അംഗാരവ്രതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംഗാരകനെ, അതായത് കുജനെ (ചൊവ്വയെ) ആരാധിക്കുന്നതിനുള്ള വ്രതത്തെയാണ് അംഗാരവ്രതം എന്നു പറയുന്നത്. ലഗ്നാലോ ചന്ദ്രാലോ (ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽനിന്നോ), രണ്ട് (ധനം), നാല് (കുടുംബം), ഏഴ് (ദാമ്പത്യം), എട്ട് (നിധനം), പന്ത്രണ്ട് (വ്യയം) എന്നീ സ്ഥാനങ്ങളിൽ ചൊവ്വ വരുന്നതു പൊതുവേ ദോഷകരമാണ്. അതിന്റെ പരിഹാരത്തിനായിട്ടാണ് അംഗാരകവ്രതം വിധിച്ചിട്ടുള്ളത്. അതുപോലെ തന്നെ അനുകൂലസ്ഥാനത്തിൽ നില്ക്കുന്ന അംഗാരകനെ കുറേക്കൂടി അനുകൂലനാക്കുവാനും ഈ വ്രതം അനുഷ്ഠിക്കാറുണ്ട്.

അംഗാരകവ്രതം ആരംഭിക്കുന്നതു മാർഗശീർഷമാസ(വൃശ്ചികം)ത്തിലോ വൈശാഖ(മേടം-ഇടവം)ത്തിലോ ആണ്. ചൊവ്വാഴ്ചതോറും ആണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. അരുണോദയത്തിൽ നിത്യാനുഷ്ഠാനം കഴിഞ്ഞ് സ്ത്രീയോ പുരുഷനോ ചുവന്ന വസ്ത്രങ്ങൾ ധരിച്ച് ചെമ്പുതട്ടത്തിൽ രക്താക്ഷതങ്ങളും രക്തപുഷ്പങ്ങളും രക്തചന്ദനവും മറ്റും വച്ച് പൂജയാരംഭിക്കുന്നു. അംഗാരകനെ ത്രികോണപീഠത്തിൽ തെക്കോട്ടു നോക്കിയിരുത്തേണ്ടതാണ്. അംഗാരകധ്യാനം താഴെ കൊടുക്കുന്നു:

ഓം ഹ്രീം ശ്രീമംഗളായ നമഃ എന്നാണ് മൂലമന്ത്രം. അംഗാരകായ വിദ്മഹേ, ഭൂമിപുത്രായ ധീമഹി തന്നോ ഭൌമഃ പ്രചോദയാത് എന്നിങ്ങനെയാണ് അംഗാരകഗായത്രി. ഈ ഗായത്രിയോ അഗ്നിർമൂർധാ എന്നു തുടങ്ങിയ വൈദിക മന്ത്രമോ ആണ് ജപത്തിനും ഹോമത്തിനും ഉപയോഗിക്കുന്നത്. അംഗാരകനു വിധിച്ചിട്ടുള്ള ഹോമദ്രവ്യം ഗുഡാജ്യമിശ്രിതമായ (ശർക്കരയും നെയ്യും കലർത്തിയ) തിലമാണ്. ജപവും ഹോമവും 1,008 ആവൃത്തി ചെയ്യുന്നു. അംഗാരകപൂജ സർവസൗഭാഗ്യസിദ്ധിക്കു നിദാനമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗാരവ്രതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗാരവ്രതം&oldid=2719305" എന്ന താളിൽനിന്ന് ശേഖരിച്ചത്