അന്താരാഷ്ട്ര സംഘടനകൾ
പരമാധികാരസ്വഭാവമുള്ള രാഷ്ട്രങ്ങൾ ചേർന്ന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാമൂഹികവും സാസ്കാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി രൂപവത്കരിക്കുന്ന സംഘടനകളെ അന്താരാഷ്ട്ര സംഘടനകൾ (International organization) എന്നു പറയുന്നു. പ്രത്യേകം വിളിച്ചുകൂട്ടപ്പെട്ട അന്താരാഷ്ട്രസമ്മേളനങ്ങൾ വഴിയാണ് ഇത്തരം സംഘടനകൾ പ്രധാനമായും നിലവിൽ വരുന്നത്.
ഉള്ളടക്കം |
[തിരുത്തുക] രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം
ആധുനിക സാഹചര്യങ്ങളിൽ, ലോകത്തിലെ ഒരു രാഷ്ട്രവും സ്വയംപര്യാപ്തമല്ല. സൈനികകാര്യങ്ങൾ, വാണിജ്യം, അസംസ്കൃതസാധനങ്ങൾ, സാമ്പത്തികസഹായം, സാങ്കേതികോപദേശം, വ്യാവസായികോത്പന്നങ്ങൾ, വിദേശവിപണികൾ തുടങ്ങിയവയ്ക്കുവേണ്ടി ഒരു രാഷ്ട്രത്തിന് പലപ്പോഴും മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ പരസ്പരാശ്രയത്വം നിമിത്തം ലോകരാഷ്ട്രങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുകയാണ്. ലോകസമാധാനം നിലനിൽക്കുന്നതിനുതന്നെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധവും സഹകരണവും കൂടിയേതീരൂ. വിവിധ രാഷ്ട്രങ്ങളിലെ ജനതതികൾക്ക് പൊതുവായ മതമോ ഭാഷയോ രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം കുറേക്കൂടി ദൃഢമായിത്തീർന്നുവെന്നു വരും. പൊതുവായ ഏതെങ്കിലും പ്രശ്നങ്ങളുള്ള രാഷ്ട്രങ്ങൾ യോജിച്ച് സംഘടനയുണ്ടാക്കുമ്പോൾ അത് ഒരു അന്താരാഷ്ട്ര സംഘടനയായിത്തീരുന്നു.
[തിരുത്തുക] ആദ്യകാലസംരംഭങ്ങൾ
പുരാതന കാലം മുതൽക്കു തന്നെ ലോകത്ത് അനേകം അന്താരാഷ്ട്ര സംഘടനകളുണ്ടായിരുന്നു. പ്രാചീന ഗ്രീസിൽ ഏഥൻസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഡിലോസ്സഖ്യം (Confederacy of Delos)[1] ഇതിനൊരുദാഹരണമാണ്. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ (1769-1821) സാമ്രാജ്യവികസനത്തിനെതിരെ ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് സൈനികസഖ്യങ്ങൾ ഉണ്ടാക്കിയിരുന്നു. രാഷ്ട്രങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അത് ഒരു സായുധസംഘട്ടനത്തിലേക്കു നീങ്ങുന്നതിനു മുൻപ് ആ തർക്കങ്ങൾ പറഞ്ഞൊതുക്കുന്നതിനും അന്താരാഷ്ട്രസംഘടനകൾ ശ്രമിച്ചിരുന്നു. ഒറ്റതിരിഞ്ഞു നിൽക്കുന്നതിനുപകരം മറ്റു രാഷ്ട്രങ്ങളുമായി സഖ്യങ്ങളുണ്ടാക്കിക്കഴിയുവാനായിരുന്നു എല്ലാ രാഷ്ട്രങ്ങളും ശ്രമിച്ചിരുന്നത്. ലോകരാഷ്ട്രങ്ങളെല്ലാം സംഘടിക്കണമെന്ന ആഗ്രഹത്തിൽനിന്നാണ് ഒന്നാം ലോകയുദ്ധത്തെത്തുടർന്ന്, 1920-ൽ സർവരാഷ്ട്രസഖ്യം (League of Nations)[2] ഉടലെടുത്തത്. അറുപതു രാഷ്ട്രങ്ങൾ അംഗങ്ങളായി ഉണ്ടായിരുന്ന ഈ സംഘടന 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി നാമാവശേഷമായി.
[തിരുത്തുക] ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനകൾ
ലോകത്ത് വിവിധ ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടന (യു.എൻ). 2002-ൽ 191 അംഗരാഷ്ട്രങ്ങളുള്ള ഈ സംഘടന ലോകസമാധാനത്തിനും മാനവരാശിയുടെ മൊത്തത്തിലുളള സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ഉന്നമനത്തിനുംവേണ്ടി പ്രവർത്തിക്കുന്നു.
ഐക്യരാഷ്ട്ര സംഘടയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ താഴെപ്പറയുന്നവയാണ്:
- ട്രാൻസ്പോർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് കമ്മിഷൻ (15 അംഗങ്ങൾ).
- സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ (15 അംഗങ്ങൾ)
- സോഷ്യൽ കമ്മിഷൻ (15 അംഗങ്ങൾ)
- പോപ്പുലേഷൻ കമ്മിഷൻ (15 അംഗങ്ങൾ)
- കമ്മിഷൻ ഓൺ നർക്കോട്ടിക് ഡ്രഗ്സ് (15 അംഗങ്ങൾ)
- കമ്മിഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് (18 അംഗങ്ങൾ)
- കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഒഫ് വിമെൻ (18 അംഗങ്ങൾ)
- ഇന്റർ നാഷണൽ ട്രേഡ് കമ്മോഡിറ്റി കമ്മിഷൻ (18 അംഗങ്ങൾ)
- എക്കണോമിക് കമ്മിഷൻ ഫോർ ഏഷ്യാ ആൻഡ് ദി ഫാർ ഈസ്റ്റ് (ECAFE-24 അംഗങ്ങൾ)
- എക്കണോമിക് കമ്മിഷൻ ഫോർ ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയ (ECLA-33 അംഗങ്ങൾ)
- എക്കണോമിക് കമ്മിഷൻ ഫോർ ആഫ്രിക്ക (ECA-53 അംഗങ്ങൾ)
- ഇന്റർനാഷണൽ ഡവലപ്പ്മെന്റ് അസോസിയേഷൻ (IDA-102 അംഗങ്ങൾ)
- ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA-138 അംഗങ്ങൾ)
- ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO 177 അംഗങ്ങൾ)
- ഫുഡ് ആൻഡ് അഗ്രിക്കൽച്ചറൽ ഓർഗനൈസേഷൻ (FAO-188 അംഗങ്ങൾ)
- യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക്ക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO 197 അംഗങ്ങൾ)
- യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF-155 അംഗങ്ങൾ)
- വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO-192 അംഗങ്ങൾ)
- ഇന്റർ ഗവൺമെന്റൽ മാരിട്ടൈം കൺസൽട്ടേറ്റീവ് ഓർഗനൈസേഷൻ (IMCO-67 അംഗങ്ങൾ)
- വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (WMO-187 അംഗങ്ങൾ)
- ഇന്റർ നാഷണൽ ടെലി കമ്യൂണിക്കേഷൻ യൂണിയൻ (ITU-189 അംഗങ്ങൾ)
- ഇന്റർനാഷണൽ ബാങ്ക് ഫോർ റികൺസ്റ്റ്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (IBRD-184 അംഗങ്ങൾ)
- യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU-190 അംഗങ്ങൾ)
- ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO 189 അംഗങ്ങൾ)
- ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC 178 അംഗങ്ങൾ)
- ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട് (IMF-184 അംഗങ്ങൾ)
- ഇന്റർ നാഷണൽ കോർട് ഒഫ് ജസ്റ്റിസ്
- യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്പ്മെന്റ് (UNCTAD-192 അംഗങ്ങൾ).
ഇവയ്ക്കു പുറമേ, യു.എന്നുമായി ഔദ്യോഗികബന്ധമില്ലാത്ത അനവധി അന്താരാഷ്ട്രസംഘടനകൾ നിലവിലുണ്ട്. യു.എൻ. വോട്ടിങ്ങിൽ ഈ സംഘടനകളിലെ അംഗങ്ങൾ നിർണായകമായ സ്വാധീനം ചെലുത്താറുണ്ട്. സാമ്പത്തിക രാഷ്ട്രീയ സൈനിക സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളെ ആസ്പദമാക്കി രൂപവത്കരിക്കപ്പെട്ട മറ്റ് അന്താരാഷ്ട്ര സംഘടനകൾ താഴെപ്പറയുന്നവയാണ്.
[തിരുത്തുക] സാമ്പത്തിക/വാണിജ്യ ലക്ഷ്യമുള്ളവ
- അറബ് കോമൺമാർക്കറ്റ്. 1965 ജനുവരി 1-ന് നിലവിൽ വന്ന ഈ സംഘടനയുടെ ആസ്ഥാനം കെയ്റോ ആണ്. അംഗരാഷ്ട്രങ്ങൾ: ഇറാക്ക്, ജോർദാൻ, സിറിയ, ഈജിപ്റ്റ്, ലിബിയ, മോറിറ്റേനിയ യെമൻ
- അസോസിയേഷൻ ഒഫ് സൌത്ത് ഈസ്ററ് ഏഷ്യൻ നേഷൻസ്. 1967 ആഗസ്റ്റ് 8-ന് രൂപംകൊണ്ടതാണ് ഈ സംഘടന. അംഗങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ, ഫിലിപ്പീൻസ്, തായ്‌ലൻഡ് ബ്രൂണൈ ദരുസ്സലം, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ
- ബനലക്സ് എക്കണോമിക്ക് യൂണിയൻ. 1960 നവംബർ 1-ന് പ്രാബല്യത്തിൽ വന്നു. ആസ്ഥാനം ബ്രസൽസ്. അംഗങ്ങൾ: ബെൽജിയം, നെതർലൻഡ്, ലക്സംബർഗ്.
- സെൻട്രൽ അമേരിക്കൻ കോമൺ മാർക്കറ്റ്. 1960-ൽ രൂപവത്കരിച്ച ഈ സംഘടനയുടെ കേന്ദ്രം ഗ്വാട്ടിമാലസിറ്റി. അംഗങ്ങൾ: കോസ്റ്ററിക്ക, എൽസാൽവഡോർ, ഗ്വാട്ടിമാല, നിക്കരാഗുവ
- യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ. 1960 മേയിൽ നിലവിൽവന്നു. ആസ്ഥാനം ജനീവ. അംഗങ്ങൾ: ഐസ്‌ലൻഡ്, ലിച്ചൻസ്റ്റൈൻ, നോർവെ, സ്വിറ്റ്സർലൻഡ്
- യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സഖ്യമായ ഈ സംഘടനയിൽ ഇന്ന് 25 (2006) അംഗങ്ങളുണ്ട്.
- കൊളംബൊ പദ്ധതി. 1951-ൽ സ്ഥാപിച്ചു. ആസ്ഥാനം കൊളംബൊ. അംഗങ്ങൾ: അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, ലാവോസ്, മലേഷ്യ, മാലിദ്വീപുകൾ, മംഗോളിയ
- സൌത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷൻ (SAARC)[3] 1985-ൽ സ്ഥാപിതമായി. അംഗങ്ങൾ: ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപുകൾ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക.
- ലോകവ്യാപാരസംഘടന (WTO).[4] സാമ്പത്തിക ലക്ഷ്യങ്ങളുള്ള മറ്റൊരു സുപ്രധാന സംഘടനയാണ് ലോകവ്യാപാര സംഘടന. 1995 ജനുവരി 1-ന് സ്ഥാപിതമായ ഈ സംഘടനയിൽ 149 അംഗങ്ങളാണ് ഉളളത്. പൊതുവേ ആഗോളതലത്തിൽ വ്യാപാര-വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇത് നാല് പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ലോക വ്യാപാര ഉടമ്പടികൾ നടപ്പിലാക്കുക; വ്യാപാര തർക്കങ്ങൾ പരിഹരിക്കുക; വാണിജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനുളള വേദിയൊരുക്കുക; അംഗരാജ്യങ്ങളുടെ വാണിജ്യ നയങ്ങൾ അവലോകനം ചെയ്യുക.
[തിരുത്തുക] രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവ
- കോമൺ വെൽത്ത് ഒഫ് നേഷൻസ്. ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്നും സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ് ഈ സംഘടനയുടെ ഭൂരിപക്ഷം അംഗങ്ങളും. ഇപ്പോൾ (2006) 53 അംഗങ്ങളുണ്ട്. ഇതിന്റെ ആസ്ഥാനം ലണ്ടൻ ആണ്.
- അറബിലീഗ്. 1945-ൽ സ്ഥാപിതമായി. ആസ്ഥാനം: കെയ്റോ. അംഗങ്ങൾ: ഈജിപ്റ്റ്, സിറിയ, അൽജീറിയ, ഇറാക്ക്, ജോർദാൻ, കുവെയ്റ്റ്, ലെബനൻ, ലിബിയ, മൊറോക്കോ, സൌദി അറേബ്യ, സുഡാൻ, ടുണീഷ്യ, യെമൻ, യു.എ.ഇ., ബഹറിൻ, ഖത്തർ, ഒമാൻ, മോറിറ്റേനിയ, സൊമാലിയ, പലസ്തീൻ, ജിബൌട്ടി, കൊമൊറാസ്.
- ഓർഗനൈസേഷൻ ഒഫ് ആഫ്രിക്കൻ യൂണിറ്റി. 1963 മേയ് 25-ന് നിലവിൽവന്നു. ആസ്ഥാനം: ആഡിസ് അബാബ. ദക്ഷിണാഫ്രിക്കയിൽ അപാർതീഡ് അവസാനിപ്പിക്കുന്നതിലും ഭൂരിപക്ഷഭരണം നടപ്പാക്കുന്നതിലും ഒ.എ.യു. പ്രധാന പങ്ക് വഹിച്ചു. ഒ.എ.യു.വിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുടർച്ച നൽകുവാൻ വേണ്ടി 2001-ൽ സ്ഥാപിക്കപ്പെട്ട ആഫ്രിക്കൻ യൂണിയൻ (എ.യു.) 2002-ൽ ഒ.എ.യു.വിന്റെ സ്ഥാനം പൂർണമായും ഏറ്റെടുത്തു.
- ഓർഗനൈസേഷൻ ഒഫ് അമേരിക്കൻ സ്റ്റേറ്റ്സ് (അമേരിക്കൻ സ്റ്റേറ്റ് സംഘടന). 1951 ഡിസമ്പർ 13-ന് നിലവിൽ വന്നു. ആസ്ഥാനം: വാഷിങ്ടൺ (ഡി.സി.). അമേരിക്കൻ വൻകരയിലെ 35 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.
- ഓർഗനൈസേഷൻ ഒഫ് സെൻട്രൽ അമേരിക്കൻ സ്റ്റേറ്റ്സ്. 1951-ൽ നിലവിൽ വന്നു. ആസ്ഥാനം: സാൻസാൽവഡോർ. അംഗങ്ങൾ: കോസ്റ്റിറിക്ക എൽസാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ.
[തിരുത്തുക] സൈനിക ലക്ഷ്യങ്ങളുള്ളവ
- നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO).[5] 1949 ആഗസ്റ്റ് 24-ന് നിലവിൽ വന്നു. ആസ്ഥാനം: ബ്രസൽസ്. അംഗങ്ങൾ: 26.
- ആൻസുസ് (ANZUS)[6] 1951-ൽ നിലവിൽ വന്നു. ആസ്ഥാനം: കാൻബറ. അംഗങ്ങൾ: ആസ്ട്രേലിയ, യു.എസ്.
ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയിറ്റസ് ആൻഡ് മെഷേർസ് (1876), ഇന്റർനാഷണൽ കമ്മിറ്റി ഒഫ് ദി റെഡ് ക്രോസ് (1863), ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ - 1956) എന്നിവ മറ്റുചില അന്താരാഷ്ട്ര സംഘടനകളാണ്.
[തിരുത്തുക] അവലംബം
- ↑ http://www.fordham.edu/halsall/ancient/eb11-delianleague.asp
- ↑ http://www.historylearningsite.co.uk/leagueofnations.htm
- ↑ http://www.saarc-sec.org/
- ↑ http://www.wto.org/english/thewto_e/whatis_e/whatis_e.htm
- ↑ http://www.nato.int/cps/en/natolive/index.htm
- ↑ http://www.britannica.com/EBchecked/topic/29147/ANZUS-Pact
[തിരുത്തുക] പുറംകണ്ണികൾ
- http://journals.cambridge.org/action/displayJournal?jid=INO
- http://intlorganizationjobs.state.gov/iva/default.aspx
- http://www.iso.org/iso/home.html
- http://muse.jhu.edu/journals/international_organization/
- http://dir.yahoo.com/government/international_organizations/
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര സംഘടനകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |