ഇബ്നു സീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പേര്‍ഷ്യന്‍ പണ്ഡിതന്‍
Name: അലി സീന ബല്‍ഖി(Avicenna)
Title: Sharaf al-Mulk, Hujjat al-Haq, Sheikh al-Rayees
Birth: approximately 980 CE / 370 AH
Death: 1037 CE / 428 AH
Ethnicity: Persian[1]
Region: Central Asia and Persia
School tradition: Avicennism[2]
Main interests: Islamic medicine, alchemy and chemistry in Islam, Islamic astronomy, Islamic ethics, early Islamic philosophy, Islamic studies, logic in Islamic philosophy, geography, mathematics, Islamic psychological thought, physics, Persian poetry, science, Kalam, Paleontologist
Notable ideas: Father of modern medicine and the concept of momentum, founder of Avicennism and Avicennian logic, forerunner of psychoanalysis, pioneer of aromatherapy and neuropsychiatry, and important contributor to geology.
Works: The Canon of Medicine
The Book of Healing
Influences: Hippocrates, Sushruta, Charaka, Aristotle, Galen, Plotinus, Neoplatonism, Indian mathematics, Muhammad, Ja'far al-Sadiq, Wasil ibn Ata, al-Kindi, al-Farabi, Muhammad ibn Zakariya ar-Razi, Abu Rayhan Biruni, Muslim physicians
Influenced: Abu Rayhan Biruni, Omar Khayyám, al-Ghazali, Fakhr al-Din al-Razi, Abubacer, Averroes, Shahab al-Din Suhrawardi, Nasīr al-Dīn al-Tūsī, Ibn al-Nafis, Scholasticism, Albertus Magnus, Duns Scotus, Thomas Aquinas, Jean Buridan, Giambattista Benedetti, Galileo Galilei, William Harvey, René Descartes, Spinoza

പേര്‍ഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്വചിന്തകനും വൈദ്യനുമായിരിന്നു ഇബ്നു സീന. പൂര്‍ണ്ണനാമം: അബൂ അലി അല്‍-ഹുസൈന്‍ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന (പേര്‍ഷ്യന്‍: ابوعلی سینا), ഇബ്നു സീന (പേര്‍ഷ്യന്‍/അറേബ്യന്‍: ابن سینا‎) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് അവിസെന്ന എന്ന പേരില്‍ വളരെയധികം പ്രസിദ്ധനായിരുന്നു അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയില്‍ ക്രി.വ. 980 ല്‍ ജനിച്ച് ഇറാനിലെ ഹമദാനില്‍ 1037-ല്‍ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളില്‍ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രഞ്ജനും അധ്യാപകനുംകൂടിയായിരുന്നു.

വൈവിദ്യമാര്‍ന്ന വിഷയങ്ങളിലായി 450 ന്‌ അടുത്ത് കൃതികള്‍ ഇബ്നു സീന രചിച്ചിട്ടുണ്ട്, [അവലംബം ആവശ്യമാണ്]ഇവയില്‍ 240 എണ്ണം ഇപ്പോള്‍ നിലനില്‍ക്കുന്നവയാണ്‌. നിലനില്‍ക്കുന്നവയില്‍ 150 ഓളം കൃതികള്‍ തത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്രവും കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) എന്ന കൃതി താത്വികവും ശാസ്ത്രീയവുമായ വിഞ്ജാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) എന്ന ഗ്രന്ഥം വളരെയധികം മധ്യകാല സര്‍വ്വകലാശാലകളിലേയും പ്രധാനപ്പെട്ട വൈദ്യശാസ്ത്ര പ്രാമാണിക ഗ്രന്ഥവുമായിരുന്നു. ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ, പുരാതന പേര്‍ഷ്യന്‍ മെസ്സപ്പെട്ടോമിയന്‍ ഇന്ത്യന്‍ എന്നിവ ഉപയോഗിച്ച് അദ്ദേഹം സ്വന്തമായ സമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിസം ലോജിക്കിന്റെയും അവിസെന്നിസം തത്ത്വശാസ്ത്ര പാഠശാലയുടെയും സ്ഥാപകനുമാണ്‌.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികില്‍സാലയ ഔഷധശാസ്ത്രത്തിന്റെയും ആദ്യകാല പിതാവായി ഇബ്നു സീനയെ കണക്കാക്കാക്കുന്നു, പ്രതേകിച്ച് ശരീരശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്കും പരിമാണങ്ങള്‍ക്കും തുടമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിര്‍ണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങള്‍ ഉപയോഗം, ചികില്‍സാരീതികളുടെ നിര്‍ദ്ദേശങ്ങള്‍, ഫലപ്രാപ്തി നിര്‍ദ്ധാരണങ്ങള്‍, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിര്‍ദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യം, കാലാവസ്ഥ, ചുറ്റുപാടുകള്‍ തുടങ്ങിയവയ്ക്ക് മനുഷ്യന്റെ ആരോഗ്യത്തിലെ പ്രാധാന്യം വെളിപ്പെടുത്തുക എന്നിവയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കാരണമാണിത്. ആക്കം (Momentum) എന്ന ഭൗതീകശാസ്ത്രത്തിലെ അടിസ്ഥാന ധാരണയുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കുന്നു. ഭൗമശാസ്ത്രത്തിലും അദ്ദേഹം (concept of uniformitarianism and law of superposition in geology) സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിത പശ്ചാത്തലം

