട്ട ഈ കാനോനകളില്‍ വൈദേശികമായ പല ഭാഷാ സ്വാധീനങ്ങളും കടന്നു കൂടിയിട്ടുണ്ട്.
[തിരുത്തുക] സുന്നഹദോസിന്റെ ഫലങ്ങള്‍
കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു സുന്നഹദോസ്. അതിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ കേരളീയരുടെ ജീവിതത്തില്‍ ഇന്നും പ്രതിഫലിക്കുന്നു.
അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികള്‍ സാമൂഹ്യ ജീവിതത്തില്‍ മറ്റു സമൂഹങ്ങളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. അവരുടെ സാമൂഹ്യജീവിതത്തേയും മത വിശ്വാസത്തേയും പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ് എന്നു പറയാം.
സുന്നഹദോസിനും മുമ്പ് മദ്ധ്യപൗരസ്ത്യ ദേശീയരായ മെത്രാന്മാര്‍ക്കായിരുന്നു നസ്രാണികളുടെ ആത്മീയ നേതൃത്വം. എന്നാല്‍ സൂനഹദോസിനു ശേഷം പൊര്‍ത്തുഗീസുകാര്‍ നിശ്ചയിക്കുന്ന മെത്രാന്മാരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കേരളീയമായതിനോടെല്ലാം അവര്‍ക്ക് പുച്ഛമായിരുന്നു. ലത്തീന്‍ ആരാധനാക്രമങ്ങള്‍ സുറിയാനി ഭാഷയില്‍ അവതരിപ്പിക്കാനും അത് അംഗീകരിപ്പിക്കാനും അവര്‍ ശ്രമം നടത്തി.
സൂനഹോദസിനു മുന്‍പുണ്ടായിരുന്ന മെത്രാന്മാരുടെ അധികാരം ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. മറ്റു കാര്യങ്ങളില്‍ ഭരണം നിര്‍വ്വഹിച്ചിരുന്നത് അര്‍ക്കദിയോക്കാന്‍ അയിരുന്നു. എന്നാല്‍ അത്തരം അധികാരങ്ങളും പിന്നീട് മെത്രാന്മാരില്‍ ചെന്നു ചേര്‍ന്നു. അല്‍മായര്‍ക്ക് ജനാധിപത്യപരമായി ഭരണത്തില്‍ പങ്കു ചേരുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സഭാ ഭരണത്തില്‍ ഏകാധിപത്യം വന്നുചേര്‍ന്നു.
അതാതു ദേശത്തെ പട്ടക്കാരെ വൈദിക ശുശ്രൂഷയ്ക്കു നിയോഗിക്കേണ്ടുന്നതിനു അന്യദേശക്കാരായ പട്ടക്കാരെ നിയമിച്ചു. പട്ടക്കാരുടെ ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയത് മൂലം പല വൈദികര്‍ക്കും അവരുടെ കുടുംബങ്ങളെ വിട്ട് മാറി താമസിക്കേണ്ടി വന്നു.
കേരളത്തിലെ പള്ളികളില്‍ വലിയ തോതില്‍ വിശുദ്ധന്മാരുടെ രൂപങ്ങള്‍ ഏര്‍പ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഇതിനുശേഷം ആണെന്നു പറയാം.
സുന്നഹദോസിനും മുന്ന് ക്രൈസ്തവരും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തിലാആണ് ജീവിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം മറ്റു ജാതിക്കാരെ അകറ്റി നിര്‍ത്തുന്ന സമീപനം ഉടലെടുത്തു. പോര്‍ട്ടുഗീസുകാര്‍ക്ക് ക്രിസ്ത്യാനികള്‍ ഒഴിച്ച് മറ്റാരേയും കണ്ടുകൂടായിരുന്നു.
ആധുനിക ദൃഷ്ടിയില്‍ പുരോഗമനാത്മകമെന്നു പറയാവുന്ന പല പരിഷ്കാരങ്ങളും സൂനഹദോസിനെത്തുടര്‍ന്ന് നടപ്പാക്കപ്പെട്ടു. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം നോക്കല്‍ എന്നിവ വിലക്കിയത് അവയില്പ്പെടും. തീണ്ടല്‍, തൊടീല്‍ തുറ്റങ്ങിയ ജാത്യാചാരങ്ങള്‍ക്കെതിരെ കേരളത്തില്‍ തുടങ്ങിയ ആദ്യത്തെ നിയമം ഒരു പക്ഷേ മെനസിസ് നടപ്പിലാക്കിയതായിരിക്കണം.
