അന്യാപദേശശതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലകണ്ഠദീക്ഷിതരുടെ ഒരു സംസ്കൃത കാവ്യമാണ് അന്യാപദേശശതകം. പേരുകൊണ്ടു വ്യക്തമാകുന്നതുപോലെ നൂറ് അന്യാപദേശശ്ലോകങ്ങളാണ് ഉള്ളടക്കം; ഒടുവിൽ മംഗളാശംസയായി ഭൂദേവീസ്തുതിയായ ഒരു ശ്ലോകവും ഉണ്ട്. ശാർദൂലവിക്രീഡിതം ആണ് വൃത്തം.

ഈ കാവ്യം ഇതേ പേരിൽ കേരളവർമ വലിയകോയിത്തമ്പുരാൻ, മണിപ്രവാളമായി വിവർത്തനം ചെയ്തിരിക്കുന്നു (1902); വൃത്തം, കുസുമമഞ്ജരി. ദീക്ഷിതരുടെ മൂലപദ്യങ്ങൾക്ക് അവയുടെ പ്രസ്തുതമെന്തെന്ന് വ്യക്തമാക്കുന്ന ഓരോ ചെറിയ അവതാരികക്കുറിപ്പുകൾ സ്വാതിതിരുനാൾ രാമവർമ മഹാരാജാവ്, സംസ്കൃതഗദ്യത്തിൽ മുമ്പേ എഴുതിയിട്ടുണ്ടായിരുന്നു. ഈ അവതാരികയോടുകൂടി മൂലപദ്യവും അതിനു കീഴിൽ രണ്ടിന്റെയും മലയാളവിവർത്തനവും വിവർത്തിതപദ്യങ്ങൾക്ക് എം. രാജാരാജവർമയുടെ വിശദവ്യാഖ്യാനവും - ഇങ്ങനെയാണ് അന്യാപദേശശതക മണിപ്രവാളത്തിന്റെ പ്രസിദ്ധീകരണം.

സാഹിത്യസംരംഭമെല്ലാം ശമിച്ച് നിർവാണമായ അഗ്നിപർവതം പോലെ അടങ്ങിയിരിക്കുന്ന താൻ ഇങ്ങനെയൊരു വിവർത്തനത്തിന് തുനിയാനിടയാക്കിയ ഹൃദയപ്രേരണകൾ, കേരളവർമ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദ്വിതീയാക്ഷരപ്രാസത്തിൽ സാർവത്രികമായി സ്വരവ്യഞ്ജനൈകരൂപ്യം വരുത്തുവാൻ സ്വതന്ത്രകൃതിയിലെന്നപോലെ വിവർത്തനത്തിലും അനായാസമായി കഴിയും എന്നു വെളിപ്പെടുത്തുകയാണ് അവയിലൊന്ന്.

മാതൃകയ്ക്കായി ഒരു പദ്യത്തിന്റെ മൂലവും വിവർത്തനവും അവതാരികസഹിതം ഉദ്ധരിക്കുന്നു:

അസ്വാധീനനിലയിലിരുന്നുകൊണ്ട് വലിയ പദവിയെ അനുഭവിക്കുന്നതിന് സ്വേച്ഛപോലെ ഇരിക്കുന്നവന്റെ സുഖം കിട്ടുകയില്ലെന്നു പറയുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യാപദേശശതകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യാപദേശശതകം&oldid=1048747" എന്ന താളിൽനിന്ന് ശേഖരിച്ചത്