ആദം കൊടുമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കന്‍ ശ്രീലങ്കയിലെ മലനാട്ടില്‍, കാന്‍ഡി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റര്‍ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയില്‍ ഒരു കൂറ്റന്‍ പാദമുദ്രയുണ്ട്. അത് ഗൗതമബുദ്ധന്റേതാണെന്ന് ബുദ്ധമതവിശ്വാസികള്‍ കരുതുന്നു. അവര്‍ക്കിടയില്‍ ഈ കൊടുമുടി ശ്രീപാദം എന്നാണ് അറിയപ്പെടുന്നത്.[1] ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. [2] ഈ കൊടുമുടിയെ ഇസ്ലാം, ഹിന്ദു, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെടുത്തിയും കഥകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഐതിഹ്യങ്ങള്‍
ഗൗതമ ബുദ്ധന്‍ തന്റെ ജീവിതകാലത്ത് മൂന്നുവട്ടം ശ്രീലങ്ക സന്ദര്‍ശിച്ചുവെന്ന് ശ്രീലങ്കയിലെ ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം അനുസരിച്ച്, ആ സന്ദര്‍ശനങ്ങളില്‍ അവസാനത്തേത് അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിന്റെ എട്ടാം വര്‍ഷമായിരുന്നു.[1] ഇത്തവണ വായുമാര്‍ഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ് വിശ്വാസം ഇതിനായി അദ്ദേഹം കാലുയര്‍ത്തിയപ്പോഴാണ് ആദം കൊടുമുടിയില്‍ അദ്ദേഹത്തിന്റെ കാല്‍ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു[2].
ദൈവകല്പന ധിക്കരിച്ച് വിലക്കപ്പെട്ട കനി തിന്നതിനു ശിക്ഷയായി ഏദേന്‍ തോട്ടത്തില്‍ നിന്ന് ബഹിഷ്കൃതനായ ആദിപിതാവായ ആദം, ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് പ്രായശ്ചിത്തം ചെയ്തപ്പോഴുണ്ടായ കാല്പ്പാടാണിതെന്ന് കരുതുന്ന ഇസ്ലാം വിശ്വാസികളുണ്ട്. വേറേ ചില കഥകള്‍ ഈ പാദമുദ്രയെ യേശുവിന്റെ അപ്പസ്തോലന്മാരിലൊരാളായ തോമാശ്ലീഹയുമായി ബന്ധപ്പെടുത്തുന്നു. ഇത് പരമശിവന്റെ കാല്പാടാണെന്ന് കരുതുന്ന ഹിന്ദുക്കളുമുണ്ട്. ശിവനടിപാദം എന്ന പേരില്‍ ഇത് അവര്‍ക്കും ആരാധ്യമാണ്[3] [4]
ആദം മുടിക്ക് ചിത്രശലഭമുടി (Butterfly mountain) എന്നും പേരുണ്ട്. ഈ പര്‍വതമേഖലയിലെ ശലഭസമൃദ്ധിയില്‍ നിന്നാണ് ആ പേരുണ്ടായത്. ചിത്രശലഭങ്ങള്‍ വിശുദ്ധമുടിയിലെ മരണത്തിന്റെ നിര്‍വൃതിക്കായി ശ്രീപാദത്തിലേക്ക് കൂട്ടമായി പറന്നുപോകാറുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. [5]
[തിരുത്തുക] പ്രാചീനപ്രസിദ്ധി
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുമായി പോലും ആദം മുടിയെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. അവ കെട്ടുകഥകളാകാമെങ്കിലും, പൗരസ്ത്യദേശത്തെത്തിയ പ്രാചീനസഞ്ചാരികളില്‍ പലരും ആദം കൊടുമുടിയുടെ പ്രാധാന്യം ശ്രദ്ധിക്കുകയും ചിലരെങ്കിലും അത് സന്ദര്‍ശിക്കുകയും ചെയ്തുവെന്നതിന് രേഖകളുണ്ട്. കേരളത്തിലെ ആനമുടിയോളം(2695 മീറ്റര്‍) പോലും ഉയരമില്ലാത്തെ ഈ കൊടുമുടി ശ്രീലങ്കയിലെ ഏറ്റവും വലിയ പര്‍വതശിഖരം പോലുമല്ല.[6] എങ്കിലും പഴയ സന്ദര്‍ശകരില്‍ ചിലരെങ്കിലും അത് ലോകത്തിന്റെ തന്നെ ഉച്ചിയാണെന്ന് വിശ്വസിച്ചു. അതിന്റെ കിടപ്പിന്റെ പ്രത്യേകതകൊണ്ട്, വളരെ അകലെ നിന്ന് തന്നെ കൊടുമുടി കാണാമെന്നതായിരുന്നു ഇതിന് കാരണം. ഉള്‍നാട്ടില്‍ സ്ഥിതിചെയ്യുന്നതെങ്കിലും, അകലെ കടലില്‍ നിന്ന്, കരയില്‍ നിന്നു കാണുന്നതില്‍ നന്നായി ഇത് കാണാമെന്നത് സഞ്ചാരികള്‍ക്കിടയില്‍ ഇതിന് പേരുണ്ടാക്കി. 13-ആം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോയും 14-ആം നൂറ്റാണ്ടില്‍ ഇബന്‍ ബത്തൂത്തയുമൊക്കെ ഈ കൊടുമുടിയുടെ ആകര്‍ഷണത്തില്‍ വരാന്‍ അതാണ് കാരണം.
