അപ്പലാച്ചി
യു.എസ്സിൽ വടക്കു പടിഞ്ഞാറേ ഫ്ലോറിഡയിലെ ഒരു മസ്കോഗിയൻ വർഗമാണ് അപ്പലാച്ചി. എ.ഡി. 16-ആം നൂറ്റാണ്ട് മുതലാണ് ഈ വർഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. സെന്റ്മാർക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉൾക്കടലിന്റെ തീരത്തുമാണ് ഇവർ വസിച്ചിരുന്നത്. മറുവശത്തെ ജനത എന്ന അർഥംവരുന്ന അപ്പലാച്ചി കോള എന്ന പദത്തിൽനിന്നാണ് അപ്പലാച്ചി എന്ന പേരുണ്ടായത്. 16-ആം നൂറ്റണ്ടിന്റെ അവസാനത്തോടെ സ്പാനിഷ് ഫ്രാൻസിസ്കർ അപ്പലാച്ചികളുടെയിടയിൽ മിഷനുകൾ സ്ഥാപിച്ചു. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സ്പാനിഷ് പിൻതുടർച്ചാവകാശയുദ്ധത്തിൽ ഇംഗ്ലിഷുകാർക്കെതിരായി സ്പെയിൻകാരുമായി അപ്പലാച്ചികൾ സഖ്യം ചെയ്തു. ഈ യുദ്ധത്തിൽ അപ്പലാച്ചികൾക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷൻപള്ളികൾ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതർ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവർഗം നാമാവശേഷമായി. അപ്പലാച്ചിവർഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികൾ ക്രീക്ക് വർഗത്തിൽ ലയിച്ചു. അപ്പലാച്ചികൾ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ വർഗക്കാർ സംസാരിച്ചിരുന്ന ഭാഷയുടെ പേരും അപ്പലാച്ചി എന്നു തന്നെ.
പുറംകണ്ണികൾ [തിരുത്തുക]
- http://library.thinkquest.org/TQ0310443/Appalachian%20Culture.htm
- http://www.smithsonianmag.com/people-places/Capturing-Appalachias-Mountain-People.html
- http://www.wvculture.org/history/journal_wvh/wvh30-2.html
- http://earthsaver77.tripod.com/Link_2.html
- [1] Images for appalachian people
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പലാച്ചി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |