യേശു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നസ്രത്തിലെ യേശു | |
|---|---|
ആറാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ റാവെന്നയിലുള്ള സാന്‍ അപോളിനാറെ ന്വോവോ പള്ളിയില്‍ കൊത്തിവച്ചിരിക്കുന്ന യേശുവിന്റെ മൊസൈക് ഛായാചിത്രം. യേശുവിന്റെ ചിത്രീകരണം സാംസ്കാരികമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും ഈ ചിത്രീകരണങ്ങളെക്കുറിച്ച് വിവാദങ്ങളൊന്നുമുണ്ടായതായി രേഖകളില്ല.[1] |
|
| ജനനം | 7–2 BC/BCE ബെത്‌ലഹെം, യൂദയാ, റോമാ സാമ്രാജ്യം (പരമ്പരാഗത വിശ്വാസം) |
| മരണം | 26–36 AD/CE. (ക്രിസ്ത്യാനികള്‍ അദ്ദേഹം മൂന്നുനാള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റതായി വിശ്വസിക്കുന്നു.) കാല്‍വരി, ജോസെഫൂസിന്റെ രണ്ടാം ജറൂസലേം മതിലിനു പുറത്ത്, യൂദയാ പ്രവിശ്യ, റോമാ സാമ്രാജ്യം കുരിശുമരണം |
| അടക്കം ചെയ്ത സ്ഥലം | ഒരു പൂന്തോട്ടത്തിലുള്ള ശവക്കല്ലറ, പരമ്പരാഗത വിശ്വാസപ്രകാരം ഇന്ന് വിശുദ്ധ ശവകുടീരത്തിന്റെ പള്ളി നിലകൊള്ളുന്ന സ്ഥാനത്ത്[2] |
| ഉദ്യോഗം | ആശാരി, സഞ്ചരിക്കുന്ന പ്രബോധകന്‍ |
ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE),[3][4] ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ള സ്ഥാനമുള്ളതുമായ വ്യക്തിയാണ്. യേശു ക്രിസ്തു എന്ന് പൊതുവായി ഇദ്ദേഹം അറിയപ്പെടുന്നെങ്കിലും ക്രിസ്തു എന്നത് പേരിന്റെ ഭാഗമല്ല.അഭിഷിക്തന്‍ എന്നര്‍ത്ഥമുള്ള ഈ വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രിസ്ത്യാനികള്‍ ഉപയോഗിച്ചു വരുന്ന സ്ഥാനപ്പേരാണ്[5].
ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയനിയമത്തില്‍ ഇസ്രയേല്‍ ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷക്കായി മനുഷ്യാവതാരമെടുത്ത ദൈവപുത്രനുമാണ്[6][7]. ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത് യേശുവിന്റെ കുരിശിലെ മരണത്തിലും, മൂന്നാം നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പിലും, അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ രക്ഷയിലുമാണ്[8]. ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കിയ ദൈവപുത്രനും ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായി ആരാധിക്കുന്നു. യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവ അദ്ദേഹം പുരുഷേച്ഛയില്‍നിന്നല്ലാതെ ജനിച്ചവനും അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചവനും മരണശേഷം ഉയിര്‍ത്ത് സ്വര്‍ഗ്ഗാരോഹണം ചെയ്തവനും അവസാനനാളില്‍ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്. മിക്ക ക്രൈസ്തവവിശ്വാസങ്ങളും ത്രിത്വൈകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണെങ്കിലും ഒരു ചെറിയ ന്യൂനപക്ഷം യേശുവില്‍ ത്രിത്വൈകേതര ദൈവത്വം കല്പിച്ചു വിശ്വസിക്കുന്നു.
ഇസ്ലാം മത വിശ്വാസികള്‍ക്ക് യേശു(Arabic: عيسى), ഈസാ എന്ന പേരിലറിയപ്പെടുന്ന പ്രവാചകനും[9][10] ദൈവവചനം അറിയിച്ചവനും അദ്ഭുതപ്രവര്‍ത്തകനും മിശിഹായുമാണ്. എന്നാല്‍, ക്രിസ്തുവിന്റെ ദൈവികത്വവും കുരിശുമരണവും മിക്ക ഇസ്ലാം മതവിശ്വാസികളും അംഗീകരിക്കുന്നില്ല.[11] പക്ഷേ, അദ്ദേഹം ശരീരത്തോടെ സ്വര്‍ഗ്ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്നു.
