അഗ്രാനുലോസൈറ്റോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്രാനുലോസൈറ്റോസിസ്
സ്പെഷ്യാലിറ്റിഹീമറ്റോളജി Edit this on Wikidata

രക്തത്തിലെ ഗ്രാനുലോസൈറ്റ്സ് എന്ന ശ്വേതാണുക്കൾ നഷ്ടമായിത്തീരുന്ന അവസ്ഥയാണ് അഗ്രാനുലോസൈറ്റോസിസ്. രക്തത്തിൽ പ്രവേശിക്കുന്ന അണുക്കളെ ചെറുത്തുനിന്ന് രോഗം ബാധിക്കാതെ സൂക്ഷിക്കുന്നത് ഇവയാണ്. സൾഫൊണാമൈഡ്, അമിഡോപൈറിൻ, തയോയൂറാസിൽ, ആർസെനിക്, തോറിയം, റേഡിയം എന്നീ പദാർഥങ്ങളിലെ വിഷാംശം പ്ലാസ്മയിലെ ഗ്ലോബുലിൻ എന്ന പ്രോട്ടീൻ അംശത്തോടുചേർന്ന് ശരീരത്തിൽ ചുവന്ന തടിപ്പുണ്ടാക്കുന്നു. തുടർന്ന് രക്തത്തിലും മജ്ജയിലും ഗ്രാനുലോസൈറ്റ്സ് കുറയുകയും ചെയ്യും.

രോഗലക്ഷണങ്ങൾ[തിരുത്തുക]

പെട്ടെന്നുള്ള പനി, തലവേദന, തൊണ്ടവേദന, വായ്പ്പുണ്ണ്, മലദ്വാരത്തിലും ഗർഭാശയത്തിലും തൊണ്ടയിലും തൊലി അടർന്നുപോവുക, മൂത്രത്തിൽ രക്തം കലർന്നിരിക്കുക, ത്വക്ക് ചുവന്ന് തടിച്ചുവരിക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അഗ്രാനുലോസൈറ്റോസിസ് സ്ത്രീകളെയാണ് അധികവും ആവർത്തിച്ചു ബാധിക്കുന്നത്. പ്ലീഹ വലുതാകുന്നത് രോഗലക്ഷണമാണ്.

ചികിത്സ[തിരുത്തുക]

ഈ രോഗം ഔഷധങ്ങൾ ഉപയോഗിച്ചതുകൊണ്ടുണ്ടായതാണെങ്കിൽ ആ ഔഷധങ്ങൾ വർജ്ജിക്കുകയും, കോർടിസോൺ, കോർടിക്കോട്രോപ്പിൻ, പെനിസിലിൻ എന്നീ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് രോഗശമനത്തിന് ഉതകും. പൊട്ടാസിയം ക്ലോറൈഡ് ലോഷൻ കൊണ്ട് വ്രണങ്ങൾ വൃത്തിയാക്കണം. തുടർച്ചയായിവരുന്ന അഗ്രാനുലോസൈറ്റോസിസിന് പ്ലീഹ നീക്കം ചെയ്യുകയാണ് പ്രതിവിധി. രക്തം കുത്തിവയ്ക്കുന്നതും സഹായകമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രാനുലോസൈറ്റോസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രാനുലോസൈറ്റോസിസ്&oldid=2279771" എന്ന താളിൽനിന്ന് ശേഖരിച്ചത്