എന്നാല്‍ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തില്‍ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാര്‍ക്കോപോളൊയുടെ വിവരണം തന്നെ ഉദാഹരണമാണ്. ഗൗതമബുദ്ധന്റെ ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
| “ | സിലോണില്‍ പൊക്കം കൂടിയതും ചരിത്രപ്രസിദ്ധവുമായ ഒരു മലയുണ്ട്. ചെങ്കുത്തായതും പാറക്കെട്ടുകളോടുകൂടിയതുമായ ഈ മലയിലേക്കു കയറുവാന്‍ ശക്തിയായ ഇരുമ്പുചങ്ങലകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സഹായംകൂടാതെ ഈ മലമുകളിലെത്താന്‍ കഴിയുകയില്ല. ഈ മലയുടെ ഉപരിഭാഗത്താണ് ആദിപിതാവായ ആദമിന്റെ ശവക്കല്ലറയെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ 'വിഗ്രഹാരാധകര്‍' പറയുന്നത് അത് അവരുടെ മതസ്ഥാപകനഅയ ശാക്യമുനി ബര്‍ക്കന്റേതാണെന്നാണ്. ഇദ്ദേഹത്തിനുമുന്‍പ് ഈ ദ്വീപില്‍ വിഗ്രഹങ്ങളോ വിഗ്രഹാരാധനൈഓ ഉണ്ടായിരുന്നില്ല. | ” |
തുടന്ന് ബുദ്ധന്റെ ജീവിതകഥ സാമാന്യം ദീര്‍ഘമായി പറയുന്ന പോളോയുടെ വിവരണം അനുസരിച്ച് ഇവിടെ തിരുശേഷിപ്പുകളായി ഒരു പുണ്യപുരുഷന്റെ പല്ല്, മുടി, ഭിക്ഷാപാത്രം തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അവയെ ബുദ്ധന്റേതായി കരുതി ബുദ്ധമതക്കാരും, ആദമിന്റേതായി കരുതി മുസ്ലിങ്ങളും ബഹുമാനിക്കുന്നെന്ന് സാക്‌ഷ്യപ്പെടുത്തുന്ന പോളോ, "ഇതില്‍ ഏതാണ് ശരിയെന്ന് ദൈവത്തിനേ അറിയൂ" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.[3]
പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ മാഹ്വാന്റെ വിവരണം ഇങ്ങനെയാണ് [3]:-
| “ | ചെങ്കുത്തായതും തിളങ്ങുന്നതുമായ ഒരു പര്‍വതശിഖരത്തില്‍ രണ്ടോ നാലോ അടി നീളത്തില്‍ പതിഞ്ഞിട്ടുള്ള ഒരു കാലടിപ്പാറ്റുണ്ട്. ശാക്യമുനിയുടേതാണ് ഈ കാലടിപ്പാട് എന്നാണ് ഐതിഹ്യം. അദ്ദേഹം നിക്കോബാര്‍ ദ്വീപുകളില്‍ നിന്നാണ് ഇവിടെ എത്ത്തിയതെന്നു പറയപ്പെടുന്നു. കാലടിപ്പാടില്‍ കുറച്ചു വെള്ളമുണ്ട്. ആ വെള്ളം ഒരിക്കലും ബാഷ്പീഭവിച്ചുപൊകുന്നില്ല. മലമുകളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ഈ വെള്ളത്തില്‍ കൈമുക്കി തങ്ങളുടെ കണ്ണും മുഖവും കഴുകി ഇപ്രകാരം പറയുന്നു: "ഇത് ശ്രീബുദ്ധന്റെ പരിശുദ്ധജലമാണ്. ഇത് നിങ്ങളെ ശുദ്ധീകരിക്കുന്നു." | ” |
ആദം മലയുടെ താഴ്വരകളില്‍ വിലപിടിച്ച രത്നങ്ങള്‍ ലഭിച്ചുവരുന്നുണ്ടെന്നും ആ അമൂല്യരത്നങ്ങള്‍ ശ്രീബുദ്ധന്റെ കണ്ണീര്‍ക്കണങ്ങളാണെന്നു ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും കൂടി മാഹ്വാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.[3]
[തിരുത്തുക] തീര്‍ത്ഥാടനം
കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റര്‍ കയറ്റത്തിന് തീര്‍ത്ഥാടകര്‍ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ രാത്രി സമയമാണ്. സൂര്യോദയത്തില്‍ താഴ്വരയില്‍ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴല്‍ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴല്‍-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാന്‍ പറ്റും വിധം, സൂര്യോദയത്തില്‍ മുകളിലെത്തത്തക്കവണ്ണം അര്‍ത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീര്‍ത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികള്‍ പ്രധാനമായി കരുതിപ്പോരുന്ന പൗര്‍ണ്ണമികളില്‍ ആദം കൊടുമുടിയില്‍ ഏറെ തീര്‍ത്ഥാടകര്‍ എത്തുന്നു.
വഴിയിലൊരിടത്ത് തീര്‍ത്ഥാടകര്‍ കയ്യില്‍ കരുതാറുള്ള സൂചി എടുത്ത് നൂല്‍ കോര്‍ക്കുന്നു. പിന്നെ സൂചി പാതയോരത്തെ മരത്തില്‍ തറച്ചിട്ട് നൂല്‍ നീട്ടി അടുത്തുള്ള മറ്റൊരു മരത്തില്‍ കെട്ടുന്നു. ഇവിടേക്കുള്ള യാത്രക്കിടയില്‍ തന്റെ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോള്‍ ഗൗതമ ബുദ്ധന്‍ വഴിയിലിരുന്ന് അത് തുന്നി കേടുതീര്‍ത്തു എന്ന വിശ്വാസത്തിന്റെ അനുസ്മരണമാണിത്. കയറ്റത്തിന്റെ അവസാനഭാഗത്ത് തീര്‍ത്ഥാടകര്‍ക്ക് പിടിച്ചുകയറാന്‍ വേണ്ടി ഇരുമ്പുചങ്ങലകള്‍ സ്ഥാപിച്ചിട്ടുണ്ട്. വളരെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് അവ അവിടെ സ്ഥാപിച്ചത് ക്രിസ്തുവിന് മുന്‍പ് 330-ല്‍ ആദം മല കയറിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്. [3] മുകളിലെത്തുന്ന തീര്‍ത്ഥാടകന്‍ പാദമുദ്രയെ വട്ടം വച്ച് കാണിക്കയിട്ടശേഷം അവിടെയുള്ള മണി അടിക്കുന്നു. പാരമ്പര്യം അനുസരിച്ച്, സന്ദര്‍ശനം എത്രാമത്തേതാണോ അത്രയും വട്ടമാണ് മണി അടിക്കേണ്ടത്. ആദ്യവട്ടമെത്തുന്ന സന്ദര്‍ശകന്‍ മണി ഒരു വട്ടം മാത്രം അടിക്കുന്നു.[1]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 Ceylon - An Introduction to the "Resplendent Land" - Argus John Tresideer
- ↑ 2.0 2.1 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 257, 263.
- ↑ 3.0 3.1 3.2 3.3 3.4 മാര്‍ക്കപോളോ ഇന്ത്യയില്‍ - വേയായുധന്‍ പണിക്കശ്ശേരി
- ↑ http://www.lankalibrary.com/heritage/sripada2.htm
- ↑ Questions… Enigmas… Mysteries… (4) - Whose footprint is on the peak ?[1]
- ↑ Chisolm, Hugh (1910) The Encyclopædia Britannica (Vol. 5)[2]പുറം 778