അഹ്മദ് ഷാ അബ്ദാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അഹ്മദ് ഷാ ദുറാനി | |
| ഷാ, അമീര്‍ | |
അഹ്മദ് ഷാ ദുറാനിയുടെ ഛായാചിത്രം |
|
| ഭരണകാലം | 1747 - 1773 |
|---|---|
| Coronation | ഒക്ടോബര്‍, 1747 |
| പൂര്‍ണ്ണനാമം | അഹ്മദ് ഖാന്‍ അബ്ദാലി |
| Titles | ദുറാനി സാമ്രാജ്യത്തിന്റെ പാദ്ഷാ, ബഹാദുര്‍, പാദ്ഷാ-ഇ-ഘാസി, ദുര്‍-ഇ-ദുറാന്‍ (മുത്തുകളുടെ മുത്ത്) |
| ജനനം | 1723 |
| ജന്മസ്ഥലം | മുള്‍ത്താന്‍ (ഇന്ന് പാക്കിസ്ഥാനില്‍)[1] |
| മരണം | 1773 |
| മരണസ്ഥലം | കാണ്ടഹാര്‍ (ഇന്ന് അഫ്ഗാനിസ്ഥാനില്‍) |
| Predecessor | നാദിര്‍ ഷാ |
| Successor | തിമൂര്‍ ഷാ ദുറാനി |
| Royal House | ദുറാനി |
| Dynasty | ദുറാനി സാമ്രാജ്യം |
| പിതാവ് | മുഹമ്മദ് സമന്‍ ഖാന്‍ അബ്ദാലിi |
| മാതാവ് | സര്‍ഖൂന അലകോസൈ |
ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് അമീര്‍ അഹമ്മദ് ഷാ അബ്ദാലി (Pashto: احمد شاه ابدالي) എന്നും അറിയപ്പെടുന്ന അഹമ്മദ് ഷാ ദുറാനി (c.1723-1773) (Persian: احمد شاه دراني). ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു.[2][3] [4][5] നാദിര്‍ ഷാ അഫ്ഷറിന്റെ കൊലപാതകത്തിനു ശേഷം അദ്ദേഹം ഖൊറാസനിന്റെ അമീറും[6][7] പിന്നീട് സ്വന്തം സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായി. അഫ്ഗാനിസ്ഥാനിലെ പഷ്തൂണുകള്‍ അഹ്മദ് ഷാ അബ്ദാലിയെ ബാബാ ("പിതാവ്") എന്നുവിളിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യ വര്‍ഷങ്ങള്‍
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ത്താനിലാണ് അഹ്മദ് ഖാന്‍ ജനിച്ചത്.[1] അബ്ദാലി പഷ്തൂണുകളുടെ പോപത്സൈ ഗോത്രത്തിലെ സദോസൈ വിഭാഗത്തില്‍ നിന്നാണ് അഹ്മദ് ഖാന്‍. അബ്ദാലികളുടെ തലവനായ മൊഹമ്മദ് സമന്‍ ഖാനിന്റെ രണ്ടാമത്തെ മകനായിരുന്നു. ചെറുപ്പത്തില്‍ അഹ്മദ് ഖാനിനെയും മുതിര്‍ന്ന സഹോദരനായ സുള്‍ഫിക്കര്‍ ഖാനെയും കാണ്ടഹാറിലെ ഘിത്സൈ പ്രവിശ്യയിലെ ഗവര്‍ണറായ ഹുസൈന്‍ ഖാന്‍ ഒരു കോട്ടയില്‍ തടവിലിട്ടു. പഷ്തൂണുകളുടെ ശക്തമായ ഒരു ഗോത്രത്തിന്റെ തലവനായ ഹുസൈന്‍ ഖാന്‍ ഇതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയുടെ കിഴക്കുഭാഗം നിയന്ത്രിക്കുകയും സഫാവിദുകളുടെ കിരീടധാരിയാവുകയും ചെയ്തിരുന്നു.
1731-നു അടുപ്പിച്ച് പേര്‍ഷ്യയുടെ പുതിയ ഭരണാധികാരിയായ നാദിര്‍ ഷാ അഫ്ഷര്‍ അബ്ദാലികളെ തന്റെ സൈന്യത്തിലേക്ക് ചേര്‍ക്കാന്‍ തുടങ്ങി. 1737-ല്‍ കാണ്ടഹാര്‍ പിടിച്ചടക്കിയ പുതിയ പേര്‍ഷ്യന്‍ ഭരണാധികാരി അഹ്മദ് ഖാനെയും സഹോദരനെയും മോചിപ്പിച്ചു. ഘിത്സൈകളെ കാണ്ടഹാറില്‍ നിന്നും തുരത്തുകയും അവിടെ അബ്ദാലികളെ താമസമുറപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തു. [8]
[തിരുത്തുക] നാദര്‍ ഷായെ സേവിക്കുന്നു
അബ്ദാലിയുടെ ചെറുപ്പവും സൌന്ദര്യവും കാരണം നാദിര്‍ ഷാ അബ്ദാലിയോട് വാത്സല്യം കാണിച്ചു. നാദിര്‍ ഷാ അബ്ദാലിക്ക് ദുര്‍-ഇ-ദുറാന്‍ (മുത്തുകളുടെ മുത്ത്) എന്ന പദവി നല്‍കി, ഇതിനാല്‍ അഹ്മദ് ഖാന്‍ അബ്ദാലി ഗോത്രത്തിന്റെ പേര് ദുര്രാനി ഗോത്രം എന്ന് മാറ്റി. നാദിര്‍ ഷായുടെ സേവനത്തില്‍ സ്വയം തെളിയിച്ച അഹ്മദ് ഖാനെ ഒരു സ്വകാര്യ സേവകന്‍ (യസാവല്‍) എന്ന പദവിയില്‍ നിന്നും അബ്ദാലി ഗോത്ര അംഗങ്ങളുടെ ഒരു കുതിരപ്പടയുടെ അധിപനായി നിയമിച്ചു. സൈനിക ശ്രേണിയില്‍ പെട്ടെന്ന് ഉയര്‍ന്ന അഹ്മദ് നാദിര്‍ ഷാ ഇന്ത്യ ആക്രമിച്ചപ്പോള്‍, പ്രധാനമായും അബ്ദാലികള്‍ ഉള്‍പ്പെട്ട നാലായിരം വരുന്ന ഒരു കുതിരപ്പടയുടെ തലവനായി.[9].
ബുദ്ധിമാനും എന്നാല്‍ അധികാരമത്തനുമായ നാദിര്‍ ഷായ്ക്ക് തന്റെ യുവ സേനാനായകന്റെ കഴിവുകള്‍ കാണാന്‍ കഴിഞ്ഞു എന്ന് ഐതീഹ്യങ്ങള്‍ പറയുന്നു. ഒരു പസ്തൂണ്‍ ഐതീഹ്യം അനുസരിച്ച്, പിന്നീട് ദില്ലിയില്‍ നാദിര്‍ ഷാ അഹ്മദ് ഖാന്‍ അബ്ദാലിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "മുന്നോട്ടു വരൂ അഹ്മദ് അബ്ദാലി. ഓര്‍ക്കൂ, അഹ്മദ് ഖാന്‍ അബ്ദാലി, എനിക്കു ശേഷം രാജഭരണം നിന്നിലേയ്ക്ക് മാറും. പക്ഷേ നീ നാദര്‍ ഷായുടെ പിന്‍ഗാമികളോട് കരുണയോടെ പെരുമാറണം." ഇതിന് യുവാവായ അഹ്മദ് ഷായുടെ മറുപടി ഇങ്ങനെയായിരുന്നു. "ഞാന്‍ താങ്കള്‍ക്കുവേണ്ടി ബലികൊടുക്കപ്പെടട്ടെ. മഹാരാജാവ് എന്നെ വെട്ടിവീഴ്ത്താന്‍ താല്പര്യപ്പെട്ടാല്‍ ഞാന്‍ താങ്കളുടെ ആജ്ഞാനുവര്‍ത്തിയാണ്. ഇത്തരം വാക്കുകള്‍ പറയേണ്ട ഒരു കാരണവുമില്ല!".[10]
[തിരുത്തുക] നാദിര്‍ ഷായുടെ കൊലപാതകം
