അമൂർത്തകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Kazimir Malevich, Black Square, c. 1913
Wassily Kandinsky, On White 2, 1923

പ്രകൃതിയെ അനുകരിക്കുകയോ പകർത്തുകയോ ചെയ്യാതെ രൂപങ്ങളും വർണങ്ങളും കൊണ്ട് സ്വതന്ത്രങ്ങളും സ്വയംസമ്പൂർണങ്ങളുമായ ചിത്രശില്പങ്ങൾ ആവിഷ്കരിക്കുന്ന രചനാസങ്കേതത്തെയാണ് അമൂർത്തകല എന്ന് പറയുന്നത്.

കേവലമൂല്യങ്ങൾ (absolute values) പ്രാപിക്കുന്നതിനുള്ള മനുഷ്യസഹജമായ അഭിനിവേശത്തിന്റെ ഒരു നിദർശനമാണിത്. ഈ പ്രത്യേകത ആദ്യമായി വിഭാവനം ചെയ്തത് യവനദാർശനികനായ പ്ലേറ്റോ ആണ്. അദ്ദേഹം ഈ പ്രതിഭാസത്തെ ഇങ്ങനെ വിശദമാക്കിയിരിക്കുന്നു: രൂപസൌന്ദര്യം എന്നു പറയുമ്പോൾ മിക്കവരും പ്രതീക്ഷിക്കുന്നതുപോലെ ജീവജാലങ്ങളുടെയോ ചിത്രങ്ങളുടെയോ സൌന്ദര്യത്തെയല്ല ഞാൻ അർഥമാക്കുന്നത്. പിന്നെയോ... ലേയ്ത്തുകൾ (കടച്ചിൽ യന്ത്രങ്ങൾ), റൂളറുകൾ, സ്ക്വയറുകൾ എന്നിവകൊണ്ട് ഉണ്ടാക്കുന്ന നേർവരകളും വളവുകളും പരന്നതോ ഘനരൂപത്തിൽ ഉള്ളതോ ആയ പദാർഥങ്ങളുടെ തലങ്ങളും ആണ്... എന്നാൽ ഈ പദാർഥങ്ങൾ മറ്റു പദാർഥങ്ങളെപ്പോലെ താരതമ്യപരിഗണനയുടെ വെളിച്ചത്തിൽ അല്ല സുന്ദരങ്ങൾ ആയിരിക്കുന്നത്. ഇവ പ്രകൃത്യാ സുന്ദരങ്ങളാണ്; കേവലമായിത്തന്നെ സുന്ദരങ്ങളാണ്.

പ്രകൃതിവിഭവങ്ങളുടെ ദൃശ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രശില്പവിന്യാസങ്ങളെക്കാൾ ആകാരവും വർണവും അവയിൽതന്നെ സമഞ്ജസമായി ഏകാഗ്രമായി സഫലമായി സമ്മേളിച്ച് അനുവാചകഹൃദയങ്ങളിൽ വൈകാരികാനുഭൂതി ഉളവാക്കുന്ന കലാവിദ്യയാണിത്. അമൂർത്തകലയുടെ അംശം മഹത്തായ എല്ലാ കലാസൃഷ്ടികളിലും അടങ്ങിയിരിക്കുന്നു. പ്രകൃതിയുടെ ശരിപ്പകർപ്പാണെങ്കിലും യാഥാതഥ്യശൈലിയിൽ രൂപംകൊണ്ടിട്ടുള്ളവയാണെങ്കിലും അവയിലെല്ലാംതന്നെ ഈ അംശം ഏറിയോ കുറഞ്ഞോ കാണാം.

അമൂർത്തകലയെ അരൂപകല, കേവലകല എന്നിങ്ങനെ രണ്ടായി വിവക്ഷിക്കാറുണ്ട്. പാശ്ചാത്യകലാസംജ്ഞകളായ അബ്‌സ്ട്രാക്ട് ആർട്ട്, നോൺഫിഗററ്റീവ് ആർട്ട് എന്നിവയ്ക്കു സമാനമായിട്ടാണ് ഈ ശബ്ദങ്ങൾ ഉപയോഗിക്കാറുള്ളത്. സമകാലികഭാരതീയകലയിലും ഈ ധാര തെളിയുന്നുണ്ടെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് വ്യാപകമായ ഒരു കലാപ്രസ്ഥാനമായി ഇത് പ്രചരിച്ചിട്ടുള്ളത്. 20-ാം ശതകത്തിലെ ഏറ്റവും മഹത്തായ കലാപ്രസ്ഥാനമായി ഇതിനെ കരുതാവുന്നതാണ്.

ചരിത്രം[തിരുത്തുക]

ഛായാഗ്രഹണത്തിന്റെ കണ്ടുപിടിത്തത്തോടുകൂടി പ്രകൃതിയെ യഥാതഥമായി അനുകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന കലാരീതി അപ്രസക്തമായിത്തീരുകയും കലാകാരൻമാർ പ്രകൃതിയെ പുനർനിർമ്മിക്കുന്നതിലും അമൂർത്തഭാവങ്ങളെ ആവാഹിക്കുന്നതിലും തത്പരരായി തീരുകയും ചെയ്തു. പ്രകൃതിയിൽ ഗോളങ്ങളും നാളികകളും ത്രികോണങ്ങളും ദർശിച്ച സെസാൻ എന്ന ഫ്രഞ്ചു കലാകാരനാണ് ഈ പ്രവണത തുടങ്ങിവച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബാഹ്യമായി യാഥാതഥ്യത്തിൽനിന്ന് വളരെയേറെ അകന്നു പോകുന്നില്ലെങ്കിലും ആന്തരികമായി ക്ഷേത്രഗണിതാത്മകമായ ഒരു പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. 1909 മുതൽ പ്രത്യക്ഷപ്പെടുന്ന പിക്കാസോയുടെയും ജോർജ് ബ്രാക്കിന്റെയും ചിത്രങ്ങളിൽ ഭാഗികമായ അമൂർത്തത അനുഭവപ്പെട്ടു. ഛായാചിത്രങ്ങളും നിശ്ചലദൃശ്യങ്ങളുമാണ് അവരുടെ സൃഷ്ടികളിൽ കാണാൻ കഴിയുന്നതെങ്കിലും ദൃശ്യങ്ങളുടെ യഥാതഥ പ്രതീതിയെ അവർ പിൻപറ്റിയില്ല. പകരം, രൂപങ്ങളുടെ ത്രിമാന ഘടനയെ വിഘടിപ്പിച്ച് അവയെ ദ്വിമാനമായ ശ്ളഥരൂപങ്ങളായി പരിവർത്തിപ്പിച്ചു. പിക്കാസോ, ബ്രാക്, ഷ്വാൻഗ്രിസ് തുടങ്ങിയവരുടെ സൃഷ്ടികളിൽ പൊതുവെ പ്രത്യക്ഷപ്പെട്ട ഈ രചനാ സമ്പ്രദായം പിന്നീട് 'ക്യൂബിസം' എന്നറിയപ്പെട്ടു. ക്യൂബിസത്തിന്റെ ദൃശ്യവരനയിൽ അമൂർത്തത ചെറുതായി നിഴലിക്കുന്നതായി കാണാം.

പ്രശസ്തർ[തിരുത്തുക]

അമൂർത്തകലയുടെ വികസിത രൂപം വിഭാവനം ചെയ്യുകയും അതിന്റെ പ്രയോഗരീതി സാധ്യമാക്കുകയും ചെയ്തത് റഷ്യൻ ചിത്രകാരനായ വാസിലി കാൻസിസ്ക്കിയാണ് (1866-1944) തിരിച്ചറിയാവുന്ന രൂപങ്ങളെ അനുകരിക്കാതെ കേവലം വർണങ്ങൾ കൊണ്ടു മാത്രം ഭാവപ്രകാശനം സാധിക്കുന്ന സങ്കേതമാണ് കാൻഡിൻസ്കി സ്വീകരിച്ചത്. അദ്ദേഹം യഥാതഥമായ വസ്തുക്കളെ വികലമാക്കുകയോ ഛിന്നഭിന്നമാക്കി പുനഃസംവിധാനം ചെയ്യുകയോ അല്ല, കേവല വർണരൂപങ്ങൾ നിർമ്മിക്കയാണ് ചെയ്യുന്നത്. ഇതിൽ യാഥാതഥ്യത്തിന്റെ അംശമില്ല. ശുദ്ധമായ സംഗീതം പോലെയാണത്. അത് ഉപബോധമനസ്സിൽ ഉദ്വേഗം ഉളവാക്കുന്നു. ഈ അമൂർത്തഭാവപ്രകാശനത്തെക്കുറിച്ച് സർ മൈക്കേൽ സാഡ്ലർ ഇപ്രകാരം പറയുന്നു: 'കാൻഡിൻസ്കി സംഗീതത്തെ ചിത്രീകരിക്കുന്നു. സംഗീതത്തിനും ചിത്രകലയ്ക്കും തമ്മിലുള്ള മതിൽക്കെട്ട് അദ്ദേഹം' പൊളിച്ചുമാറ്റിയിരിക്കുന്നു. കാൻഡിൻസ്കിക്ക് ഒട്ടേറെ അനുകർത്താക്കളുണ്ട്.

ഇതേസമയം ക്യൂബിസത്തിൽനിന്ന് പ്രചോദനം നേടിയ കാസിമിൻ മാലെവിച്ച് എന്ന റഷ്യൻ കലാകാരൻ അമൂർത്തകലയെ ക്ഷേത്രഗണിതാത്മകമാക്കി മാറ്റുകയായിരുന്നു. യാഥാതഥ്യം, അർഥം, വികാരം എന്നിവയെ പാടെ വിപാടനം ചെയ്ത് രൂപങ്ങളെ ഋജുരേഖകൾക്കുള്ളിൽ ഒതുക്കുകയായിരുന്നു ഇദ്ദേഹം. ക്രമേണ വർണപ്പൊലിമയും ഉപേക്ഷിച്ചു. വെളുത്ത തലത്തിൽ കറുത്ത ചതുരങ്ങൾ, വൃത്തങ്ങൾ എന്നിവ മാറി, ഒടുവിൽ വെളുത്ത തലത്തിൽ വെളുത്ത ചതുരങ്ങൾ തന്നെ രചിക്കുന്നതിൽ ഇദ്ദേഹം സാഫല്യം കണ്ടെത്തി. കലയ്ക്ക് ഇതിനുമപ്പുറം ശുദ്ധമാകാൻ സാധ്യമല്ലല്ലോ. ഈ പ്രസ്ഥാനത്തെ 'സുപ്രീം' അഥവാ 'പരമം' എന്ന് അർഥം വരുന്ന 'സുപ്രമാറ്റിസം' എന്ന സംജ്ഞകൊണ്ട് ഇദ്ദേഹം വിശേഷിപ്പിച്ചു. 'വെളുത്ത കാൻവാസിൽ വരയ്ക്കപ്പെടുന്ന കറുത്ത ചതുരത്തിൽ എല്ലാ കലയേയും ഒതുക്കി നിർത്തുന്നതാണ് സുപ്രമാറ്റിസം. എനിക്കൊന്നും കണ്ടുപിടിക്കേണ്ടിവന്നില്ല. എനിക്ക് എന്നിൽതന്നെ അനുഭവപ്പെട്ട അന്ധതമസ്സായിരുന്നു അത്. അതിൽ ഞാൻ സൃഷ്ടിയെ കണ്ടു. അതിനെ ഞാൻ സുപ്രമാറ്റിസം എന്നു വിളിച്ചു'. എന്നിപ്രകാരമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

മാലെവിച്ചിനെ തുടർന്ന് പിയെ മോണ്ട്രിയാൻ എന്ന ഡച്ചു കലാകാരൻ ക്ഷേത്രഗണിതാത്മക കേവലകലയെ ഒരു സാർവലൌകിക പ്രസ്ഥാനമാക്കിത്തീർത്തു. ക്യൂബിസത്തിൽനിന്ന് അതിന്റെ യഥാതഥ ഘടകങ്ങളെ പാടേ മാറ്റിയിട്ട് അതിനെ തീർത്തും ഋജുരേഖാനിബന്ധമാക്കിയത് അദ്ദേഹമാണ്. സുസംഘടിതമായ ചതുരങ്ങൾ, ദീർഘസമചതുരങ്ങൾ, പരന്ന വർണതലങ്ങൾകൊണ്ടു നിർമിച്ച രേഖകൾ മുതലായവയിൽ നിബദ്ധമാണ് അദ്ദേഹത്തിന്റെ കല. അത് അർഥരഹിതമാണ്, പക്ഷേ, കലാപരമായി സുന്ദരമാണ്.

രീതികൾ[തിരുത്തുക]

ബെൻ നിക്കൾസൺ എന്ന ബ്രിട്ടിഷ് കലാകാരൻ, ഭാരതത്തിൽ ചണ്ഡിഗഢ് സംവിധാനം ചെയ്ത ലെ കോർബൂസിയെ, അമേരിക്കൻ കലാകാരനായ ജാക്സൺ പൊള്ളോക് മുതലായ പേരുകളും അമൂർത്തകലയുടെ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നവയാണ്. പൊള്ളോക് വലിയ കാൻവാസുകളിൽ ചായത്തുള്ളികൾ തെറിപ്പിച്ച് വർണാങ്കിത തലങ്ങൾ രചിക്കുന്നു. ഈ രീതിയെ 'ആക്ഷൻ പെയിന്റിങ്' എന്നു വിളിക്കാറുണ്ട്. 'ഡിസ്റ്റിജൽ', 'താക്കിസ്മെ', 'പ്യൂരിസം' മുതലായ ഉപപ്രസ്ഥാനങ്ങളും അമൂർത്തകലയുടെ വകഭേദങ്ങളാണ്.

ശില്പകലയിലും ഈ പ്രവണത പ്രകടമാണ്. ലോഹം, കല്ല്, സിമന്റ് മുതലായ മാധ്യമങ്ങളിൽ കലാകാരൻമാർ ക്ഷേത്രഗണിതാത്മകമായ ത്രിമാനരൂപങ്ങൾ രചിക്കുന്നു. മാധ്യമത്തിന്റെ അസംസ്കൃതരൂപത്തെ അടിസ്ഥാനമാക്കി അവയെ കടഞ്ഞും കൊത്തിയും രൂപങ്ങൾ നിർമ്മിക്കുന്നവരുണ്ട്. പ്രകൃതിയിലെ ഏതെങ്കിലും ജൈവകങ്ങളെ ഇവയ്ക്ക് അനുസ്മരിപ്പിക്കാമെങ്കിലും യഥാർഥത്തിൽ ഇവ ഒന്നിനേയും പ്രതിനിധാനം ചെയ്യുന്നില്ല. ഹാൻസ് ആർപ്, ഹെന്റിമൂർ, ബാർബറാ ഹെപ്വർത്ത്, ബ്രാൻകുശി മുതലായ ശില്പികൾ ഈ ജൈവരൂപതത്ത്വത്തെ പിൻതുടരുന്നു. അനലംകൃതങ്ങളും വെടിപ്പുള്ളവയുമായ ഈ രൂപങ്ങൾ ആധുനിക വാസ്തുശില്പത്തിൽ ഗണ്യമായ സ്വാധീനത ചെലുത്തുന്നു.

ഇന്ത്യയിൽ[തിരുത്തുക]

അമൂർത്തകലാ പ്രസ്ഥാനം ഇന്ത്യയിലും പ്രചാരം നേടിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലമായി അമേരിക്കയിൽ രൂപപ്പെട്ട 'അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം' കലാലോകത്ത് പ്രസരണം ചെയ്ത ആശയങ്ങളാണ് ഇന്ത്യൻ ചിത്രകാരന്മാരെ അമൂർത്തതയിലേക്ക് നയിച്ചത്. എന്നാൽ, അവർ ഭാരതീയ സാംസ്കാരിക തനിമ തങ്ങളുടെ രചനകൾക്ക് പകർന്നു നൽകുന്നതിൽ കാർക്കശ്യം പുലർത്തി. താന്ത്രിക് ചിഹ്നങ്ങളും ജാതകക്കുറിപ്പിലെ അക്ഷരവിതാനങ്ങളും മറ്റും ചേർന്ന് രൂപപ്പെട്ട ഇന്ത്യൻ അമൂർത്തകല കെ.സി.എസ്. പണിക്കർ, പാരിസ് വിശ്വനാഥൻ, ജി.ആർ. സന്തോഷ്, എസ്.എച്ച്. റാസ തുടങ്ങിയവരുടെ, 1960-നുശേഷമുള്ള സൃഷ്ടികളിൽ കാണാവുന്നതാണ്.

ആധുനികതയിൽ[തിരുത്തുക]

പരസ്യം, അച്ചടി, വാസ്തുശില്പം, ഗാർഹികോപകരണങ്ങൾ, വേഷവിധാനം മുതലായവയുടെ ഡിസൈനുകളിൽ അമൂർത്തകലയുടെ സ്വാധീനത ഇന്നു പ്രകടമാണ്

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൂർത്തകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമൂർത്തകല&oldid=2387826" എന്ന താളിൽനിന്ന് ശേഖരിച്ചത്