ഇമ്മാനുവേല്‍ കാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇമ്മാനുവേല്‍ കാന്റ്
പടിഞ്ഞാറന്‍ തത്ത്വചിന്ത
പതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്ത

ഇമ്മാനുവേല്‍ കാന്‍റ്
പൂര്‍ണ്ണനാമം ഇമ്മാനുവേല്‍ കാന്‍റ്
School/tradition കാന്റിയനിസം, ജ്ഞാനോദയ തത്ത്വചിന്ത
Main interests ജ്ഞാനസിദ്ധാന്തം, തത്ത്വമീമാംസ, സന്മാര്‍ഗശാസ്ത്രം
Notable ideas സാര്‍വത്രിക അനുപേക്ഷണീയത്, അതീന്ദ്രിയ ആശയവാദം, Synthetic a priori, Noumenon, Sapere aude, Nebular hypothesis
ഒപ്പ് Autograph-ImmanuelKant.png

പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജര്‍മ്മന്‍ തത്ത്വചിന്തകനാണ് ഇമ്മാനുവേല്‍ കാന്‍റ് (1724 ഏപ്രില്‍ 22-1804 ഫെബ്രുവരി 12) . പൊതുവേ, ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി അദ്ദേഹം കണക്കാക്കപ്പെട്ടുപോരുന്നു.[1] ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ (Critique of Pure Reason) താന്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച് അദ്ദേഹം തന്നെ പറഞ്ഞത് അവ "തത്ത്വചിന്തയില്‍ ഒരു കോപ്പര്‍നിക്കന്‍ വിപ്ലവം സാധിച്ചു" എന്നാണ്. [ക] അദ്ദേഹത്തിന്റെ പ്രധാനകൃതിയായ "ശുദ്ധയുക്തിയുടെ വിമര്‍ശനം" യുക്തിയെക്കുറിച്ചുതന്നെയുള്ള ഒരന്വേഷണമാണ്. പരമ്പരാഗതമായ തത്ത്വമീമാംസയുടേയും (Metaphysics) ജ്ഞാനസിദ്ധാന്തത്തിന്റേയും (Epistemology) നിശിതമായ വിമര്‍ശനവും ഈ വിഷയങ്ങളെക്കുറിച്ചുള്ള കാന്റിന്റെ നിലപാടുകളും അതില്‍ അടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ പക്വമായ ചിന്തകളടങ്ങുന്ന മറ്റൊരു കൃതിയായ പ്രായോഗിക യുക്തിയുടെ വിമര്‍ശനത്തിന്റെ (Critique of Practical Reason) വിഷയം ധര്‍മ്മശാസ്ത്രമാണ്. വേറൊരു കൃതിയായ "തീരുമാനങ്ങളുടെ വിമര്‍ശനം" (Critique of Judgement) ചര്‍ച്ച ചെയ്യുന്നത് സൗന്ദര്യശാസ്ത്രവും (aesthetics) പ്രയോജനവാദവുമാണ് (teleology).


കാന്റിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ തത്ത്വചിന്തക്ക് യൂറോപ്പില്‍ പ്രത്യേകിച്ച് ജര്‍മ്മനിയില്‍, വലിയ പ്രചാരം കിട്ടി. ഫിച്ചേ, സില്ലിങ്ങ്, ഹേഗല്‍, ഷോപ്പന്‍ഹോവര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ചിന്താപദ്ധതിയെ തിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകവഴി ജര്‍മ്മന്‍ ആശയവാദത്തിന് ജന്മം കൊടുത്തു. തത്ത്വചിന്തയുടെ ലോകത്തില്‍ കാന്റ് ഇന്നും ഒരു വലിയ സ്വാധീനമാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ബാല്യം

പഴയ ‍പ്രഷ്യന്‍ രാഷ്ട്രത്തിന്റെ ഭാഗമായിരുന്ന കോനിഗ്സ്ബെര്‍ഗില്‍ 1724-ലാണ് കാന്റ് ജനിച്ചത്. (ഇപ്പോള്‍ കോണിഗ്സ്ബര്‍ഗ്, കാലിനിന്‍ഗ്രാഡ് എന്ന പുതിയ പേരില്‍ റഷ്യയുടെ ഭാഗമാണ്.) മാതാപിതാക്കന്മാരുടെ പതിനൊന്നു മക്കളില്‍ അദ്ദേഹം നാലാമനായിരുന്നു. (പതിനൊന്നു മക്കളില്‍ അഞ്ചു പേരൊഴിച്ചുള്ളവര്‍ ബാല്യത്തില്‍ മരിച്ചു.) മമ്മോദീസായില്‍ അദ്ദേഹത്തിന് എമ്മാനുവേല്‍ എന്നാണ് പേരിട്ടത്. എന്നാല്‍ പ്രായപൂര്‍ത്തിയായി ഹെബ്രായ ഭാഷ പഠിച്ചപ്പോള്‍ അദ്ദേഹം പേര്, ദൈവം നമ്മോടുകൂടി എന്ന അതിന്റെ അര്‍ഥത്തിന് ചേരും വിധം, ഇമ്മാനുവേല്‍ എന്നാക്കി.[2] അന്ന് കിഴക്കന്‍ പ്രഷ്യയുടെ തലസ്ഥാനമായിരുന്ന കോനിഗ്സ്ബര്‍ഗ്ഗിലും സമീപത്തുമായാണ് അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഒരിക്കലും അവിടന്ന് നൂറുമൈലിലധികം യാത്രചെയ്തിട്ടില്ല.[3]കാന്റിന്റെ പിതാവായിരുന്ന ജൊഹാന്‍ ജോര്‍ജ് കാന്റിന്റെ സ്വദേശം, ഇന്ന് ലിത്വാനിയയിലുള്‍പ്പെടുന്നതും അന്ന് പ്രഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറന്‍ നഗരമായിരുന്നതുമായ മെമെല്‍ ആയിരുന്നു. അമ്മ അന്നാ റെജീനാ പോര്‍ട്ടര്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ്ഗില്‍ നിന്നായിരുന്നു. കുതിരകളുടെ ജീനിയും സ്റ്റിറപ്പും നിര്‍മ്മിക്കുന്നത് തൊഴിലാക്കിയ ഒരു സ്കോട്ട്ലന്‍ഡുകാരന്റെ മകളായിരുന്നു അവര്‍. ചെറുപ്പത്തില്‍ ഏറെ കേമത്തം കാട്ടാത്ത ഒരു നല്ല വിദ്യാര്‍ഥിയായിരുന്നു കാന്റ്. തീഷ്ണമായ മതവിശ്വാസത്തിനും, വിനയത്തിനും, ബൈബിളിന്റെ അക്ഷരാര്‍ഥത്തിലുള്ള വ്യാഖ്യാനത്തിനും പ്രാധാന്യം കല്പിച്ച കുടുംബാന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. അതുമൂലം, കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത്. അത് കര്‍ശനവും, ശിക്ഷകള്‍ നിറഞ്ഞതും, അച്ചടക്കത്തിലൂന്നിയതും ആയിരുന്നു. ഗണിതം, ശാസ്ത്രം എന്നിവയേക്കാള്‍ മുന്‍തൂക്കം നല്‍കപ്പെട്ടത് ലത്തീനിനും മതപഠനത്തിനും ആയിരുന്നു. [4]

[തിരുത്തുക] യുവപണ്ഡിതന്‍

പഠനത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു കാന്റ്. ആദ്യം കോളേജിയം ഫ്രെഡറിക്കാനം എന്ന വിദ്യാലയത്തിലും തുടര്‍ന്ന് പതിനാറാമത്തെ വയസ്സില്‍ കോണിഗ്സ്ബര്‍ഗ്ഗ് സര്‍വകലാശാലയിലും അദ്ദേഹം ചേര്‍ന്നു. സര്‍വകലാശാലയില്‍ മാര്‍ട്ടിന്‍ ന്യൂട്ട്‌സന്‍ എന്ന യുക്തിചിന്തകന്റെ കീഴില്‍ ലീബ്നീറ്റ്സ്, വോള്‍ഫ് എന്നിവരുടെ തത്ത്വചിന്ത പഠിച്ചു. ന്യൂട്ടന്റെ പുതിയ ഗണിതാധിഷ്ഠിതഭൗതികശാസ്ത്രം കാന്റിന് പരിചയപ്പെടുത്തിയത് ന്യൂട്ട്‌സന്‍ ആണ്. എല്ലാ വാദങ്ങളേയും പൊതിഞ്ഞ് നൈസര്‍ഗ്ഗികമായ ഒരു തന്ത്രീലയം നിലകൊള്ളുന്നു എന്ന വാദം (The theory of pre-established harmony) സ്വീകരിക്കുന്നതില്‍ നിന്ന് കാന്റിനെ ന്യൂട്ട്‌സന്‍ നിരുത്സാഹപ്പെടുത്തി. ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പരമ്പരാഗതമായ ആശയവാദത്തിനും ന്യൂട്ട്‌സന്‍ എതിരായിരുന്നു. ന്യൂട്ട്‌സന്റെ സ്വാധീനഫലമായി, ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ തന്റെ അതീന്ദ്രിയ ആശയവാദം (Transcendental Idealism) അവതരിപ്പിച്ചശേഷവും എല്ലാ യാഥാര്‍ഥ്യവും മാനസികമാണെന്ന പരമ്പരാഗത ആശയവാദത്തെ ആ കൃതിയുടെ രണ്ടാം ഭാഗത്ത് കാന്റ് വിമര്‍ശിച്ചു. 1746-ല്‍ പിതാവിന്റെ മരണം കാന്റിന്റെ പഠനത്തെ ബാധിച്ചു. അമ്മ നേരത്തേ മരിച്ചിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലായ അദ്ദേഹം സമീപനഗരങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ നല്‍കിയും മറ്റും ഉപജീവനം കണ്ടെത്താന്‍ നിര്‍ബ്ബന്ധിതനായി. എന്നാല്‍ അതിനിടയിലും അദ്ദേഹം തന്റെ വിജ്ഞാനസപര്യ തുടര്‍ന്നു. 1749-ല്‍ കാന്റ് തത്ത്വചിന്തയിലെ തന്റെ ആദ്യകൃതി പ്രസിദ്ധീകരിച്ചു. "ജീവശക്തികളുടെ യഥാര്‍ഥവിലമതിപ്പിനെക്കുറിച്ചുള്ള ചിന്തകള്‍" (Thoughts on the True Estimation of Living Forces) എന്നായിരുന്നു അതിന്റെ പേര്. 1755-ല്‍ കാന്റ്, സര്‍വകലാശാലയില്‍ ലെക്‌ചറര്‍ ആയി നിയമിതനായി. തത്ത്വമീമാംസയായിരുന്നു അദ്ദേഹം പഠിപ്പിച്ചത്. വേതനത്തോടുകൂടിയ നിയമനമല്ലായിരുന്നു ഇത്. അദ്ധ്യാപകന്റെ വരുമാനം ക്ലാസ്സില്‍ സംബന്ധിക്കുന്നവര്‍ നല്‍കുന്ന ഫീസ് മാത്രമായിരുന്നു.