ഇസ്‌ലാമിക സുവര്‍ണ്ണ കാലഘട്ടങ്ങളായിരുന്ന 10-11 നൂറ്റണ്ടുകളില്‍ ഇബ്നു സീനയും തന്റേതായ പ്രധാനപ്പെട്ട പല സംഭാവനകളും നല്‍കിയിട്ടുണ്ട്. ഇക്കാലഘട്ടങ്ങളില്‍ ഗ്രീക്ക്-റോമന്‍ ഗ്രന്ഥങ്ങള്‍ പ്ലാറ്റോ അരിസ്റ്റോട്ടില്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ കിന്ദി പാഠശാലയില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും, അനേകം ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകള്‍ ഉയര്‍ന്നു വരികയും ചെയ്തു, പേര്‍ഷ്യന്‍ ഗണിതശാസ്ത്രം, ഭാരതീയ ഗണിതശാസ്ത്രം തുടങ്ങിയവ സ്വാംശീകരിക്കപ്പെടുകയും, ജ്യോതിശാസ്ത്രം, ആള്‍ജിബ്ര, ത്രികോണമിതി, വൈദ്യശാസ്ത്രം തുടങ്ങിയവയുടെ പുത്തന്‍ മേഖലകളിലേക്ക് കുതിച്ചുകയറുകയും ചെയ്തു. മഹാ ഖൊറാസാന്‍ സാമ്രാജ്യത്തിലെ സമാനിയാന്‍ ഭരണക്കാലവും, പശ്ചിമ പേര്‍ഷ്യയിലും ഇറാഖിലേയും ബൂയി ഭരണകാലവും ഇക്കാലത്തെ സാംസ്കാരികവും വൈഞ്ജാനീകവുമായ വളര്‍ച്ചയ്ക്ക് സഹായകമായി. സമാനിയാന്‍ ഭരണകാലത്ത് ബുഖാറ ബഗ്ദാദിന്‌ സമാനമായ ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രമായി ഉയര്‍ന്നു വരികയും ചെയ്തു.

ഈ കാലഘട്ടം ഖുര്‍ആനിന്റേയും ഹദീസിന്റെയും ദ്രുതവളര്‍ച്ചയിലുള്ള പഠനത്തിനും സാഹചര്യമൊരുക്കി. തത്ത്വശാസ്ത്രം, കര്‍മ്മശാസ്ത്രം (ഫിഖ്ഹ്) അദ്ധ്യാത്മികം, തര്‍ക്കശാസ്ത്രം (കലാം) തുടങ്ങിയവയും വളര്‍ന്നു, ഇബ്നു സീനയും അദ്ദേഹത്തിന്റെ എതിരാളികളുമാണ്‌ ഈ അവസരത്തിലെ ഉയര്‍ന്ന് വന്ന പ്രധാനപ്പെട്ട പ്രതിഭകള്‍. അല്‍-റാസിയും അല്‍-ഫറാബിയും ഈ ഘട്ടത്തില്‍ തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈഞ്ജാനികമായ സംഭാവനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ബല്‍ഖ്, ഖുവാറസം, ഖുര്‍ഖാന്‍, റായ്, ഇസ്ഫഹാന്‍, ഹമദാന്‍ എന്നിവിടങ്ങളിലെ മഹത്തായ ഗ്രന്ഥാലയങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഇബ്നു സീനക്ക് കഴിയുകയും ചെയ്തു. അദ്ദേത്തിന്റെ തെന്നെ വിവിധ ഗ്രന്ഥങ്ങളില്‍ വിവരിച്ചത്പോലെ അക്കാലത്തെ മഹാപ്രതിഭകളോട് തത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ സം‌വദിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. അസൂറി സമര്‍ഖന്ദി അദ്ദേഹത്തിന്റെ നാല്‌ ലേഖനങ്ങളില്‍ പറഞ്ഞത്പ്രകാരം ഖുവാറസം വിടുന്നതിന്‌ മുന്‍പ് അബൂ റൈഹാന്‍ ബിറൂനി (അറിയപ്പെട്ട ശാസ്ത്രഞ്ജന്‍ ജ്യോതിശാസ്ത്ര വിദഗ്ദന്‍), അബൂ നാസര്‍ ഇറാഖി (പ്രമുഖ ഗണിതഞ്ജന്‍), അബൂ സഹ്ല്‍ മസീഹി (പ്രമുഖ തത്ത്വശാസ്ത്രഞ്ജന്‍), അബൂ അല്‍-ഖൈര്‍ ഖമ്മാര്‍ (മഹാ ഭൗതീകശാസ്ത്രഞ്ജന്‍) എന്നിവരുമായി ഇബ്നു സീന സന്ധിച്ചിരുന്നു.