നാദിര്‍ ഷാ 1747 ജൂണില്‍ കൊല്ലപ്പെട്ടപ്പോള്‍ നാദിര്‍ ഷായുടെ ഭരണം പെട്ടെന്ന് അവസാനിച്ചു. ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട തുര്‍ക്കോമന്‍ കാവല്‍ക്കാര്‍ അബ്ദാലികള്‍ അവരുടെ രാജാവിന്റെ രക്ഷയ്ക്കു വരാതിരിക്കാനായി വളരെ രഹസ്യമായി ആണ് കൊല നടത്തിയത്. എന്നാല്‍ അഹ്മദ് ഖാനിനോട് പറഞ്ഞത് നാദിര്‍ ഷായുടെ ഭാര്യമാരിലൊരാള്‍ ആണ് നാദിര്‍ ഷായെ കൊന്നത് എന്നാണ്. ആക്രമിക്കപ്പെടും എന്ന അപകടം ഉണ്ടായിരുന്നിട്ടും അഹ്മദ് ഖാനിന്റെ നേതൃത്വത്തില്‍ അബ്ദാലി വിഭാഗം നാദിര്‍ ഷായെ രക്ഷിക്കുന്നതിനോ നടന്ന സംഭവം സ്ഥിരീകരിക്കുന്നതിനോ പാഞ്ഞെത്തി. രാജാവിന്റെ പാളയത്തിലെത്തിയ അവര്‍ക്ക് നാദിര്‍ ഷായുടെ ശരീരവും മുറിച്ചുമാറ്റിയ തലയും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നാദിര്‍ ഷായെ വിശ്വസ്തതയോടെ സേവിച്ചിരുന്ന അബ്ദാലികള്‍ തങ്ങളുടെ നേതാവിനെ സംരക്ഷിക്കാന്‍ പരാജയപ്പെട്ടതില്‍ കരഞ്ഞുകൊണ്ട്[11] കാണ്ടഹാറിലേക്ക് തിരിച്ചുപോയി. കാണ്ടഹാറിലേക്കുള്ള വഴിയില്‍ അബ്ദാലികള്‍ അഹ്മദ് ഖാന്‍ തങ്ങളുടെ പുതിയ നേതാവായിരിക്കും എന്ന് തീരുമാനിക്കുകയും അദ്ദേഹത്തെ അഹ്മദ് ഷാ എന്ന് വിളിച്ചുതുടങ്ങുകയും ചെയ്തു.[8]
[തിരുത്തുക] അധികാരത്തിലേക്ക്
ഇതേ വര്‍ഷം (1747-ല്‍) ദുര്രാനി (അബ്ദാലി) ഗോത്രത്തലവന്മാര്‍ കാണ്ടഹാറിനടുത്ത് അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഒരു ലോയ ജിര്‍ഗ കൂടി. ഒന്‍പതു ദിവസത്തേക്ക് അര്‍ഗയില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. അഹ്മദ് ഷാ തനിക്കുവേണ്ടി പ്രചരണം നടത്താതെ നിശബ്ദനായിരുന്നു. അവസാനം ഒരു മത നേതാവായ സബീര്‍ ഷാ തന്റെ കൂടാരത്തില്‍ നിന്നും പുറത്തുവന്ന് ജിര്‍ഗയുടെ മുന്നില്‍ നിന്ന് പറഞ്ഞു. "താന്‍ അഹ്മദ് ഷായെ ഒഴിച്ച് മറ്റാരെയും നേതൃത്വത്തിന് യോഗ്യനായി കണ്ടില്ല. ഈ സ്ഥാനത്തിന് ഏറ്റവും കഴിവുറ്റവനും വിശ്വസ്തനും അഹ്മദ് ഷാ ആണ്. അദ്ദേഹത്തിന്റെ തോളുകള്‍ക്കു മാത്രമേ ഈ ഉത്തരവാദിത്തം ചുമക്കാന്‍ കഴിയൂ എന്നതുകൊണ്ട് അഹ്മദ് ഷായ്ക്ക് സബീറിന്റെ ആശീര്‍വാദമുണ്ട്". ഗോത്രത്തലവന്മാര്‍ ഐക്യകണ്ഠേന ഇത് സമ്മതിച്ചു. ഗോത്രങ്ങളെ നയിക്കാനായി അഹ്മദ് ഷായെ തിരഞ്ഞെടുത്തു. 1747 ഒക്ടോബറില്‍ നാദിര്‍ അബദ് കോട്ടയുടെ പാര്‍ശ്വത്തില്‍ ഷെയ്ഖ് സൂര്‍ഖിന്റെ ശവകുടീരത്തിനടുത്തുവെച്ച് രാജാവായി അഹ്മദ് ഷായുടെ കിരീട ധാരണം നടക്കുകയും ഇത് മുദ്രണം ചെയ്ത് നാണയങ്ങള്‍ അച്ചടിക്കുകയും ചെയ്തു.