ഉള്ളടക്കം |
പേരിനു പിന്നില്‍
യേശു എന്ന വാക്ക് യെഹോശുവ( יהושע )എന്ന ഹീബ്രു വാക്കിന്റെ മലയാള രൂപമാണ്.'യഹോവ രക്ഷിക്കുന്നു' എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.[12] (ഇംഗ്ലീഷില്‍ ജോഷ്വ) ഈശോ എന്ന ഹീബ്രു പദത്തില്‍ നിന്നുമാകാം (അര്‍ത്ഥം രക്ഷകന്‍) യേശു എന്ന പദം പിറന്നത് എന്നും കരുതുന്നവരുണ്ട്. ക്രിസ്തു എന്ന പദമാകട്ടെ ഗ്രീക്ക് ഭാഷയില്‍ നിന്നാണ് (Khristos ക്രിസ്തോസ്, അര്‍ത്ഥം അഭിഷക്തന്‍) രൂപം കൊണ്ടത്. [13]
സുവിശേഷങ്ങളിലെ യേശു
നാലു സുവിശേഷങ്ങള്‍
യേശുവിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് പ്രധാനമായും വിവരങ്ങള്‍ തരുന്നത് ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ നാലു സുവിശേഷങ്ങളാണ്. മത്തായിയുടെ സുവിശേഷം, മര്‍ക്കോസിന്റെ സുവിശേഷം, ലൂക്കായുടെ സുവിശേഷം, യോഹന്നാന്റെ സുവിശേഷം എന്നിവയാണവ. അവയില്‍ ആദ്യത്തെ മൂന്നു സുവിശേഷങ്ങള്‍ ഏതാണ്ട് ഒരേ നിലപാടില്‍ നിന്ന് എഴുതപ്പെട്ടവയാണ്. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം വ്യതിരിക്തമായൊരു കാഴ്ചപ്പാടാണ് പിന്തുടരുന്നത്.
ജനനം, കുടുംബം, വംശാവലി
സുവിശേഷങ്ങള്‍ അനുസരിച്ച്, പലസ്തീനയില്‍ റോമന്‍ മേല്‍കോയ്മ നിലനില്‍ക്കേ, യൂദയായിലെ ബേത്‌ലഹേമില്‍ യേശു ജനിച്ചു. ആശാരിപ്പണിക്കാരനായിരുന്ന യൗസേപ്പിന്റെ ഭാര്യ മറിയം ആയിരുന്നു അമ്മ. അവള്‍ യേശുവിനെ ഗര്‍ഭം ധരിച്ചത് ദൈവാത്മാവിന്റെ ശക്തിമൂലം കന്യാമാതൃത്വം വഴി ആകയാല്‍ യൗസേപ്പ് യേശുവിന്റെ ജഡത്താലുള്ള പിതാവായി പരിഗണിക്കപ്പെടുന്നില്ല. അദ്ദേഹത്തെ അവന്റെ വളര്‍ത്തുപിതാവായി കണക്കാക്കാം. യൗസേപ്പും മറിയവും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്ന ദാവീദിന്റെ വംശത്തില്‍ പെട്ടവരായിരുന്നു. മത്തായിയുടേയും, ലൂക്കായുടേയും സുവിശേഷങ്ങള്‍ യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ വംശാവലി യഹൂദജനതയുടെ പൂര്‍വപിതാവായ അബ്രാഹം വരെയുള്ളതാണെങ്കില്‍, ലൂക്കായുടെ സുവിശേഷത്തിലേത് മനുഷ്യവംശത്തിന്റെ ആദിപിതാവായി കരുതപ്പെടുന്ന ആദം വരെയുള്ളത്താണ്.
പരസ്യജീവിതം, കുരിശുമരണം
ബേത്‌ലഹേമില്‍ ജനിച്ച യേശു ഗലീലായിലെ നസറത്തില്‍ മുപ്പതുവയസ്സുവരെ ഏറെ അറിയപ്പെടാത്തവനായി യൗസേപ്പിനും മറിയത്തിനും കീഴ്വഴങ്ങി ജീവിച്ചു. മുപ്പതു വയസ്സായപ്പോള്‍ യോര്‍ദ്ദാന്‍ നദിക്കരെ സ്നാപകയോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചതോടെ തുടങ്ങിയ യേശുവിന്റെ പരസ്യജീവിതം, ഗലീലായിലും യൂദയായിലുമായി, ഏതാണ്ട് മൂന്നു വര്‍ഷം നീണ്ടു നിന്നു. വിശുദ്ധനഗരമായ ജറൂസലേമിലാണ് അത് പര്യവസാനിച്ചത്. സുവിശേഷങ്ങളില്‍ പ്രകടമാകുന്ന യേശുവിന്റെ വ്യക്തിത്വം ആരേയും പിടിച്ചുനിര്‍ത്തുന്ന ഒന്നാണ്. [14] അദ്ദേഹത്തിന്റെ പഠനങ്ങള്‍ യഹൂദമതത്തിന്റെ തത്ത്വങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചതായിരുന്നെങ്കിലും, അക്കാലത്തെ മതനേതൃത്വത്തിന് രസിക്കുന്നതായിരുന്നില്ല ആ പഠനങ്ങളുടെ ഊന്നല്‍. പോരാഞ്ഞ് യേശു യഹൂദരും റോമന്‍ അധികാരികളുമായി സംഘര്‍ഷത്തിനു കാരണമായേക്കും എന്നും യഹൂദനേതൃത്വം ഭയന്നു. ഒടുവില്‍ മതനേതൃത്വത്തിന്റെ ഒത്താശയോടെ, റോമന്‍ അധികാരികള്‍ ജറൂസലേമില്‍ വച്ച്, യഹൂദര്‍ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള അവരുടെ മോചനത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാക്കാലത്ത്, യേശുവിനെ കുരിശില്‍ തറച്ചു കൊന്നു. മരിച്ച് മൂന്നാം ദിവസം അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു എന്നും വിശ്വസിക്കപ്പെട്ടു പോരുന്നു.
ചരിത്രത്തിലെ യേശു
പ്രശ്നം
ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ ആധിപത്ത്യത്തിന്‍ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങള്‍ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും. ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങള്‍ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമന്‍, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന അലക്സാന്‍ഡ്രിയയിലെ ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[15]ക്രി.പി. 100-ല്‍ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളില്‍ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമര്‍ശം മിക്കവാറും, പില്‍ക്കാലത്ത് ചേര്‍ക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തില്‍ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങള്‍ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
അന്വേഷണങ്ങള്‍, നിഗമനങ്ങള്‍
അതേസമയം യേശുവിലുള്ള വിശ്വാസം ചരിത്രഗതിയെ നിയന്ത്രിക്കുന്നതില്‍ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്കു കണക്കിലെടുക്കുമ്പോള്‍, യേശുവിനെ ഒരു കെട്ടുകഥയിലെ കഥാപാത്രമായി എഴുതിത്തള്ളുക അസാദ്ധ്യമാണ്. ചരിത്രത്തിലെ യേശുവിനെ, കാലാകാലങ്ങളില്‍ വിശ്വാസം വച്ചുചേര്‍ത്ത പൊടിപ്പും തൊങ്ങലുമെല്ലാം മാറ്റി, കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ ജര്‍മ്മനിയില്‍ ഈ അന്വേഷണം ഒരു ഹരം തന്നെ ആയിരുന്നു. അത്തരം അന്വേഷണങ്ങളുടെ ഭാഗമായി, യേശുവിന്റെ പല സുവിശേഷേതര ജീവചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ആ അന്വേഷണ പ്രക്രിയയുടേയും ജീവചരിത്രങ്ങളുടേയും ഒരു സമഗ്ര പഠനം തന്നെ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനും മിഷനറിയും മനുഷ്യസ്നേഹിയും നോബേല്‍ സമ്മാന ജേതാവുമായ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതിയിട്ടുണ്ട്. "ചരിത്രത്തിലെ യേശുവിനു വേണ്‍ടിയുള്ള അന്വേഷണം" (The Quest of Historial Jesus) എന്നാണ് പ്രസിദ്ധമായ ആ പഠനഗ്രന്ഥത്തിന്റെ പേര്.[16] അതില്‍, ഷ്വൈറ്റ്സര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിശ്വാസിയേയും അവിശ്വാസിയേയും ഒരുപോലെ ക്ഷോഭിപ്പിക്കുന്നവയായിരുന്നു. അവയുടെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്: സുവിശേഷങ്ങളുടെ ഇഴ പിരിച്ച് ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനുള്ള ശ്രമം വ്യര്‍ഥമാണ്. കാരണം സുവിശേഷങ്ങള്‍ ചരിത്രരേഖകളല്ല. അവ വിശ്വാസത്തിന്റെ രേഖകളാണ്. ആധുനിക കാലത്തെ, വിശ്വാസവുമായി വഴിപിരിഞ്ഞ സുവിശേഷേതര ജീവചരിത്രങ്ങളാകട്ടെ മിക്കവാറും അവ എഴുതിയ യുക്തിവാദികളുടെ മനോധര്‍മ്മ പ്രകടനങ്ങള്‍ മാത്രവുമാണ്.
ഷ്വൈറ്റ്സറുടെ നിഗമങ്ങള്‍ക്കു ശേഷം വലരെക്കാലത്തേക്ക് ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കുന്ന പഠനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് പിന്നെയും അത്തരം പഠനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട് [17]
ഇസ്ലാം മതത്തില്‍
ദൈവ പുത്രനായിട്ടല്ല ഇസ്ലാമില്‍ യേശുവിനെ ഉദ്ധരിച്ചിരിക്കുന്നത്. മറിച്ച് കാലാകാലങ്ങളില്‍ വഴി പിഴച്ച ജനതയെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ വേണ്ടി എല്ലാ സമ്യൂഹത്തിലും വരുന്ന പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്ലാം മതം പരിചയപ്പെടുത്തുന്നത്. ഇസ്ലാം വിശ്വാസികള്‍ യേശുവിനെ ഈസാനബി എന്നു വിളിക്കുന്നു.
ആധാരസൂചിക
- ↑ Bouteneff, Peter C. (2006). Sweeter Than Honey: Orthodox Thinking on Dogma and Truth. Crestwood: St. Vladimir's Seminary Press, p. 191. ISBN 0-88141-307-0.
- ↑ Eusebius, Life of Constantine
- ↑ Some of the historians and Biblical scholars who place the birth and death of Jesus within this range include D. A. Carson, Douglas J. Moo and Leon Morris. An Introduction to the New Testament. Grand Rapids, MI: Zondervan Publishing House, 1992, 54, 56
- ↑ Michael Grant, Jesus: An Historian's Review of the Gospels, Scribner's, 1977, p. 71; John P. Meier, A Marginal Jew, Doubleday, 1991–, vol. 1:214; E. P. Sanders, The Historical Figure of Jesus, Penguin Books, 1993, pp. 10–11, and Ben Witherington III, "Primary Sources," Christian History 17 (1998) No. 3:12–20.
- ↑ Based on Liddell & Scott's Greek-English Lexicon: The word Christ (Greek Χριστός, Christos, "the anointed one") is a literal translation of "mashiah" used in the Greek Septuagint version of the Bible, and derived from the Greek verb χριω "rub, anoint with scented unguents or oil, as was done after bathing," "anoint in token of consecration." - from: en:Messiah
- ↑ ലൂക്കാ 1:35
- ↑ ലൂക്കാ 2:11
- ↑ 1 കൊറി. 15:17
- ↑ James Leslie Houlden, "Jesus: The Complete Guide", Continuum International Publishing Group, 2005, ISBN 082648011X
- ↑ Prof. Dr. Şaban Ali Düzgün, "Uncovering Islam: Questions and Answers about Islamic Beliefs and Teachings", Ankara: The Presidency of Religious Affairs Publishing, 2004
- ↑
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. - ↑ http://www.hebrew4christians.com/Articles/Is_Christ_Jewish_/is_christ_jewish_.html
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
- ↑ All four Gospels agree in giving us a picture of a very definite personality. One is obliged to say: 'Here was a man. This could not have been invented.' HG Well-ന്റെ A Short History of the World എന്ന പുസ്തകത്തില്‍ നിന്ന്.
- ↑ http://www.geocities.com/paulntobin/sources.html#philo
- ↑ Quest of Historical Jesus
- ↑ http://www.infidels.org/library/modern/james_still/jesus_search.html
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികള്‍
- മതവീക്ഷണങ്ങള്‍
- Complete Sayings of Jesus Christ In Parallel Latin & English — The Complete Christ Sayings
- യേശു ക്രിസ്തു - കത്തോലിക്കാ വിജ്ഞാനകോശം
- Christian Foundations: Jesus articles from a Protestant perspective
- The Christ of India A Hindu perspective on Jesus
- An Islamic perspective on Jesus
- Ahmadiyya views on Jesus
- Jesus Christ, the Son of God articles from a Mormon perspective
- BiblicalStudies.org.uk Offers an extensive bibliography plus numerous full-text articles.
- Christ, the Messenger— Swami Vivekananda
- ചരിത്രപരവും വിമര്‍ശനാത്മകവുമായ വീക്ഷണങ്ങള്‍
- Overview of the Life of Jesus A summary of New Testament accounts.
- From Jesus to Christ — A Frontline documentary on Jesus and early Christianity.
- The Jewish Roman World of Jesus
- The Jesus Puzzle — Earl Doherty's website.