കേരള ക്രൈസ്തവരുടെ പിന്തുടര്‍ച്ചാവകാശക്രമത്തില്‍ സുപ്രധാനമായ ഒരു പരിഷ്കാരം സുന്നഹദോസ് നടപ്പിലാക്കുകയുണ്ടായി. ആണ്‍ മക്കളില്ലാത്ത കുംബങ്ങളില്‍ പെണ്‍ മക്കളിലൂടെ പരമ്പര്യ സ്വത്ത് കൈമാറുന്നതിന്റെ നിയമവശങ്ങള്‍ അതില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബാല്യകാല വിവാഹം നിര്‍ത്തലാക്കി. ആണിനും പെണ്ണിനും വിവാഹ വയസ്സ് നിശ്ചയിച്ചു. വാണിജ്യ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന നസ്രാണികള്‍ അന്യായ പലിശ വാങ്ങരുത് എന്ന് അനുശാസിച്ചു. ചീത്ത നാളുകളില്‍/രീതികളില്‍ പിറക്കുന്ന കുട്ടികളെ കൊലപ്പെടുത്തുന്ന സമ്പ്രദായം അവസാനിക്കപ്പെട്ടു. അനാഥാലയങ്ങളുടെ ഉത്ഭവം ഒരു പക്ഷേ അങ്ങനെയായിരിക്കാം എന്ന് ചിലര്‍ കരുതുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സുന്നഹദോസ് അവസാനം ചെന്നെത്തിയത് നസ്രാണികളുടെ എതിര്‍പ്പിലേയ്ക്കും അതു വഴി കൂനന്‍ കുരിശ് സത്യത്തിലേക്കുമാണ്.
[തിരുത്തുക] കൂനന്‍ കുരിശു സത്യം
സൂനഹദോസില്‍ വച്ചുതന്നെ അതു വഴി അടിച്ചേല്പിച്ച് മാറ്റങ്ങളെ ചെറുക്കുന്നതിന് നസ്രാണികള്‍ക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവര്‍ക്കിടയില്‍ പുതിയ മാറ്റങ്ങളോടുള്ള് പ്രതിക്ഷേധം വ്യാപകമാകാന്‍ തുടങ്ങി. പോര്‍ത്തുഗീസുകാര്‍വഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയില്‍ നിന്നു ഒരു മെത്രാനെ കിട്ടാന്‍ അവര്‍ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ കൊച്ചി തുറമുഖത്തിന്റെ മേല്‍ പോര്‍ത്തുഗീസുകാര്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. മാര്‍ അഹത്തള്ളാ എന്നൊരു മെത്രാന്‍ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയില്‍ ഒത്തു ചേര്‍ന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാന്‍ പോര്‍ത്തുഗീസുകാര്‍ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തൊള്ളായെ പോര്‍ത്തുഗീസുകാര്‍ കടലില്‍ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു വാര്‍ത്തയും പരന്നു. ഇതിന്റെ സത്യാവസ്ഥ ഇന്നും നിശ്ചയമില്ലാതെയിരിക്കുന്നു. വാര്‍ത്ത കേട്ടു പ്രതിഷേധിച്ച് ഒന്നിച്ചു ചേര്‍ന്ന സുറിയാനി ക്രിസ്ത്യാനികള്‍, ഇനി തങ്ങള്‍ "സമ്പാളൂര്‍ പാതിരി" മാരുടെ (ഈശോ സഭാ വൈദികര്‍ - 'സമ്പാളൂര്‍' എന്നത്, സെയിന്റ് പോള്‍സ് എന്നതിന്റെ നാടന്‍ രൂപമാണ്) കീഴില്‍ നില്‍ക്കില്ല എന്ന് മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശില്‍ കെട്ടിയ കയറില്‍ പിടിച്ച് ശപഥം ചെയ്തു. 1653-ല്‍ നടന്ന ഈ സംഭവം ആണ് കൂനന്‍ കുരിശ് സത്യം എന്ന് അറിയപ്പെടുന്നത്. അതേ തുടര്‍ന്നു അര്‍ക്കദിയാക്കോനെ, കൈവയ്പിനായി മറ്റൊരു മെത്രാന്റെ അഭാവത്തില്‍, പന്ത്രണ്ട് വൈദികര്‍ ഒരുമിച്ച് കൈവയ്പ്പു നല്‍കി ഒന്നാം മാര്‍ത്തോമ്മാ എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്തു.