അരവിന്ദ് അഡിഗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അരവിന്ദ് അഡിഗ | |
|---|---|
| ജനനം | 23 ഒക്ടോബര്‍ 1974 ചെന്നൈ, |
| തൊഴില്‍ | എഴുത്തുക്കാരന്‍ |
| ദേശീയത | ഭാരതീയന്‍ |
| പ്രധാനപ്പെട്ട കൃതികള്‍ | ദി വൈറ്റ് ടൈഗര്‍ |
| പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ | 2008-ലെ ബുക്കര്‍ സമ്മാനം (ദി വൈറ്റ് ടൈഗര്‍) |
ബുക്കര്‍ സമ്മാനം നേടിയ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് അരവിന്ദ് അഡിഗ (ജനനം: ഒക്ടോബര്‍ 23, 1974). ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗര്‍ 2008-ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹമായി. [1]
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1974-ല്‍ തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് കര്‍ണാടകത്തിലെ മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഉന്നതപഠനത്തിനായി ആസ്ത്രേലിയയിലേക്ക് പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്കൂളില്‍ ചേര്‍ന്നു. അതിനുശേഷം ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും ഓക്സ്ഫഡിലെ മാഗ്ഡാലന്‍ കോളേജിലുമായി ഇംഗ്ലീഷ് സാഹിത്യ പഠനം പൂര്‍ത്തിയാക്കി. [2][3] ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്നു.[3]
[തിരുത്തുക] പത്രപ്രവര്‍ത്തനം
സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്‍റ്, ദി സണ്‍ഡേ ടൈംസ്, മണി, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ആദ്യം വെളിച്ചം കണ്ടുതുടങ്ങി. [3]
പിന്നീട് ടൈം മാഗസിന്റെ കറസ്പോണ്ടന്റായി.[2] അവിടെ മൂന്നുവര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഇക്കാലഘട്ടത്തിലാണ് ആദ്യനോവലായ 'ദി വൈറ്റ് ടൈഗര്‍' എഴുതുന്നത്. മുന്‍ ബുക്കര്‍ സമ്മാനജേതാവായ പീറ്റര്‍ കെറിയുടെ ഓസ്കാര്‍ ആന്‍റ് ലൂസിന്‍ഡ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണം ദി സെക്കന്‍റ് ആര്‍ട്ടിക്കിളില്‍ വരികയുണ്ടായി. [4]
[തിരുത്തുക] ബുക്കര്‍ സമ്മാനം
ദി വൈറ്റ് ടൈഗറിന് 2008-ലെ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. കെറി ഹുള്‍മ് (1985), അരുന്ധതി റോയ് (1997), ഡി.ബി.സി. പിയറി (2003) എന്നിവരാണ് തങ്ങളുടെ ആദ്യ നോവലിന് സമ്മാനം ലഭിച്ച മറ്റുള്ളവര്‍.[5]
ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ. വി.എസ്. നൈപാള്‍ (1971), സല്‍മാന്‍ റുഷ്ദി (1981), അരുന്ധതി റോയ് (1997), കിരണ്‍ ദേശായി (2006) എന്നിവരാണ് ഇതിനുമുമ്പ് ബുക്കര്‍ പുരസ്കാരം നേടിയ ഇന്ത്യക്കാര്‍. ഇതിനുപുറമെ ഇന്ത്യയില്‍ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കര്‍ സമ്മാനത്തിനര്‍ഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ദി വൈറ്റ് ടൈഗര്‍.[6]
[തിരുത്തുക] കൃതി
- ദി വൈറ്റ് ടൈഗര്‍ (ഫ്രീപ്രസ്, 2008)
[തിരുത്തുക] അവലംബം
- ↑ Aravind Adiga's The White Tiger wins Booker. IBNLive. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
- ↑ 2.0 2.1 Author Biography: Aravind Adiga. BookBrowser. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
- ↑ 3.0 3.1 3.2 Aravind Adiga. The Man Book Prizes. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
- ↑ OSCAR AND LUCINDA. The Second Article. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
- ↑ The White Tiger wins the 2008 Man Booker Prize for Fiction. Man Booker Prize news. ശേഖരിച്ചത് ഒക്ടോബര്‍ 18, 2008.
- ↑ The White Tiger wins the 2008 Man Booker Prize for Fiction. The Man Book Prizes. ശേഖരിച്ചത് ഒക്ടോബര്‍ 15, 2008.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ഔദ്യോഗിക വെബ്സൈറ്റ്
- ദി ടെലിഗ്രാഫില്‍ വന്ന ദി വൈറ്റ് ടൈഗര്‍ നിരൂപണം