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാല ജീവിതം

ഹുസൈന്‍ ഇബ്നു അബ്ദുല്ലഹ് ഇബ്നു ഹസന്‍ ഇബ്നു അലി ഇബ്നു സീന എന്നാണ്‌ അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമം. 980 ല്‍ ബുഖാറയ്ക്കടുത്തുള്ള ഒരു പേര്‍ഷ്യന്‍ കുടുംബത്തിലായിരുന്നു ജനനം. അക്കാലത്ത് മഹാ ഖൊറാസാന്‍ സാമ്രാജ്യത്തില്‍പ്പെട്ട ബുഖാറയ്ക്ക് സമീപമുള്ള ഖുമൈഥന്‍ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്, അദ്ദേഹത്തിന്റെ മതാവിന്റെ ജന്മദേശമാണ്‌ ആ പ്രദേശം. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍പ്പെട്ട പ്രധാന പട്ടണമായിരുന്ന ബല്‍ഖില്‍ (ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍പ്പെട്ടത്) നിന്നുള്ള പ്രമുഖ പണ്ഡിതനായിരുന്നു പിതാവ് അബ്ദുള്ള. സെഥറ എന്നാണ്‌ മാതാവിന്റെ പേര്‌. സമാനിയന്‍ ഭരണത്തി കീഴിലുള്ള തോട്ടമേഖലയിലെ ഗവര്‍ണ്ണര്‍ ആയിരുന്നു പിതാവ്, ബുഖാറയില്‍ തന്റെ മകന്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇബ്നു സീനയെ സ്വതന്ത്രമായി ചിന്തിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ ബുദ്ധിശക്തിയും ഓര്‍മ്മശേഷിയും സഹായിച്ചു, ഇത് അദ്ദേഹത്തെ പതിനാലാം വയസ് കടന്നതോടെ സ്വന്തം ഗുരുനാഥന്മാരെ മറികടക്കാന്‍ പ്രാപ്തമാക്കി. സ്വന്തം ജീവചരിത്രത്തില്‍ വിവരിച്ചത് പോലെ തന്നെ പതിനെട്ടാം വയസോടുകൂടി അദ്ദേഹത്തിന്‌ അഭ്യസിക്കാന്‍ മാത്രമായി ഒന്നുമില്ലായിരുന്നു.

ഒരു സ്വകാര്യ അധ്യാപകനെ ഇബ്നു സീനയ്ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഏര്‍പ്പാടാക്കിയിരുന്നു, ഉടനെ തന്നെ അദ്ദേഹത്തിന്റെ ഉയര്‍ന്ന ബുദ്ധിശക്തി അടുത്തുള്ളവരില്‍ അതിയായ ആശ്ചര്യമുളവാക്കുകയുണ്ടായി; ചെറുപ്രായത്തില്‍ തന്നെ അസാധാരണമായ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹം പത്താം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കുകയും ചെയ്തു, ഇതേ പ്രകാരം പേര്‍ഷ്യന്‍ കാവ്യങ്ങളില്‍ നിന്ന് നല്ലോരു ഭാഗവും ഹൃദിസ്ഥമാക്കി. ഒരു പച്ചക്കറി വില്‍പ്പനക്കാരനില്‍ നിന്ന് ഭാരതീയ അങ്കഗണിതം (Indian arithmetic) പഠിച്ചെടുക്കുവാനും അക്കാലത്ത് അദ്ദേഹത്തിന്‌ സാധിച്ചു. പിന്നീട് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പണ്ഡിതന്മാരില്‍ നിന്നായി വിഞ്ജാനം നേടുകയും, അതേസമയം രോഗികളെ ശുഷ്രൂശിച്ചും കുട്ടികളെ പഠിപ്പിച്ചും ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇസ്മായില്‍ അല്‍-സാഹിദ് (Ismail al-Zahid) എന്ന പണ്ഡിതനില്‍ നിന്ന് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം അഭ്യസിക്കുകയും ചെയ്തു.

അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ കൗമാരത്തില്‍ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു, ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ അല്‍-ഫറാബിയുടെ ആ ഗ്രന്ഥത്തെക്കുറിച്ചുള്ള കൃതി വായിക്കുന്നത് വരെ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ശേഷമുള്ള ഒന്നരവര്‍ഷത്തോളം തത്ത്വശാസ്ത്രം പഠിക്കുന്നതില്‍ ഏര്‍പ്പെടുകയും ചെയ്തു, ഇത് അദ്ദേഹത്തിന്‌ വിഷമകരമായ ഘട്ടങ്ങള്‍ സമ്മാനിക്കുകയുണ്ടായി, ഇത്തരം ചിന്താക്കുഴപ്പമുണ്ടാക്കുന്ന വേളകളില്‍ അംഗസ്നാനം (വുദു) ചെയ്ത് വിഷമം ദുരീകരിക്കുന്നത് വരെ പ്രര്‍ഥനകളില്‍ മുഴുകുമായിരുന്നു. രാവിന്റെ ആഴങ്ങളില്‍ വരെ അദ്ദേഹം പഠനത്തില്‍ മുഴുകുമായിരുന്നു, അദ്ദേഹത്തിന്റെ സ്വപ്നങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നാല്‍പ്പത് തവണ അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ അതിലെ വാക്കുകള്‍ മനസ്സില്‍ പതിയുന്നത് വരെ വായിച്ചിട്ടുണ്ട്, അതിലെ വാക്കുകള്‍ വളരെ കടുത്തതായിരുന്നു, ഒരു ദിവസം ഒരു പുസ്തകക്കടയില്‍ നിന്ന് മൂന്ന് ദിര്‍ഹം നല്‍കി വാങ്ങിയ അല്‍-ഫറാബിയുടെ കൃതി വായിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സില്‍ അതിനേക്കുറിച്ച് വെളിച്ചം വീശിയത്. അതുവരെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതില്‍ അതിയായ സന്തോഷം തോന്നിയ അദ്ദേഹം ദൈവത്തിന്‌ നന്ദി രേഖപ്പെടുത്തികയും ദരിദ്രരായ ആളുകള്‍ക്ക് ദാനം നല്‍കുകയുമുണ്ടായി.

പതിനാറാം വയസ്സില്‍ വൈദ്യരംഗത്തേക്ക് ശ്രദ്ധ തിരിച്ച് അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്ത്വങ്ങളില്‍ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകള്‍ മനസ്സിലാക്കി അവരെ ശുഷ്രൂശിക്കുകയും അതുവഴി ചികില്‍സയിലെ പുതിയ രീതികള്‍ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരന്‍ എന്ന ഖ്യാതിയും കരസ്ഥമാക്കി. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രാകരമാണ്‌, "വൈദ്യം എന്നത് ഗണിതത്തിനെപ്പോലെയോ തത്ത്വമീമാംസയെപ്പോലെയോ വിഷമമുള്ളതല്ല; അതിനാല്‍ തന്നെ ഞാന്‍ നല്ലൊരു വൈദ്യനായി മാറുകയും തെളിയിക്കപ്പെട്ട ഔഷധപ്രയോഗങ്ങളിലൂടെ രോഗികളെ ചികില്‍സിക്കുവാനും തുടങ്ങി". പ്രായം കുറഞ്ഞ ഭിഷഗ്വരന്റെ പ്രശസ്തി വളരെപ്പെട്ടന്ന് വര്‍ദ്ധിച്ചു, അദ്ദേഹം പണം സ്വീകരിക്കാതെ തന്നെ രോഗികളെ ചികില്‍സിക്കാറുമുണ്ടായിരുന്നു.

[തിരുത്തുക] പ്രായപൂര്‍ത്തിയായതിന്‌ ശേഷം

ഗുരുതരമായ രോഗം സുഖപ്പെടുത്തിയതിന്റെ തുടര്‍ന്ന് അദ്ദേഹത്തെ അമീറിന്റെ വൈദ്യനായി അദ്ദേഹം നിയമിതനായി, ഇതായിരുന്നു ആദ്യത്തെ നിയമനം (997). നിയമനത്തില്‍ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാനപ്പെട്ട പാരിതോഷികം സമാനിയനിലെ രാജകീയ ഗ്രന്ഥാലയങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരമായിരുന്നു, അതുവഴി കൂടുതല്‍ പാണ്ഡിത്യം നേടാനുള്ള അവസരവും. അധികം താമസിയാതെ ഗ്രന്ഥാലയം അഗ്നിക്കിരയായപ്പോള്‍ ശത്രുക്കള്‍ ഇബ്നു സീനയുടെ മേല്‍ കുറ്റമാരോപിക്കുകയും, അതുവഴി കൂടുതല്‍ വിഞ്ജാനം കരസ്ഥമാക്കാനുള്ള അവസരം അദ്ദേഹത്തിന്‌ നഷ്ട്മായി. ഇതിനെതുടര്‍ന്ന് പിതാവിന്റെ വ്യാപാരത്തില്‍ സഹായിക്കുന്നതിലേര്‍പ്പെട്ടു, ഈ സമയത്താണ്‌ തന്റെ ആദ്യകാല രചനകള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തിയത്.

ഇബ്നു സീനയ്ക്ക് 22 വയസ്സുള്ളപ്പോള്‍ പിതാവിനെ നഷ്ടമായി. 1004 ഡിസംബറോടെ സമാനിയന്‍ ഭരണത്തിന്റെ അന്ത്യഘട്ടമെത്തിയിരുന്നു. ഗസ്നിയിലെ മഹ്മൂദ് വെച്ച് നീട്ടിയ സ്ഥാനമാനങ്ങള്‍ സ്വീകരിക്കാതെ അദ്ദേഹം പശ്ചിമഭാഗത്തേക്ക് യാത്ര ചെയ്ത് ഇന്നത്തെ ഉസ്ബാക്കിസ്ഥാനില്‍പ്പെട്ട ഖോര്‍ഗഞ്ചില്‍ എത്തുകയും, പണ്ഡിതന്‍മാരെ ബഹുമാനിച്ചിരുന്ന അവിടുത്തെ വസീര്‍ അദ്ദേഹത്തിന്‌ പ്രതിമാസം സ്റ്റൈപ്പന്റ് ഏര്‍പ്പാടാക്കുകയും ചെയ്തു. ഈ വേതനം വളരെ തുച്ഛമായിരുന്നു, തന്റെ കഴിവുകള്‍ ഉപയോഗിക്കാനുള്ള അവസരത്തിനായി അദ്ദേഹം നിഷാപൂര്‍ മര്‍വ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഖൊറാസനിന്റെ അതിരുകള്‍ വരെ സഞ്ചരിച്ചു. ദൈലമിലേയും മധ്യപേര്‍ഷ്യയിലേയും ഉദാരനായ ഭരണാധികാരിയും പണ്ഡിതനും കവിയുമായ ഷംസ് അല്‍-മാആലി കാവൂസില്‍ അഭയം പ്രതീക്ഷിച്ചെങ്കിലും അനുചരന്മാര്‍ നടത്തിയ വിപ്ലവത്തുതുടര്‍ന്ന് കാവൂസ് വധിക്കപ്പെടുകായാണുണ്ടായത് (1052). കഠിനമായ രോഗത്താല്‍ ഇബ്നു സീനയ്ക്ക് വളരെ വിഷമം നേരിട്ട ഘട്ടവുമായിരുന്നു അത്. കാസ്പിയന്‍ കടലിന്‌ സമീപത്തുള്ള ഖൂര്‍ഖാനില്‍ വെച്ച് തന്റെ ചങ്ങാതിയെ കണ്ടുമുട്ടുകയുണ്ടായി, ചങ്ങാതിയുടെ വീടിനടുത്തുള്ള കെട്ടിടത്തില്‍വെച്ച് അദ്ദേഹം പ്രമാണശാസ്ത്രത്തിലും (logic) ജ്യോതിശാസ്ത്രത്തിലും അധ്യാപനം നടത്തി. തന്റെ പല കൃതികളും അദ്ദേഹം അവിടെവെച്ച് രചിക്കുകയുണ്ടായി; ഹിര്‍കാനിയയില്‍ താമസിക്കുന്ന ഈ അവസരത്തിലാണ്‌ അദ്ദേഹം വൈദ്യശാസ്ത്രത്തിലെ ബൃഹത്ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.

അനന്തരം അദ്ദേഹം തെഹറാനിന്‌ (ഇന്നത്തെ ഇറാന്റെ തലസ്ഥാനം) സമീപമുള്ള റയില്‍ താമസമുറപ്പിച്ചു (റാസിയുടെ ജന്മദേശമാണ്‌ റായ്). ബൂയിലെ അമീറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അന്തരാവകാശി മകനായ മജ്ദ് അല്‍-ദൗലയായിരുന്നു, ആ സമയം പ്രയപൂര്‍ത്തിയെത്താതിനെ തുടര്‍ന്ന് പകരം മജ്ദിന്റെ മാതാവായിരുന്നു ഭരിച്ചിരുന്നത് (സയ്ദഹ് കാത്തൂന്‍). റായില്‍ വെച്ചാണ്‌ ഇബ്നു സീന തന്റെ മുപ്പതോളം ചെറിയ രചനകള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് സയ്ദഹ് കാത്തൂനും അവരുടെ രണ്ടാം മകനായ ഷംസ് അല്‍-ദൗലയും തമ്മിലുണ്ടായ അധികാരതര്‍ക്കം അവിടം വിടാന്‍ ഇബ്നു സീനയെ നിര്‍ബന്ധിച്ചു. ഖസ്‌വീനിലെ തല്‍ക്കാലിക വാസത്തിന്‌ ശേഷം ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ച് ഹമദാനില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അവിടം ഷംസ് അല്‍-ദൗല തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആദ്യം അവിടത്തെ ഒരു മേലെതട്ടിലുള്ള ഒരു വനിതയുടെ കീഴില്‍ സേവനമനുഷ്ടിച്ചു, ഇബ്നു സീനയുടെ ആഗമനം അറിഞ്ഞ അമീര്‍ അദ്ദേഹത്തെ ഭിഷഗ്വരനായി സ്വീകരിക്കുകയും, പാരിതോഷികങ്ങള്‍ നല്‍കി പറഞ്ഞയക്കുകയും ചെയ്തു. ഇബ്നു സീന അവിടുത്തെ വസീറിന്റെ കാര്യാലയ്ത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുകപോലുമുണ്ടായി. പക്ഷെ അമീര്‍ നാട്ടില്‍നിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതിനെ തുടര്‍ന്ന് ശൈഖ് അഹ്മദ് ഫദലിന്റെ വീട്ടില്‍ ഒളിച്ച് താമസിച്ചു, ഏതാണ്ട് അമീര്‍ സ്ഥാനം തിരിച്ച്പിടിക്കുന്നത് വരെ നാല്‍പ്പത് ദിവസത്തോളം ഇങ്ങനെ തുടര്‍ന്നു. ഭരണം ഇളകിമറിയുന്ന അവസ്ഥയില്‍ വരെ അദ്ദേഹം തന്റെ പഠനങ്ങളിലും അദ്ധ്യാപനങ്ങളിലും മുഴുകുകയാണ്‌ ചെയ്തത്. വൈകുന്നേരങ്ങളില്‍ തന്റെ വിഖ്യാത ബൃഹത്ഗ്രന്ഥങ്ങളില്‍ നിന്ന് ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. അമീറിന്റെ മരണത്തെ തുടര്‍ന്ന്, വസീറായി അവരോധിതനായതിന്‌ ശേഷം അവിടുത്തെ മരുന്ന്ശാലയില്‍ ഒതുങ്ങികൂടി, അതീവ തല്‍പ്പര്യപ്പൂര്‍വ്വവും ശ്രദ്ധയോടുകൂടിയും തന്റെ രചനകളില്‍ മുഴുകുകയും ചെയ്തു.

അതേസമയം ഇസ്ഫഹാന്‍ നഗരമുഖ്യന്‌ അദ്ദേഹം തന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒരു കത്തെഴുതി. ഹമദാനിലെ പുതിയ അമീര്‍ ഇബ്നു സീനയുടെ കത്തിനെ പറ്റിയും ഒളിച്ചിരിക്കുന്നയിടവും മനസ്സിലാക്കി അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ഇതേസമയം ഹമദാനിലേയും ഇസ്ഫഹാനിലേയും ഭരണാധികാരികള്‍ തമ്മില്‍ യുദ്ധം തുടരുകയും, ഇസ്ഫാന്‍ ഭരണാധികാരി ഹമദാനിനേയുടെ അതിന്റെ പട്ടണങ്ങളേയും പിടിച്ചടക്കി അവിടെയുണ്ടായിരുന്ന താജിക്ക് കൂലിപടയാളികളെ പുറത്താക്കുകയും ചെയ്തു. യുദ്ധം അടങ്ങിയപ്പോള്‍ അമീറിന്റെ കൂടെ ഹമദാനിലേക്ക് തന്റെ ഗ്രന്ഥങ്ങളടക്കം മടങ്ങിയെത്തി. പിന്നീട് തന്റെ സഹോദരന്‍, പ്രിയപ്പെട്ട ശിഷ്യന്‍, രണ്ട് അടിമകള്‍ എന്നിവരോടൊപ്പം സൂഫി വര്യന്റെ വേഷത്തില്‍ നഗരത്തിന്‌ പുറത്ത് കടന്നു. ദുര്‍ഘടം നിറഞ്ഞ ഒരു യാത്രയ്ക്കൊടുവില്‍ ഇസ്ഫഹാനില്‍ എത്തിച്ചേര്‍ന്നു. അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേല്‍പ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

[തിരുത്തുക] അവസാനകാല ജീവിതവും മരണവും

ഇറാനിലെ ഹമദാനിലുള്ള ഇബ്നു സീനയുടെ ശവകുടീരം.
ഇബ്നു സീനയുടെ ശവകുടീരത്തിന്റെ അകക്കാഴ്ച്ച (ഇറാനിലെ ഹമദാന്‍).

ശേഷിച്ച പത്ത് പന്ത്രണ്ട് വര്‍ഷക്കാലം അബൂ ജാഫര്‍ അലാ അദ്ദൗലയുടെ കീഴില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു, അദ്ദൗലയുടെ കൂടെ ഭിഷഗ്വരനായും പൊതുവിഞ്ജാനകര്യ സാങ്കേതിക ഉപദേശകനുമായും, കൂടാതെ തന്റെ സദസ്സുകളുമായും അദ്ദേഹം കഴിഞ്ഞു.

ഈ അവസരത്തില്‍ അദ്ദേഹം സാഹിത്യം ഭാഷാതത്ത്വം തുടങ്ങിയവയുടെ പഠനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും തന്റേതായ വിമര്‍ശന ശൈലിയില്‍ അതില്‍ വിശകലനം നടത്തുകയും ചെയ്തു. ഈ അവസരത്തിലെ അദ്ദേഹത്തെ ഇബ്നു റുഷ്ദിന്റെ സ്വഭാവത്തോട് താരതമ്യപ്പെടുത്താവുന്നത്. ഹമദാനിനെതിരായുള്ള ഒരു സൈനീക നടപടിക്കിടെ അദ്ദേഹത്തിനെ കശലായ വയറുവേദന പിടികൂടി, ഇത് അദ്ദേഹത്തെ വളരെയധികം കഷ്ടപ്പാടില്ലാതെ നില്‍ക്കുവാന്‍പോലും സാധിക്കാത്ത വിധത്തില്‍ ബുദ്ധിമുട്ടിച്ചു. പിന്നീട് ഹമദാനില്‍ തന്നെയുള്ള അവസരത്തില്‍ രോഗം വീണ്ടും വരുകയും ചെയ്തപ്പോള്‍ മറ്റ് രീതികളെ ആശ്രയിക്കാതെ തന്റെ സ്വന്തം ചികില്‍സാവിധിയില്‍ മുന്നോട്ട് പോവുകയണുണ്ടായത്.

