അണുശബ്ദാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണുകേന്ദ്ര വിജ്ഞാനീയത്തിൽ അവശ്യം ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെയാണ് ഇതിൽ വിവരിച്ചിരിക്കുന്നത്.

അണു-ഊർജസ്തരം (Atomic eneregy level)[തിരുത്തുക]

അണുവിലെ ഭ്രമണപഥത്തിലുള്ള ഇലക്ട്രോണിന്റെ ഊർജ്ജത്തെയാണ് അണു-ഊർജസ്തരം എന്നു പറയുന്നത്. ഇലക്ട്രോണിന്റെ ഊർജ്ജം മുഖ്യ ക്വാണ്ടംസംഖ്യയുടെ വർഗത്തിന് (square) പ്രതിലോമാനുപാതികം (inverse proportional) ആണ്. ക്വാണ്ടംസംഖ്യ വർധിക്കുന്തോറും ധന-ഊർജ്ജം വർധിക്കുന്നു.

അണുകക്ഷ്യ(അണുപഥം) (Atomic orbit)[തിരുത്തുക]

അണുകേന്ദ്രത്തിനുചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന ഭ്രമണപഥമാണ് അണുകക്ഷ്യ(അണുപഥം).

അണുകത (Atomicity)[തിരുത്തുക]

ഒരു മൂലകത്തിന്റെ തൻമാത്രയിലുള്ള അണുക്കളുടെ എണ്ണത്തെ ആ തൻമാത്രയുടെ അണുകത എന്ന് പറയുന്നു.

അണുതാപം (Atomic heat)[തിരുത്തുക]

ഒരു ഗ്രാം അണുമൂലകത്തിന്റെ താപനില 1oC ഉയർത്താൻ ആവശ്യമായ താപപരിമാണം. ഖരമൂലകങ്ങൾക്ക് അണുതാപം ഏകദേശം 6 കലോറിയാണ്.

അണുദ്രവ്യമാനം (Atomic mass)[തിരുത്തുക]

ഒരു ഐസോടോപ്പിന്റെ ദ്രവ്യമാനത്തെ അണുദ്രവ്യമാനം എന്ന് പറയുന്നു.

അണുദ്രവ്യമാനമാത്ര (Atomic mass unit:amu)[തിരുത്തുക]

അണുക്കളുടെയും തൻമാത്രകളുടെയും ദ്രവ്യമാനം സൂചിപ്പിക്കാറുള്ള മാത്ര. അണുകേന്ദ്രത്തിൽ 6 പ്രോട്ടോണും 6 ന്യൂട്രോണും ഉള്ള 6C12 കാർബൺ ഐസോടോപ്പിന്റെ ദ്രവ്യമാനം എന്ന സങ്കല്പത്തെ ആസ്പദമാക്കി അതിന്റെ -1/12 നെ അണുദ്രവ്യമാനമാത്രയായി സ്വീകരിക്കുന്നു. അണുദ്രവ്യമാനമാത്ര 1.66x10-27 കി.ഗ്രാം ആണ്.

അണുകപുഞ്ജം (Atomic beam)[തിരുത്തുക]

നിർവാതത്തിലൂടെ (vacuum) പോകുന്ന ഉദാസീന-അണുക്കളുടെ പ്രവാഹമാണ് അണുകപുഞ്ജം. ഈ അണുക്കൾ സമീപ-അണുക്കളുടെ സ്വാധീനതയിൽ നിന്ന് സ്വതന്ത്രമാണ്. കാന്തികമണ്ഡലത്തിന്റെയും വിദ്യുത്-മണ്ഡലത്തിന്റെയും സ്വാധീനത്തിന് വിധേയമാക്കി ഈ അണുക്കളുടെ ഗുണധർമങ്ങൾ പഠിക്കാം. അണുകപുഞ്ജരീതി ഉപയോഗിച്ച് അണുക്കളുടെ ഊർജതലങ്ങളുടെ കൃത്യമായ സ്പെക്ട്രോസ്കോപികദത്തങ്ങൾ (spectroscopic data) ലഭിച്ചിട്ടുണ്ട്.

അണുപൈൽ (Atomic pile)[തിരുത്തുക]

അണുകേന്ദ്ര റിയാക്റ്ററുകൾക്ക് ആദ്യം നല്കിയിരുന്ന പേര്.

അണുഭാരം (Atomic weight)[തിരുത്തുക]

ഒരു മൂലകത്തിലെ ഐസോടോപ്പുകളുടെ ദ്രവ്യമാനത്തെ അതതിന്റെ ബാഹുല്യ ശതമാനം കൊണ്ട് ഗുണിച്ചുകിട്ടുന്ന ശരാശരി ഭാരം അണുദ്രവ്യമാനമാത്രയിൽ പ്രകാശിപ്പിക്കുന്നതാണ് ആ മൂലകത്തിന്റെ അണുഭാരം.

അണുവ്യാപ്തം (Atomic volume)[തിരുത്തുക]

ഒരു മൂലകത്തിന്റെ അണുഭാരത്തെ ഘനത്വം കൊണ്ടു ഹരിച്ചാൽ കിട്ടുന്നതാണ് അണുവ്യാപ്തം.

അണുവ്യാസം (Atomic diameter)[തിരുത്തുക]

ഒരു അണുവിൽ ബാഹ്യതമ ഇലക്ട്രോൺ സഞ്ചരിക്കുന്ന ഭ്രമണപഥത്തിന്റെ വ്യാസം. ഹൈഡ്രജൻ അണുവിന്റെ വ്യാസം 0.1056 നാനോമീറ്ററും യുറേനിയത്തിന്റേത് ഏകദേശം 0.5 നാനോമീറ്ററുമാണ്.

അണുസംഖ്യ (Atomic number)[തിരുത്തുക]

ആവർത്തനപ്പട്ടികയിൽഒരു മൂലകത്തിന്റെ സ്ഥാനം സൂചിപ്പിക്കാനായി ജെ.എ.ആർ. ന്യൂലാൻഡ്സ് ആണ് ആദ്യമായി അണുസംഖ്യ നിർദ്ദേശിച്ചത്. റഥർഫോർഡ്, മോസ്ലി എന്നിവരുടെ ഗവേഷണഫലമായി ഇപ്പോൾ അണുസംഖ്യ എന്നാൽ അർഥമാക്കുന്നത് അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണത്തെയോ അണുകേന്ദ്രത്തിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെയോ ആണ്.

അർധായുസ് (Half-life)[തിരുത്തുക]

ഒരു ക്ലുപ്തപരിമാണം റേഡിയോ ആക്റ്റിവ് മൂലകത്തിലെ പകുതി അണുക്കൾ വികലനം ചെയ്യാൻ വേണ്ട കാലം.

അവോഗാഡ്രോസംഖ്യ (Avogadro number)[തിരുത്തുക]

ഏതു പദാർഥവും അതിന്റെ മാത്രാഭാരത്തോളം ഗ്രാം (gram molecular weight അഥവാ mole) എടുത്താൽ അതിൽ സ്വതന്ത്രമായി ഉൾക്കൊള്ളുന്ന മാത്രകളുടെ എണ്ണം ക്ലുപ്തമായിരിക്കും. ഈ ക്ലുപ്തസംഖ്യയാണ് അവോഗാഡ്രോസംഖ്യ.

ആക്സിലറേറ്റർ (ത്വരകം) (Accelerator)[തിരുത്തുക]

ചാർജിത കണങ്ങളെ (പ്രോട്ടോൺ, ഇലക്ട്രോൺ, അണുകേന്ദ്രം തുടങ്ങിയവ) വിദ്യുത്-മണ്ഡലം ഉപയോഗിച്ച് ത്വരിതപ്പെടുത്തി അവയുടെ ഗതിക-ഊർജ്ജം വർധിപ്പിക്കാനുള്ള ഒരു യന്ത്രം. വിദ്യുത്-സ്ഥിതിക ജനറേറ്ററുകളിൽ വളരെ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം ഉപയോഗിച്ചാണ് കണങ്ങളെ ത്വരിതപ്പെടുത്തുന്നത്. ഗുണിത-ആക്സിലറേറ്ററുകളിലാകട്ടെ താഴ്ന്ന പൊട്ടൻഷ്യൽ ആവർത്തിച്ച് പ്രയോഗിച്ച് ഊർജ്ജം വർധിപ്പിക്കുന്നു.

ആങ്സ്ട്രോം (Angstrom)[തിരുത്തുക]

അണുസംബന്ധിയായ ദൈർഘ്യമാനങ്ങൾക്കും സ്പെക്ട്രതരംഗ നീളങ്ങൾ അളക്കാനും ഉപയോഗിക്കുന്ന ഒരു മാത്ര. 1868-ൽ ആങ്സ്ട്രോം എന്ന സ്വീഡൻ കാരനായ ശാസ്ത്രജ്ഞൻ സൂര്യന്റെ ദൃശ്യസ്പെക്ട്രയുടെ ചിത്രം പ്രസിദ്ധീകരിച്ചു. അതിൽ തരംഗനീളം മില്ലിമീറ്ററിന്റെ പത്തു ദശലക്ഷത്തിൽ ഒരംശമായാണ് സൂചിപ്പിച്ചത്. പിന്നീട്, അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായി ആ മാത്രയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. പുതിയ അന്താരാഷ്ട്രമാത്രാപദ്ധതിയിൽ ആങ്സ്ട്രോംമാത്ര ഉപേക്ഷിച്ച് പകരം നാനോമീറ്റർ (10-9) മി. എന്ന മാത്രയാണ് സ്വീകരിച്ചിരിക്കുന്നത്. 1 ആങ്സ്ട്രോം (A0) = 10-10മീ. = 10-1 നാനോമീറ്റർ (nm) = 10-8 സെ.മീ.

ഇലക്ട്രോൺ (Electron)[തിരുത്തുക]

അണുവിലുള്ള മൌലിക കണങ്ങളിൽ ഒന്ന്. ഇതിന്റെ ദ്രവ്യമാനം 9.10 x 10-31 കി. ഗ്രാമും ചാർജ് ഋണാത്മകവുമാണ്.

ഐസോടോപ്പുകൾ (Isotopesല)[തിരുത്തുക]

ഒരേ അണുസംഖ്യയുള്ള ഒരു മൂലകത്തിലെ ദ്രവ്യമാനസംഖ്യകളിൽ വ്യത്യാസമുള്ള അണുക്കളെ ആ മൂലകത്തിന്റെ ഐസോടോപ്പുകൾ എന്നു പറയുന്നു. രാസഗുണധർമങ്ങളിൽ ഈ ഐസോടോപ്പുകൾ തത്സമങ്ങളാണ്. ദ്രവ്യമാനവുമായി ബന്ധപ്പെട്ട ഭൌതിക ഗുണധർമങ്ങൾ ഇവയ്ക്ക് വ്യത്യസ്തമായിരിക്കും. ഒരേ മൂലകത്തിന്റെ അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം. മിക്കവാറും എല്ലാ മൂലകങ്ങൾക്കും ഐസോടോപ്പുകൾ ഉണ്ട്.

ക്യൂറി (Curie)[തിരുത്തുക]

റേഡിയോ ആക്റ്റിവതയെ മാനക(standard)മായി സൂചിപ്പിക്കുന്ന മാത്ര. ഒരു സെക്കൻഡിൽ 3.7 x 1010 വികലനങ്ങൾ നടക്കാൻ ആവശ്യമായ റേഡിയോ ആക്റ്റിവ് വസ്തുവിന്റെ പരിമാണമാണ് ക്യൂറി.

ക്രാന്തിക ദ്രവ്യമാനം (Critical mass)[തിരുത്തുക]

ഒരു അണുകേന്ദ്ര റിയാക്റ്ററിൽ ശൃംഖലാപ്രതിപ്രവർത്തനം നിലനിർത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വിഘടനയോഗ്യമായ പദാർഥത്തിന്റെ പരിമാണത്തെ ക്രാന്തിക ദ്രവ്യമാനം എന്ന് പറയുന്നു.

ക്വാണ്ടം (Quantum)[തിരുത്തുക]

ഊർജ്ജം അവശോഷിക്കുകയോ ഉത്സർജിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏറ്റവും ചെറിയ ഭൌതികാംശം.

ക്ഷയം (Decay)[തിരുത്തുക]

ഒരു റേഡിയോ ആക്റ്റിവ് മൂലകത്തിന്റെ അണുകേന്ദ്രവികലനത്തെ ക്ഷയം എന്ന് പറയുന്നു. എന്ന സമയത്തുള്ള വികലനനിരക്ക്, dN/dtതത്സമയത്തുള്ള അണുകേന്ദ്രത്തിന്റെ എണ്ണം N-ന് ആനുപാതികമാണ്; dN/dt=λN ഇവിടെ - λ യെ രൂപാന്തരണസ്ഥിരാങ്കം, റേഡിയോ ആക്റ്റിവ് സ്ഥിരാങ്കം, ക്ഷയസ്ഥിരാങ്കം എന്നെല്ലാം പറയുന്നു.

ഡ്യൂട്ടറോൺ (ഡായിട്രോൺ) (Deuteron)[തിരുത്തുക]

ഡ്യൂട്ടറിയത്തിന്റെ അണുകേന്ദ്രം.

ദ്രവ്യമാന-ഊർജബന്ധം (Mass energy relation)[തിരുത്തുക]

ചില പ്രത്യേക സാഹചര്യങ്ങളിൽ ദ്രവ്യമാനവും ഊർജവും പരസ്പരം രൂപാന്തരണം ചെയ്യാവുന്നതാണ്. ഇവയെ ബന്ധിക്കുന്ന സമീകരണം 1905-ൽ ഐൻസ്റ്റൈൻ നിർദ്ദേശിച്ചു. ദ്രവ്യമാനവും ഊർജവും തമ്മിലുള്ള ഏതൊരു രൂപാന്തരണത്തിനും E = mc2 എന്ന സമീകരണം ശരിയാണ്. ഇവിടെ E ഊർജ്ജം ജൂളിലും (Joule), c-പ്രകാശവേഗം മീറ്റർ/സെക്കൻഡിലും m ദ്രവ്യമാനം കി.ഗ്രാമിലും വ്യഞ്ജിപ്പിക്കണം.

ദ്രവ്യമാനസംഖ്യ (Mass number)[തിരുത്തുക]

ഒരു അണുവിന്റെ അണുകേന്ദ്രത്തിൽ N ന്യൂട്രോണുകളും Z പ്രോട്ടോണുകളും ഉണ്ടെങ്കിൽ അണുവിന്റെ ദ്രവ്യമാനസംഖ്യ A = z + N

ന്യൂട്രോൺ (Neutron)[തിരുത്തുക]

സാധാരണ ഹൈഡ്രജനിലൊഴികെ എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. ന്യൂട്രോണിന് വിദ്യുത്-ചാർജില്ല; അതിന്റെ ദ്രവ്യമാനം 1.675 x 10-27 കി.ഗ്രാം അണുകേന്ദ്രത്തിനു പുറത്താവുമ്പോൾ ന്യൂട്രോൺ ക്ഷയിക്കുന്നു. അതിന്റെ അർധായുസ് 12 മിനിട്ടാണ്. ന്യൂട്രോൺ ക്ഷയിച്ച് പ്രോട്ടോൺ, ഇലക്ട്രോൺ, ആന്റിന്യൂട്രിനോ എന്നിവ ഉണ്ടാകുന്നു.

പോസിട്രോൺ (Positron)[തിരുത്തുക]

പോസിട്രോൺ ഒരു ആന്റിഇലക്ട്രോൺ ആണ്; ദ്രവ്യമാനം ഇലക്ട്രോണിന്റേതിന് തുല്യവും. ചാർജ്, മൂല്യത്തിൽ തുല്യമെങ്കിലും ധനാത്മകമാണ്.

പ്രോട്ടോൺ (Porton)[തിരുത്തുക]

എല്ലാ അണുകേന്ദ്രങ്ങളിലുമുള്ള മൌലികകണം. പ്രോട്ടോണിന് ധനചാർജുണ്ട്. ഈ ചാർജിന്റെ മൂല്യം ഇലക്ട്രോണിന്റേതിനു തുല്യമാണ്. പ്രോട്ടോണിന്റെ ദ്രവ്യമാനം 1.672 x 10-27 കി.ഗ്രാം പ്രോട്ടോൺ ഒരു സ്ഥിരകണമാണ്.

ബന്ധന-ഊർജ്ജം (Binding energy)[തിരുത്തുക]

അണുകേന്ദ്രത്തിലെ ഘടകങ്ങൾ പ്രോട്ടോണും ന്യൂട്രോണും ആണ്. അണുകേന്ദ്രത്തെ ഈ ഘടകങ്ങളായി വിയോജിപ്പിക്കാൻ അണുകേന്ദ്രത്തിന് നല്കേണ്ട ഊർജ്ജത്തെ ബന്ധന-ഊർജ്ജം എന്നു പറയുന്നു. ഒരു മൂലകത്തിന്റെ ദ്രവ്യമാനസംഖ്യയും അണുഭാരവും തമ്മിലുള്ള വ്യത്യാസമാണ് ദ്രവ്യമാനവ്യത്യാസം. ഇതിനെ ഊർജ്ജമാക്കി മാറ്റിയാൽ ബന്ധന-ഊർജമൂല്യം കിട്ടുന്നു.

റേഡിയോ ആക്റ്റിവത (Radio activity)[തിരുത്തുക]

ചില അസ്ഥിര-അണുകേന്ദ്രങ്ങളുടെ സ്വയം വികലന ഗുണധർമത്തെ റേഡിയോ ആക്റ്റിവത എന്ന് പറയുന്നു. വികലനത്തോടൊപ്പം λ-കണങ്ങളോ β-കണങ്ങളോ α-കണങ്ങളോ ഉത്സർജിക്കപ്പെടുന്നു. റേഡിയോ ആക്റ്റിവ് പ്രവർത്തനം താപനിലയിലെ മാറ്റംവഴിയോ രാസപ്രവർത്തനങ്ങൾ വഴിയോ തടയാനാവില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണുശബ്ദാവലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണുശബ്ദാവലി&oldid=2279891" എന്ന താളിൽനിന്ന് ശേഖരിച്ചത്