ഇന്തോളജി
ഇന്ത്യയെ കുറിച്ചുള്ള പഠനത്തെയാണ് ഇന്തോളജി എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ചരിത്രം, മതം, ഭാഷ, രാഷ്ട്രതന്ത്രം, തത്വചിന്ത, സാഹിത്യം, ശാസ്ത്രങ്ങൾ എന്നിവ ഇന്തോളജിയുടെ പരിധിയിൽ വരുന്നു. കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചതാണ് ഇന്തോളജിയുടെ ആവിർഭാവത്തിന് ഇടയാക്കിയത്.
ഇംഗ്ലീഷുകാരനായ വില്ല്യം ജോൺസ് (1746-94) മനുസ്മൃതി, ശാകുന്തളം തുടങ്ങിയ കൃതികൾ തർജ്ജമ ചെയ്തു. ജർമ്മൻ പണ്ഡിതനായ മാക്സ് മുള്ളർ (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും ഗീതോപദേശം, മേഘദൂതം, ഋഗ്വേദം എന്നിവ വിവർത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ എഡ്വിൻ അർനോൾഡ് ഭഗവദ് ഗീതയും ഗീതാഗോവിന്ദവും പരിഭാഷപ്പെടുത്തുകയും ശ്രീബുദ്ധനെ കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരിൽ കാവ്യം രചിക്കുകയും ചെയ്തു. ഹെർമൻ ഗുണ്ടർട്ട്, ഡോ. റവ. റോബർട്ട് കൾഡ് വെൽ, കിറ്റിൽ തുടങ്ങിയ മിഷനറിമാർ ദ്രാവിഡ ഭാഷകൾക്ക് നൽകിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.