അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിശാസ്ത്ര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union). വിവിധ ലോകരാഷ്ട്രങ്ങളിലെ ദേശീയ ജ്യോതിശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരും അംഗങ്ങളാണ്. 2006 ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്. 1919-ൽ ആണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന രൂപവത്കൃതമായത്. ബെഞ്ചമിൻ ബെയ്ലോഡ് (Benjamin Baillaud) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.


നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, മറ്റ് ഖഗോളീയ വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വർഷം കൂടുമ്പോൾ ചേരുന്ന ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത്. 2006 ആഗസ്തിൽ ചെക്ക് തലസ്ഥാനമായ പ്രാഗിൽ ചേർന്ന 26-ാമത് ജനറൽ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിർവചനത്തെ പുനർനിർവചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് പ്ലൂട്ടോയ്ക്ക് ഗ്രഹമെന്ന പദവി നഷ്ടമായി. 1930-ലെ ജനറൽ അസംബ്ളിയാണ് പ്ളൂട്ടോയെ ഒൻപതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