അച്യുതരായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിജയനഗരസാമ്രാജ്യം ഭരിച്ച തുളുവവംശത്തിലെ രാജാവായിരുന്നു അച്യുതരായർ (ഭ.കാ.1530-42). ഇദ്ദേഹം കൃഷ്ണദേവരായരുടെ അനുജനായിരുന്നു. കൃഷ്ണദേവരായരുടെ നിര്യാണത്തെ തുടർന്ന് (1529) വിജയനഗരത്തിൽ ഒരു ആഭ്യന്തരവിപ്ലവം പൊട്ടിപ്പുറപ്പെട്ടു. തന്റെ ബന്ധുവും ഒരു സൈനികനേതാവുമായിരുന്ന സലൂവ വീരനരസിംഹന്റെ സഹായത്തോടെ അച്യുതരായർ വിജയനഗരത്തിന്റെ ഭരണഭാരം കയ്യേറ്റു. അച്യുതരായരുടെ സ്വഭാവത്തെപ്പറ്റി ന്യൂനസ്, സീവെൽ തുടങ്ങിയ ചരിത്രകാരൻമാർ ഭിന്നാഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അച്യുതരായർ തന്റെ പ്രബല രാഷ്ട്രീയപ്രതിയോഗിയായ രാമരായരുമായി ഒരു ധാരണയിൽ എത്തിയശേഷം, മറ്റു ഡെക്കാൺ ഭരണാധികാരികളെ നേരിടാൻ തയ്യാറായി.

ബിജാപ്പൂർ സുൽത്താനായിരുന്ന ഇസ്മയിൽ ആദിൽഷാ റെയിച്ചൂർ നദീതടം ആക്രമിച്ചുകീഴടക്കി. ഈ ആക്രമണത്തെ നേരിടാൻ അച്യുതരായർക്ക് കഴിഞ്ഞില്ല. പക്ഷേ, ഗജപതിരാജാവും ഗോൽക്കൊണ്ട സുൽത്താനും വിജയനഗരം ആക്രമിച്ചപ്പോൾ അവരുടെ സൈന്യത്തെ രായർ പരാജയപ്പെടുത്തി. ഈ സമയം വീരനരസിംഹന്റെ നേതൃത്വത്തിൽ വമ്പിച്ച ഒരു സൈന്യം വിജയനഗരത്തിന്റെ തെക്കുഭാഗത്ത് കലാപത്തിനൊരുങ്ങി. ഇവർ പാണ്ഡ്യരാജാവിന്റെ കൊട്ടാരം തകർത്ത് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ഈ ലഹള അമർച്ചചെയ്തത് അച്യുതരായരുടെ സ്യാലനായ സാലകരാജ തിരുമലയുടെ നേതൃത്വത്തിലുള്ള സൈന്യം ആയിരുന്നു.

ബിജാപ്പൂർ സുൽത്താൻ അന്തരിച്ചപ്പോൾ അച്യുതരായർ റെയിച്ചൂർ നദീതടം തിരിച്ചുപിടിച്ചു. ഇതൊരു വമ്പിച്ചനേട്ടമായി കരുതപ്പെടുന്നു. 1536-നും 1542-നുമിടയ്ക്ക് വിജയനഗരം പൊതുവേ അസ്വസ്ഥമായിരുന്നു. അച്യുതരായർ എല്ലാ അധികാരങ്ങളും സ്യാലൻമാരെ ഏല്പിച്ചുകൊടുത്തതിനാലാണ് ഇപ്രകാരം സംഭവിച്ചത്. ഈ പ്രതിസന്ധിയിൽനിന്ന് മുതലെടുക്കാൻ അരവിഡുവംശത്തിലെ രാമ, തിരുമല, വെങ്കിട എന്നിവർ ശ്രമിച്ചു. അവർക്കെതിരായി രാമരായർ വമ്പിച്ചൊരു സൈന്യത്തെ ശേഖരിച്ച് നിലകൊണ്ടു. ഈ പോരാട്ടത്തിൽ രാമരായരുടെ സൈന്യം ജയിക്കുകയും അച്യുതരായർ തടവിലാക്കപ്പെടുകയും ചെയ്തു. രാമരായരുടെ ഭാഗിനേയനായ സദാശിവരായർ അധികാരം ഏറ്റെടുത്തെങ്കിലും യഥാർഥഭരണാധികാരം രാമരായരിൽ നിക്ഷിപ്തമായിരുന്നു. തെക്കൻ പ്രദേശത്ത് വീണ്ടും ലഹളപൊട്ടിപ്പുറപ്പെട്ടു. ഇത് അമർച്ചചെയ്യാൻ രാമരായർ പോയ തക്കംനോക്കി അച്യുതരായരുടെ സൈന്യം അധികാരം തിരികെ പിടിച്ചെടുത്തു. ഈ അവസരത്തിൽ ബിജാപ്പൂരിലെ ഭരണാധികാരിയായ ഇബ്രാഹിംഷാ വിജയനഗരം ആക്രമിക്കാനൊരുമ്പെട്ടു. ഈ രാഷ്ട്രീയ സംഭവവികാസങ്ങളറിഞ്ഞ രാമരായർ തെക്കൻ പ്രദേശത്തുനിന്നും രാജധാനിയിൽ മടങ്ങിയെത്തി. രാജ്യതാത്പര്യത്തെ മുൻനിർത്തി ഇബ്രാഹിംഷായുടെ സാന്നിധ്യത്തിൽ അച്യുതരായരും രാമരായരും ഒരു ധാരണയിലെത്തിച്ചേരുകയും രാമരായർ യഥാർഥ ഭരണാധികാരിയും അച്യുതരായർ നാമമാത്ര ഭരണത്തലവനും ആയിത്തീരുകയും ചെയ്തു.

വൈഷ്ണവമതാനുയായിയായിരുന്ന അച്യുതരായർ മറ്റു മതങ്ങളോടും സഹിഷ്ണുത പുലർത്തിയിരുന്നു. ശൈവരും ബുദ്ധജൈനമതക്കാരും മുസ്ലിങ്ങളുമെല്ലാം യാതൊരു പാരതന്ത്ര്യവുമില്ലാതെ യഥേഷ്ടം ജീവിച്ചിരുന്നു. സംസ്കൃതം, തെലുഗു, കന്നഡ എന്നീ ഭാഷാസാഹിത്യങ്ങളെ അച്യുതരായർ പ്രോത്സാഹിപ്പിച്ചു. കൊത്തുപണി, സംഗീതം എന്നിവയിൽ ഇദ്ദേഹത്തിന് അനല്പമായ വാസനയുണ്ടായിരുന്നു. ആഭ്യന്തരസമരങ്ങളും വിദേശീയാക്രമണങ്ങളും മൂലം വ്യാപാരപുരോഗതി ഇക്കാലത്തുണ്ടായില്ല. അച്യുതരായരുടെ ഭരണകാലത്താണ് തെക്കേ ഇന്ത്യയിൽ പോർട്ടുഗീസുകാർ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആരംഭിച്ചത്. 1542-ൽ അച്യുതരായർ അന്തരിച്ചു.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്യുതരായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അച്യുതരായർ&oldid=1688774" എന്ന താളിൽനിന്നു ശേഖരിച്ചത്