തുടര്‍ന്ന് 1755-ല്‍ എഴുതിയ പ്രകൃതിയുടെ പൊതുചരിത്രവും ആകാശങ്ങളുടെ സിദ്ധാന്തവും എന്ന കൃതിയില്‍ സൗരയൂഥം നെബുല എന്നു വിളിക്കാവുന്ന ഒരു വലിയ വാതകമേഘത്തില്‍ നിന്നാണ് രൂപം കൊണ്ടതെന്ന നെബുല സിദ്ധാന്തം അവതരിപ്പിച്ചു. സൗരയൂഥത്തിന്റെ ക്രമം ആദിമുതലേയുള്ള ദൈവികസം‌വിധാനത്തിന്റെ ഫലമാണെന്നാണ് നേരത്തേ ന്യൂട്ടന്‍ വിശദീകരിച്ചിരുന്നത്. ഭ്രമണം ചെയ്യുന്ന വളരെ വലിയൊരു നെബുലയില്‍ നിന്ന് രൂപം കൊണ്ട ഒരു വലിയ തളികാകാരമായ നക്ഷത്രസമൂഹമാണ് ക്ഷീരപഥമെന്നുകൂടി കാന്റ് സിദ്ധാന്തിച്ചു. വിദൂരങ്ങളായ നെബുലകളില്‍ മറ്റു താരാപഥങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടികാട്ടി. കാന്റിന്റെ ഈ അഭ്യൂഹങ്ങള്‍ സൗരയൂഥത്തിനപ്പുറം താരാപഥങ്ങളിലേക്കും അവക്കപ്പുറത്തേക്കുമുള്ള ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് വഴിതുറക്കാന്‍ പോന്നവയായിരുന്നു. എന്നാല്‍ അവയുടെ പ്രാധാന്യം ശ്രദ്ധിക്കപ്പെട്ടത് കാന്റിന്റെ മരണശേഷം പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ്.

[തിരുത്തുക] പ്രൊഫസര്‍, അന്വേഷണം

ശാസ്ത്രവിഷയങ്ങളിലുള്ള കാന്റിന്റെ താത്പര്യം തുടര്‍ന്നെങ്കിലും അദ്ദേഹം പിന്നീട് കൂടുതലും ശ്രദ്ധവച്ചത് തത്ത്വചിന്തയിലാണ്. 1764-ല്‍ ബര്‍ളിന്‍ അക്കാദമി നടത്തിയ ഒരു മത്സരത്തില്‍ കാന്റിന്റെ ലേഖനം രണ്ടാം സ്ഥാനം നേടി. സ്വാഭാവിക ദൈവശാസ്ത്രത്തിന്റേയും സദാചാരത്തിന്റേയും തത്ത്വങ്ങളുടെ വ്യതിരിക്തത (Distinctness of the Principles of Natural Theology and Morality) എന്നാതായിരുന്നു ലേഖനവിഷയം. കാന്റിന്റെ ഈ ലേഖനം, സമ്മാനിതലേഖനം (Prize Essay) എന്ന പേരിലാണ് സാധാരണ പരാമര്‍ശിക്കപ്പെടാറ്.


1770-ല്‍ 45 വയസ്സുള്ളപ്പോള്‍ കാന്റ്, കോണിഗ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ തര്‍ക്കസാസ്ത്രത്തിന്റേയും തത്ത്വമീമാംസയുടേയും പ്രൊഫസറായി നിയമിതനായി. പ്രൊഫസറെന്ന നിലയിലുള്ള അരങ്ങേറ്റപ്രഭാഷണത്തില്‍ അദ്ദേഹം തന്റെ പില്‍ക്കാലകൃതികളിലെ കേന്ദ്രപ്രമേയങ്ങള്‍ പലതും പരാമര്‍ശിച്ചു. ബുദ്ധിപരമായ ചിന്തയും ഇന്ദ്രിയസം‌വേദനവും തമ്മിലുള്ള വ്യത്യാസത്തിലുള്ള ഊന്നല്‍ ഈ പ്രമേയങ്ങളില്‍ ഒന്നായിരുന്നു. കാന്റിനെ അലട്ടിയിരുന്ന പ്രശ്നം ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ മനസ്സിന്റെ തത്ത്വചിന്ത (Philosophy of the Mind) എന്നു വിളിക്കുന്നതാണ്. പ്രകൃതിശാസ്ത്രങ്ങളിലെ പുരോഗതി, വിവരങ്ങള്‍ ‍തലച്ചോറില്‍ എത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിപുലമായ അറിവിന് കാരണമായിരുന്നു. ഉദാഹരണമായി, സൂര്യപ്രകാശം ഒരു വിദൂരവസ്തുവില്‍ പതിക്കുമ്പോള്‍ അതിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രകാശം, ഉപരിതലത്തിന്റെ നിറം, പ്രതലപ്രകൃതി തുടങ്ങിയ സ്വഭാവങ്ങള്‍ കാണിക്കുമാറ് പ്രതിഫലിക്കുന്നു. പ്രതിഫലിതമായ ഈ പ്രകാശം കാഴ്ചക്കാരനായ മനുഷ്യന്റെ കണ്ണിലെത്തി കൃഷ്ണമണികടന്നുകഴിയുമ്പോള്‍ ലെന്‍സിനാല്‍ നേത്രപടലത്തില്‍ കേന്ദ്രീകരിക്കപ്പെടുകയും അവിടെ പിന്‍ഹോള്‍ ക്യാമറയിലുണ്ടാകുന്നതരം ഒരു പ്രതിബിംബം സൃഷ്ടിക്കയും ചെയ്യുന്നു. ഈ പ്രതിബിംബം നേത്രപടലത്തിലെ കോശങ്ങളില്‍ ഉളവാക്കിയ പ്രതികരണങ്ങള്‍ ചക്ഷുനാടികള്‍ വഴി തലച്ചോറിലെത്തുമ്പോള്‍ അവിടെ വസ്തുവിന്റെ ദൃശ്യഭാവത്തിന്റെ ഒരു ചിത്രം രൂപപ്പെടുന്നു. ഉള്ളിലെ ചിത്രവും അതിന് വിഷയമായ വെളിയിലെ വസ്തുവും ഒന്നല്ല. വസ്തുവും തലച്ചോറിലെ ചിത്രവും തമ്മില്‍ പരിഗണനാര്‍ഹമായ എന്തെങ്കിലും ബന്ധമുണ്ടെന്ന നമ്മുടെ വിശ്വാസം വലിയ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു തര്‍ക്കശൃംഖലയെ (Chain of Logic) ആശ്രയിച്ചിരിക്കുന്നു. വിവരങ്ങള്‍ സംവഹിച്ചെത്തുന്ന നീണ്ട കുഴലുകളുടെ അറ്റത്ത് അവയെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുന്ന കേവലമായൊരു കാലിപ്പാത്രമായി മനസ്സിനെ സങ്കല്പ്പിക്കുന്നത് ശരിയല്ലെന്നും, വന്നുചേരുന്ന വിവരങ്ങള്‍ക്ക് എങ്ങനെയോ ക്രമവും അര്‍ഥവും നല്‍കപ്പെടുന്നുണ്ടെന്നുമുള്ള നിഗമനത്തിലാണ് ഈ ചിന്തകള്‍ക്കൊടുവില്‍ കാന്റ് എത്തിച്ചേര്‍ന്നത്. സ്ഥല-കാലങ്ങളെക്കുറിച്ചും മറ്റുമുള്ള കാന്റിന്റെ ഉള്‍ക്കാഴ്ചകള്‍ ചേര്‍ന്ന കണ്ടെത്തലുകള്‍ അന്തിമരൂപം കൈവന്ന് വെളിച്ചം കാണാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

[തിരുത്തുക] നിശ്ശബ്ദദശകം

ഇമ്മനുവേല്‍ കാന്റ്

ശിഷ്യനായിരുന്ന മാര്‍ക്കസ് ഹെര്‍സിന്റെ കത്തിനെഴുതിയ മറുപടിയില്‍, അരങ്ങേറ്റപ്രഭാഷണത്തില്‍ മനുഷ്യരുടെ ഐന്ദ്രിയവും ബൗദ്ധികവുമായ കഴിവുകള്‍ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും വിവരങ്ങള്‍ സംഭരിക്കുന്നതിലേയും സംസ്കരിക്കുന്നതിലേയും തീര്‍ത്തും വ്യതിരി‍ക്തമായ പ്രക്രിയകള്‍ ഇനിയും വിശദീകരിക്കേണ്ടതായിട്ടാണിരിക്കുന്നതെന്നും കാന്റ് സമ്മതിച്ചു. സൈദ്ധാന്തികമായ ഉറക്കത്തില്‍ നിന്ന് തന്നെ ഉണര്‍ത്തിയത് ബ്രിട്ടീഷ് തത്ത്വചിന്തകനായ ഡേവിഡ് ഹ്യൂം ആണെന്നും ഈ കത്തില്‍ കാന്റ് സൂചിപ്പിച്ചു. ഏതായാലും അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് അദ്ദേഹം തത്ത്വചിന്താസംബന്ധിയായ രചനകളൊന്നും പ്രസിദ്ധീകരിച്ചില്ല. ഈ നിശബ്ദദശകം മേലെഴുതിയ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടുന്നതിലാണ് കാന്റ് ചെലവഴിച്ചത്. സംഭാഷണവും കൂട്ടായ്മകളും ഇഷ്ടമായിരുന്നെങ്കിലും കാന്റ് ഏകാന്തത തെരഞ്ഞെടുത്തു. അതില്‍ നിന്ന് വെളിയില്‍ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല. 1978-ല്‍, പഴയ ശിഷ്യന്മാരിലൊരാളുടെ ഇത്തരം ശ്രമങ്ങളിലൊന്നിനോട് പ്രതികരിച്ച് കാന്റ് ഇങ്ങനെ എഴുതി:-

എന്റെ സ്ഥിതി സ്ഥിതി ഏറെ മെച്ചപ്പെടുത്താനുതകുന്നവയെന്നു തോന്നുന്നതടക്കം, ഏതുതരത്തിലുള്ള മാറ്റവും എന്നെ ആശങ്കാകുലനാക്കുന്നു. വിധി എനിക്കായി നൂറ്റുകൊണ്ടിരിക്കുന്ന നേര്‍ത്തതും ദുര്‍ബ്ബലവുമായ നൂലുകള്‍ നെയ്തുതീരണമെന്നുണ്ടെങ്കില്‍ ഞാന്‍ ശ്രദ്ധാവാനായിരിക്കണം എന്നാണ് എന്റെ ഈ അബോധപ്രതികരണം എനിക്ക് തരുന്ന് ബോദ്ധ്യം. എന്നെക്കുറിച്ച് ഇത്ര നന്നായി ചിന്തിക്കുകയും എന്റെ നന്മയില്‍ മനസ്സുവക്കുകയും ചെയ്യുന്ന അഭ്യുദയകാക്ഷികളോടും സുഹൃത്തുക്കളോടും അളവറ്റ നന്ദിയുണ്ട്. അതേസമയം, ഇപ്പോഴത്തെ അവസ്ഥയില്‍ ഇടപെടലുകളില്ലാതെ എന്നെ സം‌രക്ഷിക്കാനാണ് അവരോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നത്.[5]

[തിരുത്തുക] ശുദ്ധയുക്തിയുടെ വിമര്‍ശനം

കാന്റിന്റെ പ്രഖ്യാതകൃതിയായ ശുദ്ധയുക്തിയുടെ വിമര്‍ശനത്തിന്റെ 1781-ലെ പതിപ്പിന്റെ പുറംതാള്‍

ഈ മൗനത്തില്‍ നിന്ന് കാന്റ് പുറത്തുവന്നത് ശുദ്ധയുക്തിയുടെ വിമര്‍ശനവുമായാണ്. തത്ത്വചിന്തയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായി ഇന്ന് പരക്കെ സമ്മതിക്കപ്പെടുന്ന ആ പുസ്തകം, പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. യൂറോപ്പില്‍ എഴുതപ്പെട്ടവയില്‍ എക്കാലത്തേയും ഏറ്റവും മഹത്തായ കൃതി എന്നാണ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തെ പിന്നീട് ഷോപ്പന്‍ഹോവര്‍ വിശേഷിപ്പിച്ചത്[6]എന്നാല്‍, ആദ്യത്തെ ജര്‍മ്മന്‍ പതിപ്പില്‍ 800 പുറമുണ്ടായിരുന്ന അതിന്റെ ദൈര്‍ഘ്യവും വക്രമെന്ന് പലര്‍ക്കും തോന്നിയ ശൈലിയും പ്രശ്നമുണ്ടാക്കി. കിട്ടിയ ചുരുക്കം ചില നിരൂപണങ്ങള്‍ അതിന് ഒരു പ്രാധാന്യവും കല്പിച്ചില്ല. അതിന്റെ സാന്ദ്രത അതിനെ കടിച്ചാല്‍ പൊട്ടാത്തതാക്കി. സമ്മാനിതലേഖനം പോലെയുള്ള കാന്റിന്റെ പൂര്‍വരചനകള്‍ക്ക് ലഭിച്ചതിന് നേര്‍‌വിപരീതമായ സ്വീകരണമാണ് അതിന് കിട്ടിയത്. ഇടക്ക് പോര്‍ത്തുഗലിലെ ലിസ്ബണില്‍ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് കാന്റ് ഭൂകമ്പങ്ങളെക്കുറിച്ചെഴുതിയ ലെഖനം പുറമൊന്നിന് എന്ന കണക്കില്‍ വിലകൊടുത്തു വാങ്ങാന്‍ വായനക്കാര്‍ തയ്യാറായിരുന്നു.


ശുദ്ധയുക്തിയുടെ വിമര്‍ശനത്തിന് കിട്ടിയ തണുപ്പന്‍ സ്വീകരണം കാന്റിനെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം തത്ത്വചിന്താപരമായ രചനകള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നു. അക്കാലത്തെഴുതിയ "എന്താണ് ജ്ഞാനോദയം?" (What is Englightenment?), "സന്മാര്‍ഗ-തത്ത്വമീമാംസയുടെ അടിത്തറ" (Groundwork of the Metaphysics of Morals), "പ്രകൃതിശാസ്ത്രങ്ങളുടെ തത്ത്വമീമാംസാടിസ്ഥാനം" (Metaphysical Foundations of Natural Science) തുടങ്ങിയ കൃതികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ സര്‍വം ബ്രഹ്മമയമാണ് എന്ന വാദവുമായി ബന്ധപ്പെട്ട് അക്കാലത്ത് കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു തര്‍ക്കത്തില്‍ (The Pantheism Dispute) ഇടപെട്ട് കാള്‍ റീനോള്‍ഡ് എഴുതിയ ലേഖനങ്ങളാണ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തിന്റെ പ്രാധാന്യം സ്ഥാപിച്ചത്. യുക്തിചിന്തയുമായി ബന്ധപ്പെട്ട ഈ തര്‍ക്കം പരിഹാരിക്കാന്‍ യുക്തിയുടെ അധികാരവും അതിരുകളും സ്ഥാപിക്കുന്ന കാന്റിന്റെ കൃതി ഉപകരിക്കുമെന്ന് റീനോള്‍ഡ് വാദിച്ചു. റീനോള്‍ഡിന്റെ ലേഖനങ്ങള്‍ക്ക് ലഭിച്ച പ്രചാരം കാന്റിന് അക്കാലത്തെ ഏറ്റവും പ്രധാന തത്ത്വചിന്തകനെന്ന അംഗീകാരം നേടിക്കൊടുത്തു. 1787-ല്‍ കാന്റ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞ ഒരു സംശോധിതരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു.

[തിരുത്തുക] പില്‍ക്കാലസംഭാവനകള്‍, പിന്മുറക്കാര്‍

ഇന്ന് കാലിനിന്‍ഗ്രാഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സ്വന്തം ജന്മനാട്ടിലെ സര്‍വകലാശലക്കുമുന്‍പിലുള്ള കാന്റിന്റെ പ്രതിമ

