ആറളം വന്യജീവി സംരക്ഷണകേന്ദ്രം
കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.[1]
കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തിൽ ആന,കാട്ടുപോത്ത്, മ്ലാവ്,കേഴമാൻ,കാട്ടുപന്നി,കാട്ടുനായ്,കടുവ,വിവിധ തരം കുരങ്ങുകൾ,കുട്ടിതേവാങ്ക്, തുടങ്ങിയവയുണ്ട്.1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്[2].ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്.വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
ഉള്ളടക്കം |
അതിർത്തികൾ [തിരുത്തുക]
വടക്ക് കർണ്ണാടകസംസ്ഥാനത്തിലെ വനങ്ങൾ,കിഴക്ക് വയനാട് ജില്ലയിലെ വനങ്ങൾ,തെക്ക് ആറളം കൃഷിത്തോട്ടം,ചീങ്കണ്ണിപ്പുഴയും,പടിഞ്ഞാറ് ആറളം ഫാം [3].
സസ്യങ്ങൾ [തിരുത്തുക]
40-45 മീറ്റർ വരെ ഉയരമുള്ള വൃക്ഷങ്ങളുടെ മേല്ത്തട്ട്,15-30 മീറ്റർ വരെ ഉയരമുള്ള മധ്യനിര,ചെറുവൃക്ഷങ്ങളുംകുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോട് ചേർന്ന അടിക്കാടുകൾ എന്നിവയോടുകൂടിയ സമൃദ്ധമായ കാടുകൾ ഇവിടത്തെ പ്രത്യേകതയാണ്.
ജന്തുക്കൾ [തിരുത്തുക]
ഡിസംബർ ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു.ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്.ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.[4].
കേരള വനംവകുപ്പിന്റെയും മലബാർ നാച്ച്വറൽ ഹിസ്റ്ററിസൊസൈറ്റിയുടെയും മേൽനോട്ടത്തിൽ 2012 മാർച്ച് 11-ന് പൂർത്തിയായ പതിമൂന്നാമത് കണക്കെടുപ്പിൽ പുതിയ ഒരിനം ഉൾപ്പെടെ 150 പക്ഷി ജാതികളെ ഇവിടെ നിന്നും കണ്ടെത്തി. പുതുതായി കണ്ടെത്തിയത് ചരൽക്കുരുവി എന്ന ഒരിനത്തെയാണ്. കേരളത്തിൽ അപൂർവമായ പാണ്ടൻ വേഴാമ്പലിനെയും കണക്കെടുപ്പിൽ നാലു പ്രദേശത്തു നിന്നും കണ്ടെത്തി. ഈ സർവ്വേയിൽ ചരൽക്കുരുവിയെക്കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്നും കണ്ടെത്തിയ ആകെ പക്ഷിജാതികളുടെ എണ്ണം 237 ആയി നിജപ്പെടുത്തി[5].