അഞ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില രാസപദാർഥങ്ങളുടെ പഴയ സാമാന്യനാമമാണ് അഞ്ജനം. അഞ്ജനം അഞ്ചുവിധത്തിൽ ഉണ്ട്.

സൗരവീരാഞ്ജനം[തിരുത്തുക]

(styonitis)

ഇത് ചിതൽപ്പുറ്റിന്റെ ശിഖരങ്ങൾപോലുള്ള ആകൃതിയും പൊട്ടിച്ചുനോക്കിയാൽ കരിംകൂവളപ്പൂവിന്റെ കാന്തിയും ഉള്ളതാണ്. ഇതൊരു നേത്രരോഗശമനൌഷധമാണ്. നേത്രസംരക്ഷണത്തിനുവേണ്ടി ഈ അഞ്ജനം നിത്യവും കണ്ണിൽ എഴുതുവാൻ ആയുർവേദത്തിൽ വിധിയുണ്ട്. ശീതവീര്യമായ ഈ അഞ്ജനം രക്തപിത്തം, ഇക്കിൾ എന്നീ രോഗങ്ങളെ ശമിപ്പിക്കുകയും വ്രണങ്ങളെ ശുദ്ധിയാക്കി ഉണക്കുകയും ചെയ്യും.[1]

രസാഞ്ജനം[തിരുത്തുക]

(yellow oxide of mercury)

ഇത് മൂന്നുവിധത്തിൽ ഉണ്ട്. ഒന്നാമത്തേത് ശൈലജമായി പ്രകൃതിയിൽനിന്നും ലഭിക്കുന്നു; മഞ്ഞനിറമായിരിക്കും. ഇത് ശ്ളേഷ്മവിഷനേത്രവികാരങ്ങളെ ശമിപ്പിക്കുന്നു. കടുതിക്തരസവും ഉഷ്ണവീര്യവും രസായനഗുണവും ഉള്ള ഈ പദാർഥം വ്രണത്തെ ഉണക്കുന്നു. മറ്റു രണ്ടുവിധത്തിലുള്ള രസാഞ്ജനങ്ങൾ കൃത്രിമമായി ഉണ്ടാക്കപ്പെടുന്നു. അവയിൽ ആദ്യത്തേത് പീതചന്ദനനിര്യാസം തന്നെയാണ്. പീതചന്ദനം കഷായംവച്ചു വറ്റിച്ചു കുറുക്കി എടുക്കുകയും ആകാം. ഇതിന് മഞ്ഞനിറമായിരിക്കും. വക്ത്രരോഗങ്ങൾ, ശ്വാസരോഗങ്ങൾ, വാതപിത്ത രക്തവികാരങ്ങൾ എന്നിവയ്ക്കു ശമനകരമായിട്ടുള്ളതാണ്. അടുത്തത് മരമഞ്ഞൾക്കഷായത്തിൽ സമം പശുവിൻപാലും ചേർത്തു നാലിലൊന്നായി വറ്റിച്ച് എടുക്കുന്നതാണ്. ഇത് നേത്രരോഗശമനാർഥം ഉപയോഗപ്പെടുത്താം.[2]

സ്രോതോഞ്ജനം[തിരുത്തുക]

(antimony sulphide)

ഇതും ചിതൽപ്പുറ്റിന്റെ ആകൃതിയും പൊട്ടിച്ചാൽ കരിംകൂവളപ്പൂവിന്റെ നിറവും ഉള്ളതാണ്. കഷായസ്വാദുരസങ്ങളടങ്ങിയിരിക്കുന്നു. ഇക്കിൾ, വിഷം, ഛർദി, കഫപിത്തരക്ത വികാരങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കണ്ണിന് ഹിതകരവുമാണ്.[3]

പുഷ്പാഞ്ജനം[തിരുത്തുക]

(zinc oxide) വെള്ളനിറവും ശീതവീര്യവുമാണിതിനുള്ളത്. വിഷം, ജ്വരം, ഇക്കിൾ, നേത്രരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു.[4]

നീലാഞ്ജനം[തിരുത്തുക]

(lead sulphide)

നീലനിറത്തിലുള്ള ഈ അഞ്ജനം ത്രിദോഷങ്ങളെ ശമിപ്പിക്കുന്നു. രസായനഗുണമുണ്ട്. സ്വർണ്ണം ഭസ്മമാക്കുന്നതിന് സഹായകവും കണ്ണിന് ഹിതകരവുമാണ്.

മേല്പറഞ്ഞ അഞ്ചുതരം അഞ്ജനങ്ങൾക്കു പുറമേ കുലത്ഥാഞ്ജനം എന്നൊരുതരം അഞ്ജനത്തെയും ചില ഗ്രന്ഥങ്ങളിൽ വിവരിച്ചുകാണുന്നുണ്ട്. ഇതിന് മറ്റ് അഞ്ജനങ്ങൾക്കുള്ള ഗുണങ്ങൾക്കു പുറമേ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവുംകൂടിയുണ്ട്.

എല്ലാവിധ അഞ്ജനങ്ങളും ശുദ്ധിചെയ്യേണ്ടതാണ്. ഇവ കയ്യോന്നിച്ചാറിൽ ശുദ്ധിയാകും.

അഞ്ജനം 1[തിരുത്തുക]

ഒരു നേത്രലേപനമെന്ന നിലയിൽ ഭാരതീയകവികൾ അഞ്ജനത്തെ പുകഴ്ത്തിയിട്ടുണ്ട്. ശ്രീരാമന്റെ ബാല്യകാലത്തെ വർണിക്കുമ്പോൾ അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ കഞ്ജ നേത്രവും എന്ന് എഴുത്തച്ഛൻ പാടിയിരിക്കുന്നു (അധ്യാത്മരാമായണം). ഭവാനെയാർ കാണ്മൂ ചരചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാൽ എന്ന് ഉള്ളൂർ പരമേശ്വരയ്യരും ആലങ്കാരികമായി പ്രയോഗിച്ചിട്ടുണ്ട് (പ്രേമസംഗീതം).

അഞ്ജനം 2[തിരുത്തുക]

അഗ്നിയെന്നും ഇരുട്ടെന്നും രാത്രിയെന്നും അഞ്ജനശബ്ദത്തിന് അർത്ഥമുണ്ട്. 'ബ്രഹ്മ പ്രളയകാലത്തിൽ ആകാശം അഞ്ജനത്തിൽ ലയിക്കുമെന്നും അഞ്ജനം ബ്രഹ്മത്തിൽ ലയമാകുമെന്നും ബ്രഹ്മമൊന്നുമാത്രം ശേഷിച്ചുനിൽക്കു'മെന്നും വേദാന്തവിചാരണ എന്ന പ്രാചീന ഗദ്യഗ്രന്ഥത്തിൽ കാണുന്നു.

അഞ്ജനം 3[തിരുത്തുക]

പുരാണ പരാമൃഷ്ടമായ ഒരു പർവതം. അഞ്ജനാഭിഖ്യഗിരിയിൽ പാർത്തുപോരും പ്ളവംഗമർ എന്ന് വാല്മീകിരാമായണം.

അഞ്ജനം 4[തിരുത്തുക]

ഭൂതാഞ്ജനം, പാതാളാഞ്ജനം, ചോരാഞ്ജനം തുടങ്ങിയവ മഷിനോട്ടത്തിനുള്ള കൂട്ടുകളെന്ന നിലയിൽ അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. സൗരവീരാഞ്ജനം
  2. "രാസാഞ്ജനം". Archived from the original on 2010-11-25. Retrieved 2011-03-22.
  3. "സ്രോതോഞ്ജനം". Archived from the original on 2007-01-22. Retrieved 2011-03-22.
  4. "പുഷ്പാഞ്ജനം". Archived from the original on 2011-09-03. Retrieved 2011-03-22.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ജനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ജനം&oldid=3948592" എന്ന താളിൽനിന്ന് ശേഖരിച്ചത്