1788-ല്‍ എഴുതിയ "പ്രായോഗിക യുക്തിയുടെ വിമര്‍ശനം"(Critique of Practical Reason), 1797-ലെ "സന്മാര്‍ഗ-തത്ത്വമീമാംസ"(Metaphysics of Morals) എന്നീ കൃതികളില്‍ കാന്റ് തന്റെ സന്മാര്‍ഗ്ഗതത്ത്വചിന്ത അവതരിപ്പിച്ചു. 1790-ലെ "തീരുമാനങ്ങളുടെ വിമര്‍ശനം" (Critique of Judgement) എന്ന കൃതിയില്‍ തന്റെ സിദ്ധാന്തങ്ങള്‍ക്ക് സൗന്ദര്യശാസ്ത്രത്തിലും പ്രയോജനശാസ്ത്രത്തിലുമുള്ള പ്രായോഗികത കാന്റ് വിശദീകരിച്ചു. ചരിത്രം, മതം, രാഷ്ട്രനീതി തുടങ്ങിയ വിഷയങ്ങളിലും ജനപ്രീതിനേടിയ ലേഖനങ്ങള്‍ അദ്ദേഹം എഴുതി. അവക്ക് കിട്ടിയ അംഗീകാരം മുന്‍നിരയിലെ തത്ത്വചിന്തകന്‍ എന്ന അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. കാന്റിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുവാനും വിമര്‍ശിക്കുവാനും മാത്രമായി പല പ്രസിദ്ധീകരണങ്ങളും നിലവിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നേട്ടങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ, തത്ത്വചിന്തയുടെ വഴി മറ്റൊരു ദിശയിലേക്ക് തിരിയുകയായിരുന്നു. റീനോള്‍ഡ്, ഫിച്ചേ എന്നിവരടക്കം പ്രധാന ശിഷ്യന്മാരില്‍ പലരും കാന്റിന്റെ നിലപാടുകളെ പരിഷ്കരിച്ച്, തീവ്രമായ ആശയവാദത്തിന്റെ രൂപം നല്‍കുകയായിരുന്നു. ജര്‍മ്മന്‍ ആശയവാദത്തിലാണ് ഇത് ചെന്നെത്തിയത്. ഈ പരിണാമത്തെ എതിര്‍ത്ത കാന്റ് 1799-ലെഴുതിയ ഒരു തുറന്ന കത്തില്‍ ഫിച്ചേയെ നിശിതമായി വിമര്‍ശിച്ചു. തത്ത്വചിന്തയിലെ അദ്ദേഹത്തിന്റെ അന്തിമപ്രവൃത്തികളിലൊന്നായിരുന്നു അത്. [7] അദ്ദേഹത്തിന്റെ അവസാനകൃതി പൂര്‍ത്തിയാകാതെ നിന്നു. മരണാനന്തരം പ്രസിദ്ധീകരിച്ച അതിന് 'ശേഷക്രിയ' (Opus Postumum) എന്നാണ് പേരിട്ടത്. വസ്തുവിന്റെ 'വാസ്തവരൂപം' (The thing in itself) അറിയാനാകാത്ത കാലത്തോളം പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെ അനുഭവലോകത്തിന്റേയോ വ്യക്തമായ രൂപം അറിയുക സാധ്യമാണെന്ന് കാന്റ് കരുതിയില്ല. എന്നാല്‍ 'വാസ്തവരൂപം' അറിയാന്‍ നിവൃത്തിയില്ലെന്നിരിക്കെ, അങ്ങനെയൊരു രൂപം ഉണ്ടെന്ന് ഊഹിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തെ തുടര്‍ന്നുവന്ന പലരും വാദിച്ചത്. എന്നാല്‍ ജര്‍മ്മന്‍ ആശയവാദികളെപ്പോലെ, യഥാര്‍ഥമെന്ന് കരുതാവുന്ന ഏതിനെയെങ്കിലും അടിസ്ഥാനമാക്കിയല്ലാതെയുള്ള ഒരു വിശദീകരണത്തിലേക്ക് ചുവടുമാറ്റുന്നതിന് പകരം, ക്രമീകൃതവും നിയമബദ്ധവുമായ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ, സാമേന്യേന വിശ്വസനീയമായ അറിവിന്റെ സ്വഭാവമെന്തെന്ന് അന്വേഷിക്കുകയാണ് മറ്റൊരുകൂട്ടം ചിന്തകന്മാര്‍ ചെയ്തത്. പ്രതിഭാസവിജ്ഞാനം (Phenomenology) എന്നറിയപ്പെട്ട ഈ പുതിയ തത്ത്വചിന്തയുടെ മുഖ്യവ്യക്താവ് എഡ്മണ്‌ഡ് ഹസ്സള്‍ ആയിരുന്നു.

[തിരുത്തുക] കാന്റ് എന്ന മനുഷ്യന്‍

കാന്റിന്റെ ജീവിതത്തെക്കുറിച്ച് പലവക കഥകള്‍ പ്രചരിച്ചിട്ടുണ്ട്. ഉദാഹരണമായി, അദ്ദേഹത്തിന്റെ പ്രതിഭ അതിന്റെ ആദ്യത്തെ നിലപാടുകള്‍ ഉപേക്ഷിച്ച് കഴിഞ്ഞ്, വൈകി, അന്‍പതാമത്തെ വയസ്സിന് ശേഷമാണ് പുഷ്കലമായതെന്ന് പരക്കെ ധാരണയുണ്ട്. കാന്റിന്റെ മുഖ്യരചനകള്‍ പ്രായം ചെന്നതിന് ശേഷമാണ് എഴുതപ്പെട്ടതെന്നത് ശരിയാണെങ്കിലും അതിനുമുന്‍പുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അവഗണിക്കുന്നത് ശരിയാവില്ല. അടുത്ത കാലത്തെ ഗവേഷണങ്ങള്‍ കാന്റിന്റെ ആദ്യരചനകളില്‍ ശ്രദ്ധയൂന്നുകയും പില്‍ക്കാല സംഭാവനകള്‍ അവയുമായി ഒരളവുവരെ നൈരന്തര്യം പുലര്‍ത്തുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.[ഖ] പ്രവചിക്കാവുന്നതരം ദിനചര്യയോടുകൂടിയ കര്‍ശനജീവിതമാണ് കാന്റ് നയിച്ചതെന്നും അദ്ദേഹം നടക്കാനിറങ്ങുന്ന സമയം നോക്കി അയല്‍ക്കാര്‍ അവരുടെ ഘടികാരങ്ങളുടെ സമയം ശരിയാക്കുക പതിവായിരുന്നെന്നുമാണ് മറ്റൊരു കഥ.[8] കാന്റിന് ഏറെ ഇഷ്ടപ്പെട്ട ചിന്തകനും എഴുത്തുകാരനുമായിരുന്നു ജ്ഞാനോദയചിന്തകനായ റുസ്സോ. കാന്റിന്റെ പഠനമുറിയെ അലങ്കരിക്കാന്‍ ആകെയുണ്ടായിരുന്നത് റുസ്സോയുടെ ചിത്രമായിരുന്നു.[9]ഒരു കഥയനുസരിച്ച്, റുസ്സോയുടെ എമിലി എന്ന നോവലില്‍ മുഴുകിപ്പോയ ഒരവസരത്തില്‍ മാത്രമാണ്, കാന്റ് പതിവായുള്ള നടത്തത്തിലെ നിഷ്ട തെറ്റിച്ചത്. കാന്റ് വിവാഹിതനായിരുന്നില്ല. [ഗ]


[തിരുത്തുക] മരണം

1804 ഫെബ്രുവരി 12-ന് കാന്റ് കോനിഗ്സ്ബര്‍ഗില്‍ മരിച്ചു. 'പൂര്‍ത്തിയായി' എന്ന് അര്‍ഥം പറയാവുന്ന 'Genug' എന്ന ജര്‍മ്മാന്‍ വാക്കായിരുന്നു അന്ത്യമൊഴി.[10] ആയിരങ്ങള്‍ പിന്തുടര്‍ന്ന ശവസംസ്കാരയാത്രയുടെ സമയത്ത് കോണിഗ്സ്ബര്‍ഗ്ഗിലെ എല്ലാ മണികളും അടിക്കുന്നുണ്ടായിരുന്നു.[11]

[തിരുത്തുക] സംസ്കാരസ്ഥാനം

കാന്റിന്റെ ശവകുടീരം ഇന്ന്


ഇന്ന് ജര്‍മ്മനിയില്‍ ഉള്‍പ്പെട്ട പഴയ പ്രഷ്യയില്‍ ബാള്‍ട്ടിക് കടല്‍‍ത്തീരത്തെ തുറമുഖനഗരമായിരുന്നു കാന്റിന്റെ ജന്മസ്ഥലവും അന്ത്യവിശ്രമസ്ഥാനവുമായ കോണിഗ്സ്ബര്‍ഗ്. രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളുടെ ബോംബിങ്ങിന്റെ ഫലമായി അത് മിക്കവാറും നശിച്ചു. യുദ്ധത്തിനൊടുവില്‍ സഖ്യകക്ഷികള്‍ തമ്മിലുണ്ടായ പോട്സ്ഡാം ഒത്തുതീര്‍പ്പില്‍ കോണിഗ്സ്ബര്‍ഗ്, സോവിയറ്റ് യൂണിയന് കൈമാറാന്‍ തീരുമാനമായി. അതേതുടര്‍ന്ന് ആയിടെ മരിച്ച സുപ്രീം സോവിയറ്റ് അദ്ധ്യക്ഷന്‍ മിഖായേല്‍ കാലിനിനെ അനുസ്മരിക്കാന്‍ പട്ടണം കാലിനിന്‍ഗ്രാഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടുകയും റഷ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഇന്ന് അവിടെ ജര്‍മ്മന്‍ സംസാരിക്കുന്നവര്‍ ഇല്ല. 2002-ലെ കാനേഷുമാരിക്കണക്കനുസരിച്ച്, 78 ശതമാനം ജനങ്ങളും റഷ്യന്‍ സംസാരിക്കുന്നവരാണ്. ലിത്വാനിയയും പോളണ്ടും ഇരുവശത്തുമായുള്ള ഇടനാഴിയായ ആ പ്രദേശം ബാക്കിയുള്ള റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നില്ല.[12]


കാന്റിന്റെ ശവകുടീരം ഇന്ന് കോണിഗ്സ്ബര്‍ഗ് കത്തീദ്രലിന്റെ വടക്കുകിഴക്കന്‍ മൂലയോടെ ചേര്‍ന്നുള്ള പ്രത്യേകസംസ്കാരസ്ഥലത്താണ്. ഫ്രെഡറിച്ച് ലാര്‍സ് എന്ന് ശില്പി രൂപകല്പന ചെയ്ത ഈ സംസ്കാരസ്ഥലം 1924-ല്‍ കാന്റിന്റെ രണ്ടാം ജന്മശതവാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ചതാണ്. കാന്റിനെ ആദ്യം സംസ്കരിച്ചത് കത്തീദ്രലിനകത്തായിരുന്നു. 1880-ല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം കത്തീദ്രലിന് പുറത്ത് അതിനോട് ചേര്‍ന്നുനിന്ന ഒരു നവ-ഗോത്തിക് ചാപ്പലിലേക്കുമാറ്റി. കാലക്രമേണ കേടുപാടുകള്‍ വന്നതിനാല്‍ പൊളിച്ചുകളഞ്ഞ ആ ചാപ്പലിന്റെ സ്ഥാനത്താണ് ഇപ്പോഴത്തെ സംസ്കാരസ്ഥലം. റഷ്യക്കാര്‍ കോണിഗ്സ്ബര്‍ഗ് കൈയ്യടക്കിയതിനുശേഷം, നശിപ്പിക്കാതെ നിര്‍ത്തിയ ചുരുക്കം ജര്‍മ്മന്‍ഭരണകാല സ്മാരകങ്ങളില്‍ കാന്റിന്റെ സംസ്കാരസ്ഥലവും കല്ലറയും പെടുന്നു. ജര്‍മ്മന്‍ കാലത്തെ കോണിഗ്സ്ബര്‍ഗ് സര്‍വകലാശാലയുടെ പ്രധാനകെട്ടിടത്തിനുമുന്‍പില്‍ നിന്നിരുന്ന കാന്റിന്റെ പ്രതിമയുടെ ഒരു പകര്‍പ്പ് ഒരു ജര്‍മ്മന്‍ സ്ഥാപനം 1990-ല്‍ നിര്‍മ്മിച്ചുകൊടുത്തത് അതേസ്ഥാനത്ത് ഇന്ന് സ്ഥാപിച്ചിരിക്കുന്നു.

[തിരുത്തുക] കാന്റിന്റെ തത്ത്വചിന്ത

1974-ല്‍ കാന്റിന്റെ ഇരുനൂറ്റിയന്‍പതാം ജന്മവാര്‍ഷികാവസരത്തില്‍ പശ്ചിമജര്‍മ്മനി ഇറക്കിയ തപാല്‍ സ്റ്റാമ്പ്.


മനുഷ്യയുക്തിയുടെ അന്വേഷണങ്ങളെല്ലാം മൂന്നു പ്രശ്നങ്ങള്‍ക്കുള്ള മറുപടിയാണ് ലക്‌ഷ്യമിടുന്നതെന്ന് കാന്റ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തിന്റെ സമാപന ഭാഗത്ത് പറയുന്നുണ്ട്. എനിക്ക് എന്തറിയാനാകും? ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്താണ് ആശിക്കാനുള്ളത്? എന്നിവയാണ് ഓരോരുത്തരും ചോദിക്കുന്ന മൂന്നു ചോദ്യങ്ങള്‍.[13] ആദ്യത്തെ ചോദ്യം ജ്ഞാനസിദ്ധാന്തവുമായും, രണ്ടാമത്തേത് സന്മാര്‍ഗശാസ്ത്രവുമായും മൂന്നാമത്തേത്, ദൈവം, നിത്യജീവിതം എന്നിവയെ സംബന്ധിക്കുന്ന സമസ്യകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

[തിരുത്തുക] അറിവിന്റെ വഴിയും പരിധിയും

ഇന്ദ്രിയങ്ങളിലൂടെയുള്ള അനുഭവത്തില്‍ നമുക്ക് ചിതറിയ ഉദീപനങ്ങളല്ലാതെ പൊതുസ്വഭാവമുള്ള സത്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അത്തരം സത്യങ്ങള്‍ അനുഭവനിരപേക്ഷമായിരിക്കുമെന്നും(A priori) കാന്റ് വാദിച്ചു. അനുഭവനിരപേക്ഷമായ സത്യങ്ങള്‍ക്ക് ഒരുദാഹരണമായി കാന്റ് ചൂണ്ടിക്കാട്ടിയത് ഗണിതശാസ്ത്രത്തിലെ അന്തിമസ്വഭാവമുള്ള (Absolute) തത്ത്വങ്ങളെയാണ്. രണ്ടും രണ്ടും നാലാണെന്ന സത്യത്തെ നമ്മുടെ ഭാവി അനുഭവങ്ങള്‍ മാറ്റിമറിക്കാന്‍ പോകുന്നില്ല. ഗണിതസിദ്ധാന്തങ്ങളുടെ ഈ സ്വഭാവത്തിനടിസ്ഥാനം നമ്മുടെ മനസ്സിന്റെ ഘടനയാണ് എന്ന് കാന്റ് കരുതി.

[തിരുത്തുക] മനസ്സിന്റെ പ്രാധാന്യം

കാന്റിന്റെ ഏറ്റവും പ്രധാനവാദങ്ങളിലൊന്ന്, മനസ്സ് അനുഭവങ്ങളുടേയും ആശയങ്ങളുടേയും കേവലം സ്വീകരണപാത്രം അല്ലെന്നതാണ്. നമുക്ക് അനുഭവേദ്യമാകുന്ന വസ്തുക്കളെ നമ്മുടെ അറിവാക്കുന്നതില്‍ മനസ്സ് സജീവമായൊരു പങ്ക് വഹിക്കുന്നു. കാന്റിന് മുന്‍പുള്ള ചിന്തകന്മാര്‍ കരുതിയിരുന്നത്, അറിയുമ്പോള്‍, മനസ്സ് അറിയുന്ന വസ്തുവിനിണങ്ങും വിധമാവുകയാണെന്നാണ്. മനസ്സിലെ ആശയങ്ങള്‍ അതിനുപുറത്തുള്ള ലോകത്തിന്റെ 'രൂപം' ഏടുക്കുന്നുവെന്ന ഈ വിശ്വാസം കാന്റിന് സ്വീകാര്യമായില്ല. അതിന് പകരം, വസ്തു അതിനെ അറിയുന്നവന്റെ മനസ്സിന്റെ രൂപമെടുക്കുന്നു എന്ന് കാന്റ് വാദിച്ചു. ഈ ഉള്‍ക്കാഴ്ചയെ ആണ് തത്ത്വചിന്തയില്‍ താന്‍ കോണ്ടുവന്ന കോപ്പര്‍നിക്കന്‍ വിപ്ലവം എന്ന് കാന്റ് വിളിച്ചത്. നാം ലോകത്തെ എങ്ങനെ അറിയുന്നു എന്നതിന് നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്ന രീതി ആണ് കാരണം. ഇന്ദ്രിയാനുഭവങ്ങളുടെമേലുള്ള മനസ്സിന്റെ പ്രവര്‍ത്തനത്തില്‍ നിന്നാണ് അറിവുണ്ടാകുന്നത്. അനുഭവങ്ങള്‍ക്ക് എന്തും എഴുതിവക്കാന്‍ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്. ഇന്ദ്രിയാനുഭവങ്ങളെ ആശയങ്ങളായും ക്രമമോ അര്‍ഥമോ ഇല്ലാത്ത അനുഭവബഹുലതയെ ക്രമീകൃതമായ ചിന്തയായും മാറ്റിയെടുക്കുന്ന ഒരു സജീവോപകരണമാണത്. ആ പ്രക്രിയ നിര്‍വഹിക്കുന്നതിന് ആശ്രയിക്കാന്‍ മനസ്സിന് അന്ത:സ്ഥിതമായ സം‌വിധാനങ്ങളുണ്ട്.[14]

[തിരുത്തുക] മനസ്സ് നിര്‍മ്മിക്കുന്ന ലോകം

സ്ഥലകാലങ്ങള്‍ മനസ്സിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടു മാനങ്ങളാണെന്ന് കാന്റ് കണ്ടു. അവ പുറം ലോകത്തിലെ 'വസ്തുക്കള്‍'(objects) അല്ല. അവക്കാധാരം ഇന്ദ്രിയമാര്‍ഗ്ഗമായ അനുഭവങ്ങളുമല്ല. അവ അനുഭവനിരപേക്ഷമാണ്(A priori). ഇന്ദ്രിയാനുഭവങ്ങളുടെ ആധാരങ്ങളില്‍ അവ ഉള്‍പ്പെടുന്നു. സ്ഥലകാലമാനങ്ങളില്ലാതെ ഇന്ദ്രിയാനുഭവം അസാധ്യമാണ്. അവ മനസ്സിന്റെ ആന്തരികഘടനയുടെ ഭാഗവും ഏത് അനുഭവത്തിന്റേയും മുന്‍വ്യവസ്ഥകളില്‍ (pre-condition) പെടുന്നവയും ആണ്.


