ആര്യഭടീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന ഭാരതത്തിലെ പ്രഗല്ഭനായ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ രചിച്ച അതിപ്രശസ്ത ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ആര്യഭടീയം. ക്രിസ്തുവർഷം 499 മാർച്ച് മാസം 21-ആം തീയതി തന്റെ 23ത്തെ വയസ്സിലാണ് ആര്യഭടീയം എഴുതിയത് എന്ന് ആര്യഭടീയത്തിലെ ഒരു ശ്ലോകത്തിൽ നിന്ന് വ്യക്തമാണ്‌.

ആര്യഭടീയത്തിലെ അദ്ധ്യായങ്ങൾ [തിരുത്തുക]

ഗീതികാപാദം, ഗണിത പാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാല് അദ്ധ്യായങ്ങൾ ആണ് ആര്യഭടീയത്തിൽ ഉള്ളത്. ഓരോ അദ്ധ്യായത്തിലും ഈരണ്ട് വരികൾ വീതമുള്ള ശ്ലോകം കൊണ്ടാണ് ആര്യഭടൻ താൻ കണ്ടെത്തിയ ശാസ്ത്ര സത്യങ്ങൾ വിവരിക്കുന്നത്. ഗീതികാപാദത്തിൽ 13 ശ്ലോകങ്ങളും, ഗണിതപാദത്തിൽ 33 ശ്ലോകങ്ങളും, കാലക്രിയാപാദത്തിൽ 25 ശ്ലോകങ്ങളും, ഗോളപാദത്തിൽ 50 ശ്ലോകങ്ങളും ആണ് ഉള്ളത്.

കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.

ഷഷ്ട്യബ്ദാനാം ഷഷ്ടിർ‌യദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ

ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ

പരിഭാഷ 60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു.

വിശദീകരണം ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. (കലിയുഗം ആരംഭിച്ചത് 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്.

ആര്യഭടീയത്തിന്റെ പ്രത്യേകത [തിരുത്തുക]

ജ്യോതിശാസ്ത്രത്തെ പൂർണ്ണമായും അത്യാധുനിക ഗണിതത്തിന്റെ തലത്തിലേക്ക് ഉയർത്തികൊണ്ടു പോവുകയാണ് ആര്യഭടീയത്തിലൂടെ ആര്യഭടൻ ചെയ്തത്. അന്നുവരെ നിലനിന്നിരുന്ന പല അന്ധവിശാസങ്ങളേയും പിഴുതെറിഞ്ഞ്, സ്വന്തമായി ഗണിത സൂത്ര വാക്യങ്ങളും, ഫോർമുലകളും, ഗണിത പദ്ധതികളും ആവിഷ്ക്കരിച്ച് തന്റെ സിദ്ധാന്തങ്ങളെ ആര്യഭടീയത്തിലൂടെ ലോകസമക്ഷം കാഴ്ച വെക്കുകുയാണ് ആര്യഭടൻ ചെയ്തത്. രാഹുകേതുക്കളെക്കുറിച്ചോ, പുരാണകഥകളെക്കുറിച്ചോ, ആധുനിക വീക്ഷണത്തിലുള്ള ശാസ്ത്രത്തിന്റെ പരിധിയിൽ‌പെടാത്തതോ ആയ ഒരു വിഷയത്തെകുറിച്ചുമുള്ള പരാമർശം ആര്യഭടീയത്തിലില്ല.


ഗ്രഹങ്ങളുടെ ഭ്രമണസംഖ്യ, ഗ്രഹങ്ങളുടെ വ്യാസം, ഭ്രമണപഥത്തിന്റെ ചെരിവ്, സഞ്ചാരപഥത്തിലെ ഭ്രമണസ്വഭാവം, സംഖ്യരചനാ ഗണിതം, വർഗ (square) ഘന (cube) വിവരണം, വർഗമൂലം, ഘനമൂലം തുടങ്ങിയവയുടെ വിവരണം, ത്രികോണ-വൃത്ത-ത്രപീസിയ വിസ്തീർണ്ണം, പൈയുടെ മൂല്യം, പൈതഗോറസ് നിയമം, തുടങ്ങി അനേക ഗണിത ജ്യോതിശാസ്ത്ര വിഷയങ്ങളാണ് ആര്യഭടീയത്തിലുള്ളത്.

അവലംബം [തിരുത്തുക]

ആര്യഭടീയം, ഡോ. എൻ. ഗോപാലകൃഷണൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്ക് ഹെറിറ്റേജ് പ്രസിദ്ധീകരണം, വിവർത്തന വ്യാഖ്യാനം, നാലാം പതിപ്പ്.

"http://ml.wikipedia.org/w/index.php?title=ആര്യഭടീയം&oldid=1700078" എന്ന താളിൽനിന്നു ശേഖരിച്ചത്