അടിവി ബാപിരാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടിവി ബാപിരാജു (1895 - 1952) തെലുഗുസാഹിത്യകാരൻ മാത്രമല്ല ചിത്രകാരൻ, കവി, ഗാനരചയിതാവ്, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ പല നിലകളിലും ഇദ്ദേഹം പ്രസിദ്ധി നേടിയിട്ടുണ്ട്. ഗോദാവരി ജില്ലയിൽപ്പെട്ട എലൂരു എന്ന ഗ്രാമത്തിൽ 1895-ൽ ജനിച്ച ബാപിരാജു, രാജമുന്ദ്രി കോളജിൽ പഠിച്ചു ബിരുദം നേടി.

കോളേജ്പഠനവും കലാജീവിതവും[തിരുത്തുക]

രാജമുന്ദ്രി കോളജിന്റെ പ്രിൻസിപ്പലും മികച്ച കലാകാരനും കഥാകൃത്തുമായിരുന്ന ദാസ്വാൾഡ് കൂൻദ്രിയുടെ സമ്പർക്കം ബാപിരാജുവിന്റെ വ്യക്തിത്വവികാസത്തിന് വളരെ സഹായകമായിത്തീർന്നു. ഗായകൻ, ഗാനരചയിതാവ്, ചിത്രകാരൻ എന്നീ നിലകളിലായിരുന്നു ആദ്യകാലത്ത് ബാപിരാജു പ്രസിദ്ധനായിത്തീർന്നത്. സാഹിത്യകാരന്മാരായ കവികൊണ്ടലവേങ്കടറാവുവിന്റെയും ചിത്രകാരനായ ദാമർല രാമറാവുവിന്റെയും പ്രേരണയും പ്രോത്സാഹനവും നിമിത്തം കവിതാരചനയിലേക്ക് ഇദ്ദേഹം തിരിഞ്ഞു. തെലുഗുസാഹിത്യത്തിൽ കാല്പനിക പ്രസ്ഥാനം വികസിച്ചുതുടങ്ങിയിരുന്ന ആ ഘട്ടത്തിൽ ബാപിരാജുവിന്റെ കലാസൃഷ്ടികൾക്ക് സാർവത്രികമായ സ്വാഗതം ലഭിച്ചു.

സൗന്ദര്യപൂജയും സത്യാന്വേഷണവുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ ഊടും പാവും. സമസൃഷ്ടിസ്നേഹവും ദേശീയബോധവും ഈ കവിതകളിൽ തിരതല്ലുന്നു. ഇത്തരത്തിലുള്ള 72 കവിതകളുടെയും ഏതാനും ഗാനങ്ങളുടെയും സമാഹാരമാണ് ശശികല എന്ന കൃതി.

കഥാകൃത്ത്[തിരുത്തുക]

കഥാകൃത്ത് എന്ന നിലയിലും ബാപിരാജു ശ്രദ്ധേയനാണ്. കലാകാരൻമാരുടെ ജീവിതത്തെയും അവരുടെ സൗന്ദര്യദർശനത്തെയും കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം നിരവധി കഥകൾ രചിച്ചിട്ടുണ്ട്. സൗന്ദര്യതൃഷ്ണയും ദാർശനികചിന്തയും സാംസ്കാരികബോധവും എല്ലാ കഥകളിലും പ്രതിഫലിക്കുന്നു.

  • ശിലാകന്യക
  • അഞ്ജലി
  • രാഗമാലിക
  • തരംഗിണി

എന്നീ കഥാസമാഹാരങ്ങൾ തെലുഗു സാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളാണ്.

സാഹിത്യരചന[തിരുത്തുക]

തെലുഗുവിലെ ആധുനികകാലത്തെ ഏറ്റവും വലിയ നോവലിസ്റ്റായ വിശ്വനാഥസത്യനാരായണയുടെ സമശീർഷനാണ് ബാപിരാജു. ഇദ്ദേഹത്തിന്റെ നാരായണറാവു, നരുഡു, ഗോണഗണറെഡ്ഡി എന്നീ സാമൂഹ്യനോവലുകളും ഹിമബിന്ദു എന്ന ചരിത്രനോവലും തെലുഗു നോവൽസാഹിത്യത്തിൽ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. പാശ്ചാത്യ കാല്പനിക നോവലുകളിലെ സാങ്കേതികരീതികളും ബാപിരാജു തന്റെ നോവലുകളിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ശില്പ സൗകുമാര്യത്തിലും ആശയഗാംഭീര്യത്തിലും ഒരുപോലെ ശ്രദ്ധ ചെലുത്തി നോവലുകൾ രചിച്ച അപൂർവം ചിലരിൽ ഒരാളാണ് ബാപിരാജു. ഇദ്ദേഹത്തിന്റെ ഹിമബിന്ദു എന്ന ചരിത്രാഖ്യായികയ്ക്ക് ലഭിച്ചിടത്തോളം അംഗീകാരം മറ്റൊരു നോവലിനും ആന്ധ്രയിൽ ലഭിച്ചിട്ടില്ലെന്നു പറയാം. ശാതവാഹനകാലഘട്ടത്തിലെ രാഷ്ട്രനീതി, ധാർമികവും സാമുദായികവും നീതിന്യായപരവുമായ സവിശേഷതകൾ, സാമ്രാജ്യവിസ്തൃതിക്കുവേണ്ടി രാജാക്കൻമാർ തമ്മിൽ നടത്തിയ സംഘട്ടനങ്ങൾ, മതപരമായ അസഹിഷ്ണുതയിൽനിന്നുളവാകുന്ന സംഘർഷങ്ങൾ, സൈനിക സംവിധാനം, ക്ഷേത്രകല, രാജവീഥികൾ, ചികിത്സാവിധികൾ, നഗരനിർമ്മാണരീതികൾ, സ്ത്രീകൾക്ക് സമൂഹത്തിലുള്ള സ്ഥാനം, ബൗദ്ധധർമാവലംബികളുടെ ആധിക്യം എന്നീ വിവിധവിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഹിമബിന്ദു. ഈ നോവലിൽ ഉദാത്തമായ ആദർശപ്രേമം വർണിക്കപ്പെട്ടിരിക്കുന്നു. 1952-ൽ അടവി ബാപിരാജു നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിവി ബാപിരാജു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിവി_ബാപിരാജു&oldid=2787405" എന്ന താളിൽനിന്ന് ശേഖരിച്ചത്