അസംസ്കൃതമായ ഉദ്ദീപനങ്ങളെ, രൂപപ്പെടുത്തിയ ആശയമാക്കി മനസ്സ് മാറ്റുന്നത് രണ്ട് ഘട്ടമായുള്ള ഒരു പ്രക്രിയയിലാണെന്ന് കാന്റ് കരുതി.[15] അദ്യഘട്ടത്തില്‍ ഉദ്ദീപനങ്ങളിന്മേല്‍ സ്ഥലകാലങ്ങളെന്ന സം‌വേദനമാനങ്ങള്‍ (modes of perception) പ്രയോഗിച്ച് അവയെ സം‌വേദനങ്ങളായി രൂപപ്പെടുത്തുന്നു. തുടര്‍ന്ന് സം‌വേദനങ്ങളിന്മേല്‍ ധാരണാമാനങ്ങള്‍ (modes of conception) പ്രയോഗിച്ച് അവയെ ധാരണകളായി ക്രമീകരിക്കുന്നു. ധാരണാമാനങ്ങളെ കാന്റ് ചിന്താവിഭാഗങ്ങള്‍ (Categories of Thought) എന്നു വിളിച്ചു. കാന്റിന്റെ പന്ത്രണ്ട് ചിന്താവിഭാഗങ്ങള്‍ പ്രസിദ്ധമാണ്. ഏകത, അനേകത, ഒന്നിപ്പ്, വാസ്തവികത, നിരാസം, പരിധി, സത്ത-ആകസ്മികതകള്‍, കാര്യ-കാരണങ്ങള്‍, പരസ്പരപൂരകത്വം, സാധ്യത, ആവശ്യകത, ഭവിതവ്യത(contingency) എന്നിവയാണവ. സ്ഥലകാലങ്ങളെപ്പോലെ ഈ ചിന്താവിഭാഗങ്ങളും നമ്മുടെ മനസ്സിന്റെ അവിഭാജ്യഭാഗവും നമ്മുടെ എല്ലാ അനുഭവങ്ങള്‍ക്കും ബാധകവുമാണ്. അവയെ ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല. എന്നാല്‍ ഈ ചിന്താവിഭാഗങ്ങള്‍ വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അനുഭവജന്യമായ അറിവിന്റെയല്ലാതെ, യതാര്‍ഥ വസ്തുക്കളുടെ തന്നെ(things-in-themselve) ഭാഗമല്ല. അനുഭവത്തിനും മുന്നേ മനസ്സിന്റെ ഘടനയുടെ ഭാഗമായുള്ള ചിന്താവിഭാഗങ്ങളാണ് സം‌വേദനങ്ങളെ സ്വീകരിച്ച് തരംതിരിച്ച് ക്രമീകൃതമായ ആശയങ്ങളായി രൂപപ്പെടുത്തുന്നത്. നാം അറിയുന്ന ലോകം മുഖ്യമായും നമ്മുടെ മനസ്സിന്റെ നിര്‍മ്മിതി (Construct of the Mind) ആണ്. കാന്റിന്റെ നിഗമനങ്ങളെ, പ്രഖ്യാത ചരിത്രകാരനായ വില്‍ ഡുറാന്‍ഡ് ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു:-


ഇന്ദ്രിയങ്ങളിലെത്തുന്നത്, ക്രമീകൃതമല്ലാത്ത ഉദ്ദീപനങ്ങളാണ്; സം‌വേദനം, ക്രമീകൃതമായ ഉദ്ദീപനങ്ങളും, ധാരണ അല്ലെങ്കില്‍ അറിവ്, ക്രമപ്പെടുത്തിയ സം‌വേദനങ്ങളുമാണ്. ശാസ്ത്രം ക്രമപ്പെടുത്തിയ അറിവും, ജ്ഞാനം ക്രമപ്പെടുത്തിയ ജീവിതവുമാണ്. ഓരോ തലത്തിലും കൂടുതല്‍ ക്രമവും ഐക്യവും കാണപ്പെടുന്നു. ഈ ക്രമവും, ഐക്യവും എവിടെ നിന്നാണ് വരുന്നത്? വിഷയങ്ങളില്‍ നിന്നല്ല എന്നു വ്യക്തമാണ്. കാരണം അവയുമായുള്ള നമ്മുടെ പരിചയം ഇന്ദ്രിയങ്ങളില്‍ എണ്ണവും ക്രമവുമില്ലാതെ വന്നെത്തുന്ന ഉദ്ദീപനങ്ങള്‍ വഴിയാണ്. ഈ ശണ്ഠയിലും നിയമരാഹിത്യത്തിലും നിന്ന് ക്രമവും താളവും ഐക്യവും ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ ലക്‌ഷ്യബോധമാണ്. ഈ കടല്പ്പരപ്പില്‍ വെളിച്ചം പരത്തുന്നത് നാം തന്നെയും നമ്മുടെ വ്യക്തിത്വങ്ങളുമാണ്.[16]

[തിരുത്തുക] അറിവിനപ്പുറത്തെ വസ്തു

ഇമ്മനുവേല്‍ കാന്റ് - മറ്റൊരു ചിത്രം

വിഷയങ്ങള്‍ക്ക് നമ്മുടെ മനസ്സ് കൊടുക്കുന്ന രൂപമേ നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്നുള്ളു. വിഷയങ്ങള്‍, അവയില്‍തന്നെ എന്തായിരിക്കുന്നുവെന്നുള്ള അറിവ് (knowledge of things in themselves) നമുക്ക് അപ്രാപ്യമായിരിക്കുന്നു. ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ കാന്റ് ഇങ്ങനെ പറയുന്നു[17]:-

മനുഷ്യരായ നമ്മെത്തന്നെയും നമ്മുടെ മനസ്സിന്റെ ഘടനയേയും മാറ്റിനിര്‍ത്തിയാല്‍, സ്ഥലകാലങ്ങള്‍ക്കകത്ത് വിഷയങ്ങള്‍ക്കുള്ള സ്വഭാവവും പരസ്പരബന്ധവും, സ്ഥലകാലങ്ങള്‍ തന്നെയും, അപ്രത്യക്ഷമാകുന്നു. ഈ പ്രത്യക്ഷങ്ങള്‍ക്ക്, നമ്മിലല്ലാതെ അവയില്‍ തന്നെ നിലനില്പ്പില്ല. വിഷയങ്ങള്‍ക്ക്, നമ്മുടെ സം‌വേദനങ്ങളുടെ സ്വീകരണവുമായി ബന്ധപ്പെട്ടല്ലാതെ, അവയില്‍ തന്നെയുള്ള സ്വഭാവം എന്താണെന്നത് നമുക്ക് അജ്ഞാതമായിരിക്കുന്നു. മഴത്തുള്ളികളും അവയുടെ ഗോളരൂപവും, വീഴുമ്പോള്‍ അവ കടന്നുപോകുന്ന സ്ഥലവും എല്ലാം നമുക്കു കാണിച്ചുതരുന്നത് നമ്മുടെ തന്നെ സം‌വേദനങ്ങളുടെ രൂപഭേദങ്ങള്‍ മാത്രമാണ്. അതേസമയം, ആ പ്രത്യക്ഷങ്ങള്‍ക്കുപിന്നിലുള്ള ഇന്ദ്രിയാതീതമായ യഥാര്‍ഥ വസ്തു നമുക്ക് തീര്‍ത്തും അജ്ഞാതമായി തുടരുന്നു.

[തിരുത്തുക] മദ്ധ്യമാര്‍ഗ്ഗം

കാന്റിന്റെ അന്വേഷണത്തിന്റെ പ്രധാന ലക്‌ഷ്യം അടിസ്ഥാനസത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു തത്ത്വമീമാംസ (Metaphysics) പ്രായോഗികമാണോ എന്നു കണ്ടെത്തുകയായിരുന്നു. ഒരു വസ്തുവിനെ നാം അറിയുന്നതിന് മുന്‍പ് അതിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ എന്നദ്ദേഹം അന്വേഷിച്ചു. മനസ്സിന് സങ്കല്പിക്കാനാകുന്ന വസ്തുക്കളുടെ ഗുണങ്ങള്‍ മനസ്സിന്റെ ചിന്താരീതി പിന്തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. മനസ്സിന്റെ ചിന്ത കാര്യ-കാരണങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട്, നമ്മുടെ അനുഭവത്തിന് വിഷയമാകുന്ന വസ്തുക്കളോരോന്നും കാരണമോ, കാര്യമോ ആയിരിക്കും. മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത വസ്തുക്കളും ഉണ്ടാകാമെന്നും കാര്യ-കാരണ യുക്തി പോലുള്ള അനുഭവലോകത്തിലെ നിയമങ്ങള്‍ അവക്ക് ബാധകമായിരിക്കുകയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വാദിച്ചു. ഉദാഹരണമായി, ഈ ലോകം എല്ലാക്കാലത്തും ഉണ്ടായിരുന്നോ എന്നോ അതിന് ഒരു കാരണം ഉണ്ടോ എന്നോ അറിയാന്‍ നമുക്ക് നിവൃത്തിയില്ല. അതുകൊണ്ട്, തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും. അതേസമയം ഭൗതികശാസ്ത്രങ്ങള്‍ മനസ്സിന്റെ നിയമങ്ങളെ ആശ്രയിക്കുന്നതുകൊണ്ട്, അവയുടെ അടിത്തറ ഭദ്രമാണ് എന്നും അദ്ദേഹം കരുതി. [18]

ഈ വിധത്തില്‍ താന്‍ അനുഭവവാദികള്‍ക്കും(empiricists) യുക്തിവാദികള്‍ക്കും (rationalists) ഇടയില്‍ ഒരൊത്തുതീര്‍പ്പുണ്ടാക്കിയെന്ന് കാന്റ് കരുതി. അനുഭവവാദികള്‍ എല്ലാ അറിവിന്റേയും അടിസ്ഥാനം അനുഭവജ്ഞാനമാണെന്നും, അനുഭവം പ്രകൃതിനിയമംങ്ങളെ കണിശമായി പിന്തുടരാത്തതുകൊണ്ട്, ഭൂതകാലത്തെ അടിസ്ഥാനമാക്കി ഭാവിഗതി പ്രവചിക്കുക സാധ്യമല്ലെന്നും വാദിക്കുന്നതായി കാന്റ് കരുതി. അങ്ങനെയാകുമ്പോള്‍, ഭൗതികശാസ്ത്രങ്ങളുടെ അടിത്തറ ഉറപ്പില്ലാത്തതാണെന്നും നമ്മെക്കുറിച്ചും ബാഹ്യലോകത്തെക്കുറിച്ചും വിശ്വസനീയമായ അറിവ് അപ്രാപ്യമാണെന്നും വരും. യുക്തിവാദികളാകട്ടെ, ഉറപ്പായ സത്യത്തിലേക്കുള്ള വഴി യുക്തിയാണെന്നും അതില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ഭൗതികശാസ്ത്രങ്ങള്‍ ഉറപ്പുള്ളവയാണെന്നും കരുതുന്നു. അനുഭവം വഴി നമുക്ക് ചിലതൊക്കെ അറിയാന്‍ കഴിയുമെന്ന് സമ്മതിച്ചെങ്കിലും അത് ലോകം നമുക്ക് എങ്ങനെ കാണപ്പെടുന്നുവെന്ന വസ്തുനിഷ്ടമായ അറിവ് മാത്രമാണെന്ന് വാദിച്ച കാന്റ് അനുഭവവാദികളോട് വിയോജിച്ചു. അതേസമയം ശുദ്ധയുക്തിവഴി നമുക്ക് കിട്ടുന്ന അറിവ് അനുഭവത്തിന്റെ ലോകത്തിനേ ബാധകമാകൂ എന്നും അനുഭവത്തിലൂടെയാണ് നമ്മുടെ അറിവിന്റെ മുഖ്യഭാഗവും വരുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ വാദം യുക്തിവാദികളോടുള്ള വിയോജനവുമായിരുന്നു.

[തിരുത്തുക] സന്മാര്‍ഗചിന്ത

കാന്റിന്റെ സന്മാര്‍ഗ സിദ്ധാന്തങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ഥമായ സന്മാര്‍ഗനിയമങ്ങളുടെ അനുശാസനങ്ങളെ പിന്തുടരുക ഓരോ മനുഷ്യന്റേയും ഉത്തരവാദിത്തമാണെന്ന് കാന്റ് കരുതി. പ്രവൃത്തികള്‍ ആ അനുശാസനങ്ങളെ അനുസരിക്കുന്നുണ്ടോ എന്നറിയാനുള്ള വഴിയാണ് കാന്റിന്റെ സന്മാര്‍ഗചിന്ത അന്വേഷിച്ചത്. മനുഷ്യകര്‍മ്മങ്ങളുടെ സ്വീകാര്യതക്ക് വഴികാട്ടിയായി അദ്ദേഹം നിര്‍ദ്ദേശിച്ച നിയമം സാര്‍വത്രിക അനുപേക്ഷണീയത (Categorical Imperative) എന്നപേരില്‍ പ്രസിദ്ധമാണ്. ഈ നിയമം പലരൂപത്തില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. അതിന്റെ ഏകദേശരൂപം ഇങ്ങനെയാണ്:-


നിങ്ങളുടെ പ്രവര്‍ത്തിയിലേക്ക് നിങ്ങളെ നയിച്ച യുക്തി(maxim) സാര്‍വത്രികനിയമമായി തീര്‍ന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാന്‍ കഴിയും വണ്ണം മാത്രം പ്രവര്‍ത്തിക്കുക.

സ്വീകാര്യമായ പ്രവൃത്തികള്‍ക്ക് സാര്‍വത്രിക അനുപേക്ഷണീയത ഉണ്ടായിരിക്കും. അവയുടെ മൂല്യം അവയില്‍ തന്നെയാണ്. സാര്‍വത്രിക അനുപേക്ഷണീയതയില്‍ ലക്‌ഷ്യവും മാര്‍ഗവും ഒത്തുചേരുന്നു. അവയുടെ ലക്‌ഷ്യവും മാര്‍ഗവും അവതന്നെയാണ്. മറ്റൊരാവശ്യത്തിന്റേയോ, ആഗ്രഹത്തിന്റേയോ, ഉദ്ദേശത്തിന്റേയോ പ്രാപ്തിക്കുള്ള വഴിയല്ല അവ. സദാചാരനിഷ്ടവിടാതിരിക്കാന്‍ സാര്‍വത്രിക അനുപേക്ഷണീയതകളെ മറ്റു സാഹചര്യങ്ങള്‍ എന്തായിരുന്നാലും പിന്തുടരണം. സന്തുഷ്ടിക്ക് അവകാശിയാകുക (worthiness of being happy) എന്നതുമാത്രമായിരിക്കും അവയുടെ നിര്‍വ്വഹണത്തിനുള്ള പ്രേരണ എന്ന് കാന്റ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ എഴുതി. സാര്‍വത്രിക അനുപേക്ഷണീയതയില്‍ നിന്നാണ് ധാര്‍മ്മികതയുടെ ഉത്തരവാദിത്ത്വങ്ങളെല്ലാം ഉടലെടുക്കുന്നതും പരീക്ഷിക്കപ്പെടേണ്ടതും. ഉത്തരവാദിത്വത്തിന്റെ പ്രേരണ പിന്തുടര്‍ന്നല്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ ധാര്‍മ്മികദൃഷ്ടിയില്‍ വിലയില്ലാത്തതാണെന്ന് കാന്റ് കരുതി. ശുദ്ധമായ ലക്‌ഷ്യത്തോടെയല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ അര്‍ഥമില്ലാത്തവയാണ്. പ്രവൃത്തികളുടെ അന്തിമഫലമാണ് ഏറ്റവും പ്രധാനമെന്ന് കാന്റ് കരുതിയില്ല. പ്രധാനമായത്, പ്രവൃത്തി നിര്‍വഹിക്കുമ്പോഴുള്ള മനോഭാവമാണ്. പ്രവൃത്തിയുടെ മൂല്യത്തിന്റെ അളവുകോല്‍ അതാണ്. അങ്ങനെ നോക്കുമ്പോള്‍, പ്രവൃത്തിഫലങ്ങളുടെ മൂല്യങ്ങള്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. സന്മാര്‍ഗ-തത്ത്വമീമാംസയുടെ അടിത്തറ(Groundwork of the Metaphysic of Morals) എന്ന കൃതിയില്‍, സദാചാരസംബന്ധമായ തന്റെ ചിന്തകളെ, "പരമാവധിവ്യക്തികള്‍ക്ക് പരമാവധി പ്രയോജനം ഉണ്ടാക്കുക" എന്ന സാമ്പത്തികശാസ്ത്രത്തിലെ പ്രയോജനവാദവുമായി താരതമ്യപ്പെടുത്തി[19]കാന്റ് ഇങ്ങനെ എഴുതി:-


എല്ലാത്തിനും വില, അന്തസ്സ്, ഇവയില്‍ ഏതെങ്കിലും ഒന്നുണ്ടായിരിക്കും. വില മതിക്കാവുന്ന ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്നിനെ മാറ്റിവയ്ക്കാം. എന്നാല്‍ എല്ലാവിലക്കും ഉപരിയായിരിക്കുന്നതും, പകരം വക്കാന്‍ മറ്റൊന്നിന്നില്ലാത്തതുമായതിന് അന്തസ്സാണുള്ളത്. ഒരു വസ്തു അതിന്റെ തന്നെ ലക്‌ഷ്യമാകുമ്പോള്‍, താരതമ്യം നടത്തി മതിക്കാവുന്ന വിലയല്ല അതിനുള്ളത്. അതിന്റെ വില, അതിന്റേതു മാത്രമാണ്. അതിനുള്ളത് അന്തസ്സാണ്.

[തിരുത്തുക] ദൈവം, മരണാനന്തരജീവിതം, സ്വാതന്ത്ര്യം

കാലിനിന്‍ഗ്രാഡില്‍ കോണിഗ്സ്ബര്‍ഗ്ഗ് കോട്ടയുടെ തെക്കുകിഴക്കന്‍ ഭാഗം നിന്നിരുന്ന സ്ഥലത്തെ ഭിത്തിയില്‍, കാന്റിന്റെ "പ്രായോഗികയുക്തിയുടെ വിമര്‍ശനം" എന്ന കൃതിയിലെ വരികള്‍ സം‌വഹിക്കുന്ന ഫലകം.

മുന്‍കാലചിന്തകന്മാര്‍ ദൈവാസ്തിത്വത്തിനും മരണാനന്തരജീവിതത്തിനും തെളിവായി ഉന്നയിച്ച യുക്ത്യധിഷ്ടിതവാദങ്ങളൊന്നൊന്നായി കാന്റ് ശുദ്ധയുക്തിയുടെ വിമര്‍ശനത്തില്‍ പരിഗണിച്ച് തള്ളി. ഓണ്‍ടൊളോജിക്കല്‍ വാദവും, എല്ലാ ചലത്തിനും കാരണക്കാരനായ ആദ്യചാലകനായി ദൈവം അവശ്യം ഉണ്ടായിരിക്കണമെന്ന വാദവും(The Cosmological Proof), സൃഷ്ടിയില്‍ പ്രകടമാകുന്ന സം‌വിധാനക്രമം ഒരു സൃഷ്ടാവിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന വാദവും(Physico-theological Proof) എല്ലാം ഇങ്ങനെ തള്ളപ്പെട്ടവയില്‍ പെടുന്നു. യുക്തിയുടെ പ്രവര്‍ത്തനം സ്ഥലകാലങ്ങളുടേയും കാര്യ-കാര്യണബന്ധങ്ങളുടേയും അടിസ്ഥാനത്തിലായതുകൊണ്ട്, യുക്തി ഉപയോഗിച്ചുള്ള അന്വേഷണം, സ്ഥല-കാലങ്ങള്‍ക്കും കാര്യകാരണന്യായങ്ങള്‍ക്കും അപ്പുറത്ത്, ദൈവത്തേയോ മരണാനന്തരജീവിതത്തേയോ കുറിച്ചുള്ള അറിവിലേക്ക് നയിക്കുകയില്ലെന്ന് കാന്റ് കരുതി. അതേസമയം, ദൈവമോ മരണാനന്തരജീവിതമോ ഇല്ലെന്നു തെളിയിക്കാനും മനുഷ്യയുക്തിക്കാവുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.


യുക്തിബദ്ധമായ തെളിവിന്റെ അഭാവത്തിലും, ദൈവത്തിലും ആത്മാവിന്റെ അമര്‍ത്ത്യതയിലും വിശ്വസിക്കുന്നതിനെ ന്യായീകരിക്കാനാകുമെന്ന് കാന്റ് കരുതി. വിശ്വാസം ധാര്‍മ്മികമായ ജീവിതത്തിന് സഹായകമാകുമെന്നത് കാന്റിന് വിശ്വസിക്കുന്നതിനുള്ള ഒരു ന്യായമായിരുന്നു. കാന്റിന്റെ അഭിപ്രായത്തില്‍, ശുദ്ധമായ തത്ത്വചിന്ത എക്കാലത്തും അന്വേഷണവിഷയമാക്കിയിരുന്നത് ദൈവം, ആത്മാവ്, മനുഷ്യസ്വാതന്ത്ര്യത്തിന്റെ സ്വഭാവം എന്നിവയെ ആയിരുന്നു. ദൈവവും ആത്മാവും മനുഷ്യസ്വാതന്ത്ര്യവും യാഥാര്‍ഥ്യങ്ങളാണെങ്കില്‍ ഏതുതരത്തില്‍ ജീവിക്കണം എന്നു തീരുമാനിക്കുകയായിരുന്നു അത്തരം അന്വേഷണങ്ങള്‍ ലക്‌ഷ്യമാക്കിയിരുന്നതെന്ന് കാന്റ് വാദിച്ചു. ഈവഴിക്കുള്ള അന്വേഷണത്വര യുക്തിക്ക് നല്‍കിയപ്പോള്‍ പ്രകൃതി ഉദ്ദേശിച്ചത് മനുഷ്യന്റെ ധാര്‍മ്മികമായ താത്പര്യങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ഇന്നത്തെ കാലിനിന്‍ഗ്രാഡില്‍ കോണിഗ്സ്ബര്‍ഗ്ഗ് കോട്ടയുടെ തെക്കുകിഴക്കന്‍ ഭാഗം നിന്നിരുന്ന സ്ഥലത്തെ ഒരു ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫലകത്തില്‍ ജര്‍മ്മന്‍-റഷ്യന്‍ ഭാഷകളില്‍, കാന്റിന്റെ "പ്രായോഗികയുക്തിയുടെ വിമര്‍ശനം" എന്ന് കൃതിയുടെ സമാപനഭാഗത്തുനിന്നെടുത്ത ഈ വരികള്‍ രേഖപ്പെടുത്തിയിരിക്കുന്നു:-

രണ്ടുകാര്യങ്ങള്‍ ഓരോ ആലോചനയിലും മനസ്സിനെ നവവും വര്‍ദ്ധിതവുമായ അത്ഭുതാദരങ്ങള്‍ കൊണ്ടു നിറക്കുന്നു - മുകളിലെ നക്ഷത്രഖചിതമായ ആകാശവും ഉള്ളിലെ ധര്‍മ്മനിയമവും.

നിത്യസത്യങ്ങളെ തേടുന്ന, ധര്‍മ്മോത്മുഖമായ അന്തകരണം മനുഷ്യനുണ്ടെന്ന് കാന്റ് കരുതി. മനുഷ്യന്റെ നൈസര്‍ഗ്ഗികമായ അന്വേഷണത്വര ദൈവത്തേയും, അമര്‍ത്ത്യതയേയും, സ്വാതന്ത്ര്യത്തേയും തേടുന്നുവെന്നത് അവയൊക്കെ യാഥാര്‍ഥ്യങ്ങളാണെന്ന് കരുതി ജീവിക്കുന്നതിനെ ന്യായീകരിക്കുന്നുവെന്നയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

[തിരുത്തുക] കുറിപ്പുകള്‍

ക.^ പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളില്‍ കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം കൊണ്ടുവന്ന പരിര്‍ത്തനവുമായി തത്ത്വചിന്തയിലെ തന്റെ സംഭാവനകളെ താരതമ്യപ്പെടുത്തുന്ന ഈ അവകാശവാദം കാന്റ് നടത്തിയത് ശുദ്ധയുക്തിയുടെ വിമര്ശനത്തിന്റെ 1787-ലെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിലാണ്.


ഖ.^ കാന്റിന്റെ ചിന്തയുടെ വികാസത്തെ, രണ്ടു കാലയിളവുകളില്‍ പെടുത്തി പഠിക്കാറുണ്ട്. 1747 മുതല്‍ 1781-ല്‍ ശുദ്ധയുക്തിയുടെ വിമര്‍ശനം പ്രസിദ്ധീകരിക്കുന്നതുവരെയുള്ള ആദ്യത്തെ കാലയിളവ് വിമര്‍ശനപൂര്‍വ കാലം(Pre-critial period) എന്നും തുടര്‍ന്നുള്ളത്, വിമര്‍ശനകാലം(Critical Period) എന്നും അറിയപ്പെടുന്നു.[20]


ഗ.^ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കായില്‍ കാന്റിനെക്കുറിച്ചുള്ള ലേഖനത്തില്‍ "അവിവാഹിതനായിരുന്നതുകൊണ്ട്, പ്രായം ചെന്നപ്പോഴും അദ്ദേഹം യൗവ്വനത്തിലെ പഠനതാത്പര്യം തുടര്‍ന്നു" എന്നെഴുതിയിരുന്നത്, ബര്‍ട്രാന്‍ഡ് റസ്സല്‍ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടാണിക്കയിലെ ലേഖനം എഴുതിയ ആള്‍ വിവാഹം കഴിച്ചിരുന്നോ എന്നറിയാന്‍ കൗതുകമുണ്ടെന്ന് റസ്സല്‍ തുടര്‍ന്നെഴുതുന്നു.

[തിരുത്തുക] ആധാരസൂചിക

  1. "ആധുനിക കാലത്തെ തത്ത്വചിന്തകന്മാരില്‍ ഏറ്റവും മഹാനായി ഇമ്മാനുവേല്‍ കാന്റ് കണക്കാക്കപ്പെട്ടുപോരുന്നു. ഈ വിലയിരുത്തലിനോട് യോജിക്കാന്‍ എനിക്ക് നിവൃത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ മഹത്തായ പ്രാധാന്യം അംഗീകരിക്കാതിരുക്കുന്നത് വിഡ്ഡിത്തമാകും" - പടിഞ്ഞാറന്‍ തത്ത്വചിന്തയുടെ ചരിത്രത്തില്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ - പുറം 704
  2. Kuehn, Manfred. Kant: A Biography. Cambridge University Press, 2001, p. 26
  3. Lewis, Rick. 2007. 'Kant 200 Years On'. Philosophy Now. No. 62.
  4. Biographical information sourced from: Kuehn, Manfred. Kant: A Biography. Cambridge University Press, 2001. ISBN 0-521-49704-3 which is now the standard biography of Kant in English.
  5. Introducing: Kant by Christopher Kui-Want and Andrzej Klimowski, 2005. Icon books, Cambridge. ISBN 1-84046-664-2
  6. Immanuel Kant, by Otfried Hoffe- മാര്‍ഷല്‍ ഫാരിയരുടെ പരിഭാഷ
  7. Open letter by Kant denouncing Fichte's Philosophy (German)
  8. Simmons, A. John. 1996. 'Associative Political Obligations'. Ethics, Vol. 106, No. 2: 247-273
  9. Immanuel Kant, by Otfried Hoffe-ന്റെ മേല്‍ സൂചിപ്പിച്ച ഗ്രന്ഥം
  10. Norman Davies, Europe: A history, pp. 687
  11. Otfried Hoffe-ന്റെ ഗ്രന്ഥം
  12. http://www.russia-ic.com/regions/1649/
  13. ശുദ്ധയുക്തിയുടെ വിമര്‍ശനം 1981-ലെ പതിപ്പ് - J. M. D. Meiklejohn-ന്റെ ഇംഗ്ലീഷ് പരിഭാഷ - http://philosophy.eserver.org/kant/critique-of-pure-reason.txt
  14. Immanuel Kant(1724-1804) - http://www.whitworth.edu/core/classes/co250/Germany/Data/d_kant.htm
  15. Kant Made Simple - http://soler7.com/IFAQ/Kant.html
  16. Will Durant - The Story of Philosophy
  17. Spaceandmotion.com - http://www.spaceandmotion.com/Philosophy-Immanuel-Kant-Philosopher.htm
  18. Baird, Forrest E.; Walter Kaufmann (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. ISBN 0-13-158591-6. 
  19. Millennium Ecosystem Assessment (2003) Ecosystems and Well-being: A Framework for Assessment. Washington DC: Island Press, p. 142.
  20. കത്തോലിക്കാ വിജ്ഞാനകോശത്തില്‍ കാന്റിനെക്കുറിച്ചുള്ള ലേഖനം - http://www.newadvent.org/cathen/08603a.htm

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം