അബ്വിലീയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്വിലീയൻ കാലത്ത് ഉപ്യോഗിച്ചിരുന്നതായി കരുതപ്പെടുന്ന കൽ ചീളുകൾ ഫ്രാൻസിലെ അബ്വില്ലിൽ നിന്നു കണ്ടെടുത്തത്

പ്രാചീന ശിലായുഗത്തിലെ ഒരു കാലഘട്ടത്തെയാണ് അബ്വിലീയൻ (ഇംഗ്ലീഷ്:Abbevillian) എന്നു പറയുന്നത്.

പ്രാചീന ശിലായുഗം[തിരുത്തുക]

ഫ്രാൻസിലെ സോം നദീതീരത്തുള്ള അബ്വിൽ എന്ന സ്ഥലനാമത്തിൽ നിന്നുണ്ടായതാണ് ഈ സംജ്ഞ. ഈ കാലഘട്ടത്തിൽ മനുഷ്യൻ ഉപയോഗിച്ചിരുന്ന ശിലായുധങ്ങൾ ഈ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. അനലാശ്മം (flint) കൊണ്ടാണ് ഈയിനം ആയുധങ്ങൾ നിർമിച്ചിരുന്നത്. കൽച്ചീളുകൾ മിനുസപ്പെടുത്തി മഴു, കത്തി, അസ്ത്രമുനകൾ എന്നിവ ആദിമ മനുഷ്യർ ഉണ്ടാക്കിവന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഇത്തരം കൽച്ചീളുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട ഇത്തരം ആയുധങ്ങൾ (Fllint axe) പരുപരുപ്പുള്ളവയും ഒരറ്റംമാത്രം കൂർത്തവയുമായിരുന്നു. തുടർന്നുവന്ന നവീന ശിലായുഗത്തിൽ ഈ പരുക്കൻ കൽച്ചീളുകൾ തേച്ചുമിനുസപ്പെടുത്തി ഉപയോഗിച്ചുതുടങ്ങി.

നവീന ശിലായുഗം[തിരുത്തുക]

ഇത്തരം ശിലായുധങ്ങൾ പുരാവസ്തുഗവേഷകർ ആദ്യം കണ്ടെടുത്തത് ഫ്രാൻസിൽ തന്നെയുള്ള മർനേ താഴ്വരയിൽ പെട്ട ഷെലിസ് എന്ന സ്ഥലത്തുനിന്നായിരുന്നു. അതുകൊണ്ട് ആദ്യം 'ഷെല്ലീയൻ' (chellean) എന്ന പേരായിരുന്നു ഈ യുഗത്തിന് നൽകിയിരുന്നത്. എന്നാൽ അവിടെനിന്നും ലഭിച്ച അശ്മോപകരണങ്ങളും ആയുധങ്ങളും ശിലായുഗത്തെ പിന്നിട്ടുവന്ന അക്കീലിയൻ സംസ്കാരകാലഘട്ടത്തിൽ പ്പെട്ടവയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടതോടുകൂടി അവയെ ആ കാലഘട്ടത്തിൽപ്പെട്ടവയായി തരംതിരിച്ചു. പ്രാചീന ശിലായുഗത്തിലാണ് പ്രധാനമായും ശിലാപാളികൾ അടർത്തിയെടുത്ത് മഴുപോലുള്ള ആയുധങ്ങൾ ഉണ്ടാക്കിവന്നത്. 19-ആം നൂറ്റാണ്ടിൽ അബീവീലിൽ നടത്തിയ ഉത്ഖനനത്തിൽ ഇത്തരം ആയുധങ്ങളും കണ്ടുകിട്ടിയിരുന്നു. അതുകൊണ്ട് ഷെല്ലീയൻ സംസ്കാര കാലഘട്ടത്തിലേതെന്ന് തരംതിരിക്കപ്പെട്ടിരുന്നവ ഉൾപ്പെടെ കൽച്ചീളുകൾകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ള പ്രാചീനായുധങ്ങളെ മൊത്തത്തിൽ ഇന്ന് അബ്വിലീയൻ എന്നു വിളിച്ചുവരുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്വിലീയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്വിലീയൻ&oldid=3777470" എന്ന താളിൽനിന്ന് ശേഖരിച്ചത്