അണുതൈലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നസ്യം ചെയ്യുവാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലമാണ് അണുതൈലം. അണുതൈലംകൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഈ തൈലനസ്യംകൊണ്ട് ഗുണങ്ങൾ ലഭിക്കുമെന്ന് ആയുർവേദം വിധിച്ചിരിക്കുന്നു.

തയ്യാറാക്കുന്നവിധം[തിരുത്തുക]

അടപൊതിയൻകിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ഇലവങം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞൾത്തൊലി, അതിമധുരം, കുഴിമുത്തങ്ങ, അകിൽ, ശതാവരിക്കിഴങ്ങ്, കണ്ടകാരിച്ചുണ്ടവേര്, ചെറുവഴുതിനവേര്, ചിറ്റീന്തൽവേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്, വെള്ളക്കൊട്ടം, ഏലത്തരി, അരേണുകം, താമരയല്ലി, കുറുന്തോട്ടിവേര് ഇവ ഓരോന്നും തുല്യ അളവിൽ എടുത്ത് ഇവയുടെ നൂറിരട്ടി ദിവ്യജലത്തിൽ (മഴ പെയ്യുമ്പോൾ തറയിൽ വീഴാതെ എടുക്കുന്ന ജലം) കഷായമാക്കി വറ്റിച്ചു പത്തിൽ ഒന്ന് ആകുമ്പോൾ അതിൽനിന്നും പത്തിൽ ഒരു ഭാഗം കഷായം എടുത്തു സമം എണ്ണയുംചേർത്തു കാച്ചി മന്ദപാകത്തിൽ അരിക്കണം; ഇങ്ങനെ ബാക്കി ഭാഗവും ആവർത്തനക്രമത്തിൽ തൈലം ചേർത്ത് അരിച്ചെടുക്കണം. ഒടുവിലത്തെ ഭാഗത്തിൽ തൈലത്തിനു സമമായി ആട്ടിൻപാലുകൂടി ചേർത്തു കാച്ചി മന്ദപാകത്തിൽതന്നെ അരിച്ചെടുക്കേണ്ടതാണ്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണുതൈലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണുതൈലം&oldid=4076480" എന്ന താളിൽനിന്ന് ശേഖരിച്ചത്