ആംഗ്ലോ-ജപ്പാൻ സഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംഗ്ലോ-ജപ്പാൻ സഖ്യത്തിന്റെ നയതന്ത്ര രേഖ 30.ജനുവരി 1902
ഹയാഷി തടസു സഖ്യത്തിന്റെ ജപ്പാൻ അധികാരി

1902 ജനുവരി. 30-ന് ഗ്രേറ്റ്ബ്രിട്ടനും ജപ്പാനും തമ്മിൽ ഒപ്പുവച്ച സൗഹാർദസന്ധിയാണ് ആംഗ്ലോ-ജപ്പാൻ സഖ്യം. റഷ്യയുടെ ആക്രമണഭീഷണിയെയും പൂർവേഷ്യയിലേക്കുള്ള അവരുടെ സ്വാധീനതാവ്യാപനത്തെയും തടയുന്നതിനാണ്, ഗ്രേറ്റ് ബ്രിട്ടനും ജപ്പാനും തമ്മിൽ പരസ്പരസഹായത്തിൽ അധിഷ്ഠിതമായ ഈ പ്രതിരോധസന്ധിയിൽ ഒപ്പുവച്ചത്. ഗ്രേറ്റ്ബ്രിട്ടനു ചൈനയിലും, ജപ്പാന് കൊറിയയിലും ചൈനയിലും ഉണ്ടായിരുന്ന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരസ്പരസഹകരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ഈ സന്ധിയിൽ ഉൾ​പ്പെടുത്തിയിരുന്നു. 1904-ൽ റഷ്യാ-ജപ്പാൻ യുദ്ധകാലത്ത് ഈ സന്ധി ജപ്പാനു വളരെ സഹായകരമായിത്തീർന്നു. 1905-ൽ ഈ സന്ധി നവീകരിച്ചു; ഇന്ത്യയുൾ​പ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളെ ഈ സന്ധിയുടെ പരിധിയിൽ​പ്പെടുത്തുകയും കൊറിയയുടെമേലുള്ള ജപ്പാന്റെ ആധിപത്യം വ്യക്തമാക്കപ്പെടുകയും ചെയ്തു. 1910-ൽ കൊറിയയെ ജപ്പാന്റെ സാമ്രാജ്യവിഭാഗമാക്കിയതോടുകൂടി ആംഗ്ലോ-ജപ്പാൻസഖ്യം വീണ്ടും നവീകരിച്ചു (1911 ജൂലായ് 13); ഈ സഖ്യത്തിന്റെ കാലാവധി 10 വർഷമായി വ്യവസ്ഥ ചെയ്തിരുന്നു. സന്ധിയുടെ കാലാവധി അവസാനിപ്പിക്കുവാൻ ഗ്രേറ്റ് ബ്രിട്ടനോ ജപ്പാനോ ആവശ്യപ്പെടുന്നില്ലെങ്കിൽ കാലാവധിക്കുശേഷവും സന്ധി നിലവിലിരിക്കുമെന്നും ഇതിൽ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ സന്ധിവ്യവസ്ഥയനുസരിച്ച് ഒന്നാം ലോകയുദ്ധത്തിൽ ജപ്പാൻ പങ്കെടുത്തു (1914 ആഗസ്റ്റ് 23); വേഴ്സായ് സമാധാനസന്ധി, ലീഗ് ഒഫ് നേഷൻസിന്റെ രൂപീകരണത്തിനു വഴിതെളിച്ചതോടെ, ആംഗ്ലോ-ജപ്പാൻ സഖ്യത്തിന്റെ പ്രസക്തിയെപ്പറ്റി സന്ദേഹങ്ങൾ ഉയർന്നു. യു.എസ്സിലും ചൈനയിലും ഈ സന്ധി പല വിമർശനങ്ങൾക്കും കാരണമായി. 1921 ഡിസംബറിൽ വാഷിങ്ടൺ കോൺഫറൻസ്, ഒരു ചതുർശക്തിസന്ധി (Four Power Pacific Treaty) ഒപ്പുവയ്ക്കുന്നതിനു തീരുമാനിച്ചു. ഈ സന്ധിയിൽ യു.എസ്., ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ എന്നീ നാലു രാഷ്ട്രങ്ങൾ ഒപ്പുവച്ചതോടെ, ആംഗ്ലോ-ജപ്പാൻ സന്ധി നിലവിലില്ലാതായി. 21 വർഷം വിദൂരപൗരസ്ത്യദേശത്ത് ഈ സൗഹാർദസന്ധി വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-ജപ്പാൻ സഖ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ആംഗ്ലോ-ജപ്പാൻ_സഖ്യം&oldid=1698150" എന്ന താളിൽനിന്നു ശേഖരിച്ചത്