അപ്പുക്കുട്ടി നട്ടുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

19-ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജീവിച്ചിരുന്ന പ്രശസ്ത ഗായകനായിരുന്നു അപ്പുക്കുട്ടി നട്ടുവൻ. നാഗപട്ടണമായിരുന്നു ഇദ്ദേഹത്തിന്റെ ജന്മദേശം. പ്രസിദ്ധ സംഗീതജ്ഞനായ ശ്യാമാശാസ്ത്രിയുടെ(1762-1827) സമകാലികനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സംഗീതത്തിൽ തനിക്കു നേടുവാൻ കഴിഞ്ഞിട്ടുള്ള അസാധാരണ സിദ്ധിവിശേഷത്തിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസംകൊണ്ട് ഇദ്ദേഹം അനേകം സംഗീതവിദ്വാന്മാരെ വെല്ലുവിളിക്കുകയും അവരെയൊക്കെത്തന്നെ പരാജയപ്പെടുത്തുകയും ചെയ്തുവന്നു. പരാജിതരായവർ ശ്യാമാശാസ്ത്രിയുടെ അടുത്തു പരാതിപ്പെട്ടതിന്റെ ഫലമായി ശ്യാമാശാസ്ത്രികൾ നാഗപട്ടണത്തിലെത്തി അപ്പുക്കുട്ടിനട്ടുവനോട് എതിരിട്ടു. എന്നാൽ ശ്യാമാശാസ്ത്രിയെ നട്ടുവൻ ഭക്ത്യാദരവോടെ സ്വീകരിക്കുകയും ശാസ്ത്രിയോട് എതിരിടുന്നതിന് താൻ യോഗ്യനല്ലെന്ന് അറിയിക്കുകയും ചെയ്തു. അതിനുശേഷം നട്ടുവൻ നാഗപട്ടണത്തുനിന്നും മൈസൂറിലേക്കു പോവുകയും അവിടത്തെ മഹാരാജാവിന്റെ സദസ്സിലെ സംഗീതവിദ്വാൻ ആയിത്തീരുകയും ചെയ്തു. അപ്പുക്കുട്ടി നട്ടുവനിൽനിന്നും ശ്യാമാശാസ്ത്രിയുടെ മഹത്ത്വത്തെപ്പറ്റി അറിയാനിടയായ മഹാരാജാവ് ശാസ്ത്രിയെ തന്റെ രാജ്യത്തേക്ക് ക്ഷണിക്കാൻ അപ്പുക്കുട്ടി നട്ടുവനെ നിയോഗിച്ചു. എന്നാൽ ശ്യാമാശാസ്ത്രി ഈ ക്ഷണം നിരസിക്കുകയാണുണ്ടായത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പുക്കുട്ടി നട്ടുവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പുക്കുട്ടി_നട്ടുവൻ&oldid=2280172" എന്ന താളിൽനിന്ന് ശേഖരിച്ചത്