മറ്റ് സ്ഥാനാര്‍ത്ഥികളെക്കാളും ചെറുപ്പമായിരുന്നെങ്കിലും, തനിക്ക് അനുകൂലമായി അഹ്മദ് ഷാ അബ്ദാലിയ്ക്ക് പല പ്രധാന ഘടകങ്ങളുമുണ്ടായിരുന്നു.
- അന്നത്തെ കാലത്തെ പഷ്തൂണുകള്‍ക്കിടയില്‍ ഏറ്റവും പ്രബല ഗോത്രമായ സദോസായി ഗോത്രത്തിന്റെ പിതാമഹനായ സദോയുടെ നേരിട്ടുള്ള വംശജനായിരുന്നു അഹ്മദ് ഷാ അബ്ദാലി.
- വ്യക്തിപ്രഭാവമുള്ള നേതാവും തഴക്കമുള്ള യോധാവുമായ അഹ്മദ് ഷാ അബ്ദാലിയുടെ കീഴില്‍ പരിശീലിതരായ ആയിരക്കണക്കിന് കുതിരപ്പടയാളികളുണ്ടായിരുന്നു.
- നാദിര്‍ ഷായുടെ രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായിരുന്നു അഹ്മദ് ഷാ അബ്ദാലി.
- സദോദ്സായികളുടെ പ്രധാന എതിരാളികളായ മൊഹമ്മദ്സായികളുടെ (ബരാക്സായികള്‍ എന്നും അറിയപ്പെടുന്നു) തലവനായ ഹാജി അജ്മല്‍ ഖാന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മുന്നേ പിന്മാറിയിരുന്നു. [8]
അഹ്മദ് ഷായുടെ ആദ്യ പ്രവര്‍ത്തികളിലൊന്ന് ദുര്‍-ഇ-ദുര്രാനി എന്ന പദവി സ്വീകരിക്കുകയായിരുന്നു. നാദിര്‍ഷാ എപ്പോഴും അഹ്മദ് ഷാ അബ്ദാലിയെ ഈ പദവി ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ് ആദ്യ പ്രവര്‍ത്തിയായി ഈ പദവി സ്വീകരിച്ചത്.
[തിരുത്തുക] പടയോട്ടങ്ങള്‍
തന്റെ മുന്‍ഗാമിയെപ്പോലെ, അഹ്മദ് ഷായും താജിക്കുകള്‍, ഖിസിബാഷുകള്‍, യൂസഫായികള്‍ എന്നിവര്‍ പ്രദാനമായും ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക സൈന്യത്തെ രൂപീകരിച്ചു. [8]
അഹ്മദ് ഷാ തന്റെ സൈനിക വിജയങ്ങള്‍ തുടങ്ങിയത് ഘില്‍സായി പഷ്തൂണുകളില്‍ നിന്നും ഘസ്നി പിടിച്ചടക്കിക്കൊണ്ടായിരുന്നു. പിന്നാലെ ഒരു തദ്ദേശീയ ഭരണാധികാരിയില്‍ നിന്നും കാബൂള്‍ പിടിച്ചടക്കി, കിഴക്കേ ഖോറാസാനില്‍ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും) തന്റെ ആധിപത്യം ശക്തമാക്കി. വിവിധ അഫ്ഗാന്‍ ഗോത്രങ്ങളുടെ നേതൃത്വം പ്രധാനമായും ഗോത്രത്തിന് ധനം (കൊള്ളമുതല്‍) നല്‍കുന്നതിനുള്ള നേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരുന്നു, തന്റെ അനുയായികള്‍ക്ക് കൊള്ളമുതലും ഭൂപ്രദേശവും നല്‍കുക വഴി അഹ്മദ് ഷാ ഇതില്‍ വളരെ വിജയിച്ചു. പഞ്ചാബിനെ 1747-നും 1753-നും ഇടയ്ക്ക് മൂന്നുതവണ ആക്രമിച്ചതിനു പുറമേ, അഹ്മദ് ഷാ ഹെറാത് 1750-ല്‍ പിടിച്ചടക്കി, നിഷാപൂര്‍ (നെയ്ഷാബൂര്‍), മഷ്ഹദ് എന്നിവ 1751-ല്‍ പിടിച്ചടക്കി.
കിരീടധാരണത്തിന് ഒരു വര്‍ഷത്തിനുശേഷം, 1748-ല്‍ ആണ് അഹ്മദ് ഷാ ആദ്യമായി സിന്ധു നദി മുറിച്ചുകടക്കുന്നത് - അഹ്മദ് ഷായുടെ സൈന്യങ്ങള്‍ ലാഹോര്‍ കൊള്ളയടിക്കുകയും പിടിച്ചടക്കുകയും ചെയ്തു. അടുത്ത വര്‍ഷം (1749-ല്‍) മുഗള്‍ ഭരണാധികാരി സിന്ധും, സിന്ധു നദി ഉള്‍പ്പെട്ട പഞ്ചാബ് പ്രദേശം മുഴുവനും അഹ്മദ് ഷായ്ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതനായി, തന്റെ തലസ്ഥാനത്തെ അഹ്മദ് ഷാ ആക്രമിക്കാതിരിക്കുന്നതിനായിരുന്നു ഈ പ്രവര്‍ത്തി. ഇങ്ങനെ ഒരു യുദ്ധം കൂടാതെതന്നെ കിഴക്ക് വലിയ അളവ് ഭൂവിഭാഗങ്ങള്‍ പിടിച്ചെടുത്തതിനു ശേഷം അഹ്മദ് ഷാ പടിഞ്ഞാറോട്ട് ശ്രദ്ധതിരിച്ച് ഹേറാത്ത് ആക്രമിച്ചു. ഈ നഗരം ഭരിച്ചിരുന്നത് നാദിര്‍ ഷായുടെ ചെറുമകനായ പേര്‍ഷ്യയിലെ ഷാറൂഖ് ആയിരുന്നു. ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന ബന്ദവസ്സിനും രക്തരൂക്ഷിതമായ യുദ്ധത്തിനും ശേഷം 1750-ല്‍ നഗരം അഹ്മദ് ഷായുടെ നിയന്ത്രണത്തിലായി; അഹ്മദ് ഷാ പിന്നാലെ ഇന്നത്തെ ഇറാനിലേയ്ക്ക് പടനയിച്ചു, 1751-ല്‍ നിഷാപുര്‍, മഷ്ഹാദ് എന്നിവ പിടിച്ചടക്കി.
ഇതേ സമയം സിഖുകാര്‍ ലാഹോര്‍ നഗരം പിടിച്ചടക്കിയിരുന്നു. ഇവരെ തുരത്താന്‍ അഹ്മദ് ഷാ 1751-ല്‍ തിരിച്ചുവന്നു. 1752-ല്‍ അഹ്മദ് ഷാ കാശ്മീര്‍ ആക്രമിച്ച് നിലംപരിശാക്കി. പിന്നാലെ ഹിന്ദു കുഷിന് വടക്കുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിനായി അഹ്മദ് ഷാ ഒരു സൈന്യത്തെ അയച്ചു. വടക്ക്, മദ്ധ്യ, പശ്ചിമ അഫ്ഗാനിസ്ഥാനിലെ തുര്‍ക്മെനുകള്‍ ഉസ്ബെക്കുകള്‍, താജിക്കുകള്‍, ഹസാരകള്‍ എന്നിവര്‍ ചുരുങ്ങിയ കാലം കൊണ്ട് ശക്തരായ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.
1756/57-ല്‍, തന്റെ നാലാമത്തെ ഇന്ത്യ ആക്രമണത്തില്‍, അഹ്മദ് ഷാ ദില്ലി, ആഗ്ര, മഥുര, വൃന്ദാവനം എന്നിവ കൊള്ളയടിച്ചു. എന്നാല്‍ അദ്ദേഹം മുഗള്‍ രാജവംശത്തെ സ്ഥാനഭ്രഷ്ടരാക്കിയില്ല. പഞ്ജാബ്, സിന്ധ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ അഹ്മദ് ഷായുടെ ആധിപത്യം അംഗീകരിക്കുന്നിടത്തോളം മുഗള്‍ രാജാക്കന്മാര്‍ക്ക് നാമമാത്രമായ അധികാരം ഉണ്ടായിരുന്നു. ഒരു പാവ ചക്രവര്‍ത്തിയായി ആലംഗീര്‍ രണ്ടാമനെ മുഗള്‍ സിംഹാസനത്തില്‍ അഹ്മദ് ഷാ അവരോധിക്കുകയും തനിക്കും തന്റെ മകനായ തിമൂറിനും മുഗള്‍ രാജകുടുംബത്തില്‍ നിന്ന് അതേ വര്‍ഷം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തു. മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് ഷായുടെ മകളെ അഹ്മദ് ഷാ വിവാഹം ചെയ്തു. ആലംഗിര്‍ രണ്ടാമന്റെ മകളെ വിവാഹം ചെയ്ത, തന്റെ മകനായ തിമൂര്‍ ഷായെ ദില്ലിയില്‍ തന്റെ താല്പര്യങ്ങള്‍ ഏല്പ്പിച്ച് അഹ്മദ് ഷാ ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. തിരിച്ചുപോകുംവഴി അഹ്മദ് ഷാ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ചു, സരോവര്‍ (ക്ഷേത്രത്തിലെ വിശുദ്ധ കുളം) കൊലചെയ്യപ്പെട്ട മനുഷ്യരുടെയും പശുക്കളുടെയും രക്തം കൊണ്ട് നിറച്ചു. അഹ്മദ് ഷാ 1757-ല്‍ അമൃത്സര്‍ പിടിച്ചടക്കി, ഹര്‍മീന്ദര്‍ സാഹിബ് (പൊതുവായി സുവര്‍ണ്ണക്ഷേത്രം എന്ന് അറിയപ്പെടുന്നു) ആക്രമിച്ചത് സിഖുകാരും അഫ്ഗാനികളും തമ്മില്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ശത്രുതയുടെ തുടക്കമായിരുന്നു.[12]
[തിരുത്തുക] മൂന്നാം പാനിപ്പത്ത് യുദ്ധം
1707-ല്‍ മരിച്ച ഔറംഗസീബിന്റെ ഭരണം മുതല്‍ വടക്കേ ഇന്ത്യയില്‍ മുഗള്‍ ഭരണം ക്ഷയിച്ചുവരികയായിരുന്നു. പൂനെ തലസ്ഥാനമഅക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന മറാഠര്‍ തങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രച്ച്ചുകൊണ്ടിരുന്നു. അഹ്മദ് ഷാ മുഗള്‍ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠര്‍ നികത്തി. 1758-ല്‍, അഹ്മദ് ഷാ കാണ്ടഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വര്‍ഷത്തിനു ശേഷം, മറാഠര്‍ പഞ്ചാബിന്റെ നിയന്ത്രണം പിടിച്ചടക്കി, അഹ്മദ് ഷായുടെ മകനായ തിമൂര്‍ ഷായെ ഇന്ത്യയില്‍ നിന്നും തുരത്തുന്നതില്‍ വിജയിച്ചു.
ഷാ വലിയുള്ള തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്[13], അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ കോണ്‍ഫെഡറസിയുടെ ശക്തമായ പ്രതിരോധത്തെ നേരിടാന്‍ തീരുമാനിച്ചു. അഹ്മദ് ഷാ മറാഠര്‍ക്ക് എതിരേ ഒരു ജിഹാദ് (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, ഇതില്‍ വിവിധ പഷ്തൂണ്‍ ഗോത്രങ്ങളില്‍ നിന്നുള്ളവരും, ബലൂചികള്‍, താജിക്കുകള്‍, ഇന്ത്യയില്‍ നിന്നുള്ള മുസ്ലീങ്ങള്‍, തുടങ്ങിയവരും അണിചേര്‍ന്നു. ആദ്യ പോരാട്ടങ്ങളില്‍ വിജയം അഫ്ഗാനികള്‍ക്കായിരുന്നു. 1759-ല്‍ അഹ്മദ് ഷായുടെ സൈന്യം ലാഹോര്‍ എത്തി, മറാഠരെ നേരിടാന്‍ സജ്ജരായി നിന്നു. 1760-ഓടെ മറാഠ സംഘങ്ങള്‍ ഒന്നുചേര്‍ന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപീകരിച്ചു. ഒരിക്കല്‍ക്കൂടി, വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് പാനിപ്പത്ത് വേദിയായി. പ്രധാനമായും ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മറാഠരും തമ്മില്‍ മൂന്നാം പാനിപ്പത്ത് യുദ്ധം 1761 ജനുവരിയില്‍ പോരാടി, പന്ത്രണ്ടു കിലോമീറ്റര്‍ നീളമുള്ള യുദ്ധമുന്നണിയില്‍ ഇരുവിഭാഗത്തും 100,000 സൈനികരോളം അടരാടി, ഈ യുദ്ധത്തില്‍ അഹ്മദ് ഷായുടെ സൈന്യത്തിന് നിര്‍ണ്ണായകവിജയം ഉണ്ടായി.[14]
[തിരുത്തുക] കിഴക്കന്‍ തുര്‍ക്കിസ്ഥാനും ഉയ്ഘറുകളും
ക്വിങ്ങ് രാജവംശത്തിന്റെ യുദ്ധനീക്കങ്ങള്‍ കൊണ്ട് കഷ്ടതയിലായ ഉയ്ഘറുകളുടെ അവസ്ഥകണ്ട് അഹ്മദ് ഷാ മുസ്ലീം രാജ്യങ്ങളെ അണിനിരത്തി ക്വിങ്ങ് രാജ്യ വികസനത്തെ ചെറുക്കാന്‍ ശ്രമിച്ചു.[15] അഹ്മദ് ഷാ ക്വിങ്ങ് ചൈനയുമായുള്ള വ്യാപാരം നിര്‍ത്തുകയും കോകണ്ടിലേക്ക് സൈന്യത്തെ അയക്കുകയും ചെയ്തു.[16] എന്നാല്‍, ഇന്ത്യയിലെ ആക്രമണങ്ങള്‍ അഹ്മദ് ഷായുടെ ഖജനാവ് കാലിയാക്കി, അഹ്മദ് ഷായുടെ സൈന്യം മദ്ധ്യേഷ്യയിലെമ്പാടും വ്യാപിച്ചുകിടന്നതുകൊണ്ട് ക്വിങ്ങ് ശക്തികളെ ചെറുക്കാന്‍ വേണ്ട സൈന്യങ്ങള്‍ അഹ്മദ് ഷായ്ക്ക് ഇല്ലായിരുന്നു. കിഴക്കേ തുര്‍ക്കിസ്ഥാനിലെ ഉയ്ഘറുകളുടെ അവസ്ഥ പരിഹരിക്കുന്നതിനായി അഹ്മദ് ഷാ ബീജിങ്ങിലേക്ക് ദൂതരെ അയച്ചു, പക്ഷേ സംഭാഷണങ്ങള്‍ ഉയ്ഘറുകള്‍ക്ക് അനുകൂലമായ ഭലം ഉണ്ടാക്കിയില്ല.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Encyclopaedia Britannica (Online Edition) - Ahmad Shah Durrani...Link
- ↑ Library of Congress Country Studies, Afghanistan - Ahmad Shah and the Durrani Empire
- ↑ Singh, Ganda (1959) Ahmad Shah Durrani: Father of Modern Afghanistan Asia Publishing House, London, OCLC 4341271
- ↑ al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000
- ↑ Dr Kamal Kabuli on historian Faryaar Kohzaad's writings[1]
- ↑ al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000
- ↑ Dr Kamal Kabuli on historian Faryaar Kohzaad's writings[2]
- ↑ 8.0 8.1 8.2 8.3 C. Collin-Davies (1999). "Ahmad Shah Durrani". Encyclopaedia of Islam (CD-ROM Edition v. 1.0).
- ↑ Griffiths, John. C (2001) Afghanistan: A History of Conflict p12
- ↑ Singer, Andre (1983) Lords of the Khyber. The story of the North West Frontier
- ↑ Olaf Caroe, The Pathans (1981 reprint)
- ↑ A Punjabi saying of those times was "khada peeta laahey daa, te rehnda Ahmad Shahey daa" which translates to, "what we eat and drink is our property; the rest belongs to Ahmad Shah."
- ↑ Shah Wali Ullah 1703-1762
- ↑ for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [3]
- ↑ Holy War in China, By Ho-dong Kim, pg. 20
- ↑ The Empire and the Khanate, By L. J. Newby, pg. 34