വേഗത്തിലുള്ള ജീവിതശൈലിയില്‍ കുറവ് വരുത്തുവാന്‍ സ്നേഹിതര്‍ ഉപദേശിച്ചെങ്കിലും ഇത് അദ്ദേഹം നിരസിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞത് : "ദൈര്‍ഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്". മരണക്കിടക്കയില്‍ അദ്ദേഹത്തിന്‌ മനപ്രയാസമുണ്ടാകുകയുണ്ടായി. തന്റെ സമ്പത്ത് ദരിദ്രരായവര്‍ക്ക് ദാനം നല്‍കുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണപ്പെടുന്നത് വരെ മൂന്ന് ദിവസം കൂടുമ്പോള്‍ ഖുര്‍ആന്‍ പാരായണം ശ്രവിക്കുകയും ചെയ്തു. അദ്ദേഹം അന്‍പത്തിയേഴാം വയസ്സില്‍ 1037 ജൂണില്‍ ഇഹലോകം വെടിയുകയും ചെയ്തു. ഇറാനിലെ ഹമദാനിലാണ്‌ അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.


[തിരുത്തുക] ഇബ്നു സീന ശാസ്ത്രം

[തിരുത്തുക] വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും

യൂനാനി വൈദ്യത്തിന്റെ ഉപഞ്ജാതാവാണ്‌ ഇബ്നു സീന, ഈ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അദ്ദേഹം തന്റെ "വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം" ല്‍ പ്രതിപാദിച്ചിരിക്കുന്നു. 1025 ല്‍ പേര്‍ഷ്യയില്‍ വെച്ചാണ്‌ ഇത് രചിക്കപ്പെട്ടത്. ഗ്രീക്ക്, ഇസ്‌ലാമിക വൈദ്യങ്ങളാണ്‌ അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചിട്ടുള്ളത്, സുശ്രുതന്റെയും ചരകന്റേയും ഭാരതീയ വൈദ്യവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി.

[തിരുത്തുക] വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം

A Latin copy of the Canon of Medicine, dated 1484, located at the P.I. Nixon Medical Historical Library of The University of Texas Health Science Center at San Antonio.

നൂറോളം കൃതികള്‍ ഇബ്നു സീനയുടേതായിട്ടുണ്ട്. അവയില്‍ ചിലത് കുറച്ച് താളുകള്‍ മാത്രം ഉള്ളതും, ചിലത് ഏതാനും വാല്യങ്ങള്‍ ഉള്ളതുമാണ്‌. ഏറ്റവും പ്രസിദ്ധം "വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം" ആണ്‌, ഇത് യൂറോപ്യന്മാരില്‍ അദ്ദേഹത്തെ വളരെയധികം പ്രസിദ്ധനാക്കി. 14 വാല്യങ്ങളുള്ള ഇത് പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യന്‍ ഇസ്‌ലാമിക ലോകങ്ങളില്‍ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ശരീരശാസ്ത്രത്തിന്റെ പഠനത്തിന്‌ സഹായകമയ ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ പരിണാമങ്ങള്‍ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗീകവേഴ്ച്ചയിലൂടെയും പകരുന്ന രോഗങ്ങളുടെയും കണ്ടുപിടിത്തം, സാംക്രമീകരോഗം ബാധിച്ചവരുമായി പാലിക്കേണ്ട അകന്നു നില്‍ക്കാനുള്ള നിര്‍ദ്ദേശം, പുതിയ പരീക്ഷണ ഔഷധങ്ങളുടെ ഉപയോഗം, ചില്‍സാ രീതികള്‍, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ വിശകലനം, ചില രോഗലക്ഷണങ്ങളുടെ വിശകലനം, സൂക്ഷമണുക്കള്‍ ഉണ്ട് എന്ന അനുമാനം തുടങ്ങിയവ ഈ ഗ്രന്ഥത്തില്‍ പ്രദിപാച്ചിട്ടുണ്ട്. ഇതില്‍ രോഗങ്ങളെ സ്വഭാവ സവിശേഷതയോട് കൂടി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തിരിക്കുന്നു, അവ ഉണ്ടാകാനുള്ള കാരണവും നല്‍കിയിട്ടുണ്ട്. ശുചിത്വം, ലളിതവും സങ്കീര്‍ണ്ണവുമായ ഔഷധങ്ങള്‍, ശാരീരിക അവയവവങ്ങളുടെ ധര്‍മ്മം എന്നിവയുടെ വിവരണവും ഇതിലുണ്ട്. മനുഷ്യ നേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നല്‍കിയത് ഇബ്നു സീനയാണ്‌, തിമിരമുള്‍പ്പെടെയുള്ള കണ്ണുകള്‍ക്കുണ്ടാകാവുന്ന വൈകല്യങ്ങളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ അദ്ദേഹം ചെങ്കണ്ണ് പകര്‍ച്ച വ്യാധിയാണ്‌ എന്ന് നിഗമനത്തിലെത്തുന്നുണ്ട്, യൂറോപ്യന്മാര്‍ ആദ്യം ഈ കാര്യത്തെ ഖണ്ഡിച്ചുവെങ്കിലും പിന്നീട് ഇത് ശരിയാണെന്ന് തെളിഞ്ഞു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ വ്യത്യസ്ത് തലങ്ങളെക്കുറിച്ചും ഇതില്‍ വിവരിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന രണ്ട് വിധത്തിലുള്ള തളര്‍വാതത്തെയും ആഴത്തില്‍ വിവരിക്കുന്നുണ്ട്. ഹൃദയം ശരീരത്തില്‍ ഒരു വാല്‍വായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.

പരീക്ഷണ ചികില്‍സ, ആധികാരിതയെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, ക്രമരഹിതമായ നിയന്ത്രിത ചികില്‍സാ രീതികകള്‍, ഫലപ്രാപ്തി നിര്‍ദ്ധാരണങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ്‌ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം. പുതിയ ഔഷധങ്ങളുടേയും ചികില്‍സാവിധികളുടേയും ഫലപ്രാപ്ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള രീതികളും അടിസ്ഥാനതത്ത്വങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്, അവ താഴെ നല്‍കിയിരിക്കുന്നു, വര്‍ത്തമാനകാലത്തെ ചികില്‍സാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനീക ചികില്‍സാരീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു.

  1. "ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാന്‍ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളില്‍ നിന്ന് മുക്തമായിരിക്കണം."
  2. "ഇത് വിവിധങ്ങളായ രോഗങ്ങളെ ലല്‍ക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."
  3. "ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോള്‍ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താല്‍ സുഖപ്പെടുത്തുന്നു."
  4. "രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാള്‍ കുറവായിരിക്കും, അപ്പോള്‍ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."
  5. "ഔഷധം പ്രവര്‍ത്തനനിരതമകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങിനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മില്‍ വേര്‍ത്തിരിച്ചറിയാന്‍ സാധിക്കും."
  6. "വിഭിന്നങ്ങളായ അവസരങ്ങളില്‍ ഔഷധത്തിന്റെ പ്രവര്‍ത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃശ്ചികമായിരിക്കും."
  7. "ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തില്‍ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തില്‍ കാണിക്കുന്ന ഫലങ്ങള്‍ മനുഷ്യശരീരത്തില്‍ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."
പ്രമാണം:Canon ibnsina arabic.jpg
വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ ഒരു അറബി പതിപ്പ് (1593).

റോമില്‍ 1593 ലാണ്‌ ഇതിന്റെ അറബിക്ക് പതിപ്പ് ഇറങ്ങിയത്, 1491 ല്‍ നേപ്പിള്‍സില്‍ ഹിബ്രൂ പതിപ്പും ഇറങ്ങി. ജെറാര്‍ഡ് ഡി സബ്‌ലൊനെത യുടെ പതിപ്പിന്റേതായി ലത്തീനില്‍ ഏതാണ്ട് മുപ്പതോളം പതിപ്പുകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇതിന്റെ വ്യഖ്യാന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടു. മെഡിക്കമെന്റ കോര്‍ഡിയാലിയ, കാന്റിക്കം ഡി മെഡിസിന, ട്രാക്റ്റേറ്റസ് ഡി സിറൂപോ അസെറ്റോസോ എന്നിവയാണ്‌ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റ് കൃതികള്‍.

റാസി, അലി ഇബ്നു അല്‍-അബ്ബാസ്, ഇബ്നു റുഷ്ദ് എന്നീ പേരുകള്‍ക്കോടൊപ്പം ഇബ്നു സീനയും 12 മുതല്‍ 18 വരെയുള്ള നൂറ്റാണ്ടുകളില്‍ യുറോപ്യന്‍ സര്‍വ്വകലാശാലകളുടെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. മുന്‍ഗാമിയായ റാസിയുടെ ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇബ്നു സീനയുടേതും, അദ്ദേഹം ഗാലെന്റെ തത്ത്വങ്ങളും (ഗാലന്‍ ഹിപ്പൊക്രാറ്റിസിന്റെയും), അരിസ്റ്റോട്ടിലിന്റെ ഭേദഗതി വരുത്തിയ തത്ത്വങ്ങളും, കൂടാതെ സുശ്രുതന്റെയും ചരകന്റെയും ഭാരതീയാധ്യാപനങ്ങളും ഉള്‍ക്കൊണ്ടു. റാസിയുടെ അല്‍-ഹവി തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം.

[തിരുത്തുക] അവലംബം

  1. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; Britannica എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Corbin,(1993) p. 174
"http://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0%B5%81_%E0%B4%B8%E0%B5%80%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം