ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്


കേരളത്തിന്റെ ആദ്യത്തെയും നാലാമത്തെയും മുഖ്യമന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 5, 1957 - ജൂലൈ 31, 1959
മാർച്ച് 6, 1967 - നവംബർ 1, 1969
മുൻ‌ഗാമി ആർ. ശങ്കർ
പിൻ‌ഗാമി പട്ടം താണുപിള്ള, സി. അച്യുതമേനോൻ

ജനനം 1909 ജൂൺ 13(1909-06-13)
ഏലംകുളം, പെരിന്തൽമണ്ണ, കേരളം
മരണം 1998 മാർച്ച് 19
തിരുവനന്തപുരം, കേരളം,
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി സി.പി.ഐ.(എം)
ജീവിത പങ്കാളി ആര്യ അന്തർജ്ജനം
സ്വദേശം പെരിന്തൽമണ്ണ, മലപ്പുറം


ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ (ആംഗലേയത്തിൽ E.M.S. Namboodiripad, ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

സമ്പത്തും, പ്രതാപവും ഏറെയുള്ള ഒരു നമ്പൂതിരി തറവാട്ടിലാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് ജനിച്ചത്. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു [1].

ഉള്ളടക്കം

ജനനം[തിരുത്തുക]

1909 ജൂൺ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപെട്ടഏറനാട് താലൂക്കിലെ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു . ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു. പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു,പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു. ശങ്കരന് ഇതു കൂടാതെ രണ്ട് സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയിലെ രാമനും ബ്രഹ്മദത്തനും.

ബാല്യം[തിരുത്തുക]

ഇല്ലത്തിന്റെ പഴക്കവും പ്രതാപവും കൊണ്ട് ആ പ്രദേശത്തിനും ഇല്ലത്തിന്റെ പേരു തന്നെയാണ് ലഭിച്ചത്. കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ. മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെമരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത്. ആചാരങ്ങളൾ സൃഷ്ടിച്ച ധാരാളം വേലികൾ ഇല്ലത്തുണ്ടായിരുന്നു. ബാലൻ ആയിരുന്ന കാലത്തുപോലും ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ശങ്കരനു പിന്തുടരേണ്ടി വന്നു. ഇരിക്കണമ്മമ്മാർ എന്ന വാല്യക്കാരത്തികൾ ആണ് അക്കാലത്ത് ശങ്കരന്റെ കാര്യങ്ങൾ നോക്കിയിരുന്നത്.പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു. പരമേശ്വരൻ കൂടാതെ അച്ഛൻ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ, ബ്രഹ്മദത്തൻ, ദേവകി, പാർവതി എന്നീ സഹോദരങ്ങളും ശങ്കരനുണ്ടായിരുന്നു.

അന്നത്തെ കേരളത്തിലെ അതിസമ്പന്നങ്ങളായ ചുരുക്കം നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഏലംകുളം മന, അവിടെ പ്രതിവർഷം പാട്ടം വരവ് 60,000 പറ നെല്ലിന്‌ 3,60,000 കിലോ ഗ്രാം അരി ഉണ്ടായിരുന്നു. വാല്യക്കാരും അടിച്ചു തെളിക്കാരുമായി വലിയ ഒരു ജനം മനയുടെ ആശ്രിതരായിട്ടുണ്ടായിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

മീറ്റ്ന അച്യുതവാര്യർ എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത്. അഞ്ചാമത്തെ വയസ്സിലായിരുന്നു ഇത്. നമ്പുതിരി കുടുംബങ്ങളിലെ പതിവിൽനിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതൻ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാൻ പഠിച്ചു. എന്നിരിക്കിലും ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്ത വയസ്സിലാണ്. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാൽ ഓത്ത് (ഋഗ്വേദം ഓർത്തു ചൊല്ലിപ്പഠിക്കൽ) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛൻ മരിച്ചതിനാൽ തുടർന്ന് പഠനം ഗുരുനാഥന്റെ വീട്ടിൽ ആക്കി.[2] കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂരന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ. ജ്യേഷ്ഠൻ വിവാഹിതനായതോടുകൂടി അതേ വരെ അദ്ദേഹം നടത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസം നിർത്തി , എലങ്കുളത്തുതന്നെ സ്ഥിരതാമസമാക്കി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാലും , കുറേക്കൂടി ഉയർന്ന വിദ്യാഭ്യാസനിലവാരം വേണം എന്ന ആഗ്രഹം ഉള്ളതിനാലും വീട്ടിൽ ഒരു ട്യൂട്ടറെ വെച്ച് പഠിപ്പു തുടർന്നു. ഇംഗ്ലീഷ് , കണക്ക് എന്ന വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത് ഈ സമയത്താണ്. രണ്ടോ മൂന്നോ മാസത്തെ ട്യൂഷന്റെ സഹായംകൊണ്ട് ഹൈസ്ക്കൂളിലെ മൂന്നാം ഫോറത്തിലോ , നാലാം ഫോറത്തിലോ ചേരാം എന്ന നിലയിലായി. അങ്ങിനെ 1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു.[3]

പരമേശ്വരൻ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് മനക്കലെ കാര്യങ്ങൾ നോക്കി നടത്താൻ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടർന്ന് ഇല്ലം നോക്കി നടത്താൻ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛൻ പരമേശ്വേരൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രൻ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു ആ ബാദ്ധ്യത ഏറ്റത്. മേച്ചേരി ഏട്ടൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താനിടയായി. പത്രമാസികൾ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകൾ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങൾ വരുത്തി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
Indicom.PNG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

എ.കെ. ഗോപാലൻ
പി. കൃഷ്ണപിള്ള
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
എസ്.എ. ഡാൻ‌ഗെ,ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാൻ എല്ലാവരും തുടങ്ങിയിരുന്നു. ഈ സമയത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ നമ്പൂതിരി വിദ്യാർത്ഥികളെ ഉദ്ദേശിച്ചു തുടങ്ങി. കാരണവർമാർ എതിർത്തിരുന്നെങ്കിലും പലരും അത് പഠിക്കാൻ മുതിർന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായി കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് പഠിച്ചു. ശങ്കരൻ ഹൈസ്ക്കൂൾ പഠന കാലത്ത് അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സാമൂഹിക പ്രവർത്തനങ്ങളോടുള്ള ഇഷ്ടം സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.[4]

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേ കാലം ശങ്കരൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറം ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരൻ പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു. മൂന്നാം ഫാറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി. അതിനുള്ളിൽ തന്നിൽ വളർന്നുവന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ, കളികൾ എന്നിവയിൽ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന് അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നു എങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം പിന്നീട് വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം.പി. ഗോവിന്ദമേനോൻ ആയിരുന്നു. vഅഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ.

സാമൂഹ്യ-രാഷ്ട്രീയരംഗത്ത്[തിരുത്തുക]

നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി. [5]. ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിൽ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ്. നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം[6].

സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. സൈമൺ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങൾ ഉയർന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂർ വച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നടന്നു. അതിൽ വച്ച് മിതവാദികൾ സ്വരാജ് മതിയെന്നും തീവ്രവാദികൾ പൂർണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങൾ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു. സൈമൺ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെമ്പാടും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചപ്പോഴും വിദ്യാർത്ഥിയായിരുന്ന ഇ എം എസ് അതിൽ പങ്കാളിയായില്ല. ഈ ഭീരുത്വം പിൽക്കാലത്ത് മനസ്സിനെ മഥിച്ചതും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു വണ്ടികയറുന്നതിനു കാരണമായെന്നു ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അഭിപ്രായപ്പെടുന്നു.

ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി അദ്ദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയിൽ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തിൽ കാരണവർക്കുള്ള അധികാരം കുറച്ച് മറ്റുള്ളവർക്കും മാന്യമായി ജീവിക്കാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. അങ്ങാടിപ്പുറം സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായി അദ്ദേഹം.

ഭാര്യ ആര്യാ അന്തർജ്ജനത്തിനൊപ്പം ജർമ്മനിയിൽ ഒരു ഒഴിവുകാലത്ത്

രാഷ്ട്രീയരംഗത്ത്[തിരുത്തുക]

സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ ആരംഭിച്ചു. എന്നാൽ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു. ഇത് അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.

1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജൂനിയർ ഇൻറർമീഡിയേറ്റിനു ചേർന്നു. അന്നു മുതൽ 1932 വരെ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോൾ എന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.

1931ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളിൽ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികൾ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവർ മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരണ ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വൻപിച്ച ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂർ, കണ്ണൂർ ജയിലുകളിലായാണ് അദ്ദേഹത്തെ തടവിൽ പാർപ്പിക്കപ്പെട്ടത്. കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂർ ജയിലിൽ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂർ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവർത്തിത്വം ഉണ്ടായി. അതിൽ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂർത്തി എന്നിവർ.

തടവിൽനിന്ന് പുറത്തു വന്ന ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവർത്തനം.1932-കോളേജ് വിട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കാൻ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്. പാർട്ടി ജനറൽ സെക്രട്ടറിയായി. അതോടൊപ്പം പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത തീർക്കുന്നതിനായി പാർട്ടി ചെയർമാൻ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു.

ചൈനയും ഇന്ത്യയുമായി 1962 ൽ യുദ്ധമുണ്ടായപ്പോൾ ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്ച്യുത മേനോൻ എന്നിവർ ഉൾപ്പെടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാൽ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു.

ആദ്യ ജയിൽവാസം[തിരുത്തുക]

1932 ൽ നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനാണ് ഇ.എം.എസിനെ ആദ്യമായി പോലീസ് അറസ്റ്റുചെയ്യുന്നത്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് കമ്മറ്റിയുടെ രണ്ടാം സർവാധിപതിയായിരുന്നു ശങ്കരൻ നമ്പൂതിരിപ്പാട് അപ്പോൾ. വിചാരണയിൽ പങ്കുകൊള്ളുന്നില്ല എന്ന് ദൃഢനിശ്ചയത്തോടെ കോടതിയിൽ വിളിച്ചു പറഞ്ഞു ഇ.എം.എസ്. ഇ.എം.എസിന്റെ പേരിൽ ഐ.പി.സി 145 ഉം , ക്രിമിനൽ ലോ അമന്റ്മെന്റ് ആക്ടിലെ 17(2) വകുപ്പുപ്രകാരവും കേസെടുത്തതായി മജിസ്ട്രേറ്റ് അറിയിച്ചു. ഇ.എം.എസിന് മൂന്ന് കൊല്ലക്കാലം തടവ് , നൂറു രൂപ പിഴ പിഴയടക്കാഞ്ഞാൽ നാലുമാസം അധിക തടവ്. [7]


ഒളിവു ജീവിതം[തിരുത്തുക]

രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രിൽ 28 മുതൽ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതൽ 1951 ഒക്ടോബർ വരെയും. കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഗവർണ്മെൻറ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ ഒളിവിൽ പോകാൻ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാർട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവർത്തനങ്ങലിലും പാർട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാർട്ടിക്കത്ത്’ അച്ചടിച്ചു. മാർക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവർഷക്കാലം അവിടെ താമസിച്ചു. അക്കാലത്ത് പൊക്കന്റെ മാസവരുമാനം ഏതാണ്ട് ഏഴുരൂപ ആയിരുന്നു. ഇ.എം.എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് അധികാരികൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്ത ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകർഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങൾ കർഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളർത്തി. [8]


ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ[തിരുത്തുക]

ഇ.എം.എസിന്റെ കൈപ്പട

1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. എന്നാൽ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[9] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.[10] [11]. ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.

മുഖ്യമന്ത്രി സ്ഥാനത്ത്[തിരുത്തുക]

ഇ. എം. എസ്. കൊല്ലത്തെ ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തുന്നു

ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവർ പാസ്സാക്കി. ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ചു. അതിൽ കൂടുതൽ ഉള്ള ഭൂമി കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു. വിദ്യാഭ്യാസ ബില്ല് അദ്ധ്യാപകരുടെ ക്ഷേമം വർദ്ധിപ്പിക്കുവാനുതകുന്നതും മാനേജ്മെന്റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു. എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു. കൂടാതെ കാർഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരിൽ ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു. നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാരിനെതിരെ സമരം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു നാട്ടിലെ ക്രമസമാധാന നില തകരാറിലായി എന്ന കാരണത്താലാണ് അപ്രകാരം ചെയ്തത്. പിന്നീട് കോടതി നിർദ്ദേശപ്രകാരം ഈ നിയമങ്ങൾക്ക് പകരം മറ്റു നിയമങ്ങൾ ഉണ്ടാക്കപ്പെട്ടു. അത് കോടതിയിൽ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും 1967 ൽ അധികാരത്തിൽ വന്നപ്പോൾ പുതിയ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നു. ജന്മി സമ്പ്രദായം പൂർണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു. അന്ന് യാതൊരു എതിർപ്പുമില്ലാതെയാണ് ഈ നിയമംപാസ്സാക്കപ്പെട്ടത്.

കുടുംബജീവിതം[തിരുത്തുക]

കുടുംബാംഗങ്ങൾ

ജയിൽവാസത്തിനിടക്ക് തൊട്ടു തിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട് കല്പിച്ചുവെങ്കിലും ജയിൽ വാസത്തിനുശേഷം ഇ.എം.എസിനോട് അവരുടെ ഇല്ലത്താർക്കും വിദ്വേഷമോ പകയോ ഉണ്ടായില്ല. ഇ.എം.എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം. 1936 ഇൽ ഇല്ലം ഭാഗം വയ്ക്കുന്ന സമയത്ത് ഒരോഹരി കൂടുതൽ കിട്ടുന്നതിനായി വിവാഹം കഴിക്കാൻ അദ്ദേഹത്തിന്റെ മേൽ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല. ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം.

വിവാഹം[തിരുത്തുക]

വിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലിൽ വച്ച് തീണ്ടിത്തിന്നതിനും ഇരട്ട ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന് പല തറവാടുകളും വിസമ്മതിച്ചു. അവസാനം രാഷ്ട്രീയ വിപ്ലവകാരിയോ സാമുദായിക കലാപകാരിയോ അല്ലെങ്കിലും ലോകകാര്യങ്ങളിൽ തല്പരനായിരുന്ന പരിഷ്കൃതമനസ്സിനുടമയുമായ കുടമാളൂർ തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള ആര്യ അന്തർജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇ.എം.എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയക്കാൻ തയ്യാറായത്. 1937 ഒക്ടോബർ ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനു നിരവധിപേർ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു. വിചിത്രമായി തോന്നാമെങ്കിലും മതാചാരപ്രകാരമായിരുന്നു വിവാഹം. മാത്രവുമല്ല, സ്വന്തം സമുദായത്തിലെ ഉത്പതിഷ്ണുക്കൾ അനാചാരം എന്നു കരുതിയ സ്ത്രീധനവും അദ്ദേഹം സ്വീകരിച്ചു. ഭാര്യയുടെ സഹോദരൻ നല്കാൻ തയ്യാറായ തുക വാങ്ങുകമാത്രമേ ചെയ്തുള്ളൂ എന്നാണ് നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത്. നമ്പൂതിരിപ്പാടിന്റെ അന്തർജ്ജനവുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിന്നിടെ 6500 രൂപ ഇ എം എസ് സ്ത്രീധനം വാങ്ങിച്ചതിനെപ്പറ്റി അവർ പറഞ്ഞതിനെക്കുറിച്ച് ചിന്തയിലെ പംക്തിയിൽ ഇദ്ദേഹം നല്കിയ വിശദീകരണത്തിലായിരുന്നു ഇത്.

അതു വേണ്ടെന്നോ ആ തുക പോരെന്നോ പറയാതെ വിവാഹം നടത്താൻ ഏർപ്പാട് ചെയ്യുകയാണുണ്ടായത്. [12]

1937 ഒക്ടോബറിൽ (തുലാമാസം ഒന്നാം തീയതി) വിവാഹം നടന്നു. തന്റെ എച്ചിൽ പത്നിയെ തീറ്റുന്ന ചടങ്ങിനു താനില്ലെന്ന് ഇ.എം.എസ് നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നു. അക്കാലത്ത് നമ്പൂതിരിമാരുടെ ഇടയിൽ നടന്നിരുന്ന ഒരു ചടങ്ങായിരുന്നു അത്. ഭർത്താവിന്റെ എച്ചിൽ ഭാര്യ കഴിക്കുക എന്നത്. [13]

കുട്ടികൾ[തിരുത്തുക]

അവസാന കാലം[തിരുത്തുക]

1998 മാർച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[14]

സാംസ്കാരിക സൈദ്ധാന്തിക സംഭാവനകൾ[തിരുത്തുക]

EMS at Kollam1.jpeg

ഇ എം എസ് കേരള ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഇന്ത്യയിൽ നിലനിൽക്കുന്ന, അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.[അവലംബം ആവശ്യമാണ്]

പ്രധാന കൃതികൾ[തിരുത്തുക]

1926ൽ പാശുപതം മാസികയിലാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത് . ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും എന്ന ലേഖനം 1927ൽ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു . തുടർന്ന് രാഷ്ട്രീയവും, സാമൂദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ലഘുലേഖകൾ അനവധിയാണ് . ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്. ഇ.എം.എസ്സിന്റെ സമ്പൂർണ്ണ കൃതികൾ നൂറു ഭാഗങ്ങളായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധപ്പെടുത്തി വരുന്നു.

ഇംഗ്ലീഷിൽ[തിരുത്തുക]

  • A Short History of the Peasant Movement in Kerala (1943)
  • National Question in Kerala (1951)
  • Mahatma and his Ism (1958)
  • Problems of National Integration (1966)
  • What really happened in Kerala ( 1966)
  • Economics and Politics of India's Socialist Pattern (1966)
  • India under Congress rule (1967)
  • Kerala yesterday today and tomorrow (1967)
  • Conflicts and Crisis (1964)
  • Indian Planning in crisis (1974)
  • Marxism and literature (1975)
  • How I became a Communist (1976)
  • Crisis into Chaos (1981)
  • Selected writings Vol 1 (1982)
  • Kerala society and Politics: A historical survey (1984)
  • Selected writings Vol II (1985)
  • A history of Indian freedom Struggle (1986)
  • reminiscence of an Indian Communist (1987)
  • Nehru: Ideology and Practice (1988)

മലയാളത്തിൽ[തിരുത്തുക]

  • ആത്മകഥ
  • മാർക്സിസവും മലയാള സാഹിത്യവും
  • മാർക്സിസം-ലെനിനിസം ഒരു പാഠപുസ്തകം
  • കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
  • ഗാന്ധിയും ഗാന്ധിസവും
  • ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ
  • ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ
  • മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ
  • വായനയുടെ ആഴങ്ങളിൽ
  • കേരളം-മലയാളികളുടെ മാതൃഭൂമി
  • കേരളചരിത്രവും സംസ്‌കാരവും - ഒരു മാർക്‌സിസ്റ്റു വീക്ഷണം
  • ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനം
  • യൂറോകമ്യൂണിസവും ഇന്ത്യൻ വിപ്ലവവും
  • ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം
  • ഏഷ്യൻ ഡയറി
  • യൂറോപ്യൻ ഡയറി
  • എന്റെ പഞ്ചാബ് യാത്ര
  • കമ്യൂണിസം കെട്ടിപ്പെടുക്കുന്നവരുടെ കൂടെ
  • റഷ്യ-ചൈന സന്ദർശനങ്ങൾ
  • ബലിൻ ഡയറി
  • അർത്ഥശാസ്ത്രം
  • കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി പ്രധാന ചോദ്യങ്ങൾ,
  • മാർക്‌സിസത്തിന്റെ ബാലപാഠം
  • മാർക്‌സിസവും മലയാളസാഹിത്യവും
  • തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • സമൂഹം ഭാഷാ സാഹിത്യം
  • ആശാനും മലയാളസാഹിത്യവും
  • കേരളത്തിലെ ദേശീയ പ്രശ്‌നം

ജീവചരിത്രങ്ങൾ[തിരുത്തുക]

ഒന്നിലധികം ജീവചരിത്രങ്ങൾ ഇ.എം.എസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട് .

അറിയപ്പെടാത്ത ഇ.എം.എസ് - അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ദേശാഭിമാനിയിൽ റിപ്പോർട്ടറായിരുന്ന ശ്രീ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയാണ് ആധികാരികമായി ജീവചരിത്രം. ഒരു ചോദ്യോത്തരപംക്തിപോലെ പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം താൻ പകർത്തിയെടുത്തതെന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്.

ഗ്രന്ഥസൂചി[തിരുത്തുക]

വള്ളിക്കുന്ന്, അപ്പുക്കുട്ടൻ (1987). അറിയപ്പെടാത്ത ഇ.എം.എസ്. കേരളം: ശക്തി പബ്ലിഷേഴ്സ്. 

അവലംബം[തിരുത്തുക]

  1. അപ്പുക്കുട്ടൻ, വള്ളിക്കുന്ന് (1984). "അറിയപ്പെടാത്ത ഇ.എം.എസ്.". ജീവചരിത്രം (ശക്തി പബ്ലിഷേഴ്സ്): 50. 
  2. ഇ.എം.എസ്. നമ്പൂതിരിപ്പാട്; ഇ.എം.എസ്. ആത്മകഥ., നാലാം എഡിഷൻ ചിന്ത പബ്ലീഷേഴ്സ്, തിരുവനന്തപുരം, 695001, കേരളം 1998
  3. ഇ.എം.എസ്. നമ്പൂതിരിപ്പാട്; ഇ.എം.എസ്. ആത്മകഥ., നാലാം എഡിഷൻ ചിന്ത പബ്ലീഷേഴ്സ്, തിരുവനന്തപുരം, 695001, കേരളം 1998 , സ്ക്കൂൾ വിദ്യാഭ്യാസം എന്ന ഭാഗം
  4. വള്ളിക്കുന്ന്, അപ്പുക്കുട്ടൻ (1984). "അറിയപ്പെടാത്ത ഇ.എം.എസ്.". ജീവചരിത്രം (ചിന്ത പബ്ലിഷേഴ്സ്) 15 (4): 115. 
  5. പി. ഗോവിന്ദപ്പിള്ള ഫ്രണ്ട് ലൈനിൽ എഴുതിയ ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 7 ഹിന്ദുഓൺലൈൻ
  6. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 768. 2012 നവംബർ 12. ശേഖരിച്ചത് 2013 മെയ് 18. 
  7. അപ്പുക്കുട്ടൻ വള്ളിക്കുന്ന്; അറിയപ്പെടാത്ത ഇ.എം.എസ്; അദ്ധ്യായം 38; പ്രസാധകർ ശക്തി പബ്ലിഷേഴ്സ്; പെരുന്തൽമണ്ണ 1987
  8. അനിൽകുമാർ എ.വി; ചരിത്രത്തിനൊപ്പം നടന്ന ഒരാൾ; പ്രസാധകർ ഫോക്കസ് ബുക്സ്, തിരുവനന്തപുരം. 1993.
  9. "കേരള നിയമസഭയുടെ ചരിത്രം" (in ഇംഗ്ലീഷ്). പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ. "ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ - 60 സീറ്റുകളോടെ അധികാരത്തിൽ." 
  10. ചഡ്ഡി ജഗന്റെ ജീവചരിത്ര വെബ്സൈറ്റ് ശേഖരിച്ചത് തിയ്യതി 2007-04-26
  11. [സൈറ്റ് "കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമ്പതാം വാർഷികത്തിൽ"] Check |url= scheme (help) (in ഇംഗ്ലീഷ്). മലയാള മനോരമ. ഏപ്രിൽ 4,. ശേഖരിച്ചത് 2007-04-22. 
  12. സഞ്ചിക 53, സമ്പൂർണ്ണ കൃതികൾ. pp. 294–298.  Missing or empty |title= (help)
  13. അപ്പുക്കുട്ടൻ വള്ളിക്കുന്ന്; അറിയപ്പെടാത്ത ഇ.എം.എസ്; അദ്ധ്യായം 62
  14. ഇം.എം.എസിന്റെ മരണത്തെക്കുറിച്ച് റീഡിഫ്-നെറ്റ് ഇൽ വന്ന ലേഖനം ശേഖരിച്ച തിയ്യതി 2007 മാർച്ച് 15

കുറിപ്പുകൾ[തിരുത്തുക]

  • ^ He attracted world attention in 1957 when he headed the first Communist ministry in Kerala, the first democratically-elected such ministry in the world. His ministry, however, did not last long and was brought down by Congress machinations. It took EMS eight turbulent years to return to power. from http://www.rediff.com/news/1998/mar/19ems.htm.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
(ഇല്ല)
കേരളത്തിലെ മുഖ്യമന്ത്രിമാർ
1957– 1959
പിൻഗാമി
പട്ടം താണുപിള്ള
മുൻഗാമി
ആർ. ശങ്കർ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1967– 1969
പിൻഗാമി
സി. അച്യുതമേനോൻ


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...