വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുസ്ഥാനി സംഗീതവിദുഷിയായിരുന്ന അഖ്‌തർ ബീഗം 1914 ഒക്ടോബർ 14-ന് കൽക്കത്തയിൽ ജനിച്ചു. തുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയാണിവർ. കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് തുമ്രി. ഗസൽ, ദാദ്ര മുതലായ സംഗീതശൈലികളിലും ഇവർ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. ഉസ്താദ് വഹീദ്ഖാൻ, ഉസ്താദ് മൊഹമ്മദ്ഖാൻ എന്നീ സംഗീതവിദ്വാൻമാരിൽ നിന്ന് ക്ലാസിക്കൽ സംഗീതത്തിൽ വൈദഗ്ധ്യം നേടിയെങ്കിലും ഇവരുടെ ശ്രദ്ധ കാലക്രമത്തിൽ ലളിത-ശാസ്ത്രീയ മേഖലകളിലേക്കു തിരിഞ്ഞു. കേവലശൃംഗാരത്തിൽ നിന്നും ഭക്തി മാധുര്യത്തിലേക്ക് തുമ്രിയെ ഉയർത്തിക്കൊണ്ടുവന്ന പ്രമുഖ ഗായകരിൽ ഒരാളാണ് അഖ്തർ ബീഗം[2]. തുമ്രിയുടെ ശാഖകളായ പഞ്ചാബ്, പൂരബ് എന്നീ ശൈലികളിൽ അവർക്ക് ഒരുപോലെ പ്രാവീണ്യമുണ്ട്. ബീഗത്തിന്റെ ഗാനങ്ങൾ പകർത്തിയിട്ടുള്ള മുന്നൂറിലധികം ഗ്രാമഫോൺ റെക്കാർഡുകളുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ പിന്നണിഗായികയായിട്ടുള്ള ബീഗം ഒരു ചലച്ചിത്രതാരംകൂടിയായിരുന്നു. ലഖ്നൗവിൽ അഭിഭാഷകനായ തുഷ്ടിയാക് അഹമ്മദ് ആണ് ഇവരുടെ ഭർത്താവ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈറ്റ് ക്ളാസിക്കൽ മ്യൂസിക് എന്ന സ്ഥാപനം ആരംഭിച്ചത് അഖ്തർ ബീഗമാണ്. 1974 ഒക്ടോബർ 30-ന് അഖ്തർ ബീഗം അന്തരിച്ചു.
- പത്മശ്രീ (1968)
- സംഗീത നാടക അക്കാദമി അവാർഡ് (1972)
- പത്മഭൂഷൺ (മരണാനന്തരം) (1975)
- ↑ Dadra Thumri in Historical and Stylistic Perspectives, by Peter Lamarche Manuel, Peter Manuel. Published by Motilal Banarsidass Publ., 1989. ISBN 81-208-0673-5. Page 157.
- ↑ http://www.culturalindia.net/indian-music/indian-singers/begum-akhtar.html
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]