അഡയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡയാർ
അഡയാറിന്റെ ദൂരെകാഴ്ച
Map of India showing location of Tamil Nadu
Location of അഡയാർ
അഡയാർ
Location of അഡയാർ
in Chennai and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Chennai
ലോകസഭാ മണ്ഡലം Chennai South
നിയമസഭാ മണ്ഡലം Mylapore
ആസൂത്രണ ഏജൻസി CMDA
സമയമേഖല IST (UTC+5:30)

Coordinates: 13°00′23″N 80°15′27″E / 13.0063°N 80.2574°E / 13.0063; 80.2574ചെന്നൈ നഗരത്തിൽ കടലോരത്ത് അഡയാർ പുഴയുടെ തെക്കു വശത്തുള്ള സ്ഥലമാണ് അഡയാർ (തമിഴ്: அடையார்). പുഴയും കടലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്നതിനാൽ അഡയാർ എന്നു പേർ സിദ്ധിച്ചു. 1747-ൽ ഫ്രഞ്ചുകാർ ആർക്കാട്ടു നവാബിനെ തോല്പിച്ചത് ഇവിടെവച്ചാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പല പാർട്ടികളും ഇവിടെനിന്ന് ഉടലെടുത്തു. ബ്രഹ്മവിദ്യാസംഘ(TheosophicalSociety)ത്തിന്റെ ലോക തലസ്ഥാനം, ഇന്ത്യൻ സ്കൌട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം എന്നീ നിലകളിൽ അഡയാറിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജിച്ച കലാക്ഷേത്രം ഇവിടെയാണ് ആദ്യകാലത്ത് സ്ഥിതിചെയ്തിരുന്നത്; അടുത്ത കാലത്ത് അത് തെക്കു തിരുവാച്ചിയൂരിലേക്കു മാറ്റി. കാൻസർ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അർബുദാശുപത്രി (Cancer Institute) ഇവിടെ സ്ഥിതിചെയ്യുന്നു. അഡയാറിനു സമീപമുള്ള ലിറ്റിൽ മൗണ്ടിൽ (St.Thomas Mt.) വച്ചാണ് തോമസ് അപ്പൊസ്തലൻ വധിക്കപ്പെട്ടതെന്നു വിശ്വസിച്ചുപോരുന്നു. ഇന്ത്യൻ സിനിമാവ്യവസായത്തിന് തന്നെ മുതൽക്കൂട്ടായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി അഡയാറിലാണ് പ്രവർത്തിക്കുന്നത്.

അഡയാർ ലൈബ്രറി[തിരുത്തുക]

അഡയാറിലെ ഏറ്റവും വിഖ്യാതസ്ഥാപനം. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷനായ കേണൽ എച്ച്.എസ്. ഓൾക്കോട്ടാണ് 1886-ൽ ഇതു സ്ഥാപിച്ചത്. ഈ ഗ്രന്ഥശാല പൗരസ്ത്യസംസ്കാരം, തത്ത്വദർശനം, മതം എന്നിവയിൽ ഗവേഷണം നടത്താൻ സഹായകമാകണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ഥാപിക്കപ്പെട്ടത്. പൗരസ്ത്യസാഹിത്യത്തെ പുനരുദ്ധരിക്കുക, യഥാർഥപാണ്ഡിത്യത്തെ ആദരിക്കുക, യുവജനങ്ങളിൽ ആധ്യാത്മികചിന്തയും സാൻമാർഗികമൂല്യബോധവും വളർത്തുക, പാശ്ചാത്യർക്കും പൗരസ്ത്യർക്കും തമ്മിൽ ഉറച്ച ധാരണയുളവാക്കുക മുതലായവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

ഗ്രന്ഥശാലയിൽ 17,300-ഓളം കൈയെഴുത്തുഗ്രന്ഥങ്ങൾ (താളിയോലയിലും കടലാസിലും എഴുതിയവ) ശേഖരിച്ചിട്ടുണ്ട്. വിഭിന്നഭാഷകളിലുണ്ടായ വിശിഷ്ടകൃതികളാണിവ. അച്ചടിച്ച ഗ്രന്ഥങ്ങളുടെ എണ്ണം ഒരു ലക്ഷം കവിയും. അവയിൽ ഒരു നല്ല ഭാഗം പഴയതും അസുലഭവും പൗരസ്ത്യ വിദ്യാപ്രതിപാദകവുമാണ്. വിവിധമതങ്ങളെയും തത്ത്വസംഹിതകളെയും അധികരിച്ച് സംസ്കൃതം, ചൈനീസ്, ജാപ്പനീസ്, തിബത്തൻ, ലത്തീൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഡച്ച് മുതലായ ഭാഷകളിൽ രചിക്കപ്പട്ടവയാണ് ഈ ഗ്രന്ഥങ്ങൾ. ചൈനീസ് ത്രിപിടകങ്ങളും വിജ്ഞാനകോശങ്ങളും ഇന്നു കിട്ടാനില്ലാത്ത നിരവധി പഴയ ഗവേഷണപ്രസിദ്ധീകരണങ്ങളും അക്കൂട്ടത്തിലുണ്ട്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ തികച്ചും അലഭ്യങ്ങളായ ഒട്ടേറെ കൃതികൾ ശ്രീലങ്ക, ചൈന, പേർഷ്യ മുതലായ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ചവയാണ്. താളിയോലഗ്രന്ഥങ്ങൾ എയർ കണ്ടിഷൻ ചെയ്ത മുറികളിൽ സൂക്ഷിച്ചിരിക്കുന്നു.

പ്രസിദ്ധപണ്ഡിതൻമാരായ ഡോ. ഓട്ടോ എഫ്. ഷ്രാഡർ, യൊഹൻ വാൻ മാൻ (പില്ക്കാലത്തു ബംഗാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിജ്ഞാനി), പാലി ടെക്സ്റ്റ് സൊസൈറ്റിയിലെ എഫ്.എൽ. വുഡ്വേഡ്, ഡോ. ജെ.എച്ച്. കസിൻസ്, പണ്ഡിറ്റ് മഹാദേവശാസ്ത്രി, ഡോ. സി. കുഞ്ഞൻ രാജാ, ഡോ. വി. രാഘവൻ, ഡോ. കെ. കുഞ്ചുണ്ണി രാജാ എന്നിവരുടെ സേവനം ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്.

ഗ്രന്ഥശാലയുടെ സേവനങ്ങളിലൊന്ന് അപൂർവവും അപ്രകാശിതവുമായ വിശിഷ്ടഗ്രന്ഥങ്ങളുടെ മാതൃകായോഗ്യമായ പ്രസിദ്ധീകരണമാണ്. കൈയെഴുത്തുഗ്രന്ഥങ്ങളുടെ വിവരണപ്പട്ടിക, വൈദികകൃതികൾ, വേദാന്തഗ്രന്ഥങ്ങൾ, സംഗീതകൃതികൾ, വിവർത്തനങ്ങൾ മുതലായവ അക്കൂട്ടത്തിൽപെടുന്നു.

1937 മുതൽ ബ്രഹ്മവിദ്യ എന്നൊരു ത്രൈമാസിക ഇവിടെനിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. മതം, തത്ത്വശാസ്ത്രം, സംസ്കൃതസാഹിത്യം മുതലായവ സംബന്ധിച്ചു വിജ്ഞേയങ്ങളായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ ത്രൈമാസികയും, മറ്റു പ്രസിദ്ധീകരണങ്ങളും പൗരസ്ത്യഗവേഷണശാഖയിൽ സ്തുത്യർഹമായ സംഭാവനകൾ നല്കുന്നവയാണ്. അവ ലോകമൊട്ടുക്കുള്ള ഗവേഷണസ്ഥാപനങ്ങളിൽ സൂക്ഷിച്ചുപോരുന്നു.

എത്രയും ശാന്തമായ ചുറ്റുപാടുള്ള വിശാലമായ സ്ഥലത്താണ് ഗ്രന്ഥശാല സ്ഥാപിച്ചിരിക്കുന്നത്.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡയാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അഡയാർ&oldid=1952762" എന്ന താളിൽനിന്നു ശേഖരിച